Image

നാഥനോശാന (മാര്‍ഗരറ്റ് ജോസഫ്)

Published on 29 March, 2021
നാഥനോശാന (മാര്‍ഗരറ്റ് ജോസഫ്)
"ഓശാന, ഓശാന, നാഥനോശാന,'
"ഓശാന, രാജരാജനോശാന';
ഇസ്രായേലിന്‍ നായകനെ, ഓശാന;
ഓലകളൊലിവിന്‍ ചില്ലകളാഞ്ഞുവീശി-
ഉച്ചസ്വരത്തിലാര്‍ത്തുപാടി, 'ഓശാന';
ഓര്‍ശ്‌ളേമില്‍ മാത്രമല്ലീ ലോകമെമ്പാടും
'ഓശാന' കാതുകളില്‍ മാറ്റൊലിക്കൊള്‍വൂ.
മോദമോടലങ്കരിച്ച പാതതോറും,
പ്രിയജനമാനയിച്ചു നീളെ നീളെ
കഴുതമേലാത്രഢനായി  യേശുനാഥന്‍,
ഘോഷയാത്രയ്ക്കാരവങ്ങള്‍, ജയ് വിളികള്‍....

"ഓശാന, ഓശാന, നാഥനോശാന,'
"ഓശാന, രാജരാജനോശാന';

രോഗസൗഖ്യമേകിയവന്‍, നന്മരൂപന്‍,
ആതുരര്‍ക്കത്താണിയായ, സ്‌നേഹരൂപന്‍,
അദ്ഭുതങ്ങളെത്ര ചെയ്ത ദിവ്യരൂപന്‍,
ആത്മജ്ഞാനദാഹമേകി ജീവിതത്തില്‍.

കാലമേ, നീ ക്രൂരമായ ശിക്ഷ നല്‍കി-
നീതിമാന്മാര്‍ നിന്ദിതരായ്ത്തീരുകയല്ലേ?
സജ്ജജനങ്ങള്‍ തെറ്റുകാരായ് മുദ്രകുത്തി-
ഒറ്റുകാരാല്‍ പീഡിതരായ് നീറിനീറി,
സഹനത്തിന്‍ തീച്ചുളയില്‍ സ്വയമെരിഞ്ഞ്,
മാര്‍ഗ്ഗദര്‍ശികളായിടുന്നു സോദരര്‍ക്ക്.
മാനവര്‍ക്ക് രക്ഷകനായ് കര്‍മ്മഭൂവില്‍,
മാതൃകയായ്ത്തീര്‍ന്ന ക്രിസ്തുവിനോശാന.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക