Image

കോവിഡ് മൂലം 40,000-ൽ അധികം കുട്ടികൾക്ക് രക്ഷകർത്താവിനെ നഷ്ടപ്പെട്ടതായി പഠനം

Published on 12 April, 2021
കോവിഡ് മൂലം  40,000-ൽ അധികം  കുട്ടികൾക്ക്  രക്ഷകർത്താവിനെ നഷ്ടപ്പെട്ടതായി  പഠനം
17 വയസോ അതിൽ കുറവോ  പ്രായമുള്ള 43,000  കുട്ടികൾക്ക് ഇതിനകം മാതാപിതാക്കളിലൊരാളെ എങ്കിലും കോവിഡ് മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പുതുതായി പുറത്തിറങ്ങിയ പഠനം.

ഫെബ്രുവരി വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്. ഇതിനിയും കൂടുകയേ ഉള്ളു. വെളുത്തവരെ അപേക്ഷിച്ച് കറുത്തവരുടെ മക്കളെയാണ് അനാഥത്വം ഏറെ ബാധിച്ചത്.

 2001 സെപ്റ്റംബർ 11 ന് നടന്ന ഭീകര ആക്രമണങ്ങളിൽ പോലും 3000 കുട്ടികൾക്കാണ് മാതാപിതാക്കളില്ലാതായത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക തകർച്ച  തുടങ്ങി അനേകം പ്രശ്നങ്ങൾ ഈ കുട്ടികളെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പെട്ടുപോയ ഈ ബാല്യങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നും ഗവേഷകർ പറയുന്നു.

31 മില്യണിലധികം  കോവിഡ്കേസുകളും  562,000  മരണങ്ങളും രാജ്യത്ത്  സ്ഥിരീകരിച്ചിട്ടുണ്ട്

വാക്സിനേഷൻ സ്വീകരിച്ച് അഞ്ച് ആഴ്ചയ്ക്ക് ശേഷം കോവിഡ്; നില ഗുരുതരം 

ന്യൂജേഴ്‌സി നിവാസി   ഫ്രാൻസിസ്കോ കോസ്മെ (52) മാർച്ച്  6 ന് ജാവിറ്റ്സ് സെന്ററിൽ നിന്ന്  ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. കുത്തിവയ്പ് എടുത്ത ശേഷവും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്ന കോസ്‌മെയ്ക്ക് ഏപ്രിൽ 1 ന് ചുമ, പനി, ജലദോഷം എന്നീ 
 രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ക്ലിനിക്കിലേക്ക് കൊണ്ടുപോയതായി മകൾ ടോറസ് പറയുന്നു. കോവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തോട്  ഡോക്ടർ 10 ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുകയുമായിരുന്നു. 

ഒറ്റ ഡോസ് മാത്രം എടുക്കേണ്ട അംഗീകൃത വാക്സിൻ സ്വീകരിച്ച് 5 ആഴ്ച പിന്നിട്ട വ്യക്തിയിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടും  രോഗം ബാധിച്ചതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ ആഴ്ച, അദ്ദേഹത്തിന്റെ നില വഷളായതിനെ തുടർന്ന് ന്യൂ എഡിസണിലെ  വീട്ടിൽ  നിന്ന്  911 എന്ന നമ്പറിൽ വിളിച്ച്  ഓക്സിജൻ നൽകിയ ശേഷം, ആംബുലൻസിൽ  ജോൺ എഫ്. കെന്നഡി മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇപ്പോൾ ന്യുമോണിയയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, ഇനി ദൈവത്തിന്റെ കയ്യിലാണെന്ന് ഡോക്ടർ അറിയിച്ചു .
അമ്മയ്ക്കും ഭർത്താവിനും മക്കൾക്കും  പരിശോധനയിൽ  കോവിഡ് പോസിറ്റീവായി എന്ന് ടോറസ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം ക്വാറന്റൈനിലാണ്.
വാക്സിൻ ഇല്ലാതെ ഒരു വർഷം മുഴുവൻ പ്രശ്നങ്ങളില്ലാതെ കടന്നുപോയിട്ട്  ഇപ്പോൾ വാക്സിൻ സ്വീകരിച്ച ശേഷം രോഗം വന്നതിൽ അവർ അസ്വസ്ഥത പ്രകടിപ്പിച്ചു.

 ബ്ലിങ്കൻ ചൈനയ്ക്കെതിരെ  ആഞ്ഞടിച്ചു   

കൊറോണ വൈറസിന്റെ  ആദ്യഘട്ടത്തിൽ രോഗത്തെക്കുറിച്ച് മറച്ചുപിടിച്ചതിനും ' ഉയിഗർ' എന്ന മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കുന്നതിലും  സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ  ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ചൈനയുടെ നിഷ്‌ക്രിയത്വത്തിന്റെ ഫലമായാണ് ഭീകര പ്രത്യാഘാതങ്ങൾ ലോകത്ത്  ഉണ്ടായതെന്ന്  ബ്ലിങ്കൻ പറഞ്ഞു. 

ലോകാരോഗ്യ സംഘടനയ്ക്ക് ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേഗം വിവരങ്ങൾ കൈമാറുകയും മറ്റു രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത് മുന്നൊരുക്കം എടുക്കുകയുമാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ഇതിന്റെ പേരിൽ 2022 ൽ ചൈനയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കില്ല.

വാക്സിൻ പാസ്‌പോർട്ട് - ഗവൺമെന്റിന് പങ്കില്ലെന്ന് ബുട്ടജ് 

വാക്സിൻ  പാസ്‌പോർട്ടുകൾ നിയമപ്രകാരം നിർബന്ധമാക്കാൻ ബൈഡൻ ഭരണകൂടം ആവശ്യപ്പെടുന്നില്ലെന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജേജ് വ്യക്തമാക്കി. എന്നാൽ, അങ്ങനൊന്ന് വേണമെന്ന് കരുതുന്ന കമ്പനികളെ സാങ്കേതികമായി പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന്, വിമാനയാത്രയ്ക്ക് കോവിഡ് പാസ്പോർട്ട് ആവശ്യമാണോ  എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എയർലൈൻ‌സ് അധികൃതർക്ക് ബൈഡൻ  ഭരണകൂടവും സിഡിസിയും ശുപാർശകൾ‌ നൽ‌കുമെന്നും,  ശരിയാണെന്ന് കരുതുന്നത് അവർക്ക് പിന്തുടരാൻ അനുവാദം നൽകുമെന്നും ബുട്ടിജേജ് പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക