Image

സാന്ത്വന സംഗീതത്തിന്റെ ധ്വനിയിൽ ഒരു വിഷുക്കാലം (അനിൽ പെണ്ണുക്കര)

Published on 14 April, 2021
സാന്ത്വന സംഗീതത്തിന്റെ ധ്വനിയിൽ ഒരു വിഷുക്കാലം (അനിൽ പെണ്ണുക്കര)
സംഗീതത്തോളം  അനശ്വരമായ ഒന്ന് ഭൂമിയിൽ ഇല്ല. ഓരോ സസ്യങ്ങളിലും ജീവജാലങ്ങളിലും സംഗീതം നിറഞ്ഞിരിക്കുന്നു. ഭൂമിയുടെ ഓരോ ചലനങ്ങളും, കാറ്റിന്റെ ശബ്ദവും, മഴയുടെ താളവും തിരകളുടെ അനക്കവുമെല്ലാം സംഗീതത്തിലൂന്നിയുള്ളതാണ്. അതെ ഇവിടെ സംഗീതമില്ലാത്ത ഒന്നുമില്ല. നമ്മുടെ ഓരോ അണുവിലും സംഗീതത്തിന്റെ ധ്വനിയുണ്ട്. ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഒരു മനുഷ്യൻ പോലും ഉണ്ടായിരിക്കില്ല. പുല്ലാങ്കുഴൽ കേട്ട് കൃഷ്ണനരികെ നിൽക്കുന്ന ഗോക്കൾ പോലും സംഗീതം ഭൂമിയുടെ വരദാനമാണെന്നതിന്റെ സാക്ഷികളാണ്. പാട്ടുകൾ എപ്പോഴും നമ്മളെ മോചിപ്പിക്കാറുണ്ട്, ദുഖങ്ങളിൽ നിന്ന്, ബുദ്ധിമുട്ടുകളിൽ നിന്ന്, പലപ്പോഴും രോഗങ്ങളിൽ നിന്ന് പോലും. അതുകൊണ്ട് തന്നെ സംഗീതത്തെ അത്യധികം സ്നേഹിക്കുന്നവരാണ് ലോകജനത. ആ സ്നേഹത്തിന്റെ മറ്റൊരു പേരാണ് "സാന്ത്വന സംഗീതം". മനസ്സിൽ സംഗീതവും സ്നേഹവുമുള്ള മനുഷ്യർക്ക് വയസ്സാവില്ലെന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്. അങ്ങനെ പ്രായമാകാത്ത ഹൃദയമുള്ള ഒരുപാട് മനുഷ്യരുണ്ട് നമുക്കിടയിൽ അവരാണ് സാന്ത്വന സംഗീതത്തിന്റെ ജീവനും ആത്മാവും.
 
കോവിഡ് കാലഘട്ടത്തിൽ ജീവിതത്തിന്റെ ഒറ്റപ്പെടലുകളിലേക്ക് ചുരുങ്ങിപ്പോയ  മനുഷ്യരെ സർഗ്ഗാത്മഗതയിലേക്കും മറ്റും തിരിച്ചുവിടാനും, മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാനും അമേരിക്കൻ മലയാളികൾക്കിടയിൽ  പലതരത്തിലുള്ള പരിപാടികളും മറ്റും പല സംഘടനകളും നടത്തിപ്പോന്നിരുന്നു. ഈ സമയത്ത് ഏറ്റവും കൂടുതൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചത് വിദേശ മലയാളികളായിരുന്നു. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട അവരിൽ പലരും വലിയ തരത്തിലുള്ള ട്രോമകളിലേക്ക് കടന്നുപോകുമെന്ന സാഹചര്യത്തിലാണ് ശാരീരിക ആരോഗ്യം പോലെ മാനസിക ആരോഗ്യം സംരക്ഷിക്കാനും പലരും തീരുമാനിക്കുന്നത്. അങ്ങനെയാണ് സാന്ത്വന സംഗീതം എന്ന പാട്ടിന്റെ യാത്ര തുടങ്ങാൻ  തികഞ്ഞ സംഗീത പ്രേമിയും മാദ്ധ്യമപ്രവർത്തകനുമായ സിബി ഡേവിഡിന്റെ നേതൃത്വത്തിൽ ഒരു ടീം രൂപപ്പെടുന്നത്. സൂം പ്ലാറ്റ്ഫോമിൽ സാന്ത്വന സംഗീതം നിറഞ്ഞൊഴുകുകയായിരുന്നു പിന്നീടങ്ങോട്ട്.
സംഗീതം അങ്ങനെയാണ് അത് ഉത്ഭവിച്ച ഇടത്ത് നിന്നും ഒരു അരുവി പോലെ ഒഴുകിക്കൊണ്ടേയിരിക്കും.
കോവിഡ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും സംഗീതത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ സിബി ഡേവിഡും സംഘവും എല്ലാ ശനിയാഴ്ചകളിലും പ്രേക്ഷകർക്കായി സാന്ത്വന സംഗീതം എന്ന സംഗീതവിരുന്നൊരുക്കി വലിയ മാനസിക സമ്മർദ്ദങ്ങൾക്കാണ് അയവു വരുത്തിയത്.  ഈ സംരംഭം ഫോമ ഏറ്റെടുത്തതോടെ ചരിത്രത്തിലെത്തന്നെ വലിയ സന്തോഷമായി  സാന്ത്വന സംഗീതം മാറി. 
 
 
ഓൺലൈൻ വഴിയുള്ള ഈ വലിയ സാധ്യതയിപ്പോൾ വലിയ ആരാധകരുള്ള ഒരു വലിയ പരിപാടിയായി മാറിയിരിക്കുന്നത്  സംഗീതത്തോടുള്ള വലിയ സ്നേഹം തന്നെയാണ്. ഒരുപാട് അതിഥികളിലൂടെ കടന്നു വന്ന സാന്ത്വന സംഗീതമിപ്പോൾ അൻപത്തി രണ്ടിൻ്റെ നിറവിലെത്തിയപ്പോൾ മലയാളത്തിന് ചന്ദനലേപ സുഗന്ധം സമ്മാനിച്ച കവി കെ ജയകുമാർ അതിഥിയായി എത്തി  അത്യപൂർവ്വ പ്രതിഭാ സാന്നിധ്യം കൊണ്ട് സാന്ത്വന സംഗീതം പ്രോഗ്രാം അനുഗ്രഹീതമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട കവിയും എഴുത്തുകാരനുമായ അദ്ദേഹത്തിൻ്റെ അനുഭവവും മറ്റും അത്രത്തോളം സാന്ത്വന സംഗീതത്തിൽ പങ്കെടുത്ത കലാകാരന്മാരെ ഒരുപാട് ആർജ്ജവമുള്ളവരാക്കി തീർക്കുന്നതായിരുന്നു. ഒരുകാലത്തെ മലയാളിയുടെ പാട്ടുകളിലും ഈണങ്ങളിലും കെ ജയകുമാർ എന്ന എഴുത്തുകാരന്റെ വരികൾ ജീവിച്ചിരുന്നു. ചന്ദനലേപ സുഗന്ധമടക്കം ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എത്ര ഈണങ്ങളാണ് ആ തൂലികത്തുമ്പിൽ നിന്ന് പിറന്നുവീണിരിക്കുന്നത്.ആ അനുഭവങ്ങളെല്ലാം കാഴ്ച്ചക്കാർക്ക് നവ്യാനുഭമാണ് സമ്മാനിച്ചത്.സാന്ത്വന സംഗീതം വിഷു സ്പെഷ്യൽ എപ്പിസോഡിൽ സിബി ഡേവിഡ്, സുനിത മേനോൻ, ബോബി ബാൽ എന്നിവർക്കൊപ്പം മനോഹരമായ ഗാനങ്ങളുമായി ബേബൻ ചെറിയാൻ ,രശ്മി നായർ, ദുർഗാലക്ഷ്മി എന്നിവർ സാന്ത്വന സംഗീതത്തെ ധന്യമാക്കി.
 
സാന്ത്വന സംഗീതം ആകാശത്തോളം ഭൂമിയോളം പരന്നൊഴുകുകയാണ്. സിബി ഡേവിഡിന്റെ ഈ ആശയം മറ്റുപലരിലേക്കും ഇപ്പോൾ തന്നെ പകർത്തപ്പെട്ടിരിക്കുന്നു ഇനിയും വീണ്ടും വീണ്ടും സംഗീതം പോലെ അത് ഭൂമിയിലെ ഓരോന്നിലും നിറയട്ടെ . അതിന്റെ സന്തോഷങ്ങളിൽ മനുഷ്യർ ജീവിക്കട്ടെ.. പാടട്ടെ... പറയട്ടെ...
 
സാന്ത്വന സംഗീതത്തിന്റെ ധ്വനിയിൽ ഒരു വിഷുക്കാലം (അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക