Image

റോബോട്ട് ഹസ് ബന്റ് (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 22 March, 2021
റോബോട്ട് ഹസ് ബന്റ്   (നർമ്മകഥ: നൈന മണ്ണഞ്ചേരി)
രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നതു കണ്ടപ്പൊഴേ മനസ്സിലായി പത്രത്തിൽ എന്തോ കാര്യമായ പരസ്യമുണ്ടെന്ന്.അല്ലെങ്കിൽ ഇത്ര രാവിലെ പത്രം എടുക്കാറില്ല.അതുകൊണ്ടു തന്നെ അതു കാണുമ്പോൾ വഴ്ഹി മാറി നടക്കുകയാണ് പതിവ്.കാരണം ആര് വിരുന്നു വന്നാലും കോഴിക്കാണല്ലോ കിടക്കാൻ വയ്യാത്തത്.അതു പോലെയാണ് പാവം ഹസ്ബെന്റുമാരുടെ കാര്യവും.അടുത്ത ജൻമത്തിലെങ്കിലും വല്ല വൈഫുമായിട്ട് ജനിച്ചാൽ മതിയായിരുന്നു.പുതിയ റേഷൻ കാർഡ് നിലവിൽ വന്നതോടെ പുരുഷൻമാർക്ക് ആകെയുണ്ടായിരുന്ന ഗൃഹനാഥൻ പദവി കൂടി നഷ്ടപ്പെട്ടു.അതിന്റെ ഗമയിലാണ് പ്രിയതമയുടെ നടപ്പ്.

 ‘’ചേട്ടൻ വാർത്ത കണ്ടില്ലായിരുന്നോ?’’   പ്രിയതമയ്ക്ക് പിടി കൊടുക്കാതെ പോകാമെന്ന് വിചാരിച്ചിട്ട് നടനില്ല,ഇനി കീഴടങ്ങുക തന്നെ കരണീയം.’’ഇത് വാർത്തയല്ലല്ലോ,പരസ്യമല്ലേ..’’  ഏതോ പ്രദർശന വിൽപ്പനക്കാരുടെ പരസ്യമാണ്,  കാണാതിരുന്നിട്ടല്ല,ഒരാഴ്ചയായി കണ്ടുകൊണ്ടേയിരിക്കുന്നു.ഞാനായിട്ട് ഒരു പ്രശ്നമുണ്ടാക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാണ്.പക്ഷേ ഫലമുണ്ടായില്ല,അവസാനം ഗൃഹനായിക കണ്ടു പിടിച്ചു കളഞ്ഞു.

 ‘’എന്നാലും ഇന്ന് ഞാനിത് കണ്ടില്ലായിരുന്നെങ്കിൽ എന്തോരം ഓഫറുകൾ പോയേനേ ചേട്ടാ..’’

അവൾ പോകാനിരുന്ന ഓഫറുകളോർത്ത് വിഷണ്ണയായി.’’ഏതായാലും ഇന്ന് പോയിട്ട് തന്നെ ബാക്കി കാര്യം.’’  പറഞ്ഞതും അവൾ പത്രത്തിന്റെ അറ്റം വലിച്ച് കീറിയതും ഒന്നിച്ച്…’’ഇതെന്താ,പത്രം വലിച്ചു കിറിയത്,ഞാനിതു വരെ വായിച്ചിട്ടില്ല..നിനക്കെന്താ പ്രദർശനത്തിന്റെ കാര്യമോർത്ത് വട്ടായോ’’
 ‘’ ഈ പരസ്യം വന്ന പത്ര കട്ടിംഗുമായി ചെല്ലുന്ന വനിതകൾക്ക് പ്രവേശനം സൗജന്യമാ..’’

 അപ്പോൾ അവിടെയും പാവം പുരുഷൻമാർ പുറത്ത്..എതായാലും ഈ പ്രദർശനം തീരുന്നതു വരെ ഒരു വീട്ടിലും പത്രം മുഴുവൻ കാണാൻ വഴിയില്ല.അൻപത് രൂപയെങ്കിൽ അൻപത് രൂപ ലാഭം എന്ന് കരുതി വനിതാരത്നങ്ങൾ ഈ പരസ്യം കീറിയെടുക്കുമെന്ന കാര്യം ഉറപ്പ്.വനിതകൾക്ക് കൂട്ടായി ഭർത്താക്കൻമാരും കുട്ടികളും പ്രദർശനം കാണാൻ പോകാതിരിക്കില്ല.അപ്പോൾ അൻപത് നഷ്ടമായാലും ഇരട്ടിയ്യായി തിരിച്ചു പിടിക്കാം..പരസ്യക്കാരുടെ ബുദ്ധി സമ്മതിക്കാതെ തരമില്ല.

ഗൃഹനായികയ്ക്ക് കൂട്ടു പോയില്ലെങ്കിൽ പിന്നെ അതിന്റെ പേരിലാവും വഴക്ക്.വാട്സാപ്പും ഫെയിസ് ബുക്കുമൊക്കെ പ്രചാരത്തിലായ ഇക്കാലത്ത് ഞാൻ ചെന്നില്ലെങ്കിൽ വേറെ ആരെയെങ്കിലും കൂട്ടിക്കൊണ്ടു പോയാൽ അതുമായി.പിന്നെ ഒരു സമാധാനമുള്ളത് ആരുമായി പോയാലും അവളുടെ സ്വഭാവമനുസരിച്ച് അധികം താമസിയാതെ തന്നെ തിരികെ കൊണ്ടാക്കുമെന്നതാണ്.ഓരോന്നു കണ്ട് നടക്കുന്നതിനിടയിൽ പ്രിയതമയെ കാണുന്നില്ല.ഇത്ര നേരം ഇവിടെയുണ്ടായിരുന്നതാണല്ലോ,പിന്നെ എവിടെ പോയി?തിരക്കി നടക്കുന്നതിനിടയിൽ അതാ നിൽക്കുന്നു ഒരു കടയിൽ ഭാര്യ…റോബോട്ടുകൾ വിൽക്കുന്ന കടയാണ്.

‘’അതു ശരി,ഒന്നും പോരാഞ്ഞിട്ട് ഇനി റോബോട്ട് വാങ്ങാനുള്ള പ്ളാനാണോ?’’
 ‘’,ഓ,ഞാനുദ്ദേശിച്ച റോബോട്ട് ഇവിടെങ്ങുമില്ല..’’   നിരാശയോടെ അവൾ പറഞ്ഞു.

‘’അല്ല,എന്തു റോബോട്ടാ നീ ഉദ്ദേശിച്ചത്..’’

 ‘’റോബോട്ട് ഹസ്ബെന്റ് ഉണ്ടോന്ന് നോക്കാനാ കേറിയത്,ഇനി അതില്ലാതെ പറ്റില്ല,എന്തു പാടാ ഈ ഭർത്താക്കൻമാരുടെ പുറകെ നടന്ന് ഓരോ കാര്യം പറഞ്ഞ് ചെയ്യിക്കാൻ,ഇതാകുമ്പോൾ ആ പാടൊന്നുമില്ല.കാശെത്രയായാലും വിരോധമില്ല,മനുഷ്യന് സമാധാനം കിട്ടുമല്ലോ?’’

അവൾ പറയുന്നത് എന്നെപ്പറ്റിയല്ലെന്ന് വിശ്വസിക്കാൻ ഞാൻ ശ്രമിച്ചു.
 ‘’ നീ പറഞ്ഞതിലും കാര്യമുണ്ട്,പക്ഷേ ആദ്യം ഇറക്കേണ്ടത്  റോബോട്ട് വൈഫിനെയാ..ഒരു സ്വിച്ചിട്ടാൽ എല്ലാം ചെയ്തോളും,എല്ലാത്തിനും ഭാര്യമാരുടെ കാലു പിടിച്ച് മടുത്തു..’’…ഞാനും വിട്ടു കൊടുത്തില്ല.

പ്രദർശന നഗരിയിൽ നിന്നും തിരികെ പോരുമ്പോൾ റോബോട്ട്   കടക്കാരൻ നോക്കി ചിരിച്ചു.‘’മാഡം അടുത്ത വർഷം തന്നെ നമ്മൾ പറഞ്ഞ റോബോട്ട് എത്തും..’’         ഹസ്ബെന്റ് റോബോട്ടാണോ വൈഫ് റോബോട്ടാണോ ആദ്യമെത്തുക എന്ന സംശയത്തിൽ ഞാൻ അയാളെ നോക്കി..അതു മനസ്സിലാക്കിയിട്ടാകാം അയാൾ പറഞ്ഞു…

  ‘’രണ്ടും ഒരുമിച്ച് എത്താനാ സാധ്യതയെന്ന് തോന്നുന്നു,അല്ലെങ്കിൽ പിന്നെ അതിന്റെ പേരിലാവും വഴക്ക്..’’
ഏതായാലും റോബോട്ട് എങ്ങനെയെങ്കിലും ഇങ്ങ് ഒന്ന് എത്തിയാൽ മതിയായിരുന്നു എന്ന പ്രാർഥനയോടെ  ഞങ്ങൾ പ്രദർശന നഗരിക്ക് പുറത്ത് കടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക