Image

രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

Published on 15 April, 2021
രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ ഇടിച്ചിട്ട് പോയ അജ്ഞാത വാഹന ഉടമയെ തേടിയുള്ള സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍ ആയിരുന്നു.

 ഇതിനെതിരെ ആക്ഷേപവുമായി  പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇടിച്ച വാഹനത്തിന്റെ ഉടമയെ കിട്ടി എന്ന സന്തോഷം പങ്കുവെച്ച ജൂഡ് ആക്ഷേപിച്ചെത്തിയവര്‍ക്ക് മറുപടിയും  കൊടുത്തിട്ടുണ്ട്.


ജൂഡ് ആന്റണിയുടെ വാക്കുകള്‍:


രാത്രി പത്തു മണി ആയപ്പോള്‍ ഒരു വണ്ടി ഇടിക്കുന്ന ഒച്ച കേട്ടു. താഴെ നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. ഇന്ന് രാവിലെ ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. വണ്ടി ഇടിച്ചിട്ടയാള്‍ ആരായാലും അറിയിക്കണം എന്ന് പറഞ്ഞ്. പക്ഷെ അതിന്റെ താഴെ വരുന്ന കമന്റ് കണ്ട് ഞാന്‍ തന്നെ കൊണ്ടു പോയി ഇടിച്ചതു പോലെയാണ്. അവര് പറയുന്ന ന്യായം എന്നുവെച്ചാല്‍ വെള്ള വരയുടെ ഇപ്പുറത്താണെങ്കിലും ഏതെങ്കിലും ബൈക്ക് വന്ന് ഇടിച്ചാലോ എന്നാണ്.


രാത്രി കാലങ്ങളില്‍ വണ്ടികളില്ലാത്ത റോഡാണ്. ബൈക്കോ കാറോ വല്ലപ്പോഴും പോയാലായി. കാര്‍ കിടക്കുന്നത് വെള്ള വരയുടെ അപ്പുറത്താണ്. ഈ മഹാന്‍മാര്‍ പറയുന്ന ലോജിക്ക് വെച്ച് നോക്കുകയാണെങ്കില്‍ വെള്ള വരയുടെ അപ്പുറത്ത് കൂടി ഒരാള്‍ നടന്നു പോകുമ്പോള്‍ അയാള്‍ വണ്ടി ഇടിച്ച് മരിച്ചാല്‍, അയാളുടെ കുറ്റമാണ് എന്നാണോ നിങ്ങള്‍ പറയുന്നത്? അതെങ്കിലുമാകട്ടെ..

കാരണം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി അവരുടെ ചെറിയ സങ്കടങ്ങളും ആഘോഷങ്ങളാക്കി മാറ്റുന്നവരോട് സംസാരിച്ചിട്ട് കാര്യമില്ല. പോസ്റ്റ് ഇട്ടതിന് ശേഷം രാവിലെ തന്നെ ഒരു നല്ല പയ്യന്‍ എന്റെ വീട്ടിലേക്ക് വന്നു പറഞ്ഞു, ചേട്ടാ ഞാന്‍ ആണ് വണ്ടി ഇടിച്ചത്. ഒരു പൂച്ച വട്ടം ചാടിയപ്പോള്‍ എന്റെ കാറിന്റെ കണ്‍ട്രോള്‍ പോയി. ചേട്ടന്റെ കാറില്‍ ചെന്ന് ഇടിച്ചു. രാത്രി ആയതിനാല്‍ പേടിച്ചിട്ട് വീട്ടില്‍ പോയി.


ഇപ്പോള്‍ രാവിലെ വരുന്ന വഴിയാണ്. എന്റെ വണ്ടിയാണ് ഇടിച്ചതെന്ന് മാന്യമായി വന്ന് പറഞ്ഞ ഒരു പയ്യനാണ് രോഹിത്. രോഹിത് ഇപ്പോള്‍ എന്റെ കൂടെയുണ്ട്. ഇതാണ് രോഹിത്. എന്റെ ഭാര്യവീടിന്റെ അടുത്ത് തന്നെയാണ് രോഹിത്തിന്റെ വീട്. രോഹിത്തും ഞാനും സംസാരിച്ചു. നമ്മുടെ രണ്ടു പേരുടെ വണ്ടി നമ്പര്‍ കൊടുത്താല്‍ ബാക്കി ഇന്‍ഷുറന്‍സ് കമ്പനി നോക്കിക്കോളും. എന്റെ വണ്ടിയുടെയും രോഹിത്തിന്റെ വണ്ടിയുടെയും പ്രശ്‌നങ്ങളെല്ലാം മാറി.


ഇനിയും പ്രശ്‌നം മാറാത്ത മറ്റുള്ള ജീവിതത്തിലേക്ക് എത്തി നോക്കി സുഖിക്കുന്ന ഞരമ്പുരോഗികള്‍ക്ക് വേണമെങ്കില്‍ ഇവിടെ തന്നെ കുറച്ച് നേരം കൂടി കൂടാം. അല്ലെങ്കില്‍ മറ്റ് പോസ്റ്റുകളിലേക്ക് പോകാം. പോയില്ലെങ്കിലും പ്രശ്‌നമില്ല, കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. നന്മയുള്ള ചെറുപ്പക്കാര്‍ നന്നായി ജീവിക്കും. എല്ലാവരെയും ജഡ്ജ് ചെയ്യുന്നവര്‍ അവിടെ തന്നെ ഇരുന്നോളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക