Image

മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ

Published on 03 March, 2021
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
പ്രിയ സുഹൃത്തിന്റെ പുസ്തക പ്രകാശനം കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നു. ആദ്യന്തം വളരെ മികവാർന്ന ഹൃദ്യമായ ചടങ്ങായിരുന്നു അത്. സംഘാടകർ സ്ത്രീകളായിരുന്നുവെന്നും എടുത്തു പറയട്ടെ. ഏറ്റം ഹൃദയഹാരിയായി പ്രകാശന കർമ്മം നിർവ്വഹിക്കുകയും ശ്രേഷ്ഠമായൊരു പ്രസംഗം നടത്തുകയുമൊക്കെ ചെയ്ത പ്രശസ്തയായ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സ്നേഹിത മനോരമയിലും മാതൃഭൂമിയിലുമൊക്കെ നല്ല കവറേജിൽ വാർത്തയും സുന്ദരമായൊരു ഫോട്ടോയുമൊക്കെ പ്രസിദ്ധീകരിക്കാൻ പരിശ്രമിച്ച് അതിൽ വിജയിക്കുകയും ചെയ്തു. 
വാർത്തയും പടവും പിറ്റേന്നത്തെ പത്രത്തിൽ വന്നു. കണ്ടവരെല്ലാം സന്തോഷിച്ചു. എന്നാൽ വാർത്ത കൊടുത്തയാൾ മാത്രം അതു കണ്ട് നടുങ്ങിപ്പോയി. തലക്കെട്ടിൽ പുസ്തകത്തിന്റെ പേര് തെറ്റായിട്ടാണ് എഴുതിക്കൊടുത്തത്. അർത്ഥത്തിൽ തെറ്റിയിട്ടൊന്നുമില്ലെങ്കിലും
കൃത്യമായ പേര് മാറിപ്പോയി. ഒരു പേരിൽ ഒന്നും ഇരിയ്ക്കുന്നില്ലെങ്കിലും അവർക്കത് വലിയ അഭിമാനക്ഷതമായി. പാവം...!
എത്ര ആത്മാർത്ഥമായാണ് എല്ലാ കാര്യങ്ങളും നിർവഹിച്ചത്....
വിവരം മനസിലാക്കിയവർ
രണ്ടോ മൂന്നോ ഉള്ളെങ്കിലും വലിയ കുറ്റബോധമായിപ്പോയി പാവത്തിന് ..
ഇനി മൂന്നാലു ദിവസം മണലിൽ തല പൂഴ്ത്തിയിരിക്കും ഞാൻ  എന്നായിരുന്നു ആ ശുദ്ധഹൃദയ പ്രതികരിച്ചത്.
ഇനി വേറൊരു സംഭവം. വലിയ ശുഭപ്രതീക്ഷകളോടെ ഇരുപതിലധികം വർഷങ്ങൾ മുന്നേ കോട്ടയത്ത് ഒരു പരസ്യ ഏജൻസി തുടങ്ങി ഞങ്ങൾ. പുതിയ സ്വർണ്ണക്കടയ്ക്കുള്ള കളർ പരസ്യമാണ് ആദ്യം ചെയ്തത്. അരപ്പേജ് ഐറ്റത്തിന് ഒരുപാട് സാഹസിക നീക്കങ്ങളും ഒരുക്കങ്ങളും നടത്തി. കാണുന്നവർ ഞെട്ടും പോലെ വെളിച്ച ക്രമീകരണങ്ങളോടെ പേരെടുത്ത പ്രഫഷണൽ ഫോട്ടോഗ്രാഫർ ആളും ബഹളവുമൊക്കെയായി പടമെടുത്തുതന്നു. നല്ല കോപ്പി റൈറ്ററായി ഞാൻ , ഡിസൈനും തയാർ. 
ഉദ്ഘാടനദിവസം രാവിലെ സകല പത്രങ്ങളിലും ഫുൾ കോട്ടയം എഡിഷൻ പരസ്യം വന്നു. ആമോദം ... ആനന്ദം ... അഭിമാനം.
ഉച്ചകഴിഞ്ഞപ്പോൾ സ്വർണ്ണക്കടയുടമ ഞങ്ങളുടെ ഓഫീസിലേക്ക് വന്നു.
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ നിറഞ്ഞ ഹൃദയവുമായി നിൽക്കുമ്പോൾ അദ്ദേഹം ചോദിക്കുന്നു.
'നല്ലപണിയാണല്ലോ കാണിച്ചത് ?
എന്താണ് സാറേ...!
ഇത്രേം കാശ് മുടക്കി പരസ്യം ചെയ്തിട്ട് വല്ല ഗുണവുമുണ്ടോ...?
എന്താണ് സാർ..
ഒരൊറ്റ ഫോൺ നമ്പർ വച്ചിട്ടില്ല. നോക്ക്.
ആകാശമിടിഞ്ഞ് തലപ്പുറത്ത് വീണു. ജീവനുണ്ടായിരുന്നോ ഇല്ലയോ..!!
അദ്ദേഹം സൗമനസ്യം കാണിച്ച് കൂടുതൽ മിണ്ടാതെ പോയതു കൊണ്ട് പരസ്യക്കട അന്ന് പൂട്ടിക്കെട്ടേണ്ടി വന്നില്ല.
കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതായി കാണിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന്റെ വെളിച്ചത്തിലാണ് മേൽപറഞ്ഞ കാര്യങ്ങൾ ചേർത്തു വെക്കുന്നത്. മാധ്യമ പ്രവർത്തകർ വാർത്താചിത്രം ആവശ്യപ്പെട്ടതിൻ പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് വിശദീകരണം വന്നുവെന്ന് പറയുന്നു. പോസ്പടം കഴിഞ്ഞാണ് ശരിക്കും കുത്തിവെപ്പ് എടുത്തതെന്ന് .
കാര്യം ക്ളിയറാക്കുന്നതിന് മുൻപേ, വസ്ത്രത്തിന് മുകളിലൂടെ സൂചിവെക്കുന്ന പടം ഭൂലോകയാത്ര പൂർത്തിയാക്കിയിരുന്നു.
ഫോട്ടോഗ്രാഫർമാരും വീഡിയോക്കാരും മിന്നുകെട്ട് ഫ്രീസ് ചെയ്ത് നിർത്തുന്നതും ആവർത്തിപ്പിക്കുന്നതുമൊക്കെ നല്ല കാഴ്ചയാണ്. എന്നാൽ,
സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് പറ്റിയ ഈ അബദ്ധം വല്യ ശേലില്ലാത്തതല്ലേ..?
കൂടെ നിൽക്കുന്നവരെന്ന് കരുതുന്നവരെ ഒരുപാട് വിശ്വസിക്കാൻ കൊള്ളില്ല എന്ന പാഠം വീണ്ടും പഠിക്കാം.
നമുക്ക് വേണ്ടി ആത്മാർത്ഥമായി എത്രയെത്ര പരിശ്രമങ്ങൾ നടത്തി വിജയിച്ച ആളാണ് ശൈലജ ടീച്ചർ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക