Image

കണ്ണകിയുടെ നാട്ടിൽ ഒരിടവേള (മായ കൃഷ്ണൻ)

Published on 25 March, 2021
കണ്ണകിയുടെ നാട്ടിൽ ഒരിടവേള (മായ കൃഷ്ണൻ)
ഒരുവർഷം നീണ്ടുനിൽക്കുന്ന പഠനത്തിനുവേണ്ടിയാണ് ഞാൻ മധുര കാമരാജ് സർവകലാശാലയിൽ ചേരുന്നത്. ഒരു വീടിന്റെ പാർശ്വഭാഗം വാടകക്കെടുത്ത് താമസം തുടങ്ങി. തുടക്കദിവസങ്ങളിൽ കടുത്ത മനോവിഷമങ്ങൾ ഉണ്ടായിരുന്നു.. ചെറിയപെണ്മക്കളെയും അവരുടെ അച്ഛനെയും ഓർത്ത് വിഭ്രാന്തമാവുന്ന സന്ധ്യകളിൽ ലക്ഷ്യമില്ലാതെ ഇറങ്ങിനടക്കുന്നത് പതിവായി.. ആരും തുറിച്ചുനോക്കുന്നില്ലെന്നതായിരുന്നു ആദ്യത്തെ സമാധാനം.. കഴിയുന്നത്ര തമിഴിൽ വർത്താനം പറയാൻ ശ്രമിച്ചു.. ആൺപെൺ വ്യത്യാസമില്ലാത്ത തമിഴരുടെ ഭാഷാസ്നേഹം അനുഭവിച്ചുതന്നെ അറിയണം. മലയാളത്തുക്കാരി അമ്മാ തമിൾ പേശാൻ മുതിരുന്നത് അവർക്ക് വലിയ സന്തോഷമാണ്. വീട്ടുപകരണങ്ങളുടെയും പച്ചക്കറികളുടെയും തമിൾ പേരുകൾ ഒട്ടൊക്കെ പഠിച്ചു. വഴികൾ ചോദിച്ചറിഞ്ഞു. പ്രധാനസ്ഥലങ്ങൾ മനസ്സിലാക്കി... പിന്നെ ഓരോദിവസവും ഞാനങ്ങിറങ്ങും.. ക്‌ളാസ് കഴിഞ്ഞാൽ പലയിടത്തും ചുറ്റിനടക്കും.. എത്ര രാത്രിയായാലും ഒരു നോട്ടം കൊണ്ടുപോലും മാനഭംഗപ്പെട്ടിട്ടില്ല.. ഏതു പെണ്ണും ഉറച്ച ശബ്ദത്തിൽ, വ്യക്തമായേ സംസാരിക്കൂ.. പെണ്ണുങ്ങളെ ബഹുമാനിക്കുന്ന ആണുങ്ങളുള്ള നാട്. ഒരിക്കൽ രാത്രി പത്തുമണിയായിക്കാണും.. ഉസലാംപെട്ടി (ഒരു തമിൾ പാട്ടിലാണ് ആ സ്ഥലപ്പേര് കേട്ടിട്ടുള്ളത്. പൂക്കളുടെ നാടാണെന്ന് കേട്ട് പോയതാണ്... എത്തിപ്പെട്ടത് ആടുകളെ ഇണചേർക്കാനുള്ള ഒരു പ്രത്യേകസ്ഥലത്ത് 😸😸)സന്ദർശിച്ച് തിരിച്ചുവരികയാണ്. ബസ് ഇല്ല. കുറേ പെണ്ണുങ്ങൾ ഓട്ടോ കാത്ത് നിൽക്കുന്നു. ഞാനും കൂടി.. അറിയാവുന്ന തമിഴിൽ പേശി, എന്റെ താമസസ്ഥലമായ നാഗമല പുതുക്കോട്ടയിലെത്താൻ രണ്ട് മണിക്കൂർ ഉണ്ടെന്ന് മനസ്സിലാക്കി "ഭയപ്പെട വേണ്ടാമ്മാ.. നാൻ അന്തയിടത്തുക്കാരി.. ഓട്ടോയിലെ പൊഹലാം "ഒരു യുവതിയാണ്. അവർ ഒരു ഓട്ടോവിളിച്ചു, ഞങ്ങൾ യാത്രയായി.. എന്റെ നെഞ്ച് പടഹം കൊട്ടുന്നുണ്ട്..
"അമ്മാ... ഏ ഇങ്കെ വന്തത്? "
"ചുമ്മാ, സുറ്റി പാക്കറതുക്ക്‌ "
"ആനാ ഇനിമേ വരക്കൂടാത്. ഇങ്കെയെല്ലാമെ തിരുട്ട് ഊരുകൾ.. ഇന്തമാതിരി മാലൈ, ജിമുക്കി എല്ലാം പോട്ട് ഇങ്കെ വരക്കൂടാത്.. എല്ലാം പോയിടും "
"ഇത്.... (എന്റെ തമിഴ് വിറവിറച്ച് പറപറക്കുന്നു )വന്ത്...... എല്ലാമേ റോൾഡ് ഗോൾഡ്..."
അവർ ഉറക്കെച്ചിരിക്കാൻ വേണ്ടിയാവണം, വായിലെ മുറുക്കാൻ നീട്ടിത്തുപ്പി..
"ഏ മ്മാ... തിരുടര്ക്ക് അതൊക്കെ എപ്പടി തെരിയും, ഗോൾഡാ റോൾഡ് ഗോൾഡാ..മൊതലാ (ആദ്യം )കട്ട് പണ്ണിടും (മുറിച്ചെടുക്കുന്ന ആംഗ്യം കാട്ടിയപ്പോ അറിയാതെ ചെവിപൊത്തിപ്പോയി )അപ്പറം താനേ ബാക്കി... ഭയപ്പെടവേണ്ടാ.. തിരുടര് നിജമുള്ളവര് (സത്യം ).. അസിങ്കമാന ഒന്നുമേ സെയ്യാത് "ഭഗവാനേ........ താമസസ്ഥലത്ത് എത്തുമ്പോഴേക്കും അവർ എന്നെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. ഗേറ്റിനു മുന്നിൽത്തന്നെ വണ്ടി നിറുത്തി. പൈസയെടുക്കാൻ പേഴ്‌സ് തുറക്കുന്ന എന്നെ തടഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു..
"വേണ്ടാമ്മാ.... നാങ്കള് തിരുടർ നിജമുള്ളവർ.. നീങ്കള് ഊരിൽ വന്ത നേരം മുതൽ നാങ്കളോട നോട്ടം ഉൻമേലെയിരുക്ക്.. നാങ്കളോട തലൈവി അമ്മാ താനേ എങ്കിട്ടെ സൊല്ലിയത് നിൻകൂടെ വര്തക്ക്.. ഓട്ടോ എൻ തമ്പിയോടത്... പറവാലേ... നല്ലാ കത്ത്ക്കോ (പഠിക്കൂ )പഠിക്കറവരെ റൊമ്പ പുടിക്കും... നല്ലായിരുക്ക് അക്കാ.. "അവൾ എന്റെ ചുമലിൽചേർത്ത കൈക്ക് കുളിർചേർന്നൊരു ഊഷ്മളതയുണ്ടായിരുന്നു...
                 അന്നുരാത്രി ഉറങ്ങാതെകിടന്നു ഞാൻ സ്വപ്നം കണ്ടതത്രയും ഒരു തിരുട്ട് രാജ്യത്തെയാണ്.. പെണ്ണിന്റെ മാനത്തെ തിരുടാത്ത, മനത്തെ തിരുടാത്ത, സ്വാതന്ത്ര്യത്തെയും നിലപാടുകളെയും പ്രണയത്തെയും തിരുടാത്ത... ഒരു തിരുട്ടുരാജ്യം....
കണ്ണകിയുടെ നാട്ടിൽ ഒരിടവേള (മായ കൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക