Image

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

Published on 15 April, 2021
ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങൾ വീണ്ടും ചർച്ചക്കു വരികയാണല്ലോ ബാങ്കിനകത്ത് തൂങ്ങിത്തീർന്ന ഒരു ജീവിതം വഴി. ഒരർത്ഥത്തിൽ ഏതു ജീവിതവും ആഴക്ക് ശ്വാസത്തിനായുള്ള തൂങ്ങിപ്പിടയൽ തന്നെയാണ്. അവിചാരിതമായി വന്നെത്തുന്ന ഒരാൾ ഉയർത്തിപ്പിടിക്കയാൽ ബാക്കിയാവുന്ന ജീവിതങ്ങളേയുള്ളൂ ചുറ്റിലും.
സഹപ്രവർത്തകരിൽ എത്രപേർ പ്രവാസത്തിലെ ഇരുൾവരാന്തയിലെ ഗോവണിക്കൈവരികളിൽ ആയുസ് തൂക്കിത്തീർത്തിട്ടുണ്ടെന്ന് കണക്കെടുക്കാൻ ശ്രമിക്കുകയായിരുന്നു കുറച്ചു നേരം. മരിച്ചവരുടെ ആ സെൻസസ് വിസ്മയിപ്പിക്കുന്നതാണ്. അതിനുപിന്നാമ്പുറങ്ങളിൽനിന്നും പതഞ്ഞുറയുന്ന കഥകൾ ഇതേവരെ വായിച്ചറിഞ്ഞ ഏതുകഥകളേയും റദ്ദുചെയ്തുകളയുംവിധം അസാധാരണവും ജീവിതപ്പറ്റുള്ളതുമാണ്.
ഏറ്റവും ഒടുവിൽ ഗോവണിക്കൈവരിയിൽ ജീവിതം തൂക്കിയിട്ട സദാനന്ദന്റെ, ഗോവണിയുടെ മുകൾത്തലപ്പിലെ ആകാശക്കീറിലേക്ക് തലചെരിച്ച് പാതിതുറന്ന കണ്ണുകളോടെയുള്ള ആ നിരാ'ലംബനിശ്ചലത' എത്ര പ്രതീകാത്മകമായിരുന്നു! സദാ കുടുംബത്തേക്കുറിച്ചും പുതിയ വീടിനേക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു അയാൾ കാണുമ്പോളൊക്കേയും.
കോവിഡുകാലത്ത് അതിസങ്കീർണ്ണമായ നടപടിപ്രക്രിയയിലൂടെയാണ് ജഢം നാട്ടിലെത്തിച്ചത്. അവിടെ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. സ്വന്തം വീട്ടുവളപ്പിൽ ശവസംസ്കാരത്തിന് ഭാര്യയും മകനും അനുവദിച്ചില്ല. ഈയൊരു അവസ്ഥയിൽ വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്കു മാറിയാലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനൊക്കൂ. ഒരു ജഢം സംസ്കരിച്ച സ്ഥലത്തിന് ഉദ്ദേശിച്ച വില കിട്ടുക സാദ്ധ്യമായേക്കില്ല എന്നതാണ് അവരുടെ ന്യായം. ഒടുവിൽ കുറച്ചകലേയുള്ള തറവാട്ടുപറമ്പിൽ സദാനന്ദൻ നിദ്രകൊണ്ടു. അയാൾക്കും ആശ്വാസമായിക്കാണും. വീടിനും പറമ്പിനും താൻകാരണം വിലയിടിവു വരില്ലല്ലോ.
അത്രക്ക് കരുതലായിരുന്നു ഭാര്യയേയും മക്കളേയും സദാനന്ദന്. എന്ത് അർത്ഥവത്തായ പേരാണയാളുടേത്!


ശേഖർ മാൻസിംഗ്, അയാളെ മറ്റൊരുകാലത്ത് അതേനിലയിലെ അതേ കൈവരിയിൽത്തന്നേ തൂക്കിവെച്ചു. തന്റെ ജഡം നാട്ടിലേക്ക് കൊണ്ടുപോകരുത് എന്ന് ജ്യേഷ്ഠന്റെ ഫോണിലേക്കയച്ച ഒറ്റവരിയായിരുന്നു അയാളുടെ ആത്മഹത്യാകുറിപ്പ്!
ആ കുറിപ്പ് പോലീസ് സ്ഥിരീകരിക്കുന്ന രണ്ടാഴ്ചയോളം അയാളുടെ മുറിയിലെ മൂന്നുനാലുപേർ ജയിലിൽക്കിടന്നു.
ജയിൽമോചിപ്പിക്കപ്പെട്ട് പുറത്തുവന്ന മനോഹർലാൽ മാനസിക നിലതെറ്റിയ അവസ്ഥയിൽ രാത്രികളിലേക്കിറങ്ങി അസാധാരണമായി അലഞ്ഞു. ഒടുവിൽ കമ്പനി അയാളെ നാട്ടിലേക്ക് കയറ്റി അയച്ചു. ഒരർത്ഥത്തിൽ ശേഖർമാൻസിംഗിന്റെ ജഢാവസ്ഥ അയാളുടെ ജീവിതം സ്വീകരിച്ചു.
അഞ്ചു പെൺമക്കളിൽ അവസാനത്തേതിന്റെ കല്ല്യാണരാത്രിയിലാണ് അലി മുഹമ്മദ് അസാരി എന്ന ചെന്തമിഴൻ, ഞാൻ കിടന്നിരുന്ന ഇരട്ടക്കട്ടിലിന്റെ അടിയിൽ ഹൃദയംപൊട്ടി സ്വയം നിലച്ചത്. മനോഹരമായി ഹാർമോണിയം വായിച്ചു പാടാറുള്ള അയാൾ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പേ  ശിവാജിഗണേശന്റെയും എം.ജീ ആറിന്റെയും സിനിമകളിലെ പാട്ടുകൾ പാടി ഞങ്ങളുടെ സിരകളെ മത്തുപിടിപ്പിച്ചു. ജഢത്തോടൊപ്പം  നാട്ടിലേക്കയക്കാനുള്ള ശുഷ്കഭാണ്ഡത്തിൽ ഞങ്ങൾ വീതമിട്ടുവാങ്ങിയ ഒരു സ്വർണ്ണലോലാക്കുമാത്രമേ ഇത്തിരിയെങ്കിലും വിലപിടിച്ചതുണ്ടായിരുന്നുള്ളൂ.
കുഞ്ഞിനെ ഓർമ്മവരുമ്പോളൊക്കേയും ഇഷ്ടാധിക്യത്താൽ മാനസികനില തെറ്റിപ്പോകുന്ന സുമൻചക്രവർത്തി എന്ന നേപ്പാളുകാരന്റെ ചിരി ഇപ്പോളും ഓർമ്മയിലുണ്ട്. സ്വന്തം കുഞ്ഞ് തൊട്ടുമുമ്പിലുണ്ടെന്നതുപോലെ അയാൾ കണ്ണാടിയിൽ നോക്കി സദാ ചിരിച്ചുകൊണ്ടേയിരുന്നു. മകൾ വന്നിട്ടുണ്ട് എന്നുപറഞ്ഞാണ് അയാളെ നാട്ടിലേക്ക് പറഞ്ഞുവിടാൻ വണ്ടിയിൽ കയറ്റിയത്!
ബസ്ഡ്രൈവറായിരുന്ന മുരശൊലിയുടെ രണ്ടുപല്ലുകൾ നഷ്ടപ്പെട്ടത് തദ്ദേശീയനെ ഓവർടേക്ക് ചെയ്തതിന്റെ പേരിലാണ്! കാർ വിലങ്ങനെയിട്ട് ബസ്സ് തടഞ്ഞ് അയാൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തെറിച്ചുപോയ പല്ലുവിടവിലൂടെ ചോരയിറ്റിച്ച് മുരശൊലി ആ ദിവസമപ്പാടെ ബാക്കി ഡ്യൂട്ടി ഓടി.
പിറന്നാൾപ്പാർട്ടിക്ക് ഓഡർചെയ്ത ഭക്ഷണവുമായി ഒരിക്കൽ സുഹൃത്തിന്റെ വീട്ടുവാതിലിൽ മുട്ടിവിളിച്ചത് വലിയൊരപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ചോരയൊലിപ്പുമായി വന്നൊരു ഈജിപ്തുകാരൻ യുവാവായിരുന്നു. ഒരിറക്കു വെള്ളംപോലും കുടിക്കാതെ അവൻ തിരിച്ചു പാഞ്ഞു. അന്നത്തെ ടാർഗറ്റ് തികക്കാൻ ഇനിയും ഒട്ടേറെ ഓടേണ്ടതുണ്ട് അവന്.
ഇത്രയുമൊക്കെ പറഞ്ഞത് എന്തെന്തു മഹാസങ്കടങ്ങളിലൂടെയാണ് നരജീവിതം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നു സൂചിപ്പിക്കാൻ മാത്രമാണ്. ഈ വിധം ഞാൻ കണ്ട മഹാസങ്കടങ്ങളുടെ നിരവധി കുറിപ്പുകൾ എന്റെ വാളിലുണ്ട്.  അമ്പതുവയസു പിന്നിട്ട ഞാൻ തൊഴിൽ നഷ്ടപ്പെട്ടാണ് തിരിച്ചുവന്നത്. ഓർത്തുനോക്കൂ സർക്കാർ സർവ്വീസിലായിരുന്നെങ്കിൽ അടുത്തൂൺപറ്റേണ്ടുന്ന കാലം. ഇനിയും തിരിച്ചുചെന്ന് ബയോഡാറ്റയും പിടിച്ച് പലപല ഇന്റർവ്യൂകൾക്കായി കയറിയിറങ്ങേണ്ടതുണ്ട്. 'മനുഷ്യൻ ജീവിക്കുകയല്ല അതിജീവിക്കുകയാണ്' എന്ന് പണ്ട് കൂടെതാമസിച്ചിരുന്ന ഹരിദാസേട്ടൻ പറഞ്ഞത് ഇടക്കിടക്ക് തികട്ടിവരും. അയാളിപ്പോൾ എവിടെയാണാവോ!
തൊഴിലിടങ്ങളിൽ പ്രവാസികൾ അനുഭവിക്കുന്ന മാനുഷിക നിരാസങ്ങൾ അത്ര  ചെറുതല്ല. പ്രത്യേകിച്ച് ഗർഫുമേഖലകളിൽ. ഇന്ത്യക്കാരെ അംഗീകരിക്കുന്നതോളം ലജ്ജ മറ്റൊന്നുമില്ലെന്ന് കരുതിപ്പോരുന്ന അറബികൾക്കൊപ്പമുള്ള സഹജോലിത്വം അസാധാരണ മുറിവുകളുടെ ചോരവാരുന്നിടങ്ങളാണ്. എത്രത്തോളം മൃഗതുല്യമായി നമ്മേ പരിഗണിക്കാനൊക്കും എന്ന പരിശീലനശാലയാണ് അവരിൽ പലർക്കും തൊഴിലിടങ്ങൾ. അപ്പോളൊക്കെ ആത്മഹത്യചെയ്യാൻ നിന്നാൽ നമ്മളിന്നീകാണുന്ന കേരളമുണ്ടാവില്ലായിരുന്നു. അവരുടെ പേരിൽ ഇവിടെ കെട്ടിപ്പൊങ്ങുന്ന വീടുകളുടെ എക്സ്റ്റീരിയർ മാത്രമേ കാണികളുടെ കാഴ്ചക്ക് രുചിപകരൂ. അതിനായി മുതുകുവെന്ത ഒരാളെ ആ പരിസരങ്ങളിലൊന്നും നമുക്കു കാണാനൊക്കില്ല. അതാണ് കാഴ്ചയുടെ ഇന്ദ്രജാലം.
അപമാനിക്കപ്പെടുമ്പോളും, ദേഹോപദ്രവമേൽക്കുമ്പോളും,  മാനഭംഗപ്പെടുമ്പോളും ഒരു ജനത തിരിച്ചോടിപ്പോന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്നീകാണും വിധം ബാങ്കുകൾ പൊട്ടിമുളക്കില്ലായിരുന്നു. അതിനകത്തേക്ക് കോടികളുടെ സമ്പത്ത് ഒഴുകിയെത്തില്ലായിരുന്നു. അതിന് ലോക്കറുകളും മാനേജർമാരും കാവൽക്കാരും ഉണ്ടാകില്ലായിരുന്നു. നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കോർപ്പറേറ്റുകളേപ്പോലെ ആസ്ഥിയാർജ്ജിക്കില്ലായിരുന്നു. ആരാധനാലയങ്ങൾ പഞ്ചനക്ഷത്രങ്ങളാവില്ലായിരുന്നു..
നോക്കൂ...
ഞങ്ങൾക്കൊപ്പം തൊഴിലെടുക്കുന്നവരുടേയൊക്കെ നാടുകളിലെ കെടുതികൾ.
ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധമായിരുന്നു. അവരുടെ പത്തെഴുപതു ശതമാനത്തോളം ആണുങ്ങളാണ് ആവിധം എലിയായും പുലിയായും കൊല്ലപ്പെട്ടത്! ഗൾഫുമേഖലയുടനീളം അന്നാട്ടിലെ സ്ത്രീകളാണ്. കണ്ണീരുതോരാത്ത സ്ത്രീകൾ.  ഫിലിപ്പീൻസിൽ ഒരോ ആണ്ടിലും പ്രളയം തകർത്തുകളയുന്നത് ചില്ലറ ജീവിതങ്ങളും സമ്പാദ്യവുമല്ല. പിന്നേയും ഉറുമ്പുകൾ ഊറ്റിഅരിച്ചു വെക്കുംപോലെ അവർ ചിലതു ചേർത്തുപിടിച്ചു മുന്നേറുന്നു. സിറിയയും സുഡാനും ഇറാനും ലബനോനുമൊക്കെ ഇപ്പോളും അസ്ഥിരമേഖലകളാണ്. എന്തിന്, പാക്കിസ്ഥാൻ പോലും. ആ ദേശങ്ങളിലെ സഹപ്രവർത്തകരുടെ കണ്ണുകളിൽ ചൂഴ്ന്നുനില്ക്കുന്ന അതിവിഷാദം അടുത്തുനിന്ന് കണ്ടിട്ടുണ്ട്. സത്യത്തിൽ നമ്മുടെ പ്രശ്നം നമുക്ക് ഒരു പ്രശ്നവുമില്ലെന്നുള്ളതാണ്!
ഏതൊരു തൊഴിലിനും അതിന്റേതായ പ്രശ്നസ്ങ്കീർണ്ണതകളുണ്ട്. ഡ്രൈവർ മുരശൊലിമുതൽ നമുക്ക് പ്രിയപ്പെട്ട അനുപമ ഐ എ എസ് വരെ ആ സങ്കീർണ്ണതകളും സങ്കടങ്ങളും അനുഭവിക്കുന്ന ജീവിതങ്ങളാണ്. മരിക്കാനാണെങ്കിൽ ചാവാനേ നേരം കാണൂ...
നമ്മളൊക്കെ തീയിൽ മുളക്കാത്തതുകൊണ്ടാവാം ഇത്രക്ക് ഇളംവെയിലേറ്റ് വാടുന്നത്. വീഴുമ്പോൾ ആരുതാങ്ങും എന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഇരുൾക്കയങ്ങളിലേക്ക് കൂപ്പുകുത്തിപ്പോയ എന്റെ കാലങ്ങളെ, ഒരു താപ്പാനയെന്നോണം പിടിച്ചുവലിച്ച് കരയിലേക്കു തിരികേ കയറ്റിയെത്തിച്ചത് എന്റെ പ്രിയ സുഹൃത്തുക്കൾമാത്രമാണ്. അതാവട്ടെ മിക്കതും പെൺസുഹൃത്തുക്കളും. വീണ്ടും നടക്കാൻ പഠിപ്പിച്ച് അവരെന്നെ എന്തുമാത്രം കരുതലോടെ ചേർത്തുനിർത്തിയെന്നോ!
എതിർലിഗത്തോട് നമുക്കനുഭവപ്പെടുന്ന ലൈംഗികതയിലുമേറെ തെളിച്ചമുള്ള ചില ഇടങ്ങളുണ്ട്. നമ്മൾ അതിലേക്കു വളർന്ന്
പരിപൂർണ്ണമനുഷ്യനാവാൻ കാലമിനിയുമേറെയെടുക്കും. എന്തിനെന്നില്ലാതെ സങ്കടംവന്നുനിറയുമ്പോൾ അതൊന്നു തുറന്നുപറയാൻ, ഭ്രാന്തൻ ആശയങ്ങൾ തോന്നുമ്പോൾ ഇടപെട്ട് ശണ്ഠകൂടാൻ, പരസ്പരം കണ്ട് ഏറെനേരം ഒന്നും മിണ്ടാതിരിക്കാൻ എന്നെല്ലാം ഒരുപാടൊരുപാട് ചങ്ങാതിമാരുണ്ടെങ്കിൽ... അന്നേരമേ സത്യത്തിൽ നമുക്കുതന്നെ നമ്മേ കണ്ടെത്താനൊക്കൂ...
അല്ലെങ്കിൽ ഒരു ഗോവണിക്കൈവരിയിൽ, സീലിംഗ് ഫാനിൽ, മാങ്കൊമ്പിൽ നമ്മൾ ജീവിതമേറ്റിവെച്ച് ഊഞ്ഞാലാടുകയല്ലാതെ മറ്റെന്ത് വഴി!
സ്വപ്നാ,
ഞങ്ങളിവിടെ ഉണ്ടായിരുന്നു. നീയും ഇവിടെയുണ്ടായിരുന്നു. നമ്മൾക്ക് പരസ്പരം കാണാൻ നേരം കിട്ടിയില്ല എന്നതുമാത്രമാണ് നിന്റെ മരണകാരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക