Image

ഫോബ്‌സ് മാഗസിന്റെ പട്ടികയിലെ  അതിസമ്പന്നരായ 100 ഇന്ത്യക്കാരിൽ 10 മലയാളികൾ 

Published on 07 April, 2021
ഫോബ്‌സ് മാഗസിന്റെ പട്ടികയിലെ  അതിസമ്പന്നരായ 100 ഇന്ത്യക്കാരിൽ 10 മലയാളികൾ 

പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യക്കാരായ ബില്യണയെർമാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് മലയാളികളില്‍ ഏറ്റവും സമ്പന്നന്‍. 480 കോടി ഡോളറാണ് (35,600 കോടി രൂപ) പ്രവാസി വ്യവസായിയുടെ സമ്പാദ്യം. ആഗോള ബില്യണയെർമാരുടെ പട്ടികയില്‍ 589-ാം സ്ഥാനത്തെത്തിയ യൂസഫലി ഇന്ത്യക്കാരില്‍ 26-ാമനാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടി ഡോളര്‍ അധിക വരുമാനം യൂസഫലി ആസ്തിയില്‍ ചേര്‍ത്തു. പോയവര്‍ഷം 445 കോടി ഡോളറായിരുന്നു മലയാളി വ്യവസായിയുടെ സമ്പാദ്യം.

ഡിജിറ്റല്‍ സര്‍വ്വീസ് ഭീമനായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി ശതകോടീശ്വര പട്ടികയിലെ രണ്ടാമന്‍. 330 കോടി ഡോളറാണ് ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി. ആര്‍പി ഗ്രൂപ്പ് ഉടമയും ബിസിനസുകാരനുമായ രവി പിള്ളയ്ക്ക് 250 കോടി ഡോളറിന്റെ സ്വത്തുണ്ട്. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ 250 കോടി ഡോളറിന്റെ ആസ്തിയുമായി രവി പിള്ളയ്ക്ക് ഒപ്പമുണ്ട്. എസ്ഡി ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരുടെ പേരില്‍ 130 കോടി ഡോളര്‍, ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിങ്ങനെയാണ് പട്ടികയിലെ വിവരങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 84.5 ശതകോടി ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ശതകോടീശ്വരന്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 പേരായിരുന്നത് 140 ആയി ഉയര്‍ന്നു. എല്ലാവരുടേയും കൂടിയുള്ള ആസ്തി ഇരട്ടിയോളം വര്‍ധിച്ച് 596 ശതകോടി ഡോളറായി. കൊവിഡ് മഹാമാരിക്കിടയിലും 35 ശതകോടി ഡോളറിന്റെ വരുമാനവര്‍ധനവാണ് അംബാനി നേടിയത്.

ഗൗതം അദാനിയുടെ ആസ്തിയില്‍ ഒറ്റ വര്‍ഷം കൊണ്ട് 42 ശതകോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്ന രാധാകൃഷ്ണന്‍ ധമാനിയെ അദാനി പിന്നിലാക്കി. അദാനിയുടെ സമ്പത്ത് 2020ലേതിനേക്കാള്‍ അഞ്ചിരട്ടി വര്‍ധിച്ചെന്ന് ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി വാങ്ങിയതും അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം ഓഹരി ഫ്രെഞ്ച് ഊര്‍ജ ഭീമന് 250 കോടി ഡോളറിന് വിറ്റതും ഗുജറാത്തി ബിസിനസുകാരന് മുതല്‍ക്കൂട്ടായി.

കൊവിഡ് വ്യാപനത്തിനിടെ ആരോഗ്യ മേഖലയില്‍ നിക്ഷേപം നടത്തിയ രണ്ട് പേരും അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് പൂണാവാല, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷംഗാവി എന്നിവരാണ് കൊറോണക്കാലത്ത് വന്‍ നേട്ടമുണ്ടാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക