Image

എതിര്: ഒരു ദലിതന്റെ ജീവിത സമരം (ബുക്ക് റിവ്യൂ: കബനി ആര്‍ )

Published on 20 March, 2021
എതിര്: ഒരു ദലിതന്റെ ജീവിത സമരം (ബുക്ക് റിവ്യൂ: കബനി ആര്‍ )
എതിര്, എം. കുഞ്ഞാമൻറെ ഓർമ്മകുറിപ്പുകളാണ്. തലക്കെട്ടിൽ  സൂചിപ്പിയ്ക്കുന്നപോലെ ചൊറോണ എന്ന  അമ്മയുടെയും, അയ്യപ്പൻ  എന്ന  അച്ഛൻറെയും  മകനായ  കുഞ്ഞാമൻറെ ജീവിതസമരം. കുഞ്ഞാമൻ  അദ്ധ്യാപകനാണ്. കേരളാ യൂണിവേഴ്സിറ്റിയിലും, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സോഷ്യൽ സയൻസിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭനായ അക്കാദമിഷ്യൻ. അദ്ദേഹം ജാതിയിൽ പാണനായിരുന്നു. ജാതികേന്ദ്രീകൃതമായ  സാമൂഹിക  സാഹചര്യത്തിലെ, ഏറ്റവും  അടിച്ചമർത്തപ്പെട്ട  ജാതിയിലെ  അംഗം. വലിയ സമുദായങ്ങളിലെ  മിച്ചഭാരങ്ങൾ  എടുക്കാനും, എച്ചിലിൽ  തൃപ്തിപ്പെടാനുമായി വിധിക്കപ്പെട്ട ബാല്യകാലം. 

എങ്ങനെ തൻ്റെ വിശപ്പിൻറെ സാഹചര്യം തന്നെ ഒരു  മനുഷ്യനേക്കാളേറെ  പട്ടിയുമായി  സാമ്യപ്പെടുത്തിയിരുന്നെന്ന് പുസ്തകത്തിൻറെ  തുടക്കത്തിൽ  തന്നെ  കുഞ്ഞാമൻ  എഴുതുന്നുന്നുണ്ട്. "പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ചു കഞ്ഞി ഒഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടാരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എൻറെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം" (എതിര് 13).

ജാതിവ്യവസ്ഥ ഇന്ത്യയിൽ  ക്ഷയിക്കുകയും  ജാതീയത  കൂടിക്കൊണ്ടിരിക്കുകയും  ചെയ്യുന്ന  ഒരു  അന്തരീക്ഷമാണ്  ഇന്ന്  നിലനിൽക്കുന്നത് എന്ന് കുഞ്ഞാമൻ ചൂണ്ടികാണിക്കുന്നു. "ഇപ്പോൾ ജാതിയല്ല ജാതിയതയാണ്. ഇന്ന് ബ്രാഹ്മണ്യം നിലനിർത്തുന്നതും പ്രാവർത്തികമാക്കുന്നതും ബ്രാഹ്മണരല്ല, ദളിത്, ആദിവാസി, പിന്നോക്ക വിഭാഹങ്ങളാണ്. ഇവരൊക്കെയാണ് ഇന്നത്തെ ബ്രാഹ്മണർ. ബ്രാഹ്മണവൽക്കരിക്കപ്പെട്ട ദളിത് ഉദ്യോഗസ്ഥൻ നിസ്സഹായനായ ദളിതന് എതിരാവും. വ്യവസ്ഥിതിയുടെ ഭാഗമായി നിന്നാലേ അവർക്കും രക്ഷയുളളൂ. വ്യവസ്ഥിതി സമ്പന്നരെയും ശക്തരെയും സംരക്ഷിക്കുന്ന ഒന്നാണ് (എതിര് 125), പാർലമെൻററി ജനാധിപത്യം  വർഗീയതയെ  ശക്തമാക്കുന്നെന്നും  കുഞ്ഞാമൻ  അഭിപ്രായപ്പെടുന്നു . സമ്പത്തും  സ്വാതന്ത്ര്യവും  പരസ്പരപൂരകങ്ങളാണ്; സ്വാഭിമാനവും , ധൈര്യവും  അതുപോലെതന്നെ. സാമ്പത്തിക  സ്വാതന്ത്ര്യം  ഏറ്റവും  വലിയ സ്വാതന്ത്ര്യമാണെന്നുo അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദളിതർക്ക്  നവമുതലാളിത്തം  ഗുണകരമായിട്ടാണ് ഭവിച്ചിരിക്കുന്നത്.   മുതലാളിത്തം  ഉന്നം  വെയ്ക്കുന്നത്  ലാഭം  മാത്രമാണ്. അങ്ങനെ  ഉള്ള  സാഹചര്യം  ദളിതന്  സ്വാതന്ത്ര്യം  തരുകയും  അവൻറെ  ജാതീയമായ  പിന്നോക്കാവസ്ഥ  അപ്രസക്തമാക്കുകയും  ചെയ്യുന്നു.  ഇടതുപക്ഷത്തെ നിശിതമായി  വിമർശിക്കുന്ന  ആളാണ്  എങ്കിലും , ഇ. എം. എസ്സിനോടുള്ള ആദരവ് കുഞ്ഞാമൻ  പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ  വിമർശനങ്ങളെയും  ഉൾക്കൊണ്ട, ഭയപ്പെടാത്ത – കമ്മ്യൂണിസ്റ്കാരൻ; അതാണ് ഇ. എം. സ്.  ഇടതുപക്ഷം  വെറും  ഒരു  അറേഞ്ച്മെൻറ്റ് മാത്രമാണെന്ന്  കുഞ്ഞാമൻ  പറയുന്നു; തിരഞ്ഞെടുപ്പും, അധികാരവും മാത്രം  ലക്ഷ്യം  വെച്ചുകുണ്ടുള്ള  അറേഞ്ച്മെൻറ്റ്. അതല്ലാതെ  ഒരു  തിരുത്തൽ  ശക്തിയാകാനോ, ദളിതർക്കും  മറ്റു ഇതര  പിന്നോക്ക  വിഭാഗങ്ങൾക്കും  ഒരു  ക്രിയാത്മക കരുത്താകാനോ അവർക്കു സാധിക്കുന്നില്ല. ശ്രമിക്കുന്നുമില്ല. കമ്മ്യൂണിസ്ററ്  സർക്കാരിൻറെ ഭൂപരിഷ്കരണം  ഒരു  വഞ്ചനായാരുന്നു. കൃഷിഭൂമി  മണ്ണിൽ  പണിയെടുക്കുന്നവന്  എന്ന  വാദം  ഒരു  കുടികിടപ്പവകാശമായി മാത്രം ചുരുങ്ങുകയും, എന്നാൽ അത്  ഒരു  വിജയമായി ഇടതുപക്ഷം കൊണ്ടാടുകയും ചെയ്തു.  

സമൂഹത്തിൽ  മൂന്നു  വിഭാഗങ്ങളുണ്ട്;   ബൂർഷ്വാസികൾ, തൊഴിലാളികൾ  പിന്നെ  പ്രികേറിയറ്റുകളും  . മൂനാം  വർഗമായ പ്രികേറിയറ്റ് അതായത് , ജീവിതം  കഷ്ടപ്പാടിൽ  തള്ളി   നീക്കുന്നവർ , അവരാണ്  ഏറ്റവും  വലിയ വിഭാഗം . അടിച്ചമർത്തപ്പെട്ട , ചൂഷണം   ചെയ്യപ്പെടുന്ന  ഈ  മൂന്നാം  വിഭാഗത്തിൻറെ ഉന്നമനമാണ്  എല്ലാ  രാക്ഷ്ട്രീയ  പാർട്ടികളും  ലക്ഷ്യം  വെയ്ക്കേണ്ടത്. തിരഞ്ഞെടുപ്പ്  രാക്ഷ്ട്രീയത്തിനു  ഉപരിയായി  എല്ലാ  രാക്ഷ്ട്രീയ  പാർട്ടികളും  വളരണം; പാർശ്വവത്കരിക്കപ്പെട്ട  വിഭാഗങ്ങളുടെ  സ്വാതന്ത്ര്യത്തിനായ് അവർ  പ്രയത്നിയ്ക്കുകയും ചെയ്യണം. പുസ്തകത്തിൻറെ ഒടുവിലേയ്ക്ക് എത്തുമ്പോൾ അദ്ദേഹം  മാർക്സിസത്തിന്റെ  ഭാവിയെകുറിച്ച  വിലയിരുത്തുന്നുണ്ട്. എന്തുകൊണ്ട്  മാർക്സിസത്തിന്റെ  പരിമിതികൾ  നാളെകളിലേയ്ക്ക്  അതിൻ്റെ പ്രാധാന്യത്തെ  ഇല്ലാതാകുമെന്നും പറഞ്ഞു കുഞ്ഞാമൻ  അവസാനിപ്പിക്കുന്നു

വെറും  ഓർമ്മ പങ്കിടൽ  മാത്രമായി ചുരുക്കാവുന്നതല്ല  ഈ   പുസ്തകം . ഒരു  ദലിതൻറെ  തീക്ഷ്ണമേറിയ അനുഭവകുറിപ്പുകളാണ്. സ്വന്തം  ജീവിതം  തന്നെ  ഒരു  രാഷ്ട്രീയ  ചെറുത്തുനിൽപ്  ആകുന്നതെങ്ങനെയെന്ന്  അദ്ദേഹം  കാണിച്ചുതരുന്നു. കൂടാതെ, യുക്തിയിലും , പഠനത്തിലും , നിരീക്ഷണത്തിലും  നിൽക്കുന്ന വിമർശനവും അദ്ദേഹം ഇതിൽ പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞാമൻ ആർജിച്ചെടുത്ത സ്വാതന്ത്ര്യം പുസ്തകത്തിൽ ഉടനീളം പ്രതിഫലിക്കുകയും വായനക്കാരിലേക്ക് എത്തുകയും ചെയ്യുന്നു.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക