Image

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

Published on 18 April, 2021
രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍
കൊച്ചി : പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവര്‍ അയത്ത് സന്തോഷ് കരുണാകരന്‍ (43), എരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (48) എന്നിവരെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി സ്ഥാപന ഉടമയെ കബളിപ്പിച്ചു 2.6 കോടി രൂപ വില വരുന്ന സോഫ്റ്റ്വെയര്‍ സോഴ്‌സ് കോഡ് 15,000 രൂപ മാത്രം അഡ്വാന്‍സ് നല്‍കി കൈവശപ്പെടുത്തിയെന്നും ഈ സ്ഥാപനത്തിലെ ഇരുപതോളം ജീവനക്കാരെ ശമ്പളം നല്‍കാതെ മാസങ്ങളോളം ജോലി ചെയ്യിച്ചെന്നുമാണു കേസ്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: പന്തളം രാജകുടുംബാംഗമാണെന്നു പരിചയപ്പെടുത്തിയ പ്രതി കുവൈത്തില്‍ യുഎസ് സേനയ്ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ആളാണെന്നും കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉണ്ടെന്നും നീലഗിരിയില്‍ 2500 ഏക്കര്‍ കൃഷി ഭൂമിയുമുണ്ടെന്നും പറഞ്ഞാണു വിശ്വസിപ്പിച്ചത്. സോഫ്റ്റ്വെയര്‍ സോഴ്‌സ് കോഡ് കൈവശപ്പെടുത്തിയതിനൊപ്പം സ്ഥാപനത്തിലെ ജീവനക്കാരെ പ്രതിയുടെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ മാസങ്ങളോളം ജോലിക്കു നിയോഗിച്ചു ശമ്പളം നല്‍കാതെയും കബളിപ്പിച്ചു.

കുവൈത്തില്‍ വ്യവസായിയായ ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് 6 കോടി രൂപ തട്ടിയെടുത്ത കേസും പ്രതികള്‍ക്കെതിരെയുണ്ട്്. നീലിഗിരിയില്‍ പന്തളം രാജകുടുംബത്തിന് അവകാശപ്പെട്ട 2500 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇതു വാങ്ങി കൃഷി ചെയ്യാമെന്നും പറഞ്ഞാണ് അജിത് മഹാപാത്രയെ കബളിപ്പിച്ചത്. ഈ കേസില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം കീഴടങ്ങാന്‍ വരുമ്പോഴാണു പ്രതികള്‍ പൊലീസ് പിടിയിലായത്. ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, സി ബ്രാഞ്ച് എസ്‌ഐമാരായ എന്‍.കെ. സത്യജിത്, അഗസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക