Image

വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 26 March, 2021
വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)
കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിലാഷം ഉണ്ടാക്കിയ കോലാഹലം ഇപ്പോഴും കത്തി നില്‍ക്കുന്നു. ഗ്രൂപ്പിന്റെ പേരില്‍ പരസ്പരം പോരാടി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ നിലക്ക് നിര്‍ത്താന്‍ ഈ പല്ലവി ഉതകുമെന്നു അദ്ദേഹം ധരിച്ചുവെങ്കില്‍ തെറ്റി.

ചെറുപ്പത്തിന്റെ ആവേശത്തില്‍ 2011ല്‍  വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടി പികെ ജയലക്ഷ്മിയെ കണ്ടെത്തി കളത്തില്‍ ഇറക്കിയ ആളാണ് രാഹുല്‍. അന്ന് മാനന്തവാടിയില്‍ അവര്‍ മല്‍സരിക്കുകയും ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ 20 കിമീ.നടന്നു പോയ ആദ്യത്തെ മന്ത്രിയുമായി.

എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍  വീണ്ടും മത്സരിച്ചപ്പോള്‍ അവരെ കാലുവാരി തോല്‍പ്പിച്ചത് സ്വന്തം പാളയത്തിലെ ഗ്രൂപ് നേതാക്കള്‍. 'ഞാനാണ് ജയയെ കൈപിടിച്ച് കൊണ്ടുവന്നത്. എന്റെ കക്ഷിയില്‍ പെട്ടവര്‍ അവരെ കാലു വാരി,' ഈയിടെ കെപിസിസി വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന കെസി റോസക്കുട്ടി ടീച്ചര്‍ എന്നോട് പറഞ്ഞു.

കുടിയേറ്റ കുടുംബത്തില്‍ പിറന്നു പുല്‍പള്ളിയില്‍ പഠിപ്പിച്ചു ഇംഗ്ലീഷിലും മലയാളത്തിലും നന്നായി പ്രസംഗിക്കുന്ന റോസക്കുട്ടി ടീച്ചര്‍ എംഎല്‍എയും വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി.  പഴയ സൗഹൃദം മാനിച്ച് മാന്തവാടി നഗര ഹൃദയതിലെ വസതിയില്‍ പ്രഭാത ഭക്ഷണം വിളമ്പിക്കൊണ്ട് സംസാരിക്കുബോള്‍ സ്വന്തം പാര്‍ട്ടിയിലെ തമ്മില്‍ തല്ലിനെക്കുറിച്ചുള്ള പരിദേവനങ്ങള്‍ നിരത്തി.

രാഹുലിന്റെ ആഗ്രഹം വെറുമൊരു ദിവാസ്വപ്നം ആകുമെന്നതില്‍ സംശയിക്കാനില്ല. ആഴ്ചകള്‍ മുമ്പ് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ തിക്കി നിറച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍  പുറത്തിറക്കിയ അന്നു തന്നെ കേരളത്തില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തു തന്റെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പത്രിക  നല്‍കി.

ലതികയോടു പരസ്യമായി സഹാനുഭൂതി പ്രകടിപ്പിച്ച റോസക്കുട്ടി ടീച്ചര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി വിട്ടെങ്കിലും ലതിക മുപ്പതുവര്‍ഷം താന്‍ സേവിച്ച കോണ്‍ഗ്രസ് വിടില്ലെന്ന നിലപാടിലാണ്. മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിച്ചു വേണം സംസ്‌കരിക്കാന്‍ എന്നും ലതിക ആവശ്യപ്പെടുന്നു.

ഇതൊക്കെ കോണ്‍ഗ്രസിനെക്കുറിച്ച് ശോഭനമായ ചിത്രമല്ല ലോകത്തിനു നല്‍കുന്നത്. എങ്കിലും ചില്ല് ചിത്രത്തിനു വേണ്ടി ഓഎന്‍വി രചിച്ച ജനപ്രിയ ഗാനം 'ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന കവിതയിലെ അവസാന വരികള്‍ മനസ്സില്‍ ഓടിയെത്തുന്നു--'വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം'

എതിര്‍പക്ഷത്ത് എല്‍ഡിഎഫിലെ സ്ഥിതിയും അത്ര ശോഭനമല്ലെങ്കിലും നായകരായ സിപിഎം കോണ്‍ഗ്രസിനേക്കാള്‍ അഞ്ചു സീറ്റുകള്‍ കൂടുതലായി വനിതകള്‍ക്ക് നീക്കി വച്ചു--പത്തു കോണ്‍ഗ്രസ്, പതിനഞ്ചു സിപിഎം. 1957 ല്‍ കേരളത്തിലെ ആദ്യ തെരെഞ്ഞെടുപ്പില്‍ തന്നെ കെ ആര്‍ ഗൗരിഅമ്മയെ ജയിപ്പിച്ച് മന്ത്രിയാക്കിയ അഭിമാനം സിപിഎമ്മിന് അവകാശപ്പെടാം.

ഗൗരി അമ്മ  മന്ത്രിയാവുകയും ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കാരം കൊണ്ടുവന്നു എല്ലാവര്ക്കും പത്തുസെന്റ് കിടപ്പാടം ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികയായിരുന്ന വനിത എന്ന ബഹുമതി ഗൗരിയമ്മക്കുള്ളതാണ്. അവരുടെ 101ആം പിറന്നാളില്‍ ആലപ്പുഴ നഗരത്തിലെ ചാത്തനാട്ടുള്ള വസതിയില്‍ പോയി ആദരവ് പ്രകടിപ്പിക്കാനും പ്രഗത്ഭ പാര്‍ല മെന്റേറിയന്‍ സുരേഷ് കുറുപ്പുമൊത്ത് പിറന്നാള്‍ സദ്യ ഉണ്ണാനും ഭാഗ്യമുണ്ടായി.

1996 ല്‍ ഭാവി മുഖ്യമന്ത്രി എന്ന പേരില്‍ ഗൗരി അമ്മയെ മുന്നില്‍ നിര്‍ത്തി ഭൂരിപക്ഷം നേടിയ സിപിഎം കാര്യത്തോടടുത്തപ്പോള്‍ അവരെ തഴഞ്ഞുകൊണ്ടു ഇകെ നായനാരെ മുഖ്യമന്ത്രി ആക്കിയെന്ന എന്ന ചരിത്ര സത്യം നിലനില്‍ക്കുന്നു. 'ഈഴവത്തി ആയതുകൊണ്ടാണ് എന്നെ തഴഞ്ഞു ജാതിയില്‍ കൂടിയായ ആളെ അവരോധിച്ചത്,' എന്ന് ഗൗരി അമ്മ പിന്നീട് തന്റെ ആത്മകഥയില്‍ കുറിച്ചു.          
 
കേരളത്തില്‍ ഇതിനകം രണ്ടായിരം എംഎല്‍എമാര്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ വനിതകള്‍ 90 മാത്രം. മന്ത്രിമാരായ  വനിതകള്‍ എട്ടേ എട്ട്. ആകെയുള്ള 2..67  കോടി വോട്ടര്‍മാരില്‍ സ്ത്രീകള്‍ 1.37 കോടി. പുരുഷന്മാര്‍ 1.29. അതായതു സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ 8.27 കൂടുതല്‍.. എന്നിട്ടും ഇത്തവണ 140 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 420 പേരില്‍ സ്ത്രീകള്‍  38 മാത്രം--വെറും 9 ശതമാനം.

സ്ത്രീ  തറവാട് ഭരിക്കുന്ന മേട്രിയാര്‍ക്കല്‍ എന്ന പെണ്‍വാഴ്ചക്ക് പേരോ ദുഷ്പേരോ നേടിയിട്ടുള്ള കേരളത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതെങ്ങനെ വച്ചുപുലര്‍ത്താനാകും? യാഥാസ്ഥികരെന്നു പേരു കേട്ട മുസ്ലിം ലീഗ് പോലും കാല്‍നൂറ്റാണ്ടിനു ശേഷം ഒരു പുനര്‍ചിന്തനം നടത്തി കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദയെ മത്സരിപ്പിക്കുന്നു.

അഭിഭാഷികയാണ് നൂര്‍ബിന. ഇന്ത്യന്‍ യൂണിയന്‍ വിമെന്‍സ് ലീഗ് ജനറല്‍ സെക്രട്ടറിയായ അവര്‍ രണ്ടു തവണ അവിടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ 92 രാജ്യങ്ങളില്‍ നിന്ന് നിന്ന് അമേരിക്ക ക്ഷണിച്ചു കൊണ്ടുപോയ നൂറു വനിതാപ്രമുഖരില്‍ ഒരാള്‍ ആയിരുന്നു.

ലീഗ് 1990ല്‍ ഖമറുന്നിസ അന്‍വറെ നിയമസഭയിലേക്ക് നിറുത്തിയതിനു ശേഷം കാല്‍നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അന്ന് ഖമറുന്നിസ പരാജയപെട്ടു. അതു മുതല്‍ സ്ത്രീകളെ നിര്‍ത്തി ജയിപ്പിക്കുക അസാധ്യമാണെന്ന കണക്കു കൂട്ടലില്‍ ആയിരുന്നു പാര്‍ട്ടി.

ചരിത്രത്തില്‍ മാറ്റങ്ങള്‍ വരികയാണ്.  20,42,650  അംഗങ്ങള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ലീഗിന്റെ കേന്ദ്ര ഭരണസമിതിയായ സെക്രട്ടേറിയറ്റിലേക്കു 2018ല്‍ ആദ്യമായി മൂന്ന് വനിതകളെ തെരെഞ്ഞെടുത്തു.--കെപി മറിയുമ്മ. ഖബറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ.

എന്തൊക്കെ പറഞ്ഞാലും ഭരണത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രതിനിധ്യം നല്‍കിയെന്ന അഭിമാനം സിപിഎമ്മിന് അവകാശപ്പെടാം. ഇക്കഴിഞ്ഞ സഭയില്‍ അവര്‍ക്കു എട്ടു വനിതകള്‍ ഉണ്ടായിരുന്നു. രണ്ടു പേര്‍--കെകെ ശൈലജയും ജെ മേഴ്‌സിക്കുട്ടിയമ്മയും--മന്ത്രിമാരുമായി.

റോസമ്മ പുന്നൂസ്, ലീലാ ദാമോദര മേനോന്‍, സുശീല ഗോപാലന്‍, എം കമലം, ഭാര്‍ഗവി തങ്കപ്പന്‍, റോസമ്മ ചാക്കോ, കെ സി റോസക്കുട്ടി, നബീസ ഉമ്മാള്‍, മീനാക്ഷി തമ്പാന്‍ പി കെ ശ്രീമതി, കെകെ ശൈലജ എന്നിങ്ങനെ പോകുന്നു പേരെടുത്ത മറ്റു വനിതാ സാമാജികര്‍. ഇവരില്‍ മഹാമാരികാലത്ത് ആരോഗ്യരക്ഷ ഉറപ്പാക്കിയ മന്ത്രി എന്നനിലയില്‍ ആഗോളശ്രദ്ധ ആകര്‍ഷിച്ച കെകെ ശൈലജ ജനിച്ച നാടായ മട്ടന്നൂരില്‍ മത്സരിക്കുന്നു.

ഇത്തവണത്തെ വനിതാ സ്ഥാനാര്‍ഥികളില്‍  പുതുമുഖങ്ങളായ പലരുണ്ട്. ഇതു വരെ സ്വന്തം മണ്ഡലങ്ങളില്‍ ഒതുങ്ങി നിന്ന അവരില്‍ ഭൂരിഭാഗം പേരെയും നിയമസഭാ മത്സര രംഗത്ത് വരുമ്പോഴാണ് കേരളമോന്നാകെ തിരിച്ചറിയുന്നത്.  

ഉദാഹരണത്തിന് അരൂരില്‍ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ്‌കാരിഷാനിമോള്‍ ഉസ്മാനെ നേരിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ ജോജോ നാട്ടുകാരിയാണ്. ഇരുപതിലേറെ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുളള അവര്‍ ആലപ്പുഴ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ആണെന്ന കാര്യം എത്രപേര്‍ക്കറിയാം?

കായങ്കുളത്ത് സിറ്റിംഗ് എംഎല്‍എ യു. പ്രതിഭയെ നേരിടുന്ന പുതുമുഖം അരിത ബാബു (26) പുതുമുഖങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. ഈ ബിരുദ ധാരിണി വെളുപ്പിന് നാല് മണിക്ക് എണീറ്റ് പശുക്കളെ കറന്നു സ്‌കൂട്ടറില്‍ വീടുകളില്‍ പാല്‍ വിതരണം ചെയ്തു കുടുബം പുലര്‍ത്തുന്ന ആളാണ്. സാധാരണക്കാരില്‍ സാധാരണ ക്കാരി.. ജില്ലാ പഞ്ചായത്തില്‍ അംഗമാണ്.  

പാലക്കാട് തരൂരില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥി കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് ആണെന്ന കാര്യവും അങ്ങിനെ തന്നെ. മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. ജമീലയെ നിര്‍ദേശിച്ചതു  വിവാദമായപ്പോഴാണ് പകരം മറ്റൊരു ജമീലയെ കൊണ്ടുവന്നത്. എതിരാളി കോണ്‍ഗ്രസിലെ കെ എ ഷീബയാണ്  ചിറ്റൂര്‍- തത്തമംഗലം മുനിസിപ്പാലിറ്റി ചെയര്‍ പേഴ്സണ്‍ ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയും.

മലപ്പുറം വേങ്ങരയില്‍ അജയ്യനായി നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേരളത്തിലെ 290 ഭിന്നലിംഗ വോട്ടര്‍മാരുടെ പ്രതിനിധിയായി അനന്യ കുമാരി അലക്‌സ് മത്സരിക്കുന്നു എന്നതും കൗതുകം. കേരളത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ മത്സരിക്കുന്നത് ഇത് ആദ്യമാണ്.  2011 നു മണ്ഡലം ഉണ്ടായതു മുതല്‍ ലീഗ് സ്ഥാനാര്‍ഥിക്കാണ് അവിടെ സ്ഥിരം വിജയം. ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി ജിജിയാണ് ഇടത്ത് സ്ഥാനാര്‍ഥി. ബിജെപിയുടെ പ്രേമന്‍ മാസ്റ്ററും ഉണ്ട്.

ജനപ്രിയമായ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' സിനിമ പറയുന്നത് ആജീവനാന്തം അടുക്കളയില്‍ തളച്ചിടപ്പെടുന്ന വീട്ടമ്മ ഒടുവില്‍ എല്ലാ ചങ്ങലകളും പൊട്ടിച്ച് രക്ഷപെട്ടോടുന്ന കഥയാണ്. അതുപോലെ ഓടിയകലുന്നവരുടെ കൂട്ടത്തില്‍ ലതിക സുഭാഷിനെ കൂട്ടാം. പുറം നാട്ടുകാരനായ ടി സിദ്ദിഖിനെ (കെപിസിസി വൈസ് പ്രസിഡണ്ട്) സ്വന്തം  തട്ടകത്തട്ടില്‍ കെട്ടിയിറക്കിയത്തില്‍ രോഷം പൂണ്ട റോസക്കുട്ടി ടീച്ചറും കൂടെയുണ്ട്.

ഇതെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ട സംഭവവികാസങ്ങളാണ്. അകലങ്ങളിലെ ഇടിമുഴക്കങ്ങള്‍ കേട്ടില്ലെങ്കില്‍ ചരിത്രം അവരെ ചവറ്റുകൊട്ടയില്‍ തള്ളും. സത്യജിത് റേ യുടെ 'അശനി സങ്കേത്' എന്ന വിശ്വ വിഖ്യാത ചിത്രത്തിന്റെ പേരു തന്നെ അതാണ്-- അകലങ്ങളിലെ മേഘ ഗര്‍ജനം.         

വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)വെറുതെ മോഹിക്കുവാന്‍ മോഹം--അരിത, നൂര്‍ബിന, ദലീമ, ലതിക--പെണ്‍ മനസുകളുടെ മേഘ ഗര്‍ജനം  (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക