Image

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ലിന്‍സണ്‍ കൈതമല Published on 18 April, 2021
മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ 'അമേരിക്കന്‍ ഡ്രീം' പിന്തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യം ആക്കുന്നവരുടെ മുന്‍നിരയില്‍ ആണ് മലയാളികളുടെ സ്ഥാനം എന്ന് ഇല്ലിനോയിസ് സ്‌റ്റേറ്റ് സെനറ്റര്‍ റാം വില്ലിവാളം. കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്തതും, പരസ്പരം വളര്‍ത്തുവാനുള്ള മനസ്സും ആവാം അതിനു പ്രധാന കാരണം. അസോസിയേഷനുകള്‍ വഴിയായും മറ്റും ആളുകളെ ഏകോപിപ്പിക്കുവാനും സമസ്ത മേഖലയിലും അവരുടെ വളര്‍ച്ചക്കായി വിഭവങ്ങള്‍ ഉപയോഗിക്കുവാനും ഉള്ള മലയാളികളുടെ നേതൃപാടവം പ്രശംസാവഹമാണെന്ന് സെനറ്റര്‍ പറഞ്ഞു. 

ക്‌നാനായ കാത്തോലിക് കോൺഗ്രസ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ചിക്കാഗോയില്‍ നിന്നുമുള്ള സിറിയക് കൂവക്കാട്ടിലിന് ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോ (കെ.സി.എസ്) നൽകിയ  സ്വീകരണം  ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, അമേരിക്കന്‍ പൊതു സമൂഹത്തിലും സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്ന സിറിയക്ക് കൂവക്കാട്ടിലിന്റെ നേതൃത്വം കൂടുതല്‍ ഇന്ത്യന്‍ വംശജരെ, വിശേഷിച്ചും ചെറുപ്പക്കാരെ അമേരിക്കന്‍ പൊതുസമൂഹത്തിന്റെ നേതൃത്വത്തിലേക്ക് എത്തിക്കുവാന്‍ കാരണമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കെ.സി.എസ് പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.സി.എസിന്റെയും കെ.സി.സി.എന്‍.എ.യുടെയും മുന്‍ പ്രസിഡന്റുമാര്‍, ചിക്കാഗോയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കന്മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

കെ.സി.സി.എൻ.എ  ട്രഷറര്‍ ജെയ്‌മോന്‍ കട്ടിണശ്ശേരില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവരെയും യോഗം ആദരിച്ചു. 

ലിന്‍സണ്‍ കൈതമല സ്വാഗതവും, ഷിബു മുളയാനിക്കുന്നേല്‍ കൃതജ്ഞതയും അര്‍പ്പിച്ചു സംസാരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തന്നെ സംഘടിപ്പിക്കപ്പെട്ട ചടങ്ങുകള്‍ക്ക് കെ.സി.എസ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസ് ആനമല, ആല്‍ബിന്‍ ഐക്കരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ നേതൃത്വം നല്‍കി.

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക