Image

മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))

ദീപ ബിബീഷ് നായര്‍ (അമ്മു)) Published on 03 March, 2021
മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
മിന്നുമോള്‍ 8 വയസുള്ള കുട്ടിയാണ്. കിളികളും, പൂമ്പാറ്റകളും, ചെടികളുമൊക്കെ മിന്നുമോള്‍ക്ക് വലിയ ഇഷ്ടമാണ്.അവയോടൊക്കെ അവള്‍ സംസാരിക്കാറുണ്ട്. വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന തേന്മാവിന്റെ ഒരു കൊമ്പ് ടെറസില്‍ നിന്നാല്‍ അടുത്തു കാണാം. ആ കൊമ്പിലാണ് കരിയിലക്കിളിയുടെ കൂട്. ആ കൂട്ടില്‍ നാലു മുട്ടകളുണ്ട്. മിന്നുമോള്‍ എന്നും രാവിലെയും വൈകിട്ടുമൊക്കെ അത് വിരിയുന്നുണ്ടോ എന്നറിയാനായി ടെറസില്‍ ചെന്ന് നോക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്‍ ആരോടൊക്കെയോ മരത്തിന്റെ കാര്യമൊക്കെ സംസാരിക്കുന്നത് കേട്ടു. മിന്നുമോള്‍ക്ക് ഒന്നും മനസിലായില്ല.  അവള്‍ അമ്മയോട് ചോദിക്കാനായി അമ്മയുടെ അടുത്തുചെന്നു. അമ്മയാണേല്‍ ഫോണിലൂടെ ആരോടോ സംസാരിക്കുകയാണ്. 'റേഷന്‍ കടയില്‍ കിറ്റ് വന്നാല്‍ ആരേലും ഒന്നു പറയുമോ, അതില്ല, അറിഞ്ഞും കേട്ടും വാങ്ങാന്‍ ചെല്ലുമ്പോഴേക്കും കിട്ടിയാലായി, ഇല്ലെങ്കിലായി, കഴിഞ്ഞ തവണയും എനിക്ക് പയറു കിട്ടിയില്ല'. മിന്നുമോള്‍ മടിച്ചു മടിച്ചു അടുത്തു ചെന്ന് വിളിച്ചു, അമ്മേ, അച്ഛന്‍ എന്താ ആ മാമന്‍മാരോട് പറഞ്ഞത്? ഫോണില്‍ വ്യാപൃതയായിരുന്ന അമ്മക്ക് ദേഷ്യം വന്നു. 'കൊച്ചു പിള്ളേര്‍ മുതിര്‍ന്നവര് സംസാരിക്കുന്നതറിയണ്ട, ഏതു നേരവും അവിടെയും ഇവിടെയും കറങ്ങി നടക്കാതെ ആ ബുക്കെടുത്തു വച്ച് രണ്ടക്ഷരം പഠിച്ചാല്‍ ജോലിക്കാരിയാകാം, എന്നെ പോലെ അടുക്കളയില്‍ കിടന്നു നരകിക്കേണ്ടി വരില്ല'... മിന്നുമോള്‍ക്ക് സങ്കടം വന്നു. ജോലിക്കാരിയാകാം എന്നതു മനസിലായി, ബാക്കിയൊന്നും മോള്‍ക്ക് മനസിലായില്ല. വൈകിട്ട് അച്ഛനോടൊപ്പം ഒന്നു രണ്ടു പേര്‍ വന്നു മരം നോക്കുന്നതും അച്ഛന് കാശ് കൊടുക്കുന്നതും മിന്നുമോള്‍ കണ്ടു. അവരെന്തിനാ മരത്തില്‍ പിടിച്ചു നോക്കിയത്? മിന്നുമോള്‍ പൂന്തോട്ടത്തിലൂടെ നടന്നപ്പോള്‍ പൂവിനടുത്തു പറന്നു വന്ന പൂമ്പാറ്റ തിരക്കി, എന്താ മിന്നു മോളെ സങ്കടം? മിന്നു ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസം മരം മുറിക്കാന്‍ ആളെത്തിയപ്പോഴാണ് മിന്നു നടുങ്ങിപ്പോയത്. അവള്‍ ഓടിമരത്തിനടുത്തെത്തി. 'അച്ഛാ, മരം മുറിക്കല്ലെ അച്ഛാ, കരയിലക്കിളീടേ മക്കള്‍ ഇപ്പൊ വിരിയും  മുകളിലെ കൂട്ടില്‍, മരം മുറിക്കല്ലെ അച്ഛാ,....

 മോള്‍ടെ കരച്ചില്‍ കണ്ട അച്ഛനു വിഷമം തോന്നി.  'മരം മുറിക്കണം മോളെ, ഇല്ലേല്‍ മഴയത്ത് പുഴുത് വീടിനു മുകളില്‍ വീണാല്‍ നമ്മളൊക്കെ മരിച്ചു പോവില്ലേ? ഒരു കാര്യം ചെയ്യാം,കിളിക്കൂട് വിഴാതെ താഴെ എടുത്തു വക്കാം പോരേ, '? മിന്നുമോള്‍ തലയാട്ടി. പറഞ്ഞതുപോലെ മുട്ടകള്‍ വീണുടയാതെ കൂട് താഴെയെടുത്തു. മിന്നുമോള്‍ടെ ആവശ്യപ്രകാരം ടെറസില്‍ ഒരു കോണില്‍ വച്ചു കൊടുത്തു. മിന്നു അതിന്റെ അടുത്തു തന്നെ കാവലിരുന്നു. വൈകുന്നേരമായപ്പോള്‍ തീറ്റയന്വേഷിച്ചു പോയ അമ്മക്കിളിയും അച്ഛന്‍ കിളിയും പറന്നു വന്നു, നോക്കിയപ്പോള്‍ മരം കാണുന്നില്ല,കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മിന്നു മോളെയാണ് കണ്ടത്. കൂടും മുട്ടകളും കണ്ട് സന്തോഷമായെങ്കിലും തങ്ങളുടെ വാസസ്ഥലം പോയ വിഷമത്തിലായിരുന്നു അവരും . 

മിന്നുവാണേല്‍ കരച്ചിലിന്റെ വക്കിലും. അമ്മക്കിളി മിന്നുവിനോട് ചോദിച്ചു 'എന്താ മിന്നു മോളെ കരയുന്നെ? ' അത് മരം മുറിച്ചില്ലെ, നിങ്ങടെ വീട് പോയില്ലേ, ആ മരത്തിലെ മാങ്ങ എത്ര മധുരമുണ്ടായിരുന്നതാ, ഇനി എവിടെ കൂടു വയ്ക്കും', ?... അമ്മക്കിളി പറഞ്ഞു 'ഓ, കൂടു വക്കുന്നതാണോ കാര്യം, അത് പറമ്പിലെ അങ്ങേ അറ്റത്തൊരു മൂവാണ്ടന്‍ മാവില്ലേ, അതില്‍ വയ്ക്കാമല്ലോ ,പിന്നെ മരം മുറിച്ചതിനാണോ? വിഷമിക്കാതെ, മോള്‍ തിന്നുന്ന പഴുത്ത ചക്കയുടേയും, മാങ്ങയുടേയുമൊക്കെ കുരുക്കള്‍ കളയാതെ പറമ്പില്‍ അവിടെയും ഇവിടെയുമൊക്കെ കുഴിച്ചിടണം, മിന്നുമോള്‍ വലുതാകുമ്പോള്‍ ആ മരങ്ങളൊക്കെയും വലുതാകും, നിറയെ കായ്ച്ചു നില്‍ക്കും'...അതു കേട്ടപ്പോള്‍ മിന്നുമോള്‍ടെ മുഖത്ത് സന്തോഷം നിറഞ്ഞു.. 'സത്യമായും ' അവള്‍ വിശ്വാസം വരാത്തതുപോലെ ചോദിച്ചു. 'അതെ സത്യമായും ' അമ്മക്കിളി പറഞ്ഞു. അവള്‍ സന്തോഷത്തോടെ അവിടെ നിന്നും പോയി. അന്ന് രാത്രി മിന്നുമോളുടെ സ്വപ്നത്തില്‍ കരിയിലക്കിളികളുടെ പുതിയ കൂടും മുട്ട വിരിഞ്ഞു പുറത്തിറങ്ങിയ കുഞ്ഞിക്കിളികളും, പൂത്തു നിറഞ്ഞു നില്‍ക്കുന്ന മാവിന്‍ കൂട്ടങ്ങളുമൊക്കെ വിരുന്നുകാരായി എത്തിയിരുന്നു.

മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക