Image

കെ ടി ജലീലും പാർട്ടിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

അനിൽ പെണ്ണുക്കര Published on 14 April, 2021
കെ ടി ജലീലും പാർട്ടിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

കെ ടി ജലീലും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും തമ്മിലാണ് കേരളത്തിൽ ഇപ്പോൾ യഥാർത്ഥത്തിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്. ജലീലിന്റെ രാജിയോടെ ചില തർക്കങ്ങൾക്ക് തീരുമാനമായെങ്കിലും ഇലക്ഷന്റെ റിസൽട്ട് വരുന്നതോടെ കളം മാറി മറിയും, മലബാർ മേഖലയിൽ ലീഗിനെ ഒരു പരിധിവരെ നേരിടുന്നത് ജലീലാണ് .അതുകൊണ്ടുതന്നെയാണ് ജലീലിന്റെ സംരക്ഷത്തിൽ സി പി എം വലിയ താൽപ്പര്യം കാണിക്കുന്നത് .ഇടതു സർക്കാറിന്റെ തുടക്കം മുതൽക്ക് തന്നെ ബന്ധുനിയമന വിവാദവുമായി കെ ടി ജലീൽ മുഴച്ചു നിന്നിരുന്നു. പക്ഷെ പാർട്ടിയ്ക്കോ അതിന്റെ ആദർശ ശുദ്ധിയ്ക്കോ അന്നുമിന്നും ജലീലിനെ തള്ളാനോ കൊള്ളാനോ കഴിയില്ല. കാരണം ഓരോ ഗവണ്മെന്റുകളുടെയും നിലനിൽപ്പിനെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് മൈനോരിട്ടി കമ്മ്യൂണിറ്റികൾ. ജലീൽ അത്തരത്തിൽ ഒന്നിന്റെ ഉൽപ്പന്നമായത് കൊണ്ട് തന്നെ, ജലീൽ സംരക്ഷിക്കപ്പെടുമ്പോൾ സുരക്ഷിതമാകുന്നത് പാർട്ടികൂടിയാണ്.

ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നത് . എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്നും ,ന്യൂന പക്ഷ വികസന കോർപ്പറേഷനെ സംബന്ധിച്ച കാര്യങ്ങളിൽ ലോകായുക്തയ്ക്ക് ഇടപെടാൻ അധികാരപരിധിയില്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ജലീലിന്റെ വാദം.പക്ഷെ ജഡ്ജി പോലും ഹർജി സ്വീകരിച്ച വേളയിൽ ഹർജിക്കാരൻ ഇപ്പോഴും മന്ത്രിയായി തുടരുന്നുവോ എന്ന ചോദ്യം ചോദിച്ചത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ജലീൽ ഉടൻ രാജിക്കത്ത് നൽകുകയായിരുന്നു    കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്തയയുടെ ഉത്തരവ് റദാക്കണമെന്നാണു ജലീൽ ഹർജിയിൽ പറഞ്ഞിരിക്കുന്നത് .

മന്ത്രി രാജിവയ്ച്ചുവെങ്കിലും ഈ വിഷയത്തിൽ കൃത്യമായ ഒരു നിലപാടെടുക്കാൻ ഇടതുപക്ഷത്തിന് ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപരമായി ചിന്തിക്കുമ്പോൾ ജലീലിനെ സംരക്ഷിച്ചേ മതിയാകൂ. കാരണം അത് പാർട്ടിയുടെ തുടർഭരണത്തിനും മറ്റും ഉപകരിച്ചേക്കാം. പക്ഷെ ആശയപരമായി ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാരിന് ചേർന്ന നപടികൾ അല്ലാത്തതിനാൽ എതിർപ്പുകൾ ഒരുപാട് രൂപപ്പെടാനും സാധ്യതയുണ്ട്. മൈനോരിട്ടികൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ ജലീലിനെതിരെയുള്ള കേസ് അതെ മൈനോരിട്ടി ആയതിനാൽ കെട്ടിച്ചമച്ചതാണെന്ന വാദവും മുസ്ലിം കമ്മ്യൂണിറ്റികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു സമൂഹത്തെയും പാർട്ടിയ്ക്കും ഗവണ്മെന്റിനും സംരക്ഷിച്ചേ മതിയാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക