-->

EMALAYALEE SPECIAL

ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)

(വെള്ളാശേരി ജോസഫ്)

Published

on

ശ്രീ എം. എന്ന മുംതാസ് അലി ഖാൻ സ്ഥാപിച്ച സത്സംഗ് ഫൗൺഡേഷന് യോഗാ കേന്ദ്രം തുടങ്ങാനായി തിരുവനന്തപുരത്ത് നാലേക്കർ 10 വർഷത്തേക്ക് നിബന്ധനകളോടെ കൊടുത്തതാണല്ലോ ഇപ്പോൾ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആദ്യമേ പറയട്ടെ, ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ എന്നും, മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുമ്പോൾ വിവാദങ്ങൾക്ക് പ്രസക്തിയില്ല. ഇവിടെ എത്രയോ തട്ടിപ്പുകാർക്ക് സർക്കാർ ജോലിയും ഭൂമിയും ഒക്കെ കിട്ടുന്നു. മത-സാമുദായിക സംഘടനകൾക്ക് എല്ലാ സർക്കാരുകളും കയ്യയച്ചു സഹായം കൊടുക്കുന്നു. അപ്പോൾ വ്യത്യസ്ത മതങ്ങളിൽ ഉള്ള മനുഷ്യർ തമ്മിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ 7600 കിലോമീറ്റർ നടന്ന ഒരാൾക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് സർക്കാർ ഭൂമി വിട്ടു നൽകിയതിൽ എന്താണ് ഇത്ര വലിയ തെറ്റ്? അദ്ദേഹം തട്ടിപ്പുകാരനായിരുന്നുവെങ്കിൽ കുറ്റം പറയാമായിരുന്നു; ഇവിടെ ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തട്ടിപ്പുകാരനാണെന്ന് ആരും പറയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട പോയിൻറ്റാണ്.

വെള്ളാശേരി ജോസഫ്

യോഗ പരീശിലന കേന്ദ്രവും, റിസര്‍ച്ച് സെന്ററിനുമായാണ് മുംതാസ് അലിയുടെ കീഴിലുള്ള സത്സംഗ് ഫൗണ്ടേഷന്‍ ഭൂമി ആവശ്യപ്പെട്ടത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണമെന്നുള്ളതും ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവില്‍ പറയുന്നുണ്ട്. പത്തു വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 34,96,853 രൂപ പാട്ടത്തുകയായി നല്‍കുകയും വേണം. സ്ഥലത്തിന്റെ മതിപ്പുവിലയായ കോടികളാണ് ചിലരുടെ പ്രശ്നം. ആ കോടികൾ ഉപയോഗിച്ച് മത്സ്യ തൊഴിലാളികൾക്ക് ഭൂമി വാങ്ങിക്കാമായിരുന്നു; അതല്ലെങ്കിൽ ആ ഭൂമി ആദിവാസികൾക്ക് കൊടുത്ത് അവരുടെ ഭൂമി ആവശ്യം പരിഹരിക്കാമായിരുന്നു എന്നൊക്കെ ചിലർ പറയുന്നു. ഈ നാലേക്കർ ഭൂമി കൊണ്ട് കേരളത്തിലെ മത്സ്യ തൊഴിലാളികളുടേയും, ആദിവാസികളുടേയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? 4 ഏക്കർ എത്ര ഭൂരഹിതരായ പാവങ്ങൾക്ക് കൊടുക്കാൻ സാധിക്കും? ബാക്കി പാവങ്ങളുടെ കാര്യമോ? ആളുകൾ ആരോപണം ഉന്നയിക്കുമ്പോഴും അതിലൊക്കെ കുറച്ചു ലോജിക് ഒക്കെ വേണ്ടേ?

ശ്രീ എം.-നെ പോലെ ഒരു ആത്മീയ ആചാര്യന് ആ സ്ഥലം കൊടുത്തത് ഒട്ടും തെറ്റായി പോയില്ല എന്ന് കാലം തെളിയിക്കും. ശ്രീ എം.-നെക്കുറിച്ച് പഠിച്ചാൽ അദ്ദേഹം ആരെന്ന് മനസ്സിലാകും. തിരുവനന്തപുരം മോഡൽ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുംതാസ് അലി ഖാൻ എന്ന ശ്രീ എം., ഇന്ത്യയെ വിളക്കിചേർക്കുന്ന അതിന്റെ ഭാഗമായ പലവിധ തത്വശാസ്ത്രങ്ങളെ മനസ്സിലാക്കിയ ഒരു വ്യക്തിയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ഇദ്ദേഹം നടത്തിയ പദയാത്ര തന്നെ ഇന്ത്യയുടെ ആ സർവ്വ ധർമ്മ സമഭാവനയിൽ ഊന്നി കൊണ്ടുള്ളതായിരുന്നു. രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച അദ്ദേഹത്തെ കേരളത്തിലെ അങ്ങോട്ടുമിങ്ങോട്ടും പൊരുതുന്ന രാഷ്ട്രീയ ലോബികളുടെ ഭാഗമായി ദയവായി ആരും കാണരുത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തകർത്ത കുടുംബങ്ങൾക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ശ്രീ എം.-ൻറ്റെ സമാധാന ശ്രമങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കൂടെ ചെളി വാരിയെറിയുന്നവർക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. ശ്രീ എമ്മിന് അദ്ദേഹം ജനിച്ചു വളർന്ന തിരുവനന്തപുരത്ത് ഒരു യോഗാശ്രമം തുടങ്ങാൻ വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെ അദ്ദേഹം ശ്രമിച്ചു; സർക്കാർ അനുവദിച്ചു. അതിലെന്താണിത്ര തെറ്റ്?

മലയാളികളുടെ പൊതുവേയുള്ള ഒരു കുഴപ്പം എല്ലാത്തിനേയും വ്യക്തിപരമായി കാണും എന്നതാണ്. വിഷയങ്ങളെ കാണാതെ, വ്യക്തിപരമായി ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് മനസിൽ കാലുഷ്യം മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. ഈ ഭൂമി കൊടുത്തതിന്റെ പേരിൽ, ശ്രീ എം. എന്ന മുംതാസ് അലി ഖാനെതിരെ ആളുകൾ കാര്യങ്ങൾ മനസിലാക്കാതെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നു. ശ്രീ എം. ആൾദൈവമാണ്; ആർ.എസ്.എസ്. സഹയാത്രികനാണ്; മോഡിയുടെ നിർദേശ പ്രകാരം സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന് ചുക്കാൻ പിടിക്കുന്ന ആളാണ് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ള ആരോപണങ്ങൾ.

ആരാണു ശ്രീ എം.?

ആരാണു ശ്രീ എം.? 1948 നവംബര്‍ 6-ന് തിരുവനന്തപുരത്തെ വഞ്ചിയൂരിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലി ഖാനാണ് പിന്നീട് ശ്രീ എം. ആയിതീർന്നത്. ഉറുദു സംസാരിക്കുന്ന പഠാണികളുടെ ഇടയിൽ ജനിച്ച വ്യക്തി സ്വന്തം ഇഷ്ടപ്രകാരം ആത്മീയാന്വേഷണം നടത്തി. മൂന്നരവർഷത്തോളം ശ്രീ മധുകര്‍നാഥ് എന്ന ആശ്രമ പേരിൽ മഹേശ്വർനാഥ് ബാബാജി എന്ന ഹിമാലയൻ യോഗിയുടെ ശിഷ്യനായിരുന്നു. നാഥ് സമ്പ്രദായത്തിലെ ആ ആശ്രമ ജീവിതത്തിന് ശേഷം ജിദ്ദു കൃഷ്ണമൂർത്തിയുടെ കൂടെയും ജീവിച്ചു. മുപ്പതു വർഷത്തോളം വിവാഹം കഴിച്ചു സാധാരണ ജീവിതം നയിച്ചതിനു ശേഷമാണ് ശ്രീ എം. എന്ന പേരിൽ അറിയപ്പെടുന്ന ആത്മീയാചാര്യനായി വളര്‍ന്നത്. മുസ്ലിം പാരമ്പര്യത്തില്‍ നിന്നും ഹൈന്ദവ ആത്മീയതയിലേക്ക് വന്ന്, ഇന്ത്യയിലെ പരമ്പരാഗത ആത്മീയ സഞ്ചാരികളുടെ വഴികളില്‍ നിന്നും വേറിട്ട് സഞ്ചരിച്ച വ്യക്തി എന്ന നിലയിലാണ് ശ്രീ എം. ശ്രദ്ധേയനാകുന്നത്. കണ്ണൂരിൽ സമാധാനം ഉണ്ടാക്കാൻ നോക്കിയതിനാണ് ചിലർ ഇദ്ദേഹത്തെ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന് ചുക്കാൻ പിടിക്കുന്ന ആളായി ചിത്രീകരിക്കുന്നത്. സത്യത്തിൽ, പരസ്പരം തമ്മിലടിച്ചു കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഇരുവിഭാഗങ്ങളുമായി ഒരു സമാധാനക്കരാർ ഉണ്ടാക്കാൻ ശ്രീ എം. എന്ന മുംതാസ് അലി ഖാൻ പ്രവർത്തിച്ചത് എന്തായാലും ഒരു നല്ല കാര്യമാണ്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.

ആർ.എസ്.എസ്സുമായുള്ള ബന്ധം ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തൻറ്റെ ആത്മകഥയായ 'Apprenticed to a Himalayan Master - Autobiography of a Yogi' - യിൽ തന്നെ പറയുന്നുണ്ട്. ആർ. എസ്. എസ്സിൻറ്റെ അച്ചടക്കം മാത്രമാണ് അദ്ദേഹം അംഗീകരിക്കുന്നത്. അത്  അംഗീകരിക്കുന്നതിൽ എന്താണ് ഇത്ര വലിയ തെറ്റ്? ഇന്ത്യയുടെ വൈവിധ്യം അതല്ലെങ്കിൽ നാനാത്വത്തിൽ ഏകത്വം അംഗീകരിക്കുമ്പോൾ പല രീതിയിൽ ഉള്ള ബാലൻസിങ്ങും ഇവിടെ വേണ്ടി വരും. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യാ മഹാ രാജ്യം. വളരെയധികം 'ബാലൻസിംഗ്' ഇല്ലാതെ ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ആർക്കും ആവില്ല. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി, ആദ്യ പ്രധാന മന്ത്രിയായ ജവഹർലാൽ നെഹ്‌റു, ഭരണ ഘടനാ ശില്പിയായ ഡോക്ടർ അംബേദ്‌കർ, ലാൽ ബഹാദൂർ ശാസ്ത്രി - ഈ രാഷ്ട്ര ശിൽപികളെല്ലാം ആ 'ബാലൻസിങ്ങിന്' വേണ്ടി ശ്രമിച്ചവരാണ്. ഇന്ത്യയിൽ ഒരു സാമൂഹ്യ പ്രസ്ഥാനം കെട്ടിപ്പെടുക്കണമെങ്കിലും വളരെയധികം ബാലൻസിങ് വേണം. ശ്രീ എം. അത്തരത്തിലൊരു ബാലൻസിങ്ങിന് വേണ്ടി ആർ.എസ്.എസ്സിൻറ്റേയും സഹായം തേടിയാൽ അതിൽ എന്താണ് ഇത്ര വലിയ തെറ്റ്? സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുമ്പോൾ പലരും ഇസ്ലാമിക സംഘടനകളുടെ സഹകരണം തേടാറുണ്ടല്ലോ. അതിലാരും തെറ്റൊന്നും കാണാറും ഇല്ലല്ലോ. ഹിന്ദു സംഘടനകളുടെ സഹകരണം തേടുമ്പോൾ മാത്രം തെറ്റ് കാണുന്നത് സങ്കുചിതത്വം അല്ലാതെ മറ്റെന്തോന്നാണ്?

ശ്രീ എം. എന്ന മുംതാസ് അലി ഖാൻ ഭക്തിയുടെയും, ആത്മീയതയുടെയും കാര്യത്തിൽ നല്ല ഒരു 'റോൾ മോഡലാണ്'. സൂഫിസത്തിൽ ശ്രീ എം.-ൻറ്റെ അറിവ് നിസ്തുലമാണ്. അജ്മീറിലെ ക്വാജ മൊയിനുദ്ദീൻ ചിഷ്ടിയെ കുറിച്ചും, ഫക്കീറായിരുന്ന ഷിർദി സായി ബാബയെ കുറിച്ചുമെല്ലാം തൻറ്റെ ആത്മകഥയായ 'Apprenticed to a Himalayan Master - Autobiography of a Yogi' - യിൽ അദ്ദേഹം ദീർഘമായി എഴുതിയിട്ടുണ്ട്. 'ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ' എന്ന പേരിൽ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട് ആ ആത്മകഥ. അത്മകഥ കൂടാതെ ആത്മീയതയെ പറ്റിയും, ധ്യാനത്തെ കുറിച്ചും ഉപനിഷത്തുക്കളെ കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'ശൂന്യ' എന്ന പേരിൽ ഒരു നോവലും എഴുതിയിട്ടുണ്ട്. ഇതൊക്കെ കൂടാതെ ഏതാനും വർഷങ്ങൾക്ക് മുമ്പ് കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ മാനവ് ഏക്താ മിഷൻറ്റെ ഭാഗമായി വർഗീയതക്കെതിരെ 7600 കിലോമീറ്റർ അദ്ദേഹം നടക്കുകയുണ്ടായി. Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' 2016 - ൽ നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. പല ഇൻറ്റെർവ്യൂവുകളിലും ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിക്കാറുണ്ട്. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറയാറുള്ളത്. അതുകൊണ്ട് വർഗീയത ഗ്രസിച്ചിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ശ്രീ എം - നെ പോലുള്ള ഒറിജിനൽ ആത്മീയചാര്യന്മാരെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കണ്ടമാനം പേരെ മാനവ് ഏക്താ മിഷൻറ്റെ ഭാഗമായി വർഗീയതക്കെതിരെയുള്ള 2016-ൽ സംഭവിച്ച നടത്തം ആകർഷിക്കുകയുണ്ടായി. 7600 കിലോമീറ്റർ ശ്രീ എം. നടന്നപ്പോൾ ഇന്ത്യയെമ്പാടും അദ്ദേഹത്തിന് ലഭിച്ച സ്വീകരണങ്ങൾ അതിന് തെളിവാണ്.

അവകാശവാദമില്ലാത്ത ആചാര്യൻ 

ശ്രീ എം.-നെ കുറിച്ച് ഒന്നുമറിയാതെ ചിലർ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ 'തട്ടിപ്പുസ്വാമി' എന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നു. ആർക്കെങ്കിലും അദ്ദേഹം നടത്തിയ തട്ടിപ്പുകൾ ഒന്ന് പറഞ്ഞു തരാമോ?
ഇവിടുത്തെ തട്ടിപ്പു സ്വാമിമാരേയും, കഞ്ചാവടിയന്മാരേയും, ലൈംഗികാഭാസങ്ങൾ നടത്തുന്നവരേയും അളക്കുന്ന കോലുകൊണ്ട് ശ്രീ എം.-നെ പോലുള്ളവരെ അളക്കാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടത്. അതല്ലെങ്കിൽ തന്നെ, എന്തിന് നാം മറ്റുള്ളവരെ വിധിക്കണം? 'ജഡ്ജ്മെൻറ്റൽ' ആകാതിരിക്കാനാണ് എല്ലാ ആത്മീയാചാര്യൻമാരും മനുഷ്യനെ ഉത്ബോധിപ്പിച്ചിട്ടുള്ളത്. ശ്രീ എം. മറ്റുള്ള ആത്മീയാചാര്യൻമാരെ കുറിച്ച് 'ജഡ്ജ്മെൻറ്റൽ' ആകാൻ തനിക്ക് ഒരു താല്പര്യവുമില്ലെന്നാണ് ഇൻറ്റർവ്യൂവുകളിൽ പറഞ്ഞിട്ടുള്ളതും.

തട്ടിപ്പ് സ്വാമിയാണെന്നും, ആൾദൈവമാണെന്നും ആരോപിക്കാനായി അദ്ദേഹം ഒരിടത്തും സ്വാമിയാണെന്നോ, ആൾദൈവമാണെന്നോ പറഞ്ഞിട്ടില്ല. തന്റെ ഫോട്ടോ സമ്മേളനങ്ങളിൽ വെക്കരുതെന്നാണ് അദ്ദേഹം സാധാരണ സംഖാടകരോട് പറായാറുള്ളത്. ആത്മീയ ഉന്നതി കൈവരിച്ച എത്രയോ മഹാത്മാക്കൾ നമുക്കിടയിൽ ആരോരുമറിയാതെ ജീവിച്ചു മരിച്ചു. ശ്രീ എം. എന്ന ഇദ്ദേഹം, തനിക്ക് തന്റെ ഗുരുവായ മഹേശ്വർനാഥ് ബാബാജിയും, പരമ ഗുരുവായ ശ്രീ ഗുരു ബാബാജിയും വിധിച്ച കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട് ആരെയും ദ്രോഹിക്കാതെ ജീവിച്ചു പോകുന്നു. സത്യത്തിൽ, ഹിമാലയം വിട്ട് സ്വാർത്ഥതയും കുടിലതയും കണ്ടമാനമുള്ള ലോകത്ത് പ്രവർത്തിക്കുവാൻ ശ്രീ എം-ന് താല്പര്യം ഉണ്ടായിരുന്നില്ല. ഗുരുവചനം അനുസരിച്ചു ജീവിക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം ആത്മകഥയിൽ പറയുന്നത്.

തനിക്കറിയാത്തതെല്ലാം തട്ടിപ്പാണെന്ന് കരുതുന്നത് മൂഢത്വമല്ലാതെ മറ്റെന്താണ്? യുക്തിയും ശാസ്ത്രബോധവും ഒക്കെ വളരെ നല്ലതു തന്നെയാണ്. പക്ഷെ യുക്തി കേവലയുക്തിയായി പരിണമിക്കരുത്. കേരളത്തിൽ അത്തരത്തിൽ കേവലയുക്തിബോധമുള്ള യാന്ത്രിക ഭൗതിക വാദികൾ കണ്ടമാനം ഉണ്ട് - 'കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല' എന്ന പുസ്തകം എഴുതിയ ജോസഫ് ഇടമറുകിനെ പോലുള്ളവരാണവർ. ഇവർക്ക് 2 + 2 = 4 എന്നതിനപ്പുറം ചിന്തിക്കാനാവുന്നില്ല. കേരളത്തിൽ ഇടമറുകിനെ പോലുള്ള യുക്തി വാദികളുടെ ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിച്ചു. ഇടമുറികിൻറ്റെ പോലുള്ള കേവലം യാന്തിക ഭൗതിക വാദങ്ങൾ പരമ സത്യങ്ങളായി കണ്ട കുറെയധികം ആളുകളാണ് 1970 -കളിലും, 1980 -കളിലും കേരളത്തിലെ അച്ചടി രംഗവും, മാധ്യമ പ്രവർത്തനങ്ങളും അടക്കി വാണിരുന്നത്. അതിൽ കമ്യൂണിസ്റ്റുകാരും പെടും. ഇപ്പോഴും അത്തരക്കാർ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്. ഇത്തരക്കാർക്ക് ആത്മീയവാദികളെ കണ്ടുകൂടാ. അതുകൊണ്ട് ഇത്തരക്കാർ ശ്രീ എം.-ൻറ്റെ ആത്മീയ നില മനസിലാക്കാതെ അദ്ദേഹത്തെ പുച്ഛിക്കുന്നു.

ശ്രീ എം.-നെ പോലുള്ളവരുടെ ആത്മീയ നില എങ്ങനെ മനസിലാക്കും? കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ചാനലിൽ വന്ന ഒരു ഇൻറ്റർവ്യൂവിൽ അവതാരകനായ ജിമ്മി ജോർജ് ശ്രീ എം.-നോട് കാലടി മസ്താൻ, പൂന്തുറ സ്വാമി  - എന്നിങ്ങനെ കുറച്ചു പേരെ ചൂണ്ടികാണിച്ച് ഇവരെയൊക്കെ പൊതുസമൂഹം ഭ്രാന്തൻമാരായിട്ടായി എന്തുകൊണ്ടാണ്  വിലയിരുത്തിയിട്ടുള്ളത് എന്ന് ചോദിച്ചു. അപ്പോൾ മുംതാസ് അലി ഖാൻ എന്ന ശ്രീ എം. പറഞ്ഞത് അവരൊക്കെ വിലയിരുത്തുമ്പോൾ പൊതു സമൂഹത്തിനാണ് ഭ്രാന്ത് എന്ന് തിരിച്ചു പറഞ്ഞു. സത്യം പറഞ്ഞാൽ പണത്തിനും, പ്രശസ്തിക്കും, ജീവിത സുഖങ്ങൾക്കും പിന്നാലെ പായുന്ന ബഹു ഭൂരിപക്ഷം മനുഷ്യരും ഉത്തമ ജീവിതമൊന്നും അല്ല നയിക്കുന്നത്. മനുഷ്യൻറ്റെ ഈഗോ അത് അംഗീകരിക്കുവാൻ കൂട്ടാക്കുന്നില്ല എന്നു മാത്രം. ഇതൊക്കെ പറയുമ്പോൾ ആധ്യാത്മിക ആചാര്യന്മാരൊക്ക സാധാരണ മനുഷ്യരാണോ എന്ന ചോദ്യവും വരാം. അല്ലെന്നു വേണം പറയാൻ. ഒരു ആധ്യാത്മിക ആചാര്യനേയും അവരുടെയൊക്കെ 'കോൺഷ്യസ്നെസ്' വെച്ച് വിലയിരുത്തിയാൽ അവരൊന്നും സാധാരണ മനുഷ്യനല്ല. ഷിർദിയിലെ സായി ബാബാ, പത്തൊമ്പതാം നൂറ്റാണ്ടിൽ വാരണാസിയിൽ ജീവിച്ചിരുന്ന ത്രൈലിംഗ സ്വാമി, രാമ കൃഷ്ണ പരമ ഹംസർ, നീം കരോലി ബാബാ, നിത്യാനന്ദ സ്വാമി - ഇങ്ങനെ അനേകം ആധ്യാത്മിക ആചാര്യൻമാർ വിചിത്ര സ്വഭാവികളായിരുന്നു. യാന്ത്രിക ഭൗതികത കൊണ്ടും, കേവല യുക്തി കൊണ്ടും മനസിലാക്കാൻ പറ്റുന്നതല്ല ഈ വിചിത്ര സ്വഭാവം. ആദ്ധ്യാത്മികാചാര്യൻമാരുടെ ഒക്കെ അത്തരം വിചിത്ര സ്വഭാവം മനസ്സിലാക്കണമെങ്കിൽ ഇംഗ്ലീഷിൽ പറയുന്ന 'Expansion of Consciousness' അതല്ലെങ്കിൽ 'Expansion of Awareness' എന്ന് പറയുന്ന ഒന്ന് സാധാരണ മനുഷ്യരിലും നടക്കണം. ബഹു ഭൂരിപക്ഷം സാധാരണ മനുഷ്യരിലും അത് നടക്കാറില്ല.

പല ആത്മീയാചാര്യൻമാർക്കും ഭൂമിയിലെ മനുഷ്യരുടെ സ്വഭാവത്തെ കുറിച്ച് ഒട്ടുമേ നല്ല അഭിപ്രായമില്ല. 'സെക്സ് അഡിക്റ്റുകളും', വഞ്ചകരും ആയ ലോകത്തിലെ ഭൂരിപക്ഷം മനുഷ്യ ജൻമങ്ങളും പാഴ്ജൻമങ്ങളാണ് എന്നാണ് അവരുടെ ഒക്കെ അഭിപ്രായം. മഹാ ഭൂരിപക്ഷം മനുഷ്യരും മനസ്സിൽ കാപട്യം സൂക്ഷിക്കുന്നവരാണ്. ഇന്നത്തെ മനുഷ്യരിൽ ഭൂരിഭാഗവും സ്വാർത്ഥമതികളും, അടങ്ങാത്ത മോഹങ്ങളുമായി ജീവിക്കുന്നവരാണ്. കുടുംബ വ്യവസ്ഥിതിയും, സാമൂഹിക വ്യവസ്ഥിതിയും സർവോപരി നിയമ വ്യവസ്ഥിതിയും നിലനിൽക്കുന്നത് കൊണ്ട് പലരും മര്യാദ രാമൻമാരായി പെരുമാറുന്നു എന്നു മാത്രം. അവസരം കിട്ടിയാൽ പലരുടേയും കുടിലതയും, പൈശാചികതയും പുറത്തു വരിക തന്നെ ചെയ്യും. നമ്മുടെ കമ്മ്യൂണിസ്റ്റ്കാരും യുക്തിവാദികളും ഈ വസ്തുതകളൊന്നും മനസിലാക്കുന്നില്ല. മനുഷ്യനുള്ളിലെ വാസനകളാണ് അവൻറ്റെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്നതെന്നുള്ള വസ്തുത കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും മനസിലാക്കുന്നില്ല. അവർ സാഹചര്യങ്ങൾ മാറിയാൽ മനുഷ്യരെല്ലാവരും നന്നാവും എന്ന് പറഞ്ഞാണല്ലോ ഇരിപ്പ്. വ്യവസ്ഥിതിയിലാണല്ലോ അവർ കാണുന്ന പ്രശ്നങ്ങൾ മുഴുവനും. അതുകൊണ്ടാണല്ലോ വ്യവസ്ഥിതിക്കെതിരെ എന്ന മട്ടിൽ ചിലർ അരാജകത്ത്വം സ്വയം എടുത്ത് അണിയുന്നത്. സ്വയം നന്നാകാതെ എന്തു വ്യവസ്ഥിതി മാറിയിട്ടും ഒരു പ്രയോജനവുമില്ല.

ആർ.എസ്.എസ് പറയുന്നത് അംഗീകരിക്കാമോ?

ശ്രീ  എം. എന്ന മുംതാസ് അലി ഖാൻ മനുഷ്യർ തമ്മിലുള്ള സമാധാനത്തിനും സഹവർത്തിത്വത്തിനും നിലകൊള്ളുന്ന വ്യക്തിയാണ്. പക്ഷെ ഇതു പറയുമ്പോഴും, ശ്രീ എം. ആർ.എസ്.എസ്സിൻറ്റെ ദേശീയതയെ അനുകൂലിക്കുന്നതിനെ ഇതെഴുതുന്നയാൾ സ്വാഗതം ചെയ്യുന്നില്ല. അരിപ്പൊടിയും, തേങ്ങാ പീരയും ഒക്കെ ഇട്ട് ആവി കയറ്റി പുട്ടുണ്ടാക്കുന്നത് പോലെ മനുഷ്യരെ ഒരേ രൂപത്തിൽ സൃഷ്ടിക്കാനാകുമോ? പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ എല്ലാ മനുഷ്യരും ഒരേ രീതിയിൽ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നുമാണ് ഇന്ത്യയിലെ ഇന്നത്തെ ചില സംഘടനകളുടെ ആഗ്രഹം. പണ്ട് കമ്യൂണിസത്തിന് പിഴച്ചതും ഇവിടെയാണ്. “One Cylinder Fits for All” - എന്ന തത്ത്വമാണ് അവർ നടപ്പാക്കാൻ ശ്രമിച്ചത്. കമ്യൂണിസം  പരാജയപ്പെട്ടതും ഇങ്ങനെ മനുഷ്യരെ ഒരേ രൂപത്തിൽ രൂപപ്പെടുത്താൻ നോക്കിയത് കൊണ്ടുമാണ്. ഇപ്പോൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും; പ്രത്യേകിച്ച് ഹിന്ദുക്കളെ ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും രൂപപ്പെടുത്താൻ നോക്കുന്നതും പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ ആക്കാനാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമൊക്കെ അവർ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഏകശിലാ രൂപത്തിലുള്ള ഹിന്ദുക്കളെ സൃഷ്ട്ടിക്കുവാൻ ആസൂത്രിതവും സംഘടിതവുമായി അവർ പ്രയത്നിക്കുന്നു.

2010 - ലെ ഇന്ത്യയിലെ 'ലിംഗ്യുസ്റ്റിക്ക് സർവേ' 780 മാതൃഭാഷകളാണ് 'ഐഡൻറ്റിഫൈ' ചെയ്തത്. ഈ മാതൃഭാഷകളിൽ കൂടുതലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, സെൻട്രൽ ഇന്ത്യയിലും ആയിരുന്നു  'ഐഡൻറ്റിഫൈ' ചെയ്തത്. അരുണാചൽ പ്രദേശിൽ മാത്രം 66 മാതൃഭാഷകളാണ് ഉള്ളത്! ഇത്തരത്തിലുള്ള വൈവിധ്യം ആണ് ഇന്ത്യയിൽ; പ്രത്യേകിച്ച് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഉള്ളത്.

ഇന്ത്യയിൽ ഒരു സാംസ്കാരികമായ ഐയ്ക്യം അല്ലെങ്കിൽ ഏകത്വം ആയിരുന്നു ബ്രട്ടീഷുകാർ വരുന്നതിനു മുൻപ് ഉണ്ടായിരുന്നത്. അത് തന്നെ പ്രാദേശികമായ വൈജാത്യങ്ങളോട് കൂടിയായിരുന്നു. ഇത് സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോൺഗ്രെസ്സ് നേതൃത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ആണ് സത്യത്തിൽ ഇന്ത്യയെ മനസിലാക്കേണ്ടത്.

ഹിന്ദു എന്നത് തന്നെ അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെതെന്നുള്ള ലളിതമായ സത്യം പല സംഘ പരിവാറുകാരും മനസിലാക്കുന്നില്ല. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. 'ശവ സാധന' നടത്തുന്ന താന്ത്രികരും, പാമ്പിനെ അങ്ങോട്ടുമിങ്ങോട്ടും അണിഞ്ഞു വിവാഹം കഴിക്കുന്ന ആദിവാസികളും ഉള്ള നാടാണ് ഇന്ത്യ. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. ഇൻറ്റെർവ്യൂവുകളിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിക്കാറുണ്ട്. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം കൃത്യമായി പറയാറുമുണ്ട്. അദ്ദേഹം മാത്രമല്ല മറ്റ് ഹിന്ദു ആത്മീയാചാര്യൻമാരും ഇതു തന്നെ പറയാറുണ്ട്. 40 വർഷത്തിലേറെ  ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാൻസ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്. ഇതൊന്നും മനസിലാക്കാതെ പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ രൂപപ്പെടുത്താൻ നോക്കിയാൽ എന്തായിരിക്കും ഫലം? കമ്യൂണിസം “One Cylinder Fits for All” - എന്ന തത്ത്വം നടപ്പിലാക്കാൻ നോക്കി പരാജയപ്പെട്ടത് പോലെ പരാജയമാണ് ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കുവാൻ മടിക്കുന്നവരെ കാത്തിരിക്കുന്നത്.

ഇപ്പോൾ പല തീവ്ര വാദങ്ങളാണ് ഇന്ത്യയിൽ ശക്തിപ്പെടുന്നത്. ഇപ്പോഴത്തെ നിയോ ബുദ്ധിസ്റ്റ് പ്രോപഗാണ്ടയും, ഇതിനു മുമ്പുണ്ടായിരുന്ന മാർക്സിസ്റ്റ് പ്രോപഗാണ്ടയും, ഇപ്പോൾ മതത്തിൻറ്റെ കണ്ണിലൂടെ എല്ലാം കാണുന്ന ഹിന്ദുത്വ വാദികളും, ഇസ്ലാമിക് തീവ്ര വാദികളും പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. ഇതെല്ലാം ഓരോ രീതിയിലുള്ള തീവ്ര വാദമാണ്. ദളിത്ത്, നിയോ ബുദ്ധിസ്റ്റ് പ്രോപഗാണ്ട നടത്തുന്നവർക്ക് ഇവിടെ ജാതീയമായ അടിച്ചമർത്തലിന്റെ രൂപത്തിൽ എല്ലാം നോക്കി കാണണം. മാർക്സിസ്റ്റ് പ്രോപഗാണ്ട നടത്തുന്നവർക്ക് മതത്തെയും, ആത്മീയതയെയും കണ്ടു കൂടാ. ഇസ്ലാമിക് തീവ്ര വാദികളാകട്ടെ ഇസ്ലാമിക് സ്റ്റേറ്റിനും, തീവ്ര വാദ സംഘടനകൾക്കും ഒളിഞ്ഞും, തെളിഞ്ഞും പിന്തുണ കൊടുക്കുന്നു. ഇപ്പോൾ മതത്തിൻറ്റെ കണ്ണിലൂടെ എല്ലാം കാണുന്ന ഹിന്ദുത്വ വാദികളും പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. അവർക്കു മതമാണെല്ലാം. ക്രിസ്ത്യാനികളും, മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങളാണ് പ്രശ്നങ്ങൾ മുഴുവൻ സൃഷ്ടിക്കുന്നത്. മിഷനറിമാരുടെ സേവനങ്ങൾ അവർക്ക് കണ്ടു കൂടാ. സൂഫിസത്തിൻറ്റെ ഇന്ത്യയിലെ വലിയ പാരമ്പര്യം അവർക്കു കണ്ടു കൂടാ. സിക്ക് മതത്തിൽ സൂഫികൾ ചെലുത്തിയ വമ്പൻ സ്വാധീനം അവർ കണ്ടില്ലെന്നു നടിക്കുന്നു. ചുരുക്കം പറഞ്ഞാൽ ഇതെല്ലാം ഓരോ രീതിയിലുള്ള തീവ്ര വാദമാണ്. 

തീവ്ര വാദങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടാൽ കൂടുതൽ പ്രശ്നങ്ങളേ ഉണ്ടാവാൻ പോകുന്നുള്ളൂ. ഭരണ ഘടനയിൽ അധിഷ്ടിതമാണ് വികസിത രാജ്യങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങൾ. അതു കൊണ്ടു തന്നെ ഭരണ ഘടനയുടെ അന്തസ്സും, യശസ്സും ഉയർത്തി പിടിക്കുകയാണ് സുബോധമുള്ളവർ ചെയ്യേണ്ടത്. ഇവിടെയൊരു ഭരണ ഘടന ഉണ്ടെന്നുള്ള കാര്യം തീവ്ര വാദികളായ പലരും മറക്കുന്നു. ഇന്ത്യയുടെ വൈവിധ്യം അല്ലെങ്കിൽ 'നാനാത്വത്തിൽ ഏകത്വം' സംരക്ഷിക്കപെടെണ്ടത് ഭരണ ഘടനയിൽ അനുസൃതമായ മൂല്യങ്ങൾ ഉയർത്തി പിടിക്കുമ്പോഴാണ്. ഹിന്ദു ധർമം എന്ന് പറഞ്ഞു ഇപ്പോൾ ബി.ജെ.പി.-യും, ആർ.എസ്.എസ്.-ഉം പ്രചരിപ്പിക്കുന്ന ദേശീയത വളരെ സങ്കുചിതവും, അപകടം പിടിച്ചതുമാണ്. ശ്രീ എം-നെ പോലുള്ളവർ അത് കാണാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് മാത്രമേ പറയാൻ സാധിക്കൂ.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ)

Facebook Comments

Comments

 1. പപ്പു

  2021-03-05 03:58:25

  തൊണ്ണൂറ് ശതമാനംപേർക്ക് അറിയാം വയ്യെന്ന് നിങ്ങൾക്കെങ്ങനെയറിയാം .നിങ്ങൾക്കറിയാൻ വയ്യങ്കിൽ അറിയാവുന്ന എന്നോട് ചോദിക്ക് അപ്പോൾ ഞാൻ പറഞ്ഞു തരാം നിങ്ങൾക്ക് അറിയാമോ ഇല്ലിയോ എന്ന്

 2. Capt. John

  2021-03-05 03:55:38

  How do you know that 90% people do not know about him?

 3. George

  2021-03-05 01:17:29

  90 ശതമാനം മലയാളികൾക്കും അറിയില്ല ശ്രി മുംതാസ് അലിയെ. അദ്ദേഹത്തെ പരിചയപ്പെടിത്തിയ ലേഖകനും ഇമലയാളിക്കും അഭിനന്ദനങ്ങൾ. യഥാർത്ഥ തട്ടിപ്പുകാർക്കും ആള്ദൈവങ്ങൾക്കും, രോഗശാന്തി, ആത്മീയ തട്ടിപ്പുകാർക്കും ഓശാന പാടുന്ന മലയാളി എലെക്ഷൻ കാലം ആയതുകൊണ്ട് മാത്രം ശ്രി എം ന്റെ മണ്ടക്ക് കയറുന്നു. കാൻസർ മുതൽ മൂലക്കുരു വരെ മാറ്റും, എന്ന് വേണ്ട പരീക്ഷക്ക് ഉന്നത വിജയം, മണ്ടപോയ തെങ്ങിൽ നിന്നും തുരു തുരാ തേങ്ങാ വീഴിക്കുന്ന പോലുള്ള അത്ഭുദങ്ങൾ നടത്തിയ ഫാദർ സേവ്യർ ഖാൻ വട്ടായി, കോട്ടയത്തെ തങ്കു, കെ പി യോഹന്നാൻ, പത്രം അരച്ച് തീറ്റിക്കുന്ന കൃപാസനം മൊതലാളി തുടങ്ങി ഒട്ടേറെ ആത്മീയ തട്ടിപ്പുകാർക്കും ഏക്കറുകണക്കിന് പതിച്ചു കൊടുത്തപ്പോൾ, സർക്കാർ ഗ്രാൻഡ് (ധനസഹായം) നൽകിയപ്പോൾ ആരും അനങ്ങിയില്ല, കാരണം നമ്മൾ സമ്പൂർണ സാക്ഷരതാ ഉള്ളവർ ആണല്ലോ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റംസാന്‍ നിലാവ്

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

View More