Image

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

Published on 31 March, 2021
പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)
നമ്മൾ ബ്രാഹ്മണരാണ്.
തോമാശ്ലീഹാ വന്നപ്പോൾ നമ്മൾ ബ്രാഹ്മണരായിരുന്നു.
അദ്ദേഹമാണ് നമ്മുടെ പൂർവ്വികനായിരുന്ന ഒരു നമ്പൂതിരിയെ ജ്ഞാനസ്നാനപ്പെടുത്തി ക്രിസ്ത്യാനിയാക്കിയത്.
മുയിരിക്കോട് എന്ന ദേശത്തുവച്ചാണ് സംഭവം.

രാമയ്യൻ നമ്പൂതിരി പൂഞ്ചോലച്ചിറയിൽ പൂജ നടത്തിക്കൊണ്ടിരുന്നു.

അമൃതവാഹിനീ ദേവി
പുണ്യവാഹിനീ നമോ
അമൃതംഗമയീ ജീവത്
അനുഷ്ഠാനമയീ പുണ്യം

ക്ലിഷ്ഠാനുമത് യോഗോ
സിദ്ധാനുമത് കർമ്മാ
പുണ്യവാഹിനീ ഗംഗ
അമൃതവാഹിനീയാത്മാ

ദേവാത്മാ സദ്ഗുരു ബ്രഹ്മചര്യാ
തേജോവ: നർമ്മദാ
ആര്യാ ജാതം സംഭവ്യ
പ്രാതം സന്ധ്യ നമോസ്തുതേ

മന്ത്രോച്ചാരണത്തിനുടയിൽ ഇടയ്ക്കിടെ ജലം ധാരധാരയായി മുകളിലേയ്ക്ക് എറിഞ്ഞുകൊണ്ടിരുന്നു.
അപ്പോഴാണ് തോമാശ്ലീഹയുടെ വരവ്.ഒരു ജഗദ്ഗുരുവിന്റെ സാന്നിദ്ധ്യം പുഴയുടെ തീരത്തനുഭവപ്പെട്ടു. രാമയ്യൻ നമ്പൂതിരി കണ്ണുതുറന്നു. പുഞ്ചിരിച്ചുകൊണ്ട് ദിവ്യനായ ഒരു മഹർഷി മുമ്പിൽ നില്ക്കുന്നു; സാക്ഷാൽ തോമാശ്ലീഹാ.
“നിന്റെ പ്രാർത്ഥനകൊണ്ടും പൂജകൊണ്ടും നീ എറിയുന്ന ജലകണികകൾ താഴെവീഴാതെ നിറുത്താമോ?” തോമാശ്ലീഹാ ചോദിച്ചു.
“പ്രഭോ, ദേവതാത്മാവുള്ള യോഗീവര്യന്മാർക്കുപോലും അതസാധ്യമായ കാര്യമാണ്.”
പെട്ടെന്ന് തോമാശ്ലീഹാ അത്ഭുതം പ്രവർത്തിച്ചു.
എറിഞ്ഞ വെള്ളം കുലകുലയായി അന്തരിക്ഷത്തിൽ നിറുത്തി.
അന്ന് രാമയ്യൻനമ്പൂതിരി ക്രിസ്ത്യാനിയായി മതം മാറി. പേരുമാറി.
അന്ന് രാമത്തിങ്കൽ എന്ന പുരാതന ക്രിസ്തീയകുടുംബം പിറന്നു.
രാമയ്യൻ രാമത്തിങ്കൽ യോഹന്നാനായി.
ഗംഗാധരൻ രാമത്തിങ്കൽ ഗീവർഗ്ഗീസ്സായി.
മാധവൻ രാമത്തിങ്കൽ മത്തായിയായി.
സരസ്വതി സാറാമ്മയായി.
മതം മാറിയെങ്കിലും ആചാരങ്ങൾ പലതും തുടർന്നു.

എന്റെ മുത്തച്ഛൻ പറഞ്ഞുതന്ന ഈ ബ്രാഹ്മണപുരാണം ഞാനെത്ര തവണ കേട്ടതാണ്! സത്യത്തിന്റെ അംശമെങ്കിലും ഈ കഥയിലുണ്ടോ? അറുപതോ എൺപതോ തലമുറകൾക്ക് മുമ്പുള്ള ചരിത്രം ആരറിയുന്നു!

ഏതാണ്ട് അര ശതാബ്ദത്തിന് മുമ്പാണ്.
സദാനന്ദപുരം മിഡിൽസ്ക്കൂൾ ഗ്രൗണ്ട്.
“മാപ്പിളമാരേ മാറിക്കൊൾവിൻ
ചൂത്തര് വന്നാൽ കീറിക്കളയും.”
എന്റെ പ്രിയപ്പെട്ട സ്നേഹിതൻ ശങ്കരൻ നായർ ഇടയ്കിടെ ഉറക്കെപ്പാടും. ഞാൻ കേൾക്കാനാണ് അവൻ പാടുന്നത്. എന്നെ കളിയാക്കാനാണ് അവൻ പാടുന്നത്. എന്നെ കളിയാക്കുന്നത് ശങ്കരന് വിനോദമാണ്. ശങ്കരന്റെ പാട്ട് കേട്ട് തൈലശേരി മാധവൻ ഉറക്കെച്ചിരിക്കും.

തിരുവിതാംകൂറിലെ ചില ജില്ലകളിൽ നസ്രാണിക്രിസ്ത്യാനികളെ മാപ്പിളമാരെന്ന് വിളിക്കും.
മാപ്പിളയോ?
മലബാറിൽ മാപ്പിള വേറെയുണ്ട്.
“മാപ്പിള എന്നാൽ മഹാപിള്ള എന്നാണർത്ഥം.”
ഒരിക്കൽ ഉപ്പുകടക്കാരൻ ഉമ്മച്ചൻ പറയുന്നതുകേട്ടു. ഉമ്മച്ചൻ അറിവുള്ളയാളാണ്.
“പെന്തിക്കുസ്തികളും ബ്രദറുകാരും നസ്രാണികളല്ല. നസ്രാണി എന്നുപറഞ്ഞാൽ നസ്രേത്തിൽ നിന്നും വന്നവരാണ്.”
പാലക്കുന്നിൽ തോമസ് തട്ടിവിട്ടു.
“എവിടെയാണ് നസ്രേത്ത?”
“പാലായ്ക്കടുത്തായിരിക്കും. അവിടെ നസ്രാണികൾ ഏറെയുണ്ട്.”
“നസ്രേത്ത് ശീമയിലാണ്.”
സണ്ടേസ്ക്കൂളിൽ പഠിക്കുന്ന ജോസഫ് പറഞ്ഞു.
“ഞാൻ ബ്രാഹ്മണനാണ്.”
മുത്തശ്ശൻ പറഞ്ഞുതന്ന ബ്രാഹ്മണപുരാണം ഞാൻ തട്ടിവിട്ടു.
കൂട്ടുകാർ ആർത്തുചിരിച്ചു.
ജോസഫ്കുട്ടി ചിരിച്ചു.
തൈലശ്ശേരി മാധവൻ ചിരിച്ചു. അവൻ ചോദിച്ചു.
“നീ പോറ്റിയാണെങ്കിൽ, പിന്നെന്താടാ കറുത്തിരിക്കുന്നത്?”
“നിന്നെക്കണ്ടാൽ പനവേലി കാക്കാന്റെ നിറമാണല്ലോ.കോട്ടശ്ശേരി പോറ്റിമാർക്ക് പവന്റെ നിറമാണ്.”
മാധവന് നീണ്ട നാക്കുണ്ട്. കുറിക്കുകൊള്ളുന്ന വാക്കുകളുമുണ്ട്.
ഞാൻ ചമ്മി.
“ശമിയേലുനമ്പൂതിരി” ശങ്കരൻ നായർ വിളിച്ചു.
അതുകേട്ട് അപ്പുറത്ത് കളിച്ചുകൊണ്ടുനിന്ന പെൺകുട്ടികൾപോലും ആർത്തുചിരിച്ചു.
അവർ എനിക്ക് ഇരട്ടപ്പേരിട്ടു.
“ശമിയേലു നമ്പൂതിരി.”
എനിക്ക് സങ്കടമായി, ലജ്ജയായി.
വാക്കുകൾ മുട്ടി, ചുണ്ടുകൾ വിതുമ്പി, കണ്ണുകൾ നിറഞ്ഞു.
എനിക്ക് സങ്കടം വന്നാൽ വാക്കുകൾ പുറത്തേയ്ക്ക് വരില്ല.
നാലുമണിക്ക് സ്ക്കൂൾ വിട്ടു. വീട്ടിലേയ്ക്കോടി.
സാധാരണ കൂട്ടുകാരുമൊത്താണ് പോകുന്നത്. തൈലശ്ശേരി മാധവനാണ് ഏറ്റവും അടുത്ത കൂട്ടുകാരൻ.
ശങ്കരൻ നായരും കൂട്ടുകാരൻ തന്നെ.
ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എല്ലാ സങ്കടങ്ങൾക്കും മാതൃസന്നിധാനമാണ് ആശ്വാസം.
“എന്താടാ കരയുന്നത്?” അമ്മ ചോദിച്ചു. അപ്പോൾ സങ്കടം ഇരട്ടിച്ചു.
“മാധവൻ എന്നെ ശമിയേലു നമ്പൂതിരി എന്നു വിളിച്ചു. അതുകേട്ട് സാറായും സരസ്വതിയും ഗംഗയും ചിരിച്ചു.”
അമ്മയ്ക്ക് കാര്യം മനസ്സിലായില്ല.
ഞാൻ കാര്യം പറഞ്ഞുകേൾപ്പിച്ചു. മുത്തച്ഛൻ പറഞ്ഞ ബ്രാഹ്മണപുരാണവും തട്ടിവിട്ടു. അതുകേട്ട് അമ്മയും ചിരിച്ചു.
അമ്മ പറഞ്ഞു.
“അതെല്ലാം കഥകളല്ലേ? അതിൽ സത്യമുണ്ടോയെന്ന് ആരറിഞ്ഞു?”
“അപ്പച്ചൻ പറഞ്ഞത് കള്ളമാണോ?”
“അതൊക്കെ നിറം പിടിപ്പിച്ച പാരമ്പര്യക്കഥകളാ.”
“അപ്പോൾ നമ്മൾ ബ്രാഹ്മണരല്ലേ?”
“അല്ല; നമ്മൾ ക്രിസ്ത്യാനികളാണ്. അതിലുപരി വിശ്വാസികളാണ്, വേർപെട്ട വിശ്വാസികൾ. നമ്മൾ ദൈവമക്കളാണ്. പിതാവായ ദൈവത്തോട് നമ്മൾ നേരിട്ട് പ്രാർത്ഥിക്കും, യേശുക്രിസ്തുവിന്റെ നാമത്തിൽ. നമുക്ക് പുരോഹിതനില്ല, ആചാരങ്ങങ്ങളൊന്നുമില്ല. നാം വേർപെട്ട വിശ്വാസികളാണ്.
ബ്രാഹ്മണനായാലെന്ത? ദളിതനായാലെന്ത്? ഒരു വ്യത്യാസവുമില്ല. എല്ലാവരും ഒരേ മാതാപിതാക്കളിൽ നിന്നും ജനിച്ചവരാണെന്നാണ് വേദപുസ്തകം പറയുന്നത്. ആ സഹോദരഭാവം നമുക്കുണ്ടാവണം. നീ കഴിഞ്ഞദിവസം മഹാകവി ഉള്ളൂരിന്റെ പ്രേമഗീതം പാടുന്നതു കേട്ടല്ലോ.

“ആഴ്വാഞ്ചരി തമ്പ്രാക്കളിലുണ്ടയ്യൻ
പുലയനിലുണ്ടാദിത്യനിലുണ്ടണു
കൃമിയിലുമുണ്ടതിൻ പരിസ്ഫുരണം”

ആ മഹാസത്യം നമ്മൾ മനസ്സിലാക്കണം.”
അമ്മയുടെ സാരോപദേശം. അമ്മ അദ്ധ്യാപികയാണ്. അതുകൊണ്ടുതന്നെ അമ്മയുടെ സാരോപദേശങ്ങളിൽ ശ്ലോകങ്ങളും മഹദ്വചനങ്ങളുമൊക്കെ ഉണ്ടായിരിക്കും.
“ഇനിമേൽ ബ്രാഹ്മണപുരാണം പറഞ്ഞുനടക്കരുത്.” അമ്മ താക്കീത് നല്കി.



ശങ്കരൻനായരുടെ പിറന്നാൾ വരുന്നു, പന്ത്രണ്ടാം പിറന്നാൾ.
അതു കെങ്കേമമാകും.
കുടയനാട്ട് പണിക്കരദ്ദേഹത്തിന്റെ ഏകമകനാണ് ശങ്കരൻനായർ. എന്റെ സഹപാഠി.യാണവൻ.
കുടയനാട്ട് പണിക്കർ സ്ഥലത്തെ ദിവ്യനാണ്, കരയ്ക്ക് നാഥൻ. ജന്മി. ആയിരം പറ നിലമുള്ളയാൾ.
ശങ്കരൻനായരുടെ വീട്ടിൽ ആനയുണ്ട്, രണ്ടോ മൂന്നോ ആനകൾ. ചിലപ്പോഴൊക്കെ ആനകളെ തോടിനക്കരെയുള്ള പനന്തോട്ടപ്പുരയിടത്തിൽ തളയ്ക്കും. ആനയ്ക്ക് അലങ്കാരപ്പനയുടെ ഓല വെട്ടിക്കൊടുക്കും. വെള്ളാവൂർ കാവിൽ അലങ്കാരപ്പനയുണ്ട്.
ആനയ്ക്ക് വാഴപ്പഴവും തേങ്ങാപ്പൂളും നല്കും. ചിലപ്പോൾ മധുരക്കള്ളും നല്കാറുണ്ടെന്നാണ് തൈലശ്ശരി മാധവൻ പറഞ്ഞത്.
ആനയെ തളച്ചിരിക്കുമ്പോൾ ഞങ്ങൾ വട്ടംകൂടി നില്ക്കും, വിളിച്ചുകൂവും.
“കീരി വിളിയാനേ
വലം പിരിയാനേ
ഇടം പിരിയാനേ.”

“ആനയ്ക്കൊരു സത്യമുണ്ട്. അതാണവൻ ചങ്ങല പൊട്ടിക്കാത്തത്.”
അരിമാധവൻ തൈലശ്ശേരി മാധവനോട് പറഞ്ഞതാണ്. അരിമാധവൻ ആനക്കാരനാണ്, ഞങ്ങളുടെ ഹീറോ ആണ്. അരിമാധവന് ആനക്കാര്യങ്ങളെല്ലാമറിയാം.

“എടാ നീയെന്റെ പിറന്നാളിന് വരണം.” ശങ്കരൻ നായർ ക്ഷണിച്ചു. ഞാനൊന്നും പറഞ്ഞില്ല.
“നീ വരുമോ? മൂന്നിനം പായസമുണ്ട്. അടപ്രഥമൻ, പയറ്റുപായസം, ബ്രഹ്മസലി.”
ഞങ്ങളുടെ വീട്ടിൽ പിറന്നാളാഘോഷമില്ല, അടപ്രഥമനില്ല, പയറ്റുപായസമില്ല, ബ്രഹ്മസലിയുമില്ല.
പിറന്നാളിന് അലങ്കരിച്ച കേക്കില്ല, കത്തിച്ചുവച്ച മെഴുകുതിരിയില്ല, മെഴുകുതിരി ഊതിയണയ്ക്കുന്ന പതിവുമില്ല.
“നിങ്ങൾ ക്രിസ്ത്യാനികളല്ലേ? ക്രിസ്ത്യാനികൾ ബർത്തുഡേ കേക്കു മുറിക്കുമല്ലോ.” ഒരിക്കൽ തൈലശ്ശരി മാധവൻ ചോദിച്ചു.
“പെന്തിക്കുസ്തികൾ ക്രിസ്ത്യാനികളല്ല.”
പാലക്കുന്നിൽ തോമസ് അവന്റെ അഭിപ്രായം ആവർത്തിച്ചു.
മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ മനസ്സിൽ അല്പം കുണ്ഠിതം തോന്നി, ഞങ്ങളുടെ വീട്ടിൽ ബർത്തുഡേ ആഘോഷിക്കാത്തതിൽ.
“ങ്ഹാ, കാശ് ബാങ്കിൽ കിടക്കും.” തൈലലശ്ശരി മാധവൻ പറഞ്ഞു. അതൊരു കുത്തുവാക്കായിരുന്നു.
അമ്മയോട് സങ്കടം പറഞ്ഞു.
“നമ്മൾ വിശ്വാസികളാണ്. നമുക്ക് ചടങ്ങുകൾ ഒന്നുമില്ല. നമ്മൾ ദൈവത്തിന് സ്തുതി പറഞ്ഞ് പ്രാർത്ഥിക്കും. അതുമാത്രം.”
അമ്മ പറഞ്ഞു.
“അമ്മേ എനിക്ക് ശങ്കരന്റെ പിറന്നാളിന് പേകണം. മൂന്നിനം പായസമുണ്ട്, അടപ്രഥമൻ, പയറ്റുപായസം, ബ്രഹ്മസലി.”
“പോകണ്ടാ, നിനക്ക് ഞാൻ അരിപ്പായസം വെച്ചുതരാം.” അമ്മ പറഞ്ഞു.
അരിപ്പായസം ആർക്കുവേണം?
എന്താണ് ബ്രഹ്മസലി? കേട്ടിട്ടുപോലുമില്ല. എങ്കിലും വായിൽ വെള്ളമൂറി.
അമ്മ പറഞ്ഞു.
“ഞാൻ  നിനക്ക് സേമിയാപ്പായസം വെച്ചുതരാം. നീ പോകണ്ടാ. അവർ ഒരുപക്ഷേ അയിത്തം പാലിക്കുന്നവരാണ്. അവർ ജന്മികളാണ്, നമ്മൾ പാവങ്ങളും.”
അയിത്തമോ? എന്താണത്?

ശങ്കരൻനായരുടെ പിറന്നാളാഘോഷമാണ്. കുടയനാട്ട് ഭവനത്തിന്റെ മുറ്റത്ത് ഒരു പൂപ്പന്തൽ ഉയർന്നുകഴിഞ്ഞു. അടുത്തുതന്നെ ഒരു കുട്ടിപ്പന്തലും കെട്ടിയുണ്ടാക്കിയിട്ടുണ്ട്. പൂപ്പന്തൽ വെള്ളവിരിച്ച് മോടിപിടിപ്പിച്ചിരിക്കുന്നു. പൂപ്പന്തലിന്റെ നടുവിൽ ചെന്തെങ്ങിന്റെ കതിർക്കുലയുണ്ട്.
തൂശനിലയിൽ പൂക്കൾ വെച്ചിരിക്കുന്നു. പൊന്നുകെട്ടിയ നിറപറയിൽ ധാന്യം. സാമ്പ്രാണിത്തിരികൾ കത്തുന്നു. കളഭക്കൂട്ടുമുണ്ട്.
ശങ്കരൻനായരാണ് താരം. അവൻ നെറ്റിയിൽ വീതിയുള്ള കളഭക്കുറി വരച്ചിരിക്കുന്നു.
എന്നെ കണ്ടപാടെ ശങ്കരൻ നായരുടെ മുഖം പ്രകാശമാനമായി.
കൂട്ടുകാർ പലരുണ്ട്.
ശശിധരൻ നായരുണ്ട്.
സരസ്വതി അന്തർജനം, ലീലാഭായിത്തമ്പുരാട്ടി, ലക്ഷ്മിഭായി, രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ പിള്ള, ഗംഗാധരൻ, രാമൻകുട്ടി....
എല്ലാവരും സതീർത്ഥ്യർ.
ശങ്കരൻ നായരുടെ ജന്മദിന പൂജയോടെ ചടങ്ങുകളുടെ ആരംഭം കുറിച്ചു. കോട്ടശ്ശേരി പോറ്റിയാണ് പൂജാരി.
തൈലാഭിഷേകം കഴിഞ്ഞു. ചന്ദനച്ചാർത്ത് കഴിഞ്ഞു. കോട്ടശ്ശേരി പോറ്റി ശങ്കരനെ നെയ്യ് വിളക്കുകൊണ്ടുഴിഞ്ഞു.
ഇനി സദ്യയാണ്.
“ഇനി കൂട്ടുകാരെല്ലാം സദ്യയ്ക്ക് വന്നിരിക്ക്.” ആരോ വിളംബരം ചെയ്തു.
കൂട്ടുകാർ പൂപ്പന്തലിലേയ്ക്ക് ഓടിക്കയറി, വിരിച്ചിട്ട തൂശനിലകൾക്കു മുമ്പിൽ ചമ്രം പടഞ്ഞിരുന്നു കഴിഞ്ഞു.
ഞാനും ഇരുന്നു.
എന്റടുത്ത് തൈലശ്ശേരി മാധവനാണ്.
ഇപ്പുറത്ത് രാമൻകുട്ടിനായരാണ്.

പെട്ടെന്ന് ബലിഷ്ഠമായൊരു കരസ്പർശനം എന്റെ തലയുടെ പിൻഭാഗത്ത് ഞാനറിഞ്ഞു.
പണിക്കരദ്ദേഹമാണ്. ശങ്കരൻ നായരുടെ അച്ഛൻ.
കുടയനാട്ട് പണിക്കരദ്ദേഹം എന്നോട് കല്പിച്ചു.
“ശമിയേൽ ഒന്നെഴുനേറ്റേ. ഞാൻ ശമിയേലിന് വേറൊരു നല്ല സീറ്റ് നല്കാം.”
ഞാൻ എഴുനേറ്റു.
ശങ്കരൻ നായർ എന്നെ നോക്കി; ഞാൻ അവനെയും.
അവന്റെ കണ്ണുകൾ നനഞ്ഞിരുന്നോ?
പണിക്കരദ്ദേഹം എന്നെ കുട്ടിപ്പന്തലിലേയ്ക്ക് കൊണ്ടുപോയി.
അവിടെയും ആൾക്കൂട്ടമുണ്ട്.
രാമനും മാണിക്യവുമുണ്ട്.
ലക്ഷ്മിയും തേവിയുമുണ്ട്.
അവിടെയും സദ്യയാണ്. പണിക്കരദ്ദേഹത്തിന്റെ കർഷകത്തൊഴിലാളികളാണ് കൂടുതൽ.
അധികം പേരും ദളിതരാണ്. ചില മാപ്പിളമാരുമുണ്ട്.
“ശമിയേലിന് ഇവിടെ നല്ലൊരില കൊടുക്ക്. എല്ലാ കറികളും പായസവും വിളമ്പണം, കേട്ടോ.”
പണിക്കരദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹം ഔദാര്യശീലനാണ്.

“കുഞ്ഞെന്താ വലിയ പന്തലിൽ ഇരിക്കാഞ്ഞത്?” കുഞ്ഞവുസേപ്പ് ചോദിച്ചു.
പുല്ലൻ ചാത്തനെന്നായിരുന്നു കുഞ്ഞവുസേപ്പിന്റെ പേര്. നോയൽ സായ്പിന്റെ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചതാണ്. ഞങ്ങളുടെ വളപ്പിലെ കൃഷിക്ക് സഹായിക്കുന്നത് കുഞ്ഞവുസേപ്പാണ്.
പുല്ലൻ ചാത്തൻ ക്രിസ്ത്യാനിയായി. ഇപ്പോൾ സാധുവർഗ്ഗക്കാരൻ കുഞ്ഞവുസേപ്പ്. വിശ്വാസിയാണെങ്കിലും ക്രിസ്ത്യാനിക്കുമുണ്ട് അയിത്തം. കുഞ്ഞവുസേപ്പിന് ബ്രാഹ്മണപുരാണമൊന്നും പറയാനില്ലല്ലോ. ഒരുപക്ഷേ മൂന്നോ നാലോ തലമുറകൾ കഴിഞ്ഞാൽ അയാളുടെ പിന്മുറക്കാരും ബ്രാഹ്മണപുരാണം പറയുമോ?
ഞാനൊന്നും മിണ്ടിയില്ല.
ദോഷം പറയരുതല്ലോ.
അടപ്രഥമൻ വിളമ്പി. പയറ്റുപായസമില്ല. ബ്രഹ്മസലിയും വിളമ്പിയില്ല.
സദ്യ കഴിഞ്ഞു. നേരെവീട്ടിലേയ്ക്കോടി.
അമ്മയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു.
അമ്മയൊന്നും ചോദിച്ചില്ല. അമ്മയുടെ മുഖം കടുത്തിരിക്കുന്നു. ആ മുഖത്ത് കോപവും താപവും നിഴലിച്ചിരിക്കുന്നു.
കുഞ്ഞവുസേപ്പ് പശുവിന് തീറ്റ കൊടുക്കുന്നതു കണ്ടു.
അമ്മ പറഞ്ഞു: “പോകണ്ടാന്ന് പറഞ്ഞതല്ലേ?”
അമ്മയുടെ പുടവത്തുമ്പിൽ കണ്ണീരും മൂക്കളയും തേച്ചുവെച്ചു.
അമ്മ പറഞ്ഞു.
“ഞാൻ നിനക്ക് സേമിയാപ്പായസം ഉണ്ടാക്കി വച്ചിട്ടുണ്ട്. വന്നു കുടിക്ക്.


Join WhatsApp News
Sreedevi 2021-04-03 17:34:27
very touching story, congrats The writer brought out an innocent boy Samuel, who was insulted by his Hindu upper caste classmates and they named him Samuel ‘ nampothiry’ hinting at his his Grand father who was a converted Christian from Nampoothiri family Later,for his friend Sankaran Nair’s birthday, Samuel experiences his ultimate shame by the birthday boy’s father whisking him away from his other class mates’ eating place to some other place occupied by converted Christians mainly Dalits This poignant story brings out the caste system which plagues God’s own country’ even today Wishing the author all success Sreedevi Krishnan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക