Image

കോണ്‍ഗ്രസ്സ് രക്ഷപെടണമെങ്കില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 28 March, 2021
കോണ്‍ഗ്രസ്സ് രക്ഷപെടണമെങ്കില്‍ (ലേഖനം: സാം നിലമ്പള്ളില്‍)
കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് മനോരമ സര്‍വ്വേ സൂചിപ്പിക്കുന്നത്. യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തനശൈലി കാണുന്ന സാധാരണക്കാരനും അങ്ങനെതന്നെ തോന്നാവുന്നതാണ്. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്കും വസ്തുത മനസിലായിട്ടുണ്ട്. അതുകൊണ്ടാണല്ലൊ കള്ളവോട്ടര്‍മാര്‍ വ്യാപകമാണെന്നും തുടര്‍ഭരണംവന്നാല്‍ കേരളം നശിക്കുമെന്നും മറ്റുമുള്ള മുന്‍കൂര്‍ ജാമ്യമെടുത്തതുടങ്ങിയത്. അന്‍പതില്‍പരം വര്‍ഷങ്ങള്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി ഭരിച്ചിട്ടും രാജ്യത്തിന് എന്തുനന്മയാണ് അവര്‍ ചെയ്തത്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനല്ലാതെ, ജനങ്ങളെ വിഢികളാക്കാനല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് എന്ത് രാഷ്ട്രീയമാണ് അറിയാവുന്നത്.

സാധാരണയായി  നടത്തപ്പെടാറുള്ള പോളുകള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വിധേയമായി നടത്തപ്പെടുന്നവയാണ്.  മനോരമ ഒരു കോണ്‍ഗ്രസ്സ് അനുഭാവപത്രമായതുകൊണ്ട് ഇടതുപക്ഷത്തിന് അനുകൂലമായി പുറത്തുവിട്ട  അഭിപ്രായ വോട്ടെടുപ്പുഫലം അവിശ്വസിക്കേണ്ടതില്ല. ഇടതുപക്ഷം വീണ്ടും വിജയിച്ച് അധികാരം പിടിച്ചെടുക്കുക എന്നുവച്ചാല്‍ അതിന്റെ അര്‍ഥം മലയാളികളെല്ലാം കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടല്ല മറിച്ച് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും പിടിപ്പുകേടുകൊണ്ടും നയങ്ങളിലെ പാളിച്ചകള്‍കൊണ്ടും  വോട്ടര്‍മാര്‍ അവര്‍ക്ക് എതിരായതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടിയൊഴികെ അവര്‍ക്ക് ജനപ്രിയനായ ഒരുനേതാവില്ല. മറ്റുള്ളവരൊക്കെ സോണിയ, രാഹുല്‍, പ്രിയങ്ക ആകര്‍ഷണവലയം തങ്ങളെരക്ഷിക്കുമെന്ന് വിശ്വസിച്ച് മൂഢസ്വര്‍ക്ഷത്തില്‍ കഴിയുന്നവരാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ (ഇന്‍ഡ്യയിലെയും) രാഷ്ട്രീയ നിലപാടുകളും നയങ്ങളുമാണ് ജനങ്ങളെ ആ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നത്. ആണും പെണ്ണുമല്ലാത്ത നപുംസകപാര്‍ട്ടിയായി തീര്‍ന്നിരിക്കയാണ് കൊണ്‍ഗ്രസ്സ്. ഈ പാര്‍ട്ടി രക്ഷപെടണമെങ്കില്‍ അതിന്റെ നയങ്ങളിലും നിലപാടുകളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.. ജനപ്രിയ നേതാക്കള്‍ ആപാര്‍ട്ടിയില്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

പുതിയ തലമുറക്ക് നെഹ്‌റുകുടുംബത്തോട് ആഭിമുഖ്യമൊന്നുമില്ല. ആകുടുംബത്തിന്റെ ആധിപത്യം അവസാനിച്ചുകഴിഞ്ഞെന്ന വസ്തുത കോണ്‍ഗ്രസ്സുകാര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ലോക്‌സഭാ ഇലക്ഷനില്‍ കേരളത്തിലെ സീറ്റുകള്‍ യുഡിഎഫ് തൂത്തുവരിയത് അവരുടെ ജനസ്വാധീനംകൊണ്ടല്ല. മറിച്ച് രാഹല്‍ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ച് പ്രധാനമന്ത്രി ആകുമെങ്കില്‍ കേരളത്തിന് അഭിമാനിക്കാമല്ലോ എന്ന് ജനങ്ങള്‍ വിചാരിച്ചതുകൊണ്ടാണ്. ആ വിശ്വാസം തകര്‍ക്കപ്പെട്ടതുകൊണ്ടാണ് പിന്നാലെവന്ന ഉപതെരഞ്ഞെടുപ്പുകളില്‍  ഇടതുപക്ഷം വിജയിച്ചുകയറിയത്.

കോണ്‍ഗ്രസ്സ് രാജ്യംമൊത്തം വേരുകളുള്ള പാര്‍ട്ടിയാണ്. ഇന്നും അത് പട്ടുപോയിട്ടില്ല. പടുകഴിയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍കണമെങ്കില്‍ പാര്‍ട്ടിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. ഒന്നാമത് കേരളത്തില്‍ മുസ്ലീംലീഗുപോലുള്ള വര്‍ഗീയ പാര്‍ട്ടികളുമായുള്ള ചങ്ങാത്തം വിശ്ചേദിക്കുക. കേരളകോണ്‍ഗ്രസ്സും അതുപോലുള്ള അവസരവാദ പാര്‍ട്ടികളുമായും  ബന്ധം ഒഴിവാക്കുക. ഒറ്റക്കുനിന്ന് മത്സരിച്ചാല്‍ തൊട്ടടുത്ത ഇലക്ഷനില്‍ പരാജയം നേരിട്ടാലും പിന്നീടുള്ളതില്‍ വിജയംകൈവരിക്കാന്‍ സാധിക്കും. അന്തസ്സും അഭിമാനവുമുള്ള പാര്‍ട്ടിയിലേക്ക് ജനങ്ങള്‍ പ്രത്യേകിച്ചും യുവതലമുറ ആകര്‍ക്ഷിക്കപ്പെടും.

കേരളത്തിലിന്ന് കോണ്‍ഗ്രസ്സിന്റെ നിലനില്‍പ് മുസ്ലീംലീഗിനെ ആശ്രയിച്ചാണ്. നേതാക്കള്‍ മലപ്പുറത്തുപോയി പാണക്കാട്ട് തങ്ങളുടെ  കാലപിടിക്കുന്നതും, പെരുന്നയില്‍പോയി  നായരുടെ മുന്‍പില്‍ ഓശ്ചാനിച്ച് നില്‍കുന്നതും ബിഷപ്പുമാരുടെ അരമനയില്‍ കയറിയിറങ്ങുന്നതും അന്തസ്സും അഭിമാനവുമുള്ള വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമല്ല. ഇന്നിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സെന്നു പറയുന്നത് മുസ്ലീംലീഗാണ്. അവരുടെ വോട്ടില്ലെങ്കില്‍ കോണ്‍ഗ്രസ്സ് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാഇലക്ഷനില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വെറും രണ്ടുസീറ്റിന് പിന്നിലായിരുന്നു ലീഗ്. അവര്‍ രണ്ട് സീറ്റുകള്‍ അധികം നേടിയിരുന്നെങ്കില്‍ ചെന്നിത്തലയാകുമായിരുന്നില്ല പ്രതിപക്ഷനേതാവ്, പകരം ലീഗുകാരനായിരുന്നേനെ. അത് മുന്നില്‍ കണ്ടുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച് നിയമസഭാഇലക്ഷനില്‍ മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ആകാമല്ലൊ. ഒരു വര്‍ക്ഷീയ പാര്‍ട്ടിക്കാരന്‍ മുഖ്യമന്ത്രി ആകുന്നതിനേക്കാള്‍ ഭേദം കേരളമക്കള്‍ അറബിക്കടലില്‍ ചാടി മരിക്കുന്നതാണ്. ഇതുപറയുന്നത് ഒരു മുസ്‌ളീം കേരളമുഖ്യമന്ത്രിയാകുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. ഒരു കോണ്‍ഗ്രസ്സുകാരന്‍ മുസ്‌ളീം മുഖ്യമന്ത്രിയാകട്ടെ. ഉദാഹരണത്തിന് ശ്രീ. എം എം ഹസ്സന്‍ മുഖ്യമന്ത്രിയായാല്‍ കേരളം രണ്ടുകൈകളുംനീട്ടി അദ്ദേഹത്തെ സ്വാഗതംചെയ്യും. പക്ഷെ, അതിനുള്ള സാദ്ധ്യ്യത അടുത്തെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

തമ്മില്‍ഭേദം തൊമ്മന്‍ എന്ന ചിന്താഗതികൊണ്ടാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കരിനെ സ്വാഗതംചെയ്യുന്നത്. വയലാര്‍ പുന്നപ്ര രക്തസാക്ഷികളെ ഓര്‍ത്ത് ആവേശംകൊണ്ടിട്ടോ പാര്‍ട്ടിയുടെ നവോദ്ധാന ചിന്തകളുടെ പേരിലോ അല്ല. ആ കാലമെല്ലാം കഴിഞ്ഞുപോയെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മനസിലാക്കുന്നത് നന്ന്. കമ്മ്യൂണിസംതന്നെ ലോകത്തിലിന്ന് ജീവിച്ചിരിക്കുന്നത് കേരളത്തില്‍ മാത്രമാണല്ലൊ. അവര്‍ ആവേശംകൊള്ളുന്ന "മധുരമനോജ്ഞ’ ചൈന ഇപ്പോള്‍ അമേരിക്കയേക്കാള്‍ വലിയ ക്യാപ്പിലലിസ്റ്റ് കണ്‍ട്രിയാണ്.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.




Join WhatsApp News
American Mollakka 2021-03-28 22:41:43
അസ്സലാമു അലൈക്കും സാം നിലംപള്ളി സാഹിബ്. നിങ്ങൾക്ക് കഥ/ലേഖനം/കവിത /ഹാസ്യം ഇത്യാദി മാത്രമല്ല രാഷ്ട്രീയ നിരീക്ഷണവും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. ഞമ്മള് ഇസ്ലാമാണെങ്കിലും ഞമ്മള് പണ്ട് മുതൽ കോൺഗ്രസ് ആണ്.. ബാപ്പ സ്ഥലത്തെ ദിവ്യനും ധനികനുമായതുകൊണ്ട് കോൺഗ്രസിൽ നിന്നു. സാഹിബ് ഇങ്ങള് പറഞ്ഞപോലെ കോൺഗ്രെസ്സ്ക്കാര് ചെയ്യില്ല. എന്തായാലും ഇതിന്റെ ലിങ്ക് ചെന്നിത്തലക്ക് അയച്ചുകൊടുക്കുന്നുണ്ട്. ഇപ്രാവശ്യം വിജയൻ സാഹിബ് വിജയിക്കുമെന്ന് പറയുന്നത് മനുസന്റെ വിശപ്പിനെ ആസ്പദമാക്കിയാണ്. എല്ലാർക്കും സൗജന്യ ഭക്ഷണം. വിശക്കുന്നവന്റെ മുന്നിൽ അപ്പം ദൈവം. സാഹിബ് ഇങ്ങടെ നിരീക്ഷണങ്ങളുമായി ബരിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക