Image

കാമാഖ്യക്ഷേത്രത്തിലെ ആഘോഷവും പ്രത്യേകതകളും (പി. ടി. പൗലോസ്)

Published on 23 March, 2021
കാമാഖ്യക്ഷേത്രത്തിലെ ആഘോഷവും പ്രത്യേകതകളും (പി. ടി. പൗലോസ്)
ദക്ഷയാഗത്തിൽ അപമാനിതയായ സതിയുടെ മൃതശരീരം വിഷ്ണുവിന്റെ സുദർശനചക്രത്താൽ 52 ഖണ്ഡങ്ങളായി ചിതറി. അവ ചെന്നുവീണ 52 സ്ഥലങ്ങൾ ശക്തിപീഠങ്ങളായി അറിയപ്പെട്ടു. ഇതിൽ മൂന്നെണ്ണം പടിഞ്ഞാറൻ ബംഗാളിലാണ്. കാളിഘട്ടിൽ വലതുകാലിന്റെ പെരുവിരൽ, ബക്രേശ്വറിൽ നെറ്റിയും പുരികവും, താരാപീഠില്‍ കണ്ണ്.

യോനിഭാഗം ചെന്നുവീണത് ആസാമിലെ ഗൗഹട്ടിക്ക് അടുത്തുള്ള നീലാചൽ മലമുകളിലാണ്. അവിടെ സതിയുടെ യോനിഭാഗം പ്രതിഷ്ഠിച്ചു. പിന്നീടത് കാമാഖ്യക്ഷേത്രമായി പ്രസിദ്ധിയാർജ്ജിച്ചു .  കല്‍ഫലകത്തില്‍ കൊത്തിവച്ച ദേവിയുടെ യോനിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഈ ഭഗവതിക്ഷേത്രം ആസാംജനതയുടെ രക്ഷാകേന്ദ്രമായും അതോടൊപ്പം തന്നെ താന്ത്രികവിദ്യയുടെയും ആഭിചാരക്രിയകളുടെയും കേന്ദ്രമായും അറിയപ്പെടുന്നു. പരാശക്തിയുടെ രൗദ്രമായ കാളീസങ്കല്പം ശ്രീചക്രപൂജയായി അഥവാ യോനീപൂജയായി ഇവിടെ രൂപാന്തരപ്പെടുന്നു. ശൈവ വിശ്വാസത്തിലെ യോനീതന്ത്രപ്രകാരം യോനിപീഠം മാത്യുത്വത്തിന്റെ ,  ശക്തിയുടെ പ്രതീകമാണ്. പരാശക്തിയുടെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ എത്തുന്ന പവിത്രമായ പ്രക്രിയയായി ആർത്തവത്തെ താന്ത്രികർ കരുതുന്നു. ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ചു സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവസംബന്ധമായ രോഗങ്ങൾക്കും മഹാമാരിയിൽ നിന്നുള്ള രക്ഷക്കും ഭക്തർ കാമാഖ്യക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ പണിതു എന്ന് വിശ്വസിക്കപ്പെടുന്നു.

കാമാഖ്യക്ഷേത്രത്തിലെ പ്രധാന ഉത്സവം അബുബാച്ചി മേളയാണ്. മേളയുടെ മൂന്നു ദിനങ്ങളിൽ ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. അപ്പോൾ ക്ഷേത്രത്തിന്റെ വാതിലുകൾ അടക്കും. ആ സമയം ദേവി അത്യുഗ്രഭാവത്തിലേക്ക് മാറും. ഈ മൂന്നു ദിനങ്ങളിൽ ദേവി പൂർണ്ണനഗ്നയായി നൃത്തം ചെയ്യുമെന്നാണ് വിശ്വാസം. ഈ ദിനങ്ങളിൽ ആഭിചാരക്രിയകളും മൃഗബലിയും താന്ത്രികവിദ്യകളും ക്ഷേത്രപരിസരത്തെ രഹസ്യയിടങ്ങളിൽ ഉണ്ടാകും. ക്ഷേത്രസമീപത്തുകൂടി ഒഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലംപോലും  ഈ സമയം ദേവിയുടെ ആർത്തവരക്തംകൊണ്ട് ചുവപ്പുനിറമാകുമെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേദിവസം വിശേഷാൽ പൂജകൾ ആരംഭിക്കുന്നു. കാർമ്മികൻ നൽകുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണങ്ങൾ അഭിവൃദ്ധിയുടെ പ്രതീകമായി തീർത്ഥാടകർ കരുതുന്നു.

സ്ത്രീശരീരത്തിലെ ആർത്തവപ്രക്രിയയെ അശുദ്ധമായി കരുതുന്ന ശബരിമലയും ആർത്തവം ആഘോഷമാക്കുന്ന കാമാഖ്യക്ഷേത്രവും ഭാരതത്തിലാണ്. മിത്തുകളെ താലോലിക്കുന്ന, അന്ധവിശ്വാസങ്ങളെ വിശ്വാസങ്ങളാക്കുന  യാഥാസ്ഥിതികരും  നവയാഥാസ്ഥിതികരും കാലങ്ങളായി നവോത്ഥാന പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത മതേതരമാനവികതയുടെ ചരമഗീതമെഴുതുകയല്ലേ ?  ഏഴു പതിറ്റാണ്ടുകൊണ്ട് ഒരു മതേതരരാജ്യം മതരാജ്യമാകുന്ന ഒരു കെട്ട കാലത്തിന്റെ വാതില്പടികളിൽ നാം എത്തിനിൽക്കുന്നു. കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും അധിഷ്ടിതമായി ഇന്ത്യൻ ഭരണഘടന തന്നെ രൂപാന്തരപ്പെടുന്ന ഭയാനകമായ അവസ്ഥയിലേക്ക് നാം എത്തപ്പെടുകയാണ്. കഥകളെയും ചരിത്രത്തെയും കൂട്ടിക്കുഴക്കാതെ, ഇവ രണ്ടും രണ്ടായിക്കാണുന്ന ഒരു സാംസ്കാരികപരിവർത്തനമാണ് ഈ നൂറ്റാണ്ടിനാവശ്യം. ആ നീതിബോധത്തെ ഒരു പരിധിവരെ നവമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Join WhatsApp News
Sukumar Canada 2021-03-23 18:07:39
"സ്ത്രീശരീരത്തിലെ ആർത്തവപ്രക്രിയയെ അശുദ്ധമായി കരുതുന്ന ശബരിമലയും ആർത്തവം ആഘോഷമാക്കുന്ന കാമാഖ്യക്ഷേത്രവും ഭാരതത്തിലാണ്." അതാണ് ബഹുസ്വരമായ ഒരു സമൂഹത്തിന്റെ പ്രത്യേകത. ഒന്നിനെയും തള്ളേണ്ട കാര്യമില്ല. ഓരോരുത്തരുടെ ഭാവനയ്ക്ക് അനുസരിച്ചാണ് മതവും ആത്മീയതയും നിലകൊള്ളുന്നത്. അബ്രാഹാമിക് മതങ്ങളിലെ പല സങ്കൽപ്പങ്ങളും എല്ലാവർക്കും സമ്മതമാവില്ല. അതുപോലെയാണ് ഭാരതീയമായ സങ്കൽപ്പങ്ങളും. എല്ലാറ്റിനെയും ആഘോഷിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും സാധിക്കുക എന്നതാണ് പ്രാധാന്യം. ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ ആചാരങ്ങളെ ഇല്ലാതാക്കുന്നത് ബുദ്ധപ്രതിമകൾ നശിപ്പിച്ച താലിബാൻ മോഡൽ നവോത്ഥാനമേ ആവുന്നുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക