Image

പെണ്ണുങ്ങൾ (കവിത-ഷാഹിന.വി.കെ)

Published on 20 March, 2021
പെണ്ണുങ്ങൾ  (കവിത-ഷാഹിന.വി.കെ)

നാല്പതു കഴിഞ്ഞ പെണ്ണുങ്ങൾ
അരക്കിറുക്കികളും മന്ത്രവാദിനികളുമായിരിക്കും
നോക്കി നോക്കിയിരിക്കേ
അവർ പാലമരം പോലെ
പൂക്കൾ പൊഴിച്ച്
കരിമ്പന പോലെ പടർന്നു
മാനംമുട്ടെ നിന്ന് കണ്ണിറുക്കി
ചിരിക്കുന്നതു കാണാം

ശ്രദ്ധിച്ചു നോക്കൂ
അവൾ ശ്രദ്ധിക്കാതിരുന്ന
അവളുടെ മുലകൾ , മുടി, കാൽ വണ്ണ
പാദങ്ങൾ, നീണ്ട കൈനഖങ്ങൾ
അവരാരെയോ പ്രതീക്ഷിക്കുന്ന പോലെന്നും തരളിതരായിരിക്കും

അവൾ പാൽ കൊടുത്ത കുഞ്ഞുങ്ങൾ ഇപ്പോൾ
അവളോളൊപ്പം
അവൾ വറുത്തെടുത്ത മീൻ രുചിയാൽ
വയർ ചാടിയ ഭർത്താവ്
അവളെ പാചകനിപുണയാക്കി
അടുക്കള കൈമാറിയ
ഭർതൃമാതാവ്
അവർക്കാർക്കും പിടികൊടുക്കാതെ
അവൾ പാലമരത്തിലിരുന്ന്
കാറ്റിലാടുന്നു



അവൾ അലങ്കരിച്ച വീട്, അവളുടെ
അടുക്കളത്തോട്ടം ,
അവളുടെ ഭ്രാന്തുകൾ പോലെ
പൂത്തു നിൽക്കുന്ന പൂച്ചെടികൾ
അവളുടെ ഓമന തത്തകൾ
അവളോടൊപ്പം മാത്രം ഉറങ്ങുന്ന
പൂച്ചക്കുട്ടികൾ
അവർക്കു മാത്രം അറിയാവുന്ന
രഹസ്യങ്ങളാൽ സുഗന്ധം
പരത്തുന്നൊരു മുല്ലയായി
അവൾ പുറത്തേക്കൊഴുകുന്നു

അവൾക്കായാരും വഴി മാറാറില്ല
അവൾ കണ്ടെത്തിയ വഴികൾ
നിരത്തുകൾക്കപരിചിതവും
ആരും കാണാത്തത്ര നിഗൂഢവും

നാല്പതുകൾ പിന്നിട്ട പുരുഷൻ തന്റെ
വീരേതിഹാസങ്ങളിൽ അഭിരമിക്കും
അടിവയറിൽ കെട്ടിക്കിടക്കുന്ന
ശുക്ലഭാരത്താൽ പരിക്ഷീണനായി
പ്രണയമേ നീയങ്ങു പോവതെങ്ങനെ
യെന്നു വിലപിച്ചു കൊണ്ടിരിക്കും

ചാരി നിൽക്കാനൊരു
തോളു തേടിയവൾ
തോൾ കുലുക്കി പുതിയൊരു പാട്ടുമൂളി
നിങ്ങളെ കടന്നുപോയിട്ടുണ്ട്
-------------------------
വര -വൈശാഖ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക