Image

പഴമയിലെ പ്രിയം (കവിത: നസ്‌റിയ നസ്‌റി)

Published on 19 March, 2021
പഴമയിലെ പ്രിയം  (കവിത: നസ്‌റിയ നസ്‌റി)
ബാല്യത്തിൻ നിഷ്കളങ്കതയും
തേൻ കിനിയും ഓർമ്മകളും...
ചിരിപ്പൊഴിച്ച് ഇന്നെന്നിൽ
പെയ്തിറങ്ങുമ്പോൾ...
നൈർമല്യത്തിൻ പ്രതീകമാം
പഴമയുടെ പ്രിയമെഴും
കല്ല് പെൻസിൽ...

ഒരിക്കലും മായാത്ത മറക്കാൻ കഴിയാത്ത പുതുമയുള്ള
ഒളിമങ്ങാത്ത ഓർമ്മകളായ് ഇന്നുമെന്നിൽ പെയ്തിറങ്ങുന്നു...

തെറ്റിയും തിരുത്തിയും
കല്ല് പെൻസിലിനാൽ
ഞാനെഴുതി ചേർത്ത
ഓരോ നുറുങ്ങ് വാക്കുകളിലും

കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
എന്നിലെ എന്നെ
ഞാൻ തിരിച്ചറിയാൻ
കാരണമായ
മണ്ണിന്റെ മണമുള്ള,
മലയാളനാടിന്റെ
നന്മതൻ പര്യായം...

എന്നിൽ നിന്നും
 വിടപറഞ്ഞു പോയ
എന്റെ ബാല്യം...
ഇന്നും ഞാൻ
ഓർമ്മത്താളിൽ
സുവർണ്ണ ലിപികളാൽ
എഴുതി ചേർക്കുവാൻ
ശ്രമിക്കുകയാണ്...

അടരാതെ അകലാതെ
നെഞ്ചോരം
കാത്ത് വെക്കാമിനിയെന്നും...
നഷ്ടസ്മൃതികൾ
കോർത്തെടുത്ത്
അക്ഷരജ്യോതിസ്സായ്
ഞാനെന്റെ വരികളിൽ...

പച്ചനെല്ലിക്ക തൻ ചവർപ്പും
ചെറു കണ്ണിമാങ്ങാ കയ്പ്പും
ഓർമ്മ തൻ പാഥേയത്തിൽ
നിറമധുരമായ്
തിരിച്ചെത്തും പോലെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക