Image

മഞ്ജു വാര്യരുടെ പ്രചോദനം, ഇന്ദുവിന് ചിരി : ആൻസി സാജൻ

Published on 29 March, 2021
മഞ്ജു വാര്യരുടെ പ്രചോദനം, ഇന്ദുവിന് ചിരി : ആൻസി സാജൻ
ഇന്നു രാവിലെ ബാംഗ്ളൂരിലെത്തിയതാണ് ഞാൻ. മകളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് . 

9 മണിയോടുകൂടി റോഡിലിറങ്ങിയപ്പോൾ പച്ചക്കറി വണ്ടിയുന്തി കോളാമ്പിയിലൂടെ ഐറ്റംസ് വിളിച്ചു പറഞ്ഞ് ഒരു സ്ത്രീ വരുന്നു. വിളിച്ചു പറയുന്നത് എന്താണെന്ന് മനസിലായില്ല. വണ്ടി അടുത്തെത്തി നോക്കുമ്പോൾ തക്കാളി , പുതിനയില, ചീര തുടങ്ങി കുറച്ചിനങ്ങളാണ് കണ്ടത്. അതിന്റെ കന്നടപ്പേരുകളാവണം അവർ കോളാമ്പിയിലൂടെ വിളിച്ചറിയിക്കുന്നത്. സാരിയുടുത്ത് ആരോഗ്യമുറച്ച സ്ത്രീ.. അവർ വേറെ യാതൊന്നും ശ്രദ്ധിക്കാതെ അവരുടെ കാര്യം പറഞ്ഞു കൊണ്ടാണ് വണ്ടിയുന്തി നടന്നു പോകുന്നത്.

 ഇരുവശങ്ങളിലെ കടകളിലും പുരുഷൻമാരാണുണ്ടായിരുന്നത്. അവരാരും ഈ സ്ത്രീയെ പ്രത്യേക നോട്ടങ്ങൾ കൊണ്ടൊന്നും നോക്കുന്നില്ല; സ്വന്തം കാര്യങ്ങളിൽ വ്യാപരിക്കുന്നതല്ലാതെ. പക്ഷേ ആ സ്ത്രീയുടെ ശബ്ദം ; എന്തൊരു തീക്ഷ്ണതയായിരുന്നു അതിന്.. അവരുടെ ശരീരഭാഷയും അത്യന്തം ശക്തവും ചടുലവും. 

 കടന്നുപോയപ്പോഴാണ് തിരിഞ്ഞുനിന്ന് ആ സ്ത്രീയുടെ പുറകുദ്യശ്യം ഫോട്ടോയാക്കാൻ ഞാൻ ധൈര്യപ്പെട്ടതും. അതും കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ അവരെപ്പോലെതന്നെ മൂന്നാല് പേരെ വെറെയും കണ്ടു. ആ സ്ത്രീകളും പച്ചക്കറികളുടെ പേര് വിളിച്ചു പറയുന്നുണ്ടായിരുന്നു. കോളാമ്പിയിലൂടെ. 

പിന്നെയും നടന്ന് വലിയ റോഡിൽ കയറിയപ്പോൾ ചീറിപ്പാഞ്ഞു പോകുന്ന അനകം വാഹനങ്ങൾ കണ്ടു. റോഡിനപ്പുറത്ത് മൂന്ന് കുഞ്ഞുങ്ങൾ ,രണ്ട് പെൺകുട്ടികളും ഒരു ചെറിയ ആൺകുട്ടിയും. റോഡ് കടന്ന് ഇപ്പുറത്ത് വരാൻ നോക്കുകയാണ്. പെൺകുഞ്ഞുങ്ങളുടെ തലയിൽ പ്ലാസ്റ്റിക് പാത്രങ്ങളിലെ വെള്ളം തുള്ളിത്തെറിക്കുന്നു.

 എന്റെ മുതിർന്ന മകളെ കൈയിൽ പിടിച്ചു നിയന്ത്രിച്ച ഞാൻ മൂന്ന് ചെറിയ കുട്ടികൾ കൂസലില്ലാതെ റോഡ് കടന്ന് വരുന്നത് അതിശയത്തോടെ നോക്കി നിന്നു. മുകളിൽ വിവരിച്ച സ്ത്രീകളും കുഞ്ഞുങ്ങളും അവരവരുടെ ജീവിതങ്ങളിൽ ധൈര്യം ശീലിച്ചവരാണ്.  ആധുനിക ഫാഷൻ വസ്ത്രങ്ങളും നടപ്പുമൊക്കെയണിഞ്ഞ് അലസഗമനം നടത്തിയാൽ അവർക്ക് ആ ജീവിതം ജീവിക്കാനാവില്ല. അവനവന്റെ പരിതസ്ഥിതികളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്.

മഞ്ജുവാര്യരുടെ ഏറ്റം പുതിയ പ്രത്യക്ഷപ്പെടൽ കണ്ടാൽ മറ്റുള്ളവരുടെ ജീവിതത്തിന് ഇൻസ്പിരേഷനും മോട്ടിവേഷനുമൊക്കെയുണ്ടാവും എന്ന് പറഞ്ഞ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ധാരാളം പേർ പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും കണ്ടു. എനിക്കും ഇഷ്ടമായി. മഞ്ജുവിനെപ്പോലൊരു സ്ത്രീയുടെ ജീവിതം ഉയർച്ചയിലേക്കുയർന്നത് അവരുടെ തീരുമാനങ്ങളുടെ ശക്തികൊണ്ടാണ്. മാതൃകയാക്കാവുന്ന വിജയങ്ങളാണ് അവരെ തേടിയെത്തുന്നതും.സംസാരത്തിലും പെരുമാറ്റങ്ങളിലും അത്യന്തം മാന്യയായ സ്ത്രീയുമാണ് മഞ്ജു വാര്യർ. ചെറിയ പെൺകുട്ടിയായിരുന്നപ്പോഴേ മഞ്ജു മലയാളികൾക്ക് ഏറ്റം പ്രിയങ്കരിയായിരുന്നു ; മനോഹരിയായിരുന്നു. വിവാഹശേഷം പെട്ടെന്ന് സിനിമയിൽ നിന്നും അവർ അപ്രത്യക്ഷയായി.

 ഹൗ ഓൾഡ് ആർ യു ? എന്ന ചിത്രത്തിലൂടെ വീണ്ടും നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട മഞ്ജുവിന്റെ മുഖം പരീക്ഷണങ്ങൾ കടന്നുവന്ന അതിസാധാരണക്കാരിയായ ഒരു സ്ത്രീയെപ്പോലെയിരുന്നു എങ്കിലും അവരുടെ കഥാപാത്രം അതിശക്തയായിരുന്നു. തുടർന്ന് രൂപത്തിലും ചലനങ്ങളിൽ പോലും മഞ്ജു തന്റെ പ്രസരിപ്പ് വീണ്ടെടുത്തു മനോഹരിയായി. പാവാടയും ടോപ്പുമണിഞ്ഞ് പ്രസരിപ്പുള്ള ചെറിയ പെൺകുട്ടിയായി മഞ്ജു വന്നത് സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് പറയുമ്പോൾ അതിനെതിരെയും അഭിപ്രായങ്ങൾ വരാം. 

അത്യധ്വാനമുള്ള , പൊരി വെയിലത്ത് തൊഴിലെടുക്കുന്ന അല്ലെങ്കിൽ വീട്ടകങ്ങളിൽ അടുക്കളച്ചുമരുകൾക്കുള്ളിൽ അകപ്പെട്ടുപോയ വരുമായി നടിയായ ഒരു സെലിബ്രിറ്റിയെ താരതമ്യം ചെയ്യുന്നതിൽ എന്താണ് ഗുണം കിട്ടുന്നത്? ഓരോരുത്തരും അവരവരുടെ നിലയിൽ ബഹുമാന്യരല്ലേ..?

എഴുത്തുകാരി ഇന്ദു മേനോൻ എതിരഭിപ്രായവുമായി ഫേസ്ബുക്കിൽ വന്നിട്ടുണ്ട്. ധാരാളം പേർ കമന്റുകളും ഇട്ടിരുന്നു. മഞ്ജുവിന്റെ ട്രെൻഡ്ഫോട്ടോ കാണുമ്പോൾ ചിരി വരുന്നുവെന്നാണ് ഇന്ദു പറയുന്നത്. ബോട്ടോക്സ് വേണ്ടതുപോലെ മുഖത്തും കഴുത്തിലും നെറ്റിയിലും കാലിലും കയ്യിലും ചെയ്ത് മാൽഗോവാ മാങ്ങാ മാതിരി തിളങ്ങുന്ന തൊലി. 3 ലക്ഷം രൂപയുണ്ടെങ്കിൽ ആർക്കുമാവാം ഇത്തരം യൗവ്വനവും ലുക്കും. മുടിയിൽ കറുപ്പ് നിറം പൂശിയെന്നും ഇന്ദു മേനോൻ എഴുതിയിരിക്കുന്നു.

നാട്ടിലെ മൂന്നും നാലും പ്രസവിച്ച് ബ്രെഡ് മൊരിഞ്ഞ പോലെ കരുവാളിച്ച പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെന്നും അവരുടെ മുടി പൊട്ടിപ്പൊളിഞ്ഞാണെന്നും ടാറിന്റെ കറുപ്പാണെന്നും പൊട്ടിയ നഖങ്ങളാണെന്നും ഭർത്താവിന്റെ ഇടി മേടിക്കുന്നവളാണെന്നുമൊക്കെയാണ് ഇന്ദുവിന്റെ പരിഭവം പറച്ചിൽ. 

കിട്ടിയ ജീവിതം കളയാതെ ധൈര്യമായി ജീവിക്കുകയല്ലേ ഇന്ദൂ അവരൊക്കെ? മടുത്ത് ഭയപ്പെട്ട് മാറി നിൽക്കാതെ അവരുടെ പാട് നോക്കി അവർ ജീവിക്കട്ടെ. ഒരു സിനിമാനടിയുടെ ഭൗതികമായ ഉയർച്ചകളുമായി ചേർത്ത് അവരെ പിന്തിരിപ്പിക്കാൻ നോക്കല്ലെ. ഇന്ദു മേനോൻ പ്രസിദ്ധയായ എഴുത്തുകാരിയാണ്. ധൈര്യശാലിയാണ്. പട്ടുസാരിയും നിറമുള്ള ഫാഷൻ ബ്ലൗസ്സും വലിയ പൊട്ടും തൊങ്ങലുള്ള കമ്മലുമൊക്കെയണിഞ്ഞ് ചായംതേച്ച ചിരിയുമായി പ്രസിദ്ധീകരങ്ങൾക്ക് മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇന്ദു പലപ്പോഴും. അതിനും പലവിധ അഭിപ്രായങ്ങൾ ആളുകൾ പങ്കു വച്ചിട്ടുമുണ്ട്. 

എഴുത്തുകാരിയുടെ സൗന്ദര്യം ശ്രദ്ധേയമായ എഴുത്താണെന്നിരിക്കെ ഇങ്ങനെ സ്വയം അലങ്കരിച്ച് പ്രത്യക്ഷപ്പെടുന്നത് എന്തിനാണ്..? ഈ പട്ടുസാരിയും ആക്സസ്സറീസുമണിഞ്ഞ് പതിനഞ്ച് മിനിട്ട് നേരിട്ടുള്ള സൂര്യപ്രകാശത്തിനു കീഴിൽ നിൽക്കാൻ താങ്കൾക്ക് കഴിയുമോ?അണിഞ്ഞൊരുങ്ങലും സ്വയം പ്രകാശിപ്പിക്കലും ഓരോരുത്തരുടെ ഇഷ്ടമാണ്. ഇന്ദു മേനോനും അതാവാം. 

അഭിനയം തൊഴിലായി സ്വീകരിച്ച ആൾ തന്റെ സ്വരൂപം ആ കർഷകമാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമല്ലേ ?ബോട്ടോക്സ് എന്ന യൗവ്വനദായിനി ഉപയോഗിച്ച് എല്ലാവരും ചെറുപ്പം സൂക്ഷിച്ചോട്ടെ. തലനരച്ചവരിപ്പോൾ നാട്ടിൽ തീരെയില്ലാത്ത പോലെ യൗവനക്കാർ മാത്രം നിറഞ്ഞ ഒരു ലോകം ബോട്ടോക്സ് വഴി ഉണ്ടാകുന്നെങ്കിൽ അങ്ങനെ ആവട്ടെ..അങ്ങനെ സൗന്ദര്യം ഭൂലോകം തിങ്ങി നിറയട്ടെ.
മഞ്ജു വാര്യരുടെ പ്രചോദനം, ഇന്ദുവിന് ചിരി : ആൻസി സാജൻമഞ്ജു വാര്യരുടെ പ്രചോദനം, ഇന്ദുവിന് ചിരി : ആൻസി സാജൻമഞ്ജു വാര്യരുടെ പ്രചോദനം, ഇന്ദുവിന് ചിരി : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക