Image

ദശ കൗമാരം (കവിത: വേണുനമ്പ്യാർ)

Published on 08 March, 2021
ദശ കൗമാരം  (കവിത:  വേണുനമ്പ്യാർ)
ചോദ്യത്തിന്റെ ഇല വെക്കും  മുമ്പേ
ഉത്തരങ്ങളുടെ  സദ്യ  വിളമ്പാറുള്ള അച്ഛനോട്
പുച്ഛമായിരുന്നു  

ആവർത്തിച്ചാവർത്തിച്ചു
ചോദിച്ചാലും, പകരാൻ ഉത്തരമില്ലാത്ത  അമ്മയോട്
സഹതാപമായിരുന്നു

സൂര്യന് കീഴെയുള്ള സർവകാര്യങ്ങളിലും
മുൻവിധി മാത്രമുള്ള  ചേച്ചിയോട്
അമർഷം മാത്രമായിരുന്നു
 
ദൈവത്തിന്റെ വീടെവിടെയാ
ഇഗ്വാന   താമസിക്കുന്നത്  ഇഗ്ലൂവിലാ  
അതെന്താ അങ്ങനെ
ഇതെന്താ ഇങ്ങനെ  
കൊന്നപ്പൂവിന് മഞ്ഞ പൂശിയതാരാ  എന്നൊക്കെ    ചോദിക്കാറുള്ള
അനിയത്തിപ്രാവിനോട് ഒരു പൊട്ടന്റെ  ആംഗികത്തിൽ കവിഞ്ഞു
മൊഴിയാനൊന്നുമില്ലായിരുന്നു    
 
പകലോന്റെ കീശയിലെ
കിലുക്കാനാവാത്ത വെള്ളിനാണയങ്ങൾ
രാവിന്റെ സഞ്ചിയിലെ
മാണിക്യക്കല്ലുകളായി  മാറുമ്പോൾ
ഏതോ നിസ്വന്റെ വിസ്മയമായിരുന്നില്ലേ

നക്ഷത്രങ്ങളുടെ നഗ്നത നുണയുന്ന
രാത്രിയോട് നല്ല  സൊയമ്പൻ അസൂയ

ചെറുകിട ദുഃഖങ്ങളോടും
വൻകിട പരിഭവങ്ങളോടും
മല്ലിടുന്ന  കൗമാരദിനങ്ങൾ
കുട്ടികളുടെ കൂട്ടത്തിൽ എടുക്കാത്ത നാണയം
മുതിർന്നവരുടെ ഗോത്രത്തിൽ ഭ്രഷ്ട്

അസ്വസ്ഥത അടിച്ചമർത്തിയ   പൊട്ടാത്ത ചിരി
ചുണ്ടിന്റെ കോണിൽ സദാ ഒളിച്ചിരിക്കും

ഏകാന്തത കൊണ്ട് വാങ്ങിയ  ഏകാകിതയുടെ തുരുത്തിൽ
ആലംബനം ഒരാൾ  മാത്രം

ഒരിക്കൽ, പറയാത്ത വാക്കിനല്ലേ ഊക്കെന്നു കരുതി  
അവളുടെ മുന്നിൽ ചുമ്മാ ഒന്ന് മിണ്ടാതിരുന്നതാ -
അപ്പഴാ അവൾ കടുപ്പിച്ചു ചോദിക്കുന്നത് :
എന്താ പൊട്ടാ, നിനക്കൊന്നും പറയാനില്ലേ

കൗമാരപ്രണയത്തിന്റെ മുറിവുണങ്ങിയ നെറ്റിയിൽ
ഓർക്കാൻ  ഒരു കല  മാത്രം  ബാക്കി
ആ കലയിൽ നീ ചുണ്ടമർത്തുമ്പോൾ
ചോര കിനിയുന്നു കടന്നു പോയ  മറ്റൊരു  യാത്രികന്റെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക