Image

പെണ്ണുടലുകൾ (കവിത-ഡോ.എസ്.രമ)

Published on 18 March, 2021
പെണ്ണുടലുകൾ (കവിത-ഡോ.എസ്.രമ)

ഉദരത്തിലെ തിരസ്‌കൃത ജന്മങ്ങളായി
ലാഭനഷ്ടങ്ങളുടെ തുലാസിൽ
രണ്ടാം തരക്കാരായി
വിലപേശലിൽ
വില്പനക്കാരന്റെ നഷ്ടമായി
അവർ പെണ്ണുടലുകളായിരുന്നു,
അവരുടെ
അഴകളവുകൾ വർണ്ണിക്കപ്പെട്ടു.
ആസ്വദിക്കപ്പെട്ടു.
താലിച്ചരടിന്റെ ലക്ഷ്മണരേഖക്കുള്ളിലവർ
സുരക്ഷിതത്വം തേടി.
കണ്ണുനീർപ്പുഴകൾ
അന്തപുരങ്ങൾക്കുള്ളിൽ ഒഴുകിയവസാനിച്ചു.
സുരക്ഷിതത്വത്തിന്റെ മേൽക്കൂരകൾ
നഷ്ടമായവരെയാകാശം തുറിച്ചു നോക്കി.
 
റാഞ്ചിയെടുത്ത കഴുകൻമാരുടെ
നഖങ്ങൾക്കിടയിലാണവർ മരിക്കാൻ തുടങ്ങിയത്.
ഉപേക്ഷിക്കപ്പെട്ട
പാതിമരിച്ച
ഉടലുകളാണ്
ചൂണ്ടകളിൽ  ഇരകളായത്.
ജീവനറ്റയിരകളാണ്
വൻ മത്സ്യങ്ങളെ കുടുക്കിയത്.
ചൂണ്ടക്കാരന് നേട്ടങ്ങൾ
സമ്മാനിച്ചത്.

സംവരണത്തെ അധികാരമാക്കിയെന്നഹങ്കരിച്ചവർ
തിരിച്ചറിഞ്ഞില്ല.
അച്ചുകുത്തുകളാണവരെന്ന്
അദൃശ്യകരങ്ങളാണ്
ഒച്ചയുണ്ടാക്കിയവരുടെ വായടപ്പിച്ചത്.

ആണുടലുകൾ
മാന്യതയുടെ വെളുത്തവസ്ത്രങ്ങൾക്കുള്ളിലവരെന്നും
വിശുദ്ധരായിരുന്നു.
വിമർശനങ്ങളുടെ കല്ലുകൾ കരുതാൻ
കപടതയുടെ മുഖംമൂടിയണിയാനവർ മറന്നില്ല,
വേശ്യത്തെരുവുകള
വർക്കപരിചിതമായിരുന്നു.
അഭിസാരികമാർ
സൃഷ്ടിക്കപ്പെട്ടതെങ്ങിനെയെന്നവർക്കറിയില്ലായിരുന്നു.
പിന്നാം പുറങ്ങളിൽ
നയനം കൊണ്ടും നഖങ്ങൾ കൊണ്ടും  
കീറിമുറിച്ചവസാനിക്കാൻ
പെണ്ണുടലുകൾ വീണ്ടും അവശേഷിക്കുന്നുണ്ട്.
കാരാഗൃഹങ്ങളുടെ
സുരക്ഷിതത്വമില്ലാതെ ചെറുത്തുനിൽക്കുന്നുണ്ട്.

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക