Image

ചില്ലക്ഷരങ്ങൾ (കവിത: ലിജോ ജോസഫ്)

Published on 23 March, 2021
ചില്ലക്ഷരങ്ങൾ (കവിത: ലിജോ ജോസഫ്)
ആദ്യാക്ഷരത്തിന്റെയങ്കണവാടിതൻ കളിമുറ്റത്തു -
കളഞ്ഞുപോയൊരെന്റെയാ കല്ലുപെൻസിൽ തുണ്ടിൽ....
തിരയുന്നുണ്ടിന്നുമെൻ ബാല്യത്തിൻ കടലാസുതുണ്ടിനാൽ
തീർത്തൊരാ കളിവഞ്ചികൾ..

ഒരുകുഞ്ഞിത്തുമ്പിയായ് മൂളിപ്പറക്കുന്നുണ്ടാ
ചെറുബാല്യത്തിൻ ഓർമ്മനീളെ...
ഇടവങ്ങളെത്രയോ പെയ്തുതോർന്നിട്ടുമെന്നോർമ്മതൻ  
കരിമുകിൽ പാളികൾക്കുള്ളിൽ,
തേഞ്ഞുപോവാതിന്നും കല്ലിച്ചുപോയൊരാ
കല്ലുപെൻസിൽത്തുണ്ടു മാത്രമിപ്പോഴും  ..
മഴയേറ്റ മണ്ണിന്റെ മാറിൽ പുതഞ്ഞൊരെൻ
പൂർവ്വകാലത്തിന്റെ ബാക്കിപത്രംപോലെ !!

നിന്റെ കൈവിരൽതുമ്പിന്റെ ഗന്ധംമണക്കുന്നൊരേറ്റം
പ്രിയമുള്ള പെൻസിൽ മുറിതുണ്ട് ..

പകലിന്റെ പൊള്ളലിൽ നീറുമ്പൊളിന്നുമെന്നോർമ്മയിൽ പച്ചത്തുരുത്തുകൾ തീർത്തുകൊണ്ടൊരുനൂറു  കല്ലുപെൻസിൽപ്പൊട്ടുകൾ നീളേ...

ഒരു മുറിതുണ്ടിന്റെ പങ്കുചേരാനടവഴികൾ താണ്ടിയൊന്നിച്ച് , ചളിവെള്ളം തട്ടിത്തെറിപ്പിച്ചതെത്രയോ  അന്നുനാം.. !

മടുപ്പേറിടുന്നൊരീയിന്നിന്റെ പകലിടനാഴികളിലൊരു കള്ളിമഷിപച്ചയായെന്നോട് ചേർന്നൊട്ടിയിന്നും...
ചെറുകിന്നാരത്തിന്റെ മധുരനാരങ്ങാമിട്ടായികൾ
കുടഞ്ഞിട്ടു പിറകിലേക്കൊരായിരം
സ്നേഹദൂരങ്ങൾ വഴിനടത്തുന്നു നീയിന്നു വീണ്ടും..... !


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക