Image

കച്ചേരിയിലെ കല്യാണം ( ചെറുകഥ: ഹണി കുരുവിള)

Published on 11 March, 2021
കച്ചേരിയിലെ കല്യാണം ( ചെറുകഥ: ഹണി കുരുവിള)
കയ്പ്പമംഗലം രജിസ്റ്റർ കച്ചേരിയിൽ  L D ക്ലർക്കാണ് രമേശൻ. പതിവുപോലെ അയ്യാൾ ഉച്ചയൂണ്  കഴിഞ്ഞ്  ജോലിക്ക് കേറി ഒരു അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും, അപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ അവരുടെ റൂമിലേക്ക് കടന്നു വന്ന് അവിടുള്ള സ്റ്റാഫിനെല്ലാവർക്കും ലഡു കൊടുത്തു തുടങ്ങി. സാധാരണ ആ ഓഫീസിൽ ഇതൊക്കെ പതിവുള്ളതാണ്. അവസാനമവൻ  രമേശന്റെ മുന്നിലും ചെന്ന്  പാക്കറ്റ് നീട്ടിയപ്പോൾ അയ്യാളും അതിൽ നിന്നൊരെണ്ണമെടുത്തു, എന്നിട്ട് ഫയലുകളുടെ മുന്നിൽ നിന്നയ്യാൾ മുഖമുയർത്തി അവനോട് ചോദിച്ചു
'ആരുടെയാ' ?...
'എന്റൊരു ഫ്രണ്ടിന്റെയാ സാർ' എന്നു പറഞ്ഞ് ഒരു ചിരിയോടവൻ മുറി വിട്ടിരുന്നു.

രമേശൻ ആ ലഡുവിന്റെ  ഒരു പീസ് കടിച്ചെടുത്ത് ജോലിയിലേക്ക് കടന്നപ്പോൾ അതു ശ്രദ്ധിച്ച് അടുത്ത ടേബിളിലിന്റെ മുന്നിലിരുന്ന  തുഷാര അയ്യാളോട് ചോദിച്ചു.
'സാറ് കണ്ടില്ലാരുന്നോ.... കുഞ്ഞു പിള്ളേരാ... കണ്ടാൽ തോന്നും 18 വയസ്സ്  തികയാൻ നോക്കിയിരിക്കയാരുന്നുവെന്ന്.'

ജോലി തിരക്കിനിടയിൽ അതു കേട്ടൊന്ന് ചിരിച്ചിട്ട് രമേശൻ ഒരു ഫയലെടുത്ത് അതിലെ ഡീറ്റെയിൽസ് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു തുടങ്ങി. അതിനിടയിൽ അയ്യാൾ കയ്യിലിരുന്ന ലഡു രണ്ടാമതോന്നൂടി കടിച്ചിരുന്നു. അപ്പോഴാണ് അയ്യാടെ മനസ്സിന്റെയുള്ളിൽ ഒരു തോന്നൽ കേറിയത്‌. സാധാരണ ഊണ്  കഴിഞ്ഞു ജോലിക്ക് കേറി കഴിഞ്ഞാൽ തിരക്കില്ലെങ്കിൽ ഒരു മൂന്നരയാകുമ്പോഴാണ്  രമേശൻ ഒന്ന് സിഗരറ്റ് വലിക്കാനായി പുറത്തിറങ്ങുന്നത്. ഇന്നേതായാലും വർക്കൊട്ടു സ്മൂത്തായി നീങ്ങുന്നുമില്ല എന്നാൽ അവരെയൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന ചിന്തയിൽ രമേശൻ ചെയറിൽ നിന്ന് എണീറ്റു. മുന്നിൽക്കൂടി പുറത്തിറങ്ങിയാൽ പുതുതായി വന്ന രജിസ്റ്റാർ കാണും. അയ്യാളൊരു കടുംപിടുത്തക്കാരനാ... നാലാംന്നാളാണ്  അയ്യാളിവിടെ ജോയിൻ ചെയ്തത്.  രണ്ടുമുന്നു ദിവസ്സം കൊണ്ടയ്യാളുടെ  സ്വഭാവം അവർക്കൊക്കെ മനസ്സിലായി.  അതുപോലെ ആധാരമെഴുത്തുകാരുടെ പരാതികളും  പുറകെയെത്തിയപ്പോൾ  ഇയ്യാളധികം കാലം അവിടിരിക്കാൻ പോകുന്നില്ലെന്ന് അവർക്കെല്ലാമറിയാമാരുന്നു. എന്തായാലും പുറകിലത്തെ വാതിലിൽ കൂടി രമേശൻ പുറത്തിറങ്ങി, ആ പഴയ കെട്ടിടത്തിന്റെ സൈഡിൽ കൂടി നടന്ന് കച്ചേരിയുടെ മുമ്പിലെത്തി. അവിടെ  പിള്ളേരുടെ ഒരു കൂട്ടമുണ്ടാരുന്നു. രമേശനു  ലഡു കൊടുത്ത പയ്യൻ അയ്യാളെ കണ്ടപ്പോളൊന്നു ചിരിച്ചു. മറുപടിയായി രമേശനും. പിന്നയ്യാൾ അവിടുന്ന് നോട്ടം തിരിച്ച് ആ ഭിത്തിയിൽ ചാരി നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചാഞ്ഞുവലിച്ച്  പുക അകത്തേക്ക് കൊടുത്തപ്പോഴേക്കും, ഒന്നൂടയ്യാൽ അവരെ നോക്കിയിരുന്നു. അപ്പോൾ അവരുടെയിടയിൽ പൊക്കം കുറഞ്ഞ് മെലിഞ്ഞിട്ടൊരു പെണ്ണിനെ കണ്ട് അവളാരിക്കും വധുവെന്നയ്യാൾ  നിനച്ചു. അവളുടെ തൊട്ടരികിൽ അവളെ ചേർന്നു നിൽക്കുന്ന ഒരു താടിക്കാരൻ പയ്യൻ വരനെന്നും. പെങ്കൊച്ചിനെ കണ്ടാൽ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു കുട്ടീടെ പടുതിയെ തോന്നൂ. അവനും പയ്യനാണ്. അവനെക്കുറിച്ച്  ആകെക്കൂടി വർണ്ണിച്ചു പറയാനായുള്ളത് ഇപ്പോഴത്തെ ട്രെൻഡ്റ്റായ മുടി നീട്ടിവളർത്തി അതിന് മുകളിൽ ഒരു ബോ വെച്ചിരിക്കുന്നു എന്നതാണ്.

'ങ്‌ഹും കല്യാണം കഴിക്കാൻ എത്തിയിരിക്കുന്നു...ഈ പിള്ളാരൊക്കെ എന്തു കണ്ടിട്ടാണോ..?  വിദ്യേ ഞാൻ കെട്ടിയത് പത്തു വർഷം പ്രണയിച്ചു നടന്നിട്ടാ. പിന്നീട് എനിക്കൊരു ജോലികിട്ടിക്കഴിഞ്ഞ് രണ്ട് വീട്ടുകാരുടെയും പൂർണസമ്മതത്തോടെ മാത്രമായിരുന്നു  ഞങ്ങടെ കല്യാണം. അല്ലാതെ ഇതുപോലെ  ഒരു മാസത്തെ പ്രേമോം കഴിഞ്ഞല്ല.'

രമേശന്റെ മനസ്സിലേക്ക് പെട്ടെന്നതൊക്കെ ഒന്ന് തികട്ടി വന്നപ്പോഴേക്കും ആ പിള്ളാർ പോകാനുള്ള പുറപ്പാടിലാരുന്നു. അവർ നടന്നപ്പോൾ പെണ്ണും ചെറുക്കനും അവരുടെ പുറകെ നടന്നു തുടങ്ങി. ഇടയ്ക്കവൻ അവളുടെ കയ്യിലൊന്നു പിടിച്ചു. അതു മനസിലാക്കി അവൾ അവന്റെ കൈകളിൽ ഒന്നമർത്തിയിട്ടു അവനോട് ചേർന്നു നടന്നു. കൂട്ടുകാരുടെ മുഖങ്ങളിൽ അവരെ ഒന്നിപ്പിച്ചതിന്റെയൊരു സന്തോഷമുണ്ട്. പക്ഷെ ചെറുക്കന്റെയും പെണ്ണിന്റെയും മനസ്സുകളിൽ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പ്രായസ്സപ്പെടുന്നതുപോലെ തോന്നി. അവരുടെ മുഖങ്ങളിൽ ഒരനിശ്ചിതത്വത്തിന്റെ ഉരുണ്ടു കേറ്റമുണ്ടായിരുന്നു.

' പതിവുപോലെ അവർ കോളേജിലേക്കെത്തിയതല്ലേ....
സന്ധ്യക്ക്‌ മുൻപ് വീട്ടിൽ തിരിച്ചെത്തുന്നതും കാത്ത് അവർക്കൊരു അച്ഛനും അമ്മയുമുണ്ട്. ഇത്രേം നാളും താഴെ വെച്ചാ ഉറൂമ്പരിക്കും മേലെവെച്ചാൽ പേനരിക്കും എന്നപോലെ കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോന്നു നോക്കി ഓമനിച്ചു വളർത്തിയ കുഞ്ഞുങ്ങളാ... ഇന്നലെ കണ്ടൊരാളിന്റെയൊപ്പം ധൈര്യത്തിൽ നടന്നകലുന്നത്. അവരെ വളർത്തി ഇത്രേമാക്കിയ അവരുടെ മാതാപിതാക്കളെ അവർ മറന്നിരിക്കുന്നു.
അവരുടെ കണ്ണിര്.....സമൂഹത്തിൽ അവരുടെ അപമാനം അതൊന്നും ആ കുട്ടികൾ ഓർത്തില്ലെ.... പ്രേമമാണത്രേ പ്രേമം. എത്ര നീചമായൊരു  നന്ദികേട്. എന്തൊക്കെ പ്രതീക്ഷകൾ വെച്ചാ ആ മാതാപിതാക്കൾ അവരുടെ ആഗ്രഹങ്ങളൊക്കെ മാറ്റിവെച്ച് മക്കൾക്കുവേണ്ടി ഇല്ലാത്ത പൈസ മുടക്കി അവരെ പഠിപ്പിച്ചിത്രയുമാക്കിയത്. ഒരു പക്ഷെ മക്കൾ പറയുമാരിക്കും അതൊക്കെ അച്ഛനമ്മമാരുടെ കടമയല്ലെ എന്ന്.  അതേ  കടമയാ പക്ഷെ തിരിച്ചങ്ങോട്ടും വേണ്ടേ"...

അപ്പോഴേക്കും രമേശന്റെ സിഗരറ്റ് പകുതി എരിഞ്ഞു തീർന്നിരുന്നു. പെട്ടെന്നതു ശ്രദ്ധിച്ച്  രമേശൻ രണ്ട്  മൂന്ന് വട്ടം സിഗരറ്റൊന്നാഞ്ഞ് വലിച്ചുതി  പുക  അകത്തേക്കെടുത്തിട്ട് സിഗരറ്റ് കുറ്റി ദുരേക്ക്  വലിച്ചെറിഞ്ഞ്  തന്റെ ടേബിലിലേക്ക്  തിരിഞ്ഞു നടന്നു. അവിടെത്തി ജോലിയിലേക്ക് കടന്നെങ്കിലും പലപ്പോഴുമയ്യാളുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ  മുമ്പ് കണ്ട പെൺകുട്ടിയുടെ മുഖം ഇടയ്ക്കിടക്ക് തെളിഞ്ഞുവന്നു കൊണ്ടിരുന്നു.

രമേശൻ പതിവുപോലെ വീട്ടിലെത്തി കുളികഴിഞ്ഞു ബെഡ്റൂമിലേക്ക് വന്നപ്പോൾ വിദ്യ അയാൾക്ക്‌ കാപ്പി എടുക്കാനായി അടുക്കളയിലേക്ക് പോകുവാനൊരുങ്ങി. അതിനിടയിൽ അവളയ്യാളെയൊന്ന് ഓർപ്പിച്ചു.

'രമേശ്ശേട്ടാ  ചിന്നുനെയൊന്നു നോക്കിക്കോണേ അവളുണരാൻ നേരായി'....

രമേശൻ അതുകേട്ട് അലമാരയിൽ അലക്കിവെച്ചിരിക്കുന്ന തുണികളിൽ നിന്നൊരു കയിലി എടുത്തുടുത്തുകൊണ്ട് തൊട്ടിലിൽ കിടന്നിരുന്ന ചിന്നൂന്റെ അടുക്കലേക്ക് ചെ ന്നോന്നെത്തിനോക്കി. പക്ഷെ ചിന്നൂന് പകരം ഉച്ചക്ക് ഓഫീസിൽ കണ്ടിരുന്ന ആ പെൺകുട്ടിയുടെ മുഖമാ രമേശൻ അവളിൽ കണ്ടത്. പെട്ടെന്നായ്യാൽ ഒരു ഭയത്തോടെ തലയൊന്നു കുടഞ്ഞ്  ഒന്നുടൊന്ന് കുഞ്ഞിനെ നോക്കി. അവൾ നല്ല ഉറക്കത്തിലാണ്. അയ്യാൾ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ  അയ്യാടെ മന സ്സ് പറഞ്ഞു തുടങ്ങി
'എന്റെ ചിന്നൂട്ടി..... മോളോരിക്കലും  അങ്ങനെയാവരുത് കേട്ടോ ...അച്ഛനേം അമ്മേനേം ഒരിക്കലും വിഷമിപ്പിക്കരുത്.

പെട്ടന്നവൾ കണ്ണുതുറന്ന് അച്ഛനെയൊന്ന് നോക്കി. അവളുടെ  മുഖത്തൊരു കള്ളച്ചിരി വിരിയുന്നതയ്യാൽ കണ്ടു. ആ കുഞ്ഞി കവിളുകളിൽ നുണക്കുഴികൾ തെളിഞ്ഞപ്പോൾ അവൾ അയ്യാളെനോക്കിയൊന്നു കണ്ണിറുക്കി.
അതു ശ്രദ്ധിച്ച് രമേശനവളെ വാരിയെടുത്ത് മാറോടണച്ച് ആ കവിളുകളിൽ രണ്ടുമൂന്നാവർത്തി മുത്തം നൽകിയപ്പോൾ അയ്യാളുടെ മനസ്സിലേക്ക് ഒരു ചോദ്യമോടിയെത്തിരുന്നു.
'അയ്യോ ഞാൻ പറഞ്ഞതിവൾ കേട്ടിരുന്നോ.... അല്ലെ പിന്നെന്തിനാ അവൾ  കണ്ണിറുക്കി കാട്ടിയെ ?  അങ്ങനൊരു ചിന്തഭാരത്താൽ കുഞ്ഞിനേയും എടുത്ത് പുമുഖത്തേക്ക് നടക്കുന്നതിനിടയിൽ അയ്യാടെ മുഖത്തൊരു ആകുലത  നിറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക