Image

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

ജോര്‍ജ് നടവയല്‍ Published on 17 April, 2021
പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയ
ചിക്കാഗോ/തിരുവനന്തപുരം: പ്രവാസസാഹിത്യത്തില്‍ വേണ്ടത്, ഗൃഹാതുരത്വമല്ല, ജീവിതാനുഭവങ്ങളാണെന്ന് വിഖ്യാത സാഹിത്യകാരന്‍ സക്കറിയ. എഴുത്തുകാരനും,  ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) സെക്രട്ടറിയുമായ എസ്. അനിലാലിന്റെ 'സബ്രീന' എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു സക്കറിയ. പ്രശസ്ത പ്രഭാഷകനും അര്‍ബുദരോഗ ചികിത്സാവിദഗ്ദ്ധനുമായ ഡോ. എം വി. പിള്ളയ്ക്ക്, കഥാസമാഹാരത്തിന്റെ പ്രതി, 'സൂം' സങ്കേതത്തിലൂടെ  പകര്‍ന്നാണ്, പ്രകാശനം നിര്‍വഹിച്ചത്. ഷിജി അലക്‌സ് ചിക്കാഗോ, പുസ്തക പരിചയം നടത്തി. 

പുതിയ കഥകളുടെ ഭൂപടത്തില്‍ അനിലാലിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് സക്കറിയ അഭിപ്രായപ്പെട്ടു. 'സബ്രീന'യിലെ ഓരോ കഥയും മലയാളികളുടെ സമകാലീന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ സമീപനങ്ങളാണ്. പുതിയ വഴികളാണ് ഓരോ കഥയും തുറക്കുന്നത്. വളരെ ഊര്‍ജ്ജസ്വലമായ ഭാഷ. കഥാപാത്രങ്ങളായി വരുന്ന മനുഷ്യരുടെ ആത്മാവിലേയ്ക്കും  അവരുടെ ചിന്തകളിലേയ്ക്കും പ്രത്യേകതകളിലേയ്ക്കുമുള്ള ഉള്‍ക്കാഴ്ചകള്‍ ആ ഭാഷ കൊണ്ടു വരുന്നുണ്ട്.  

അനിലാലിന്റെ എഴുത്തും കഥകളും ഉദാഹരിക്കുന്നത്, പ്രവാസികളുടെ എഴുത്തിനോട് മലയാളസാഹിത്യത്തില്‍ വന്ന സമീപനത്തിലുള്ള മാറ്റം കൂടിയാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി.  പ്രവാസികളുടെ ജീവിത അനുഭവങ്ങള്‍ പ്രവാസി എഴുത്തുകാരുടെ എഴുത്തില്‍ വളരെ കാലങ്ങളായിട്ട് ഉണ്ടായിരുന്നില്ല. അമേരിക്കയിലെയോ യൂറോപ്പിലെയോ  ഓസ്‌ട്രേലിയായിലെയോ മലയാളിയുടെ ജീവിതാനുഭവങ്ങള്‍ പ്രവാസികളുടെ എഴുത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പകരം ഗൃഹാതുരത്വം ആയിരുന്നു അ ടിസ്ഥാന വിഷയം. അക്കാലത്ത് വന്ന മലയാളികള്‍, അമേരിക്കയില്‍ ഇരുന്ന് കേരളത്തെ, അവര്‍ ഉപേക്ഷിച്ചു പോന്ന സ്വര്‍ഗ്ഗീയ നാടിനെ, വീണ്ടും വീണ്ടും സ്വപ്നം കണ്ടുകൊണ്ട് എഴുതുകയാണ് ചെയ്തത്. അവരുടെ കണ്ണീരും കിനാവും എല്ലാം അതിനകത്ത് ഉണ്ടായിരുന്നു.  എന്നാല്‍ ആ അവസ്ഥയ്ക്കാണ് അനിലാലിന്റെ കഥകളും, നിര്‍മ്മലയുടെ നോവലുകളും, കെ വി പ്രവീണ്‍, തമ്പി ആന്റണി, രാജേഷ് വര്‍മ  എന്നിവരെ പോലുള്ള കഥാകൃത്തുക്കളുടെ കഥകളും  വ്യത്യാസം ഉണ്ടാക്കിയത്. ഡോക്ടര്‍ എം വി പിള്ളയും, എതിരന്‍ കതിരവനും ഉള്‍പ്പെടെഉള്ള വൈജ്ഞാനിക ലേഖകര്‍, മീനു എലിസബത്തിനെ പോലുള്ള സാമൂഹിക വിമര്‍ശകര്‍  ആ രംഗങ്ങളില്‍ ഇതിനകം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

പ്രവാസി എഴുത്തുകാരെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊരു പരാതി ഉണ്ടായിരുന്നു. ഗ്രഹാതുരത്വം മാത്രം വിഷയമായിത്തുടര്‍ന്നപ്പോള്‍, കുഞ്ഞാറ്റക്കിളിയുടെ കാര്യവും കൊതുമ്പു വള്ളത്തിന്റെ കാര്യവും എഴുതാന്‍ കേരളത്തില്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നപ്പോള്‍, അമേരിക്കയിലിരുന്നുള്ള അത്തരം എഴുത്ത് പ്രതീക്ഷിക്കുന്നില്ല . പ്രതീക്ഷിക്കുന്നത്, ഫീഡ്ബാക്ക് ആണ്. മലയാളികള്‍ അമേരിക്കയില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന, അഭിമുഖീകരിക്കുന്ന കാര്യങ്ങളുടെ ഫീഡ്ബാക്ക് ആണ് കേരളത്തിലെ മലയാളി പ്രതീക്ഷിക്കുന്നത്. അത്തരത്തിലൊരു എഴുത്തിന്  കേരളത്തില്‍ അംഗീകാരം ലഭിക്കുവാന്‍ യാതൊരു തടസ്സവും ഉണ്ടാവില്ല. അമേരിക്കന്‍ പ്രവാസിയുടെ എഴുത്ത് നേരത്തെ സൂചിപ്പിച്ച എഴുത്തുകാരുടെ രചനകളിലൂടെ  മുഖ്യധാരയിലേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നതാണ് സത്യം. അതിനിനിയും മുന്നോട്ടുപോകാന്‍ കഴിയും. ട്രമ്പു പോയതോടുകൂടി, അമേരിക്ക അവസാനിച്ചു എന്നുള്ള തോന്നലില്‍ നിന്ന്, നമ്മള്‍ വിമുക്തരായ സ്ഥിതിക്ക്, ഇനിയും ഒരു അമേരിക്ക ഉണ്ടാകും. ഏതെല്ലാമോ രീതികളില്‍ ഇതിന്റെയൊക്കെ കഥകള്‍ ഇനി അമേരിക്കന്‍ എഴുത്തുകാരില്‍ നിന്ന് ഉണ്ടാകാന്‍ ഇരിക്കുന്നതേയുള്ളു എന്ന് സക്കറിയ പ്രത്യാശ പ്രകടിപ്പിച്ചു. 

പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ ശ്രീ. വൈശാഖന്‍ അവതരികയെഴുതിയ 'സബ്രീന' തൃശൂരിലെ ഐവറി ബുക്ക്‌സ് ആണ് പ്രസാധനം ചെയ്തിട്ടുള്ളത്. 

പ്രവാസ ജീവിതത്തിലും, പ്രവാസഗാര്‍ഹിക പരിസരങ്ങളിലും കാണുന്ന ഒറ്റപ്പെടലുകള്‍, വിഹ്വലതകള്‍, വേവലാതികള്‍, തിരസ്‌കാരങ്ങള്‍ എന്നീ സവിശേഷാനുഭവങ്ങളൊക്കെ, 'സബ്രീനാകഥകളില്‍' പുഷ്ടിപ്പെട്ടുനില്‍ക്കുന്നത് കാണാന്‍ കഴിയുമെന്ന്,  വായനാനുഭവം പരിചയപ്പെടുത്തിയ ഷിജി അലക്‌സ് ചിക്കാഗോ ചൂണ്ടിക്കാണിച്ചു. പലപ്പോഴും നമ്മുടെ ജീവിതം തന്നെയാണോ അവിടെ എന്ന് നമുക്ക് തോന്നും. ജീവിക്കുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന കരുതലുകള്‍, ആ ജീവിതങ്ങളോട്, അവര്‍ മരിക്കുമ്പോള്‍ കാണിക്കാന്‍, പലപ്പോഴും പറ്റാതെ പോകുന്നു എന്നുള്ളത്, 'താങ്ക്‌സ്ഗിവിംഗ്' എന്ന കഥയില്‍, ശക്തമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. 'തന്മാത്ര' എന്ന ആദ്യകഥയില്‍ ജന്മത്തിന്റെ  വേര് അന്വേഷിച്ച്, അമ്മയെ തേടിപ്പോകുന്ന, മാലതി എന്ന കഥാപാത്രമുണ്ട്. കഥയില്‍ സ്‌നേഹത്തിന് ഒരു പ്രത്യേക നിര്‍വചനം കൊടുക്കുന്നുണ്ട്: 'അഭിമാനമെന്ന തുരുമ്പില്‍ ഉടക്കി കീറി പോകുന്ന പഴന്തുണി ആവാം ഏതു സ്‌നേഹവും' എന്ന് .രണ്ടു താറാവുകളുടെ ജീവിതം പറയുന്ന 'ഇര' എന്ന കഥയില്‍, കഥാകാരന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, 'ചിലരുടെ ജീവിതം മറ്റുചിലര്‍ക്ക് ഇരകള്‍ മാത്രമാണ്' എന്നതാണ്. സബ്രീന എന്ന കഥ,  ആദ്യം വായിച്ചപ്പോള്‍, 'ലോല'യിലെ പോലുള്ള പത്മരാജന്‍പ്രണയമാണോ പറഞ്ഞു വരുന്നത് എന്ന് തോന്നി.  കുടുംബ ജീവിതത്തില്‍  അത്രമാത്രം ഇഴചേര്‍ന്നിരിക്കുന്ന ബന്ധങ്ങളുടെ മൂല്യം പറയുന്നതാണ് 'സബ്രീന'  എന്ന് രണ്ടാം വായനയില്‍ മനസിലായി. പന്ത്രണ്ട് കഥകളില്‍ അവസാനം, 'കിങ് സോളമന്‍', വിവേകിയും രാജാവുമായ  സോളമന്റെ സ്ഥാനത്തു, കഥയില്‍ നാം കാണുന്നത്, കള്ളത്തരങ്ങള്‍ മാത്രം കാട്ടി, ജീവിതമുന്നേറ്റം നടത്തി, പരാജയപ്പെടുന്ന,  ജ്ഞാനദാസ് സോളമനെയാണ്.  

എഴുത്തിലൂടെ അനിലാല്‍ നമ്മുടെ ഒറ്റപ്പെടലുകളില്‍ ചില പാലങ്ങള്‍  പണിയാന്‍ ശ്രമിക്കുന്നുണ്ട്. അമേരിക്ക പോലുള്ള രാജ്യത്ത്,  വ്യക്തി ജീവിതത്തില്‍, നമുക്ക് എങ്ങനെയാണ് അക്ഷരങ്ങള്‍ കൂട്ട് ആകുന്നത് എന്ന് അനിലാലിന്റെ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിലെ ബഹളങ്ങളില്‍ നിന്ന് നമ്മളെ ഒന്ന് 'ഗ്രൗണ്ട്' ചെയ്യുവാന്‍, പുസ്തകങ്ങള്‍ വളരെയേറെ സഹായിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍, നമുക്ക് പ്രത്യേകിച്ചും, 'സബ്രീന' എന്ന പുസ്തകം ഒരു നല്ല വായനയാണ്. 

പ്രവീണ്‍ വൈശാഖന്‍ (ഐവറി ബുക്‌സ്), ആമി ലക്ഷ്മി,  എം. പി. ഷീല, സാമുവേല്‍ യോഹന്നാന്‍, ലാനാ ട്രഷറാര്‍ കെ കെ ജോണ്‍സണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തില്‍ ലാനാ പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ശങ്കര്‍ മന, പ്രോഗ്രാം എം. സി. ആയിരുന്നു. വൈസ് പ്രസിഡന്റ്  ജെയിന്‍ ജോസഫ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജോര്‍ജ് നടവയല്‍ നന്ദിയും  പ്രകാശിപ്പിച്ചു.

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയപ്രവാസ ജീവിതാനുഭവങ്ങള്‍ക്ക്  കൂടുതല്‍ പ്രസക്തി :  സക്കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക