Image

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

Published on 14 April, 2021
ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

ജോൺസൺ & ജോൺസന്റെ കോവിഡ് വാക്സിൻ  വിതരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ശുപാർശക്കെതിരെ  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും തമ്മിലുള്ള  ഒത്തു കളിയാണ് ജെ & ജെ യുടെ വിശ്വാസ്യത കളങ്കപ്പെടുത്താനുള്ള ഈ ശ്രമമെന്നും  ട്രംപിൻറെ പ്രസ്താവനയിൽ പറയുന്നു.

ബൈഡൻ ഭരണകൂടം ജനങ്ങളോട് ചെയ്ത കടുത്ത ദ്രോഹമാണ് വാക്സിൻ നിർത്തിവച്ച നടപടിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇതിനകം ജെ & ജെ വാക്സിൻ സ്വീകരിച്ചവർ പോലും ആശയക്കുഴപ്പത്തിലാവുകയും തിരിച്ചു പിടിക്കാനാകാത്ത വിധത്തിൽ കമ്പനിയോട് സംശയം ജനിക്കാനും കാരണമായ നടപടി, ഫൈസറിനോടുള്ള പ്രത്യേക മമതയുടെ പേരിൽ എഫ്.ഡി.എ നടത്തുന്ന ഒത്തുകളിയാണെന്നും മുൻ പ്രസിഡന്റ് ആരോപിച്ചു.

നവംബർ 3 ന് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടന്ന് 6 ദിവസങ്ങൾക്ക് ശേഷമാണ് ഫൈസർ വാക്സിൻ  90 ശതമാനത്തിലധികം ഫലപ്രദമാണെന്ന ഡാറ്റ എഫ്ഡിഎ പുറത്തുവിട്ടത്. ഇലക്ഷന് മുൻപ് അത് വന്നിരുന്നെങ്കിൽ അത് ട്രംപിന് വലിയ ഗുണം ചെയ്യുമായിരുന്നു. 

മരുന്നിന്റെ  വില കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നല്കിയിരുന്നതിനാൽ, ഫൈസർ കമ്പനി തന്റെ സ്ഥാനാർത്ഥിത്വത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതായും  ട്രംപ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ അനുമതി നൽകാതെ നീട്ടിവച്ചതും എഫ്ഡിഎ യ്ക്ക് ട്രമ്പിനോടുള്ള വിരോധം കൊണ്ടാണെന്ന് അദ്ദേഹം പരാമർശിച്ചു.

വേഗം വാക്സിൻ വികസിപ്പിക്കാൻ നിരന്തരം ട്രംപ് സമ്മർദ്ദം ചെലുത്തിയതിൽ ഉദ്യോഗസ്ഥർക്ക് തന്നോട് വിരോധം തോന്നിയിരിക്കാമെന്നും, എന്നാൽ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ നാലഞ്ച് വർഷമായാൽ പോലും കോവിഡിനെതിരെ വാക്സിൻ ലഭിക്കുമായിരുന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഡിസംബർ തുടക്കത്തിലാണ്  എഫ്ഡി‌എ ഫൈസറിന്റെ വാക്‌സിന് അനുമതി നൽകിയത്. അതേ മാസം അവസാനം മോഡേണയ്ക്കും അനുമതി ലഭിച്ചു. ഈ ഫെബ്രുവരിയിലാണ്  ജോൺസൺ & ജോൺസന്റെ വാക്സിൻ അംഗീകരിച്ചത്.

ഫൈസർ, മോഡേണ വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി- ജോൺസൺ & ജോൺസൺ വാക്സിൻ ഒരു ഡോസ് മാത്രം കുത്തിവച്ചാൽ മതി.

'ചൈനീസ്  വൈറസിനെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി നമ്മുടെ വാക്സിനുകൾ മാത്രമാണ്! 'ട്രംപ്  കൂട്ടിച്ചേർത്തു .

ജെ & ജെ വാക്സിൻ താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് അറിഞ്ഞിരുന്നില്ല 

ജെ & ജെ വാക്സിൻ താൽക്കാലികമായി നിർത്താൻ  പോകുന്നുവെന്ന് വൈറ്റ് ഹൗസ്  മുൻപേ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച  രാവിലെ, അമേരിക്കയിൽ മറ്റുള്ളവർ  അറിഞ്ഞതിനൊപ്പമാണ് വൈറ്റ് ഹൌസും കാര്യങ്ങൾ അറിഞ്ഞതെന്ന് ഭരണകൂടം  അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു അറിയിപ്പ് ഉണ്ടാകുമെന്ന്  മാത്രമേ കഴിഞ്ഞ രാത്രി അറിയിച്ചിരുന്നുള്ളൂ എന്ന്  ബൈഡന്റെ കൊറോണ വൈറസ് റെസ്പോൺസ്  ടീമിലെ പ്രധാനിയായ ജെഫ് സിയന്റ്സ്  പത്രസമ്മേളനത്തിൽ പറഞ്ഞു.

രക്തം കട്ടപിടിക്കാനുള്ള സാധ്യത 1 മില്യണിൽ ഒരാളിൽ ആണെങ്കിലും, അത് ഗൗരവത്തോടെ കാണുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്യാൻ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെ എഫ്ഡിഎ യുടെ എടുത്തുചാട്ടമായി കരുതുന്നില്ലെന്ന് ഡോ. അന്റോണി ഫൗച്ചി അഭിപ്രായപ്പെട്ടു.

ജോൺസൺ ആൻഡ്  ജോൺസൺ വാക്സിൻ താൽക്കാലികമായി നിർത്താൻ ശുപാർശ ചെയ്തതായി എഫ്ഡിഎ അറിയിച്ചു

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സ്വീകരിച്ച 6.8 മില്യൺ ആളുകളിൽ ആറ് പേരിൽ  രക്തം കട്ടപിടിച്ചതായും ഒരാൾ മരിച്ചതായും  റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് മരുന്നിന്റെ വിതരണം താൽക്കാലികമായി നിർത്താൻ ശുപാർശ ചെയ്തതായി എഫ്ഡിഎ അറിയിച്ചു.ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.

സിംഗിൾ-ഡോസ് വാക്സിനുമായി ബന്ധപ്പെട്ട് ആരോഗ്യ അധികൃതർക്കും സ്വീകർത്താക്കളും കൂടുതൽ  അവബോധം നൽകുന്നത്തിന്റെ ഭാഗമായാണ് താൽക്കാലികമായുള്ള നിർത്തിവയ്ക്കലെന്നാണ്  എഫ്ഡിഎ കമ്മിഷണർ ജാനറ്റ് വുഡ്‌കോക്കിന്റെ വിശദീകരണം.

ജോൺസൺ & ജോൺസൺ വാക്സിൻ സ്വീകരിച്ച  സ്ത്രീയുടെ മരണം സിഡിസി അന്വേഷിക്കുന്നു

വിർജീനിയയിൽ 45 കാരിയായ സ്ത്രീക്ക് കഴിഞ്ഞ മാസം ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് -19 വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മരണത്തിലേക്ക് നയിച്ചതായാണ്  ചൊവ്വാഴ്ച  പുറത്തുവന്ന റിപ്പോർട്ട്. വാക്സിൻ ലഭിച്ച്  രണ്ടാഴ്ചയ്ക്ക് ശേഷം മാർച്ച് 17 ന് കടുത്ത തലവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പോവുകയുമായിരുന്നെന്ന് സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന വ്യക്തി പറഞ്ഞു. തലച്ചോറിൽ രക്തസ്രാവവും ഉണ്ടായിരുന്നു. ഇന്റ്യൂബേറ്റ് ചെയ്‌തെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സിഡിസി അറിയിച്ചു.

ജെ & ജെ  വാക്സിൻ രക്തം കട്ടപിടിക്കുന്നത്; ഇതുവരെയുള്ള കേസുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ:
 
നിലവിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് കേസുകളും 18 മുതൽ 48 വയസ്സ് വരെ പ്രായം വരുന്ന സ്ത്രീകളിലാണ്. ജെ & ജെ വാക്സിൻ സ്വീകരിച്ച് ഏകദേശം 9 ദിവസങ്ങൾക്ക് ശേഷം ഇവരിൽ സ്‌ട്രോക്കിന് സമാനമായ അനുഭവം ഉണ്ടായതായാണ് അധികൃതർ അറിയിച്ചത്. സെറീബ്രൽ വീനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്ന് അറിയപ്പെടുന്ന രക്തം കട്ടപിടിക്കൽ അപൂർവമാണ്. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയാനും തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കാനും തുടങ്ങുന്ന ഈ അവസ്ഥ ഗുരുതരമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക