Image

തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയമാക്കി നേതാക്കള്‍ (സനൂബ് ശശിധരന്‍)

സനൂബ് ശശിധരന്‍ Published on 06 April, 2021
തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയമാക്കി നേതാക്കള്‍ (സനൂബ് ശശിധരന്‍)
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ വീണ്ടും ശബരി മല വിഷയം ചര്‍ച്ചാവിഷയമാക്കി ഉയര്‍ത്തിയത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ജി സുകുമാരന്‍ നായര്‍
മതേതരത്വവും ജനാധിപത്യവും സാമീഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ നാടിന്റെ അവസ്ഥ അതാണെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍  തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തേതില്‍ നിന്ന് തന്റെ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. വിശ്വാസികളുടെ പ്രതിഷേധം നേരത്തേ മുതല്‍ ഉള്ളതില്‍ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും വിശ്വാസികളുടെ പ്രതികരണം തീര്ച്ചയായും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
സുകുമാരന്‍ നായര്ക്ക് മറുപടി പറയവെയാണ് അയ്യപ്പനും മറ്റ് ദേവഗണങ്ങളും മറ്റ് വിശ്വാസികളുടെ ആരാധനാമൂര്‍ത്തികളും സര്ക്കാരിനൊപ്പമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചത്. ഈ സര്‍ക്കാരാണ് എല്ലാവരേയും സംരക്ഷിച്ച് നിര്‍ത്തിയതെന്നും പിണറായി പറഞ്ഞു. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാകാലത്തും എല്ലാ ദേവഗണങ്ങളുമെന്നും പിണറായി വോട്ട് ചെയ്തശേഷം പറഞ്ഞു.

അയ്യപ്പനും ശബരിമലയും കേരളത്തിന്റെ വികാരമാണെന്നും ആ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെയാണ് സിപിഎം നിലപാടെടുത്തതെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ശബരിമലയില്‍ പിണറായിയുടെ വാക്കുകള്‍ ആര് വിശ്വസിക്കാനാണെന്ന് ഉമ്മന് ചാണ്ടി ചോദിച്ചു. വിശ്വാസ ആചാര അനുഷ്ടാനങ്ങള്‍ക്ക് എതിരായ സത്യവാങ്മൂലം നല്‍കിയ പിണറായി അത് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിനെ ഭയന്നാണ് ഇപ്പോള്‍ യു ടേണ്‍ എടുത്തിരിക്കുന്നത്. അത് വിശ്വാസികള്‍ വിശ്വസില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിചേര്‍ത്തു. സ്ത്രീകളെ ശബരിമലയില്‍ കയറ്റുകയും നവോത്ഥാന മതിലും തീര്‍ത്ത പിണറായി തെരഞ്ഞെടുപ്പ് ദിവസത്തില്‍ പുതിയ നിലപാട് എടുക്കുന്നത് തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് ഭയന്നാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. പാര്‌ലമെന്റ് ഇലക്ഷനില്‍ ദേവ ഗണങ്ങള്‍ ആരുടെ കൂടെയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

നിരീശ്വരവാദിയായ പിണറായി ഇപ്പോള്‍ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. അയ്യപ്പ ഭക്തന്‍മാരുടെ വികാരങ്ങളേയും ശബരിമലയുടെ പരിശുദ്ധിയേയും ചവിട്ടിമെതിച്ച മുഖ്യമന്ത്രിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. അയ്യപ്പനും അയ്യപ്പ വിശ്വാസികളും പൊറുക്കില്ലെന്നും ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ചു. മുഖ്യമന്ത്രി ഇപ്പോള്‍ വിളിച്ച ശരണം നേരത്തെ വിളിക്കണമായിരുന്നുവെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ദൈവങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നെങ്കില്‍ ഇടത്പക്ഷത്തിന് വോട്ട് ചെയ്‌തേനെ എന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ ്അംഗം എംഎ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ശബരിമല വിഷയം വീണ്ടും ഉയരാതിരിക്കാന്‍ ഇടതുമുന്നണി പരിശ്രമിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തില്‍ നേതാക്കളുടെ പ്രസ്താവനകളിലൂടെ ശബരിമല വീണ്ടും വിഷയമായി ഉയര്‍ന്നത് ഇടത് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക