Image

സോളമൻ മാത്യു നന്മയുടെ  വൻ പൂമരം: എക്കോയിലെ ആത്മസുഹൃത്തുക്കൾ

Published on 07 April, 2021
സോളമൻ മാത്യു നന്മയുടെ  വൻ പൂമരം: എക്കോയിലെ ആത്മസുഹൃത്തുക്കൾ

കേരളത്തിലെ സന്ദർശനത്തിനിടെ അകാലത്തിൽ പൊലിഞ്ഞ സോളമൻ  മാത്യുവിന്റെ വേർപാട് ഹൃദയഭേദകമെന്നു സുഹൃത്തുക്കൾ. 

സോളമൻ കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്  1995 -ൽ ആണ്.  ആദ്യകാലങ്ങളിൽ ന്യൂയോർക്കിലെ ക്വീൻസിൽ   ഫാർമസിസ്ററ് ആയി  ജീവിതം ആരംഭിച്ച സോളമൻ തന്റെ പത്നി ആനിയോടും മൂന്നു പെണ്മക്കളോടും ഒപ്പം കുടുംബസമേതം ഫ്ളോറിഡയ്ക്ക് ചേക്കേറി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ആരോഗ്യ മേഖലയിൽ സ്വന്തമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ സോളമന് സാധിക്കുകയുണ്ടായി.

ന്യൂയോർക്കിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ എക്കോ (Enhancing  Community through Harmonious Outreach) യുടെ ഒരു ജീവനാഡി തന്നെയായിരുന്നു  സോളമൻ. ആരംഭകാലം തൊട്ടു എക്കോയുടെ കാപിറ്റൽ റിസോഴ്സ് ഡയറക്ടർ.  കൂടെ നിൽക്കുന്നവർക്കെല്ലാം തണലും സുഗന്ധവുമേകുന്ന നന്മയുടെ ഒരു വലിയ പൂമരമായിരുന്നു സോളമനെന്നു  എക്കോയുടെ പ്രോഗ്രാം ഡയറക്ടറും സോളമനെ എക്കോയിലേക്കു കൈപിടിച്ച് കൊണ്ടുവന്ന ആത്മസുഹൃത്തും ന്യൂയോർക്കിലെ ജീവകാരുണ്യസാമൂഹ്യസാംസ്കാരിക നായകനുമായ ശ്രീ. സാബു ലൂക്കോസ് അഭിപ്രായപ്പെട്ടു.

എക്കോയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ നടത്തുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ (KFI) യുടെ ചാരിറ്റി ഡ്രൈവിലേക്കു ഡയാലിസിസ് മെഷീനുകളും കേരളത്തിലെ പ്രളയദുരിതാശ്വാസ ധനസമാഹരണത്തിലേക്കുള്ള സംഭാവനകളും ഒക്കെ  വളരെ ഉദാരമായി സംഭാവന ചെയ്തിട്ടുള്ള സോളമന്റെ ദാനദയാശീലങ്ങൾ എണ്ണമറ്റതായിരുന്നുവെന്നു സാബു ലൂക്കോസ് സ്നേഹത്തോടെ സ്മരിക്കുന്നു. 

സോളമനെ അടുത്തറിയാവുന്നവർ പറയും അദ്ദേഹത്തിന്റെ എന്നത്തേയും കൈമുതൽ കറതീർന്ന സ്നേഹവും അതിനൊപ്പം തന്നെയുള്ള കരുതലുമാണെന്ന്. പരാതികളേതുമില്ലാതെ ആഴ്ചയിൽ ഏഴു ദിവസങ്ങളും 16 മണിക്കൂറുകൾ മിച്ചം ജോലി ചെയ്ത് അതിൽനിന്നു തന്നെ ഹെല്ത്ത്കെയർ ബിസിനസിന്റെ ആദ്യപാഠങ്ങൾ പഠിച്ചെടുക്കുമ്പോഴും പിന്നീട് വലിയതോതിൽ ബിസിനസ് നടത്തുമ്പോഴും കൈവിടാതിരുന്നത് സ്നേഹാനുകമ്പയും ക്ഷമാശീലവും തന്നെയാണെന്ന് അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.  

സോളമന് എന്നും ഏറ്റവും വലുത് തന്റെ പ്രിയപ്പെട്ട കുടുംബമായിരുന്നു. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ, ഭാര്യാകുടുംബം, ബന്ധുമിത്രാദികൾ എന്നിവരോടെല്ലാമുള്ള അളവറ്റ സ്നേഹവും വാത്സല്യവും സോളമനിൽ നിന്ന് കണ്ടുപഠിക്കേണ്ട ഒന്നു തന്നെയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്‌വൃന്ദം ഓർമ്മപ്പെടുത്തുന്നു. 

കാരുണ്യപ്രവർത്തനങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന സോളമൻ അനേകം സാധുജനങ്ങളെ യാതൊരു  പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കയ്യയച്ചു സഹായിക്കുമായിരുന്നു എന്നും അവർ സ്മരിച്ചു.

 പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ട അതേ സോളമൻ തന്നെ ആയിരുന്നു എന്നും എക്കാലവും അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായ ന്യൂയോർക്കിൽ നിന്നുമുള്ള സാമൂഹ്യസാംസ്കാരിക നായകനും ജീവകാരുണ്യ പ്രവർത്തകനുമായ എക്കോയുടെ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ. ബിജു ചാക്കോ പറഞ്ഞു . സ്നേഹവും കരുതലും എപ്പോഴും കാത്തുസൂക്ഷിച്ചിരുന്ന ഒരു ദൈവപൈതൽ ... അതായിരുന്നു സോളമൻ. 

എക്കോയുടെ എക്സികുട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ. ബിജു ചാക്കോ, പ്രോഗ്രാം ഡയറക്ടർ ശ്രീ. സാബു ലൂക്കോസ്, ഫിനാൻസ് ഡയറക്ടർ ശ്രീ വർഗീസ് ജോൺ, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശ്രീ സാമുവേൽ കൊപ്പാറ , കമ്മ്യൂണിറ്റി ലെയ്‌സൺ ഡയറക്ടർ ശ്രീ. കാർത്തിക് ധാമ, ഡയറക്ടർമാരായ ‌തോമസ് എം. ജോർജ്, ടി.ആർ. ജോയി,  ജോൺ  മാത്യു എന്നിവർ തങ്ങളുടെ പ്രിയസുഹൃത്തിന്റെ അകാലത്തിലുള്ള വേർപാടിൽ അത്യധികം ദുഖത്തോടെ കണ്ണീരിൽ കുതിർന്ന ബാഷ്‌പാഞ്‌ജലികൾ അർപ്പിച്ചു.
------------------------------
സോളമന്‍ മാതുവിന്റെ ശവസംസ്‌കാരം ഏപ്രില്‍ 11-നു ഞായര്‍ 11 മണിക്ക് സൗത്ത് ഫ്ളോറിഡ പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL  33060)  ശുശ്രുഷക്ക് ശേഷം ഡേവിയിലുള്ള ഫോറെസ്റ്റ ലോണ്‍ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL  33317) സെമിത്തേരിയില്‍. 
ഏപ്രില്‍ 9-നു വെള്ളിയാഴ്ച 6.00 PM -9:30 PM വരെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയില്‍ വച്ചാണ് പൊതു ദര്ശനം. 

പന്തളം ചരുവില്‍ സോളമന്‍  വില്ലയില്‍ പരേതരായ  സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമന്‍  മാത്യു (54 വയസ്സ്).

ചന്ദനപ്പള്ളി പത്തിശ്ശേരില്‍  കുടുംബാംഗമായ ആനി  മാത്യു ആണ് ഭാര്യ.  ഹാന, റേച്ചല്‍, നിസ്സി എന്നിവര്‍ മക്കളാണ്. ഷെര്‍ലി ഫിലിപ്, ഷീലാ രാജന്‍കുട്ടി എന്നിവര്‍ സഹോദരികള്‍. 

സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമന്‍. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളി വാങ്ങുന്നതിലും പുനര്‍ നിര്‍മാണത്തിലും നിര്‍ണായക പങ്കു വഹിച്ചു 

 

സോളമൻ മാത്യു നന്മയുടെ  വൻ പൂമരം: എക്കോയിലെ ആത്മസുഹൃത്തുക്കൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക