Image

ഫെഡെക്‌സിലെ വെടിവയ്പ്പ്, നാല് മരണങ്ങളില്‍ നടുക്കം മാറാതെ സിഖ് സമൂഹം

Published on 18 April, 2021
ഫെഡെക്‌സിലെ വെടിവയ്പ്പ്, നാല് മരണങ്ങളില്‍  നടുക്കം മാറാതെ സിഖ് സമൂഹം
ഇന്ത്യാന: ഇന്‍ഡ്യാനപൊളിസിലെ ഫെഡെക്‌സ് ഫെസിലിറ്റിയില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നതോടെ  സിഖ്കമ്മ്യൂണിറ്റി ഒന്നടങ്കം ഭയാശങ്കയിലാണ്. എട്ടുപേരുടെ ജീവന്‍ പൊലിഞ്ഞസംഭവത്തില്‍, നാലു പേരും സിഖ് മതവിശ്വാസികളായ ഇന്ത്യന്‍അമേരിക്കക്കാരാണ്.മൂന്നു വനിതകളും ഒരു പുരുഷനും

ഇത് പെട്ടെന്നൊരു നിമിഷത്തെ പ്രേരണയില്‍ സംഭവിച്ച  കുറ്റകൃത്യമല്ലെന്ന്‌സാഹചര്യത്തെളിവുകളില്‍ നിന്ന് കരുതുന്നു. വ്യക്തമായ ആസൂത്രണത്തോടെ,ജീവനക്കാരില്‍ ഏറെയും  ഏഷ്യന്‍അമേരിക്കന്‍ വംശജരാണെന്ന് മനസിലാക്കിയാണ് അക്രമിഫെഡെക്‌സ് തിരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത് . ഡെലിവറി സ്ഥാപനത്തിലെജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരാണ്. അതില്‍ ഭൂരിഭാഗവുംപ്രദേശവാസികളായ സിഖുകാര്‍. സിഖ്  വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിഖ്‌കൊയലേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ നടുക്കംപ്രകടിപ്പിച്ചു.

ഒരു മാസം മുന്‍പ്  അറ്റ്‌ലാന്റയിലെ സ്പാ പാര്‍ലറുകളില്‍ നടന്ന വെടിവയ്പ്പിലുംഏഷ്യന്‍ അമേരിക്കക്കാരായിരുന്നു ഇരകള്‍ എന്നതുകൊണ്ട് വംശീയ അതിക്രമങ്ങള്‍തുടര്‍ക്കഥയാകുമോ എന്ന പരിഭ്രാന്തി പടര്‍ന്നിട്ടുണ്ട്.

വെടിവയ്പില്‍ കൊല്ലപ്പെട്ട  4  സിഖ്  വംശജര്‍ ഉള്‍പ്പെടെ  എട്ടുപേരുടേയുംവിവരങ്ങളും ഫോട്ടോയും  മാധ്യമങ്ങള്‍ക്ക്  നല്‍കി . അമര്‍ജിത് ജോഹല്‍ (66),ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് ശേക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ്(68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍.അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ്‌കൊല്ലപ്പെട്ടവര്‍.

22 നും 16 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടെ  അമ്മയായ   അമര്‍ജിത്, ഫെഡെക്‌സില്‍  ജോലി ചെയ്യാന്‍ തുടങ്ങിയത് കഴിഞ്ഞ നവംബര്‍ മുതലാണ്. ശമ്പളം കിട്ടിയ തുക അയയ്ക്കാന്‍ ഫെഡെക്‌സില്‍ എത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. ജസ്വീന്ദര്‍ സിങ് എട്ട് വര്‍ഷം മുമ്പ് യുഎസില്‍ എത്തിയതാണെന്ന് കുടുംബം  പറഞ്ഞു.

അമര്‍ജീത് കൗര്‍ വെള്ളിയാഴ്ച ലീവെടുത്ത് ചെറുമകനൊത്ത് ചിലവഴിക്കാമെന്ന് കരുതി വ്യാഴാഴ്ച ഡബിള്‍  ഷിഫ്റ്റ് ഏറ്റെടുത്തപ്പോഴാണ് ആക്രമണത്തിന് ഇരയായത്.

അക്രമിയായ ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോള്‍ (19)  2020 വരെ ഫെഡെക്‌സില്‍ ജോലി ചെയ്തിരുന്നു. സംഭവദിവസം ഇവിടെയെത്തിയ ഹോള്‍, വാഹനം പാര്‍ക്ക് ചെയ്ത  ശേഷം പൊടുന്നനെ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് മുന്‍പില്‍ കണ്ടവര്‍ക്ക് നേരെ വെടി  ഉതിര്‍ക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്ന ആ ആക്രമണത്തെ ചെറുക്കാന്‍ പോലുമുള്ള സാവകാശം അവര്‍ക്ക്  ലഭിച്ചില്ല ,  വെടിയേറ്റ നാലു പേരും തല്‍ക്ഷണം മരിച്ചുവീണു.

നാല് പേരെ വെടിവച്ചു വീഴ്ത്തിയ ശേഷമാണ് അയാള്‍ കെട്ടിടത്തിനുള്ളില്‍ കടന്നത്. അകത്ത് പ്രവേശിച്ച ശേഷം  നാല് പേരെ കൂടി കൊന്നു. അവസാനം സ്വയം വെടിവയ്ക്കുകയും ചെയ്തു.

ഹോള്‍ ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്ന് പോലീസ്  ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നില്ല.  ഉപയോഗിച്ച രണ്ട് ആയുധങ്ങളും നിയമപരമായി വാങ്ങിയവയാണെന്ന്  ശനിയാഴ്ച രാത്രി പോലീസ് പറഞ്ഞു. എന്നാല്‍, ഹോളിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍  തോക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മകന്  ആത്മഹത്യ പ്രവണതയുണ്ടെന്ന്
അമ്മ  പോലീസിനെ വിളിച്ചു പറഞ്ഞതോടെയാണ് അധികൃതര്‍  തോക്ക് പിടിച്ചെടുത്തത്. എന്നാല്‍, വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഹോള്‍ കൊടുത്തിരുന്നില്ല.

ജൂലൈയിലും സെപ്റ്റംബറിലും ആയിട്ടാണ്  രണ്ട്  റൈഫിളുകളും ഹോള്‍ വാങ്ങിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട്  തോക്കിന്റെ  മോഡലിനെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല..

ദൃക്‌സാക്ഷിയായ  ഫെഡെക്‌സ്  ജീവനക്കാരന്‍ ലെവി മില്ലറിന്റെ മൊഴി അനുസരിച്ച് ഷൂട്ടറിന്റെ  കയ്യില്‍  എആര്‍ റൈഫിളാണ്  ഉണ്ടായിരുന്നത്. കാര്‍ലി സ്മിത്ത് , സമരിയ ബ്ലാക്ക്വെല്‍ എന്നിവര്‍ ഫെഡെക്‌സില്‍ ജോലിക്ക് ചേര്‍ന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.

ബട്ട്‌ലര്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ മാത്യു അലക്‌സാണ്ടര്‍, അവോണ്‍ ഹൈസ്കൂളിലെ  ബേസ്‌ബോള്‍ കളിക്കാരനും നാഷണല്‍ ഹോണര്‍ സൊസൈറ്റി അംഗവും ആയിരുന്നു. കരിയറിനെക്കുറിച്ച് ഏറെ സ്വപ്‌നങ്ങള്‍ ബാക്കിവച്ചാണ് അലക്‌സാണ്ടര്‍ പോയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖത്തോടെ പറഞ്ഞു.

74 കാരനായ ജോണ്‍ സ്റ്റീവന്‍ വൈസെര്‍ട്ട് കുടുംബത്തിനായി  ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത വലിയ മനുഷ്യനാണെന്നും അദ്ദേഹത്തെ പോലൊരാളെ കൊല്ലാന്‍ അക്രമിക്ക് എങ്ങനെ മനസ്സ് വന്നു എന്നും മകന്‍ വേദനയോടെ ചോദിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക