Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

Published on 18 April, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)
പെരുവഴിയമ്പലം

ചാരുംമൂടന്‍ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാര്‍ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങള്‍ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ, കാറില്‍ നിന്ന് പുറത്തിറങ്ങിയത് സ്കൂള്‍ മാനേജര്‍ ശങ്കരന്‍ നായരാണ്. സ്കൂളിലെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെങ്കില്‍ ഫോണില്‍ വിളിച്ചു പറയുമായിരുന്നു. ഭാര്യ പഠിപ്പിക്കുന്നത് ആ സ്കൂളില്‍ ആണല്ലോ. അതിനാല്‍ ഇതുവഴി പോയപ്പോള്‍ കയറിയതാകും. സാധാരണ ഇയാളെ പുറത്തുകാണുന്നത് തെരഞ്ഞെടുപ്പ് വേളകളിലാണ്. സ്വന്തം സമുദായത്തില്‍പ്പെട്ടവരുടെ വീടികള്‍ കയറിയിറങ്ങി ജാതിയുടെ പേരില്‍ വോട്ട് ആവശ്യപ്പെടുക. ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്ന ഈ ദുഷ്ടന്മാരെ മനസുകൊണ്ട് വെറുപ്പാണ്. എന്ത് ആദര്‍ശമാന്യതകളാണ് ഇവര്‍ക്കുള്ളത്. ജാതിയുടെ പേരില്‍ കടന്നുവരുന്നവര്‍ ജനദ്രേഹികള്‍ മാത്രമല്ല രാജ്യദ്രോഹികള്‍ കൂടിയാണ്. ഇയാള്‍ ജാതിയുടെ നേതാവ് മാത്രമല്ല വിദ്യാഭ്യാസ ചട്ടങ്ങള്‍ പലതും ലംഘിച്ച് നിയമനങ്ങള്‍ നടത്തുകയും സ്വന്തക്കാരായവരെ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതുകണ്ട് ചിലര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി അയച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഭാര്യയില്‍ നിന്നറിഞ്ഞത്.
ഭരണത്തിലുള്ളവരെ കൂട്ടുപിടിച്ച് നിയമലംഘനം നടത്തുന്ന മഹാന്‍ അകത്തേക്കു വരുന്നതുകണ്ട് കൂട്ടില്‍ കിടന്ന നായ് കുരച്ചു. അയാള്‍ അകത്തേക്കു കയറിയപ്പോഴാണ് അതിന്റെ ശബ്ദം നിലച്ചത്.
മുറ്റത്തു വന്ന ശങ്കരനെ ചാരുംമൂടന്‍ സ്‌നേഹപുരസ്സരം അകത്തേക്കു ക്ഷണിച്ചു. മനോഹരമായ ചുവന്ന മെത്തയിലിരുന്നു. അയാളുടെ കഴുത്തിലും വിരലുകളിലും സ്വര്‍ണ്ണം തിളങ്ങുന്നു. യൗവനത്തുടിപ്പുള്ള കണ്ണുകള്‍. ഓമന അവിടേക്കു വന്നു. ശങ്കരന്‍ സ്‌നേഹപുഞ്ചിരിയോടെ എഴുന്നേറ്റ് കൈ കൂപ്പിയിട്ട് ഇരുന്നു. പലപ്പോഴും പ്രിന്‍സിപ്പലിന്റെ മുറിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇടപഴകുന്ന പതിവില്ല. മനസുകൊണ്ട് ഇയോളോട് സംസാരിക്കാനും ഇഷ്ടപ്പെടുന്നില്ല. അതിന്റെ പ്രധാനകാരണം മനുഷ്യത്വം ഇയാളില്‍ ഇല്ല എന്നതാണ്. അദ്ധ്യാപകരെ നിയമിക്കാന്‍ മാനേജര്‍ക്കും അവകാശമുണ്ട്. അങ്ങനെ നിയമിക്കുന്നവരില്‍ നിന്ന് കഴുത്തറക്കുന്ന കോഴപ്പണമാണ് പോക്കറ്റിലാക്കുന്നത്. കള്ളക്കേസുണ്ടാക്കി പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുക, കള്ള സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ലക്ഷങ്ങള്‍ വാങ്ങി ജോലിക്കു വയ്ക്കുക, അധ്യാപകരില്‍ ജാതി ചിന്തകള്‍ വളര്‍ത്തുക എന്നിവയാണ് ഇയാളുടെ പ്രധാന പണി. പുതുതായി സ്കൂളില്‍ ചേരാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് കാര്യമായി സംഭാവനയും വാങ്ങാറുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ചില കുട്ടികള്‍ മാനേജരുടെ മുറിയില്‍ സദാ പോകുന്നുണ്ടെന്നാണ് സംസാരം. അതെന്തിനാന്ന് മനസ്സിലാകുന്നില്ല. എന്തൊക്കെയോ രഹസ്യങ്ങള്‍ ഇയാളെ ചുറ്റിപ്പറ്റിയുണ്ട്. സ്കൂളിലാണെങ്കില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒന്നുമില്ല. പരാതികള്‍ ധാരാളം ലഭിക്കുന്നുണ്ടെങ്കില്‍ ഇയാള്‍ക്ക് അതില്‍ യാതൊരു ശ്രദ്ധയുമില്ല. കുട്ടികളെ വിരട്ടുന്നതുപോലെ സ്കൂള്‍ മാനേജരെ വിരട്ടാനാവുകയില്ലല്ലോ.
കുടിക്കാന്‍ എന്താണ് വേണ്ടതെന്ന് ആതിഥ്യമര്യാദയില്‍ ചോദിച്ചു. ഒന്നും വേണ്ടന്നറിയിച്ചിട്ട് ടീച്ചറോട് ഇരിക്കാനറിയിച്ചു. സ്‌നേഹവും വിനയവും ഓമന അയാളുടെ മുഖത്ത് കണ്ടു. ഓമന കസേരയില്‍ ഇരുന്നു. ഇയാള്‍ വന്നതിന്റെ ഉദ്ദേശ്യം അപ്പോഴും ഓമനയ്ക്ക് പിടികിട്ടിയില്ല. ഏതായാലും, ഇയാള്‍ വന്നത് നന്നായി. കുട്ടികളുടെ മൂത്രപ്പുരയെപ്പറ്റി സംസാരിക്കാന്‍ ഒരവസരമായല്ലോ. കുട്ടികളുടെ മൂത്രപ്പുരകള്‍പോലും നന്നായി കെട്ടിക്കൊടുക്കാനറിയാത്തവന്‍ സര്‍ക്കാര്‍ തുകകള്‍ വാങ്ങി കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുകയാണ്. അവിടെ കൊള്ളലാഭം കൊയ്ത് സ്വന്തം പോക്കറ്റ് നിറയ്ക്കുന്നു. താഴ്ന്ന ക്ലാസ്സുകളിലെ പ്രവേശനത്തിനും ഇയാള്‍ രക്ഷിതാക്കളില്‍ നിന്നും പ്രവേശനഫണ്ട് വാങ്ങാറുണ്ട്. ഇതൊന്നും പുറംലോകം അറിയുന്നില്ല. പാവപ്പെട്ട മാതാപിതാക്കളും ഇയാളുടെ ചൂഷണത്തിന് ഇരയാകാറുണ്ട്. അധ്യാപകര്‍ ആത്മാര്‍ത്ഥതയുള്ളവരായതിനാല്‍ നല്ലരീതിയില്‍ ശിക്ഷണം നടക്കുന്നുണ്ട്.
കണ്ണാടി ഗ്ലാസ്സിലൂടെ അലങ്കാരമത്സ്യങ്ങള്‍ വീക്ഷിച്ചുകൊണ്ട് ശങ്കരന്‍ ഇരുന്നു.
''ഇങ്ങോട്ട് വരാന്‍ തീരുമാനിച്ചല്ല വന്നത്'', ശങ്കരന്‍ ആമുഖത്തോടെ ആരംഭിച്ചു.
''ഇവിടെ അടുത്തൊരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇതുവഴി വന്നപ്പോള്‍ കയറിയെന്നുമാത്രം.... അതായത്..., മന്ത്രി കാശിപ്പിള്ള തന്റെ മകന്റെ കാര്യം സാറുമായിട്ടൊന്ന് സംസാരിക്കണമെന്ന് അറിയിച്ചു. രണ്ടു കുട്ടികളുടെ ഭാവി അപകടത്തിലാണ്.''
സൗമ്യനായിരുന്ന ചാരുംമൂടന്റെ മുഖഭാവം പെട്ടെന്ന് മാറി. ''കുട്ടികള്‍ തെറ്റുകള്‍ ചെയ്യാറുണ്ട്. അവരെ നേര്‍വഴിക്ക് നടത്താന്‍ കടപ്പെട്ടവരാണ് നമ്മള്‍. കൊടുത്തിരിക്കുന്ന കേസ് പിന്‍വലിച്ചാല്‍ രണ്ടു കുട്ടികള്‍ രക്ഷപെടും. അതിനായി നമ്മള്‍ കൊടുക്കുന്ന എന്ത് ശിക്ഷയും ഏറ്റെടുക്കാന്‍ മന്ത്രി തയ്യാറാണ്.''
ഓമനയെ ശങ്കരന്‍ പ്രതീക്ഷയോടെ നോക്കി.
''ടീച്ചര്‍ക്കും ഇക്കാര്യത്തില്‍ ഒരഭിപ്രായം കാണുമല്ലോ.''
ഭര്‍ത്താവ് ഇടപെട്ട വിഷയത്തില്‍ തനിക്കെന്തു ചെയ്യാനാണ്. എന്നിരുന്നാലും കുട്ടികളെ കോടതിയില്‍ അയയ്ക്കുക, ശിക്ഷിക്കുക അതൊക്കെ കുറെ ക്രൂരതയായി തോന്നുന്നു.
''മന്ത്രിക്ക് സാറുമായി സംസാരിക്കണമെന്നുണ്ട്. വിളിക്കാതിരിക്കുന്നത്, പോലീസ് സ്റ്റേഷനില്‍ വച്ച് സ്ഥലം എംഎല്‍എയോട് ക്ഷുഭിതനായി സംസാരിച്ചതുകൊണ്ടാണ്. ദയവുചെയ്ത് കുട്ടികളോട് ഒരല്പം കരുണ കാട്ടണം.''
ചാരുംമൂടന്‍ പ്രതികാര ബുദ്ധിയുള്ള ആളല്ലെങ്കിലും പ്രതിയോഗികളെ കാല്‍പാദത്തിലെത്തിക്കാന്‍ വളരെ മിടുക്കനാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് മാധ്യമശ്രദ്ധയാകര്‍ഷിച്ചാല്‍ മന്ത്രിക്ക് അപമാനംകൂടിയാണ്. മന്ത്രികുമാരന്റെ കളികള്‍ കുറെ കൂടിപ്പോകുന്നുണ്ട്. ഈയിടെ ഏതോ സിനിമയിലും മുഖം കാണിച്ചതുകൊണ്ട് അവനെയും അത്യാവശ്യം ആളുകള്‍ അറിയും. അധികാരമുപയോഗിച്ച് എല്ലാവരെയും ഒതുക്കാനും അട്ടിമറിക്കാനും പറ്റുമോ? ഇന്നത്തെ രാഷ്ട്രീയം ഒരു സീരിയലുപോലെയാണ്. ജനങ്ങള്‍ കണ്ടുരസിക്കുന്നുണ്ട്. ഇത്തരക്കാരെ അധികാരത്തിലെത്തിച്ചവരോട് എനിക്ക് പുച്ഛമാണ്. ചാരുംമൂടന്റെ തീവ്രമായ വാക്കുകള്‍ ശങ്കരനെ വരിഞ്ഞുകെട്ടിക്കൊണ്ടിരുന്നു. ഒരു ഇടനിലക്കാരന്‍ എന്ന വേഷംകെട്ടി വന്നിട്ട് ഇയാളുടെ വായിലിരിക്കുന്ന തീ തുപ്പുന്ന വാക്കുകള്‍ എന്തിനു കേള്‍ക്കണം എന്നുതോന്നി. ആ വാക്കുകള്‍ എത്ര തീവ്രവും ഗാഢവുമെങ്കിലും ഏല്പിച്ചിരിക്കുന്ന കര്‍ത്തവ്യം നേടിയെടുക്കണം. ഇയാള്‍ അരമനകളില്‍ നടക്കുന്ന എല്ലാ രഹസ്യ കച്ചവടങ്ങളും അടുത്തറിയുന്നുണ്ട്.
മൂകനായി നടക്കുന്ന സാഹിത്യകാരന്മാര്‍ അദൃശ്യക്കീറുള്ളവരായതുകൊണ്ടല്ലേ ഇങ്ങനെയുള്ള നഗ്നസത്യങ്ങള്‍ അടുത്തറിയുന്നത്. മൂടിവയ്ക്കുന്നത് പലതും ചാനലുകള്‍ വന്നതോടെ പുറത്താവാന്‍ തുടങ്ങി. സദാചാരം പ്രസംഗിക്കാന്‍ എളുപ്പമാണ്. അധികാരത്തിലുള്ളവര്‍ വിശുദ്ധിയും വെടിപ്പുമുള്ളവരായാല്‍ അങ്ങിനെ സംഭവിക്കാന്‍ അവര്‍ അനുവദിക്കുമോ? ചാരുംമൂടന്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണ്. മറ്റാര്‍ക്കുമറിയാത്ത പരമരഹസ്യങ്ങള്‍. അധികാരമുള്ളിടത്തോളം ച്യുയിംഗം ചവയ്ക്കുന്നതുപോലെ മധുരം നുണഞ്ഞിറക്കുമെന്ന് പറയണമെന്ന് തോന്നിയെങ്കിലും മൗനമായിരുന്നു. അധികാരമെന്ന കോഴിയുടെ പൂട പറിക്കാനും കൊന്നു തിന്നാനും ഇയാളെപ്പോലെ ചിലരുണ്ടെങ്കിലും അരമനരഹസ്യങ്ങള്‍ അങ്ങാടയില്‍ വരാറില്ല. തല്ക്കാലം ഇയാള്‍ പറയുന്നത് മലയെ നോക്കി നായ് കുരയ്ക്കുന്നതുപോലെ കണ്ടാല്‍ മതി. അങ്ങനെയങ്ങ് തള്ളിക്കളയരുത്. ഇയാളെപ്പോലെ ചാനലുകളടക്കം കുറെ പേര്‍ മുന്നോട്ട് വന്നാല്‍ ഇന്നത്തെ ജനാധിപത്യത്തിന്‍രെ അന്ത്യകൂദാശ നടക്കും. നാട്ടിലെ എല്ലാ നായ്ക്കളും കുരയ്ക്കും. ബ്രഹ്മാവു വിചാരിച്ചാലും രക്ഷപെടില്ല. ഇന്ന് നടക്കുന്നത് മാധ്യമസൃഷ്ടിയെന്നും അപവാദങ്ങളെന്നും പ്രതിപക്ഷവിരോധമെന്നുമൊക്കെ പറഞ്ഞാല്‍ ഇവിടുത്തെ കുറ പാവങ്ങള്‍ വിശ്വസിക്കും. അതൊന്നും ഇയാളെപ്പോലുള്ളവരുടെ അടുത്ത് വിലപ്പോവില്ല.
ഈ ഭരണത്തെക്കാള്‍ നല്ലത് വെള്ളക്കാരുടെ ഭരണമായിരുന്നുവെന്നുകൂടി കേള്‍ക്കുന്നതിന് മുമ്പുതന്നെ താഴ്മയോടെ അറിയിച്ചു, ''അങ്ങ് പറയുന്നതിനൊന്നും ഞാന്‍ എതിരല്ല. യാഥാര്‍ത്ഥ്യമാണ്. നല്ലൊരു ഭാവിക്കായി സ്വപ്നം കാണുന്ന ജനതയ്ക്ക് നീതി നിഷേധിക്കുന്നു. രാജ്യം അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. സത്യത്തില്‍ ഇങ്ങനെയുള്ളവരെ ജയിപ്പിച്ച് അധികാരത്തിലെത്തിക്കുന്നവരും കുറ്റവാളികളല്ലേ. അങ്ങയെപ്പോലുള്ളവര്‍ ഇതില്‍ ശക്തമായി ഇടപെട്ടാലേ ഇവിടെ ഒരു രക്തരഹിത വിപ്ലവമുണ്ടാക്കി സാമൂഹ്യനീതി നടപ്പാക്കാനാകൂ. ശങ്കരന്റെ ഭാവമാറ്റം ചാരുംമൂടന്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്വന്തം സ്കൂളില്‍ വരെ ചൂഷണം നടത്തുന്നവന്റെ വാചാലതയില്‍ ഓമന തെല്ലൊന്ന് അമ്പരന്നു. ചാരുംമൂടനറിയിച്ചു. അധികാരത്തിലിരുന്ന് തിരക്കഥകളുണ്ടാക്കുന്ന്ത ആരെന്നും എന്തിനെന്നും നമ്മളെപ്പോലെ കുറച്ചുപേര്‍ക്കറിയാം. എന്തായാലും താങ്കള്‍ എന്റെ പക്ഷത്തല്ലെന്നറിയാം. കാരണം അധികാരത്തിന്റെ ഒരു ചെങ്കോലും കിരീടവുമില്ലാതെയാണ് എന്നെപ്പോലുള്ളവര്‍ ചില സത്യങ്ങള്‍ തുറന്നു പറയുന്നത്. നമ്മള്‍ മന്ത്രി മന്ദിരങ്ങളിലേക്ക് മാത്രം പോയാല്‍ മതിയോ? താങ്കളുടെ വിദ്യാഭ്യാസസ്ഥാപനം ഒരു മാതൃകാവിദ്യാലയമാണെന്ന് പറയാന്‍ താങ്കള്‍ക്കു കഴിയുമോ? കുട്ടികളില്‍ നിന്ന് ആവശ്യത്തിലധികം തുക കൈപ്പറ്റുന്നുണ്ടല്ലോ. അടിസ്ഥാനപരമായി നല്ലൊരു മൂത്രപ്പുരയെങ്കിലും അവര്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞോ?''
ഓമന സന്തോഷത്തോടെ നോക്കി.
''അവിടെ നടക്കുന്ന മറ്റുള്ള കാര്യങ്ങള്‍ അതിനുള്ളിലെ ആഭ്യന്തരക കാര്യങ്ങളായതിനാല്‍ പറയുന്നില്ല. കച്ചവടതാല്പര്യവും മതവിജ്ഞാനവും മാത്രമല്ല പുതിയ തലമുറയ്ക്ക് പഠിക്കേണ്ടത്.  അധികാരവും സമ്പത്തുമുള്ളവന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിടുകയും അതില്ലാത്തവന്റെ മുന്നില്‍ വാതില്‍ അടയ്ക്കുകയും ചെയ്യുന്ന സംവിധാനത്തെയാണോ നിങ്ങള്‍ സാമൂഹ്യനീതിയെന്ന് പറയുന്നത്. ആ നീതിക്ക് വിലങ്ങണിയുന്നത് എന്നാണ്.''
ശങ്കരന്റെ മനസ് ഒന്നാളി. പരമേശ്വരനെ ഭദ്രകാളി പിടിച്ചതുപോലെ ശങ്കരന്‍ ചാരുംമൂടനെ തുറിച്ചുനോക്കി. ഭാര്യ ഭര്‍ത്താവിന്റെ മുന്നില്‍ എല്ലാം നിരത്തിയിട്ടുണ്ട്. ഇത്രനേരമായിട്ടും ടീച്ചര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. അവരുടെ മനസ്സിലും എതിര്‍പ്പുണ്ടെന്ന് മനസ്സിലായി. ഉള്ളില്‍ അടങ്ങാത്ത വിദ്വേഷമുണ്ടെങ്കിലും ചെറുപുഞ്ചിരിയോടെയാണ് എല്ലാം കേട്ടിരുന്നത്. എന്നെ മാത്രമല്ല തന്റെ സ്വപ്നങ്ങളെയും അടച്ചാണ് ആക്ഷേപിച്ചിരിക്കുന്നത്. ഈ വീട്ടില്‍ വന്നത് ഒരു വാദപ്രതിവാദത്തിനല്ല. ഇനി മേലിലും സ്കൂളിലെ ഒരു പരിപാടിക്കും ഇയാളെ വിളിക്കില്ലെന്ന് മനസ്സിലുറച്ചു. പറഞ്ഞതിലൊന്നും എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. ഈ വരവ് ആദ്യത്തേതും അവസാനത്തേതുമാണ്. സ്വന്തം സ്കൂളിനെ സംശയത്തിന്റെ നിഴലില്‍ നോക്കുന്ന ടീച്ചറോടും വെറുപ്പുതോന്നി. സ്കൂള്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനല്ല ഇവിടെ വന്നത്. സുഹൃത്ത് ഏല്പിച്ച കാര്യത്തിനാണ്. കയ്യിലിരുന്ന കറുത്ത കൂളിംഗ് ഗ്ലാസ് മൂക്കിലേക്ക് വച്ചു. വന്നിരിക്കുന്ന കാര്യത്തിന് എങ്ങിനെയും തീര്‍പ്പ് ഉണ്ടാക്കണം.
അപ്പോഴാണ് കിരണ്‍ സ്കൂട്ടറില്‍ മുറ്റത്തു വന്നിറങ്ങിയത്. അകത്തേക്ക് കയറിവന്ന സുന്ദരിയെ ശങ്കരന്‍ മിഴിച്ചു നോക്കി. അവളും അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അകത്തേക്കു പോയി. ഓമനയും പിന്നാലെ പോയി.
ശങ്കരന്‍ പറഞ്ഞു, ""സാറിന്റെ മോളെ ചെറുപ്പത്തില്‍ കണ്ടതാ. ട്യൂഷന് പോകാറുണ്ടോ?''
""ഇല്ല കരാട്ടേ ക്ലാസില്‍ പോയിട്ടു വരുന്നതാണ്. അതിന്റെ കാരണവും അറിയാമല്ലോ. പണ്ട് ഇവിടുത്തെ പെണ്‍കുട്ടികള്‍ നിര്‍ഭയമായി നടന്ന റോഡുകളില്‍ ഇന്നവര്‍ക്ക് നടക്കാന്‍ ഭയമാണ്. നിങ്ങളെപ്പോലുള്ളവര്‍ പറയും ഭരണത്തിലുള്ളവര്‍ എന്തു പിഴച്ചു എന്ന്. പക്ഷേ, പൗരസാതന്ത്യം ഹനിക്കപ്പെടുകയല്ലേ. ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ? തുണയില്ലാത്തവന് ദൈവം തുണ അല്ലേ? കരേട്ടയും കളരിപ്പയറ്റും യോഗയും മറ്റും ദൈവമായി വന്നു എന്ന് മാത്രം. എന്തുകൊണ്ട് നിങ്ങളുടെ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ആയോധനകലകള്‍ പഠിപ്പിച്ചുകൊടുക്കുന്നില്ല.''
""അതൊക്കെ നല്ലതുതന്നെ'', ശങ്കരന്‍ പുകഴ്ത്തി പറഞ്ഞു.
""അത് മന്ത്രിമാരും പറയാറുണ്ട്. പക്ഷേ പ്രവൃത്തിയില്ല. അതുപോലെ താങ്കളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാലിന്യനിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ ഒരു മുഖ്യപങ്ക് വഹിച്ച് നാടിനെ മാതൃകയാകണം. മറ്റൊന്ന് ലൈബ്രറിയില്‍ പുതിയ പുസ്തകങ്ങളൊന്നും ലഭ്യമല്ല. പഴയ പുസ്തകങ്ങള്‍ ആണ് ഇന്നുള്ളത്. അതിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ പ്രമുഖരായ പുസ്തകപ്രസാദകരുടെ കൈവശം നല്ല സാഹിത്യകാരന്മാരും എഴുത്തുകാരുമുണ്ട്. അവരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കണം. അല്ലാതെ വിലകുറഞ്ഞ പുസ്തകങ്ങള്‍ വാങ്ങി വയ്ക്കരുത്.''
എത്രയും വേഗം അവിടുന്നൊന്ന് രക്ഷപെട്ടാല്‍ മതിയെന്നായി ശങ്കരന്. ഇയാളാരാണ് തന്നെ പഠിപ്പിക്കാന്‍. മനസ്സിലുണ്ടായിരുന്ന വെളിച്ചം ഇയാള്‍ തല്ലിക്കെടുത്തി. ഇയാള്‍ വിചാരിക്കുന്നതുപോലെ ചെയ്യാന്‍ എല്ലാവര്‍ക്കും പറ്റുമോ? അല്ലെങ്കില്‍ അതുപോലുള്ള അധികാരികള്‍ വരണം. അതിന് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടക്കുന്നവര്‍ അനുവദിക്കുമോ. പുതുയുഗം നല്ലതാണ്. ആ യുഗത്തിലെ പങ്കാളികളാകാന്‍ എത്രപേര്‍ മുന്നോട്ടു വരും? ഇന്നും ഇദ്ദേഹം  തിരിച്ചറിയാത്ത ഒരു സത്യമുണ്ട്. എന്താണത്? ഇന്നത്തെ സമൂഹം ആര്‍ക്കൊപ്പമാണ്. സമ്പത്തും അധികാരവുമുള്ളവന്റൊപ്പമാണ്. അതിനിടയില്‍ ആരെങ്കിലും കലഹിച്ചാല്‍ ആ പ്രകാശത്തെ അണയ്ക്കാനേ അധികാരികള്‍ ശ്രമിക്കൂ.
ഓമന ചായയുമായെത്തി രണ്ടാള്‍ക്കും കൊടുത്തു. ശങ്കരന്‍ വീണ്ടും തന്റെ ദൗത്യത്തെപ്പറ്റി പറഞ്ഞു. ഓമനയും ചായയുമായി അവര്‍ക്കടുത്തിരുന്നു. ഇതില്‍ തീരുമാനമെടുക്കേണ്ടത് താനല്ലെന്ന് ചാരുംമൂടന്‍ പറഞ്ഞു. ഇതിലെ ഇരകളാണ് തീരുമാനമെടുക്കേണ്ടത്. മാനസികമായും ശാരീരികമായും ദുഃഖങ്ങള്‍ അനുഭവിച്ചവര്‍. നമ്മളൊക്കെ വെറും കാഴ്ചക്കാര്‍ മാത്രം. ഈ ലോകത്തിന്റെ നെറുകയിലെന്ന് കരുതുന്നവരുടെ തലച്ചോര്‍ അടിച്ചുപൊട്ടിക്കാന്‍ കിട്ടിയ അവസരമായിട്ടാണ് ചാരുംമൂടന്‍ ഇതിനെ കണ്ടത്. ഇവിടെ മൃദുസമീപനം പാടില്ല. അത് അരക്ഷിതത്വം മാത്രമേ ഉണ്ടാക്കൂ. ഇതുപോലെ എത്രയോ പെണ്‍കുട്ടികളെ പലപ്പോഴും ദ്രോഹിച്ചു കാണും. അതാണ് സാമൂഹ്യനീതിയുടെ മറ്റൊരു ശാപം. സമൂഹത്തില്‍ ഈ കൂട്ടരെ ഇങ്ങനെ കയറൂരി വിടാന്‍ സാധ്യമല്ല.
എന്തായാലും ഭാര്യ പഠിപ്പിക്കുന്ന സ്കൂളിന്റെ മാനേജര്‍ ഇടനിലക്കാരനായി വന്നതല്ലേ. അതിനുള്ള ഉത്തരവും കൊടുക്കേണ്ട ബാധ്യതയുണ്ട്. ചാരുംമൂടന്‍ അകത്തേക്കുനോക്കി മകലെ വിളിച്ചു. ചായയുമായി അവള്‍ പുറത്തേക്കു വന്നു. ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അനുസരിച്ചു.
""നിനക്കറിയാമോ, ഈ ഇരിക്കുന്നത് ആരെന്ന്?''
""അറിയാം, മമ്മി പഠിപ്പിക്കുന്ന സ്കൂളിന്റെ മാനേജര്‍.''
ആ വാക്കുകളില്‍ ഒരല്പം ആനന്ദം ശങ്കരന്‍ കണ്ടു. ഇവളും തന്തയെപ്പോലെ തീവ്രവാദിയാണോ എന്നായിരുന്നു ശങ്ക.
""ഇദ്ദേഹം വന്നത് എന്തിനെന്നറിയാമോ?''
""അറിയാം, മമ്മി പറഞ്ഞു.''
""മോളെ, ഇതില്‍ എന്റെ പങ്ക് കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ്. ഇതിലെ ഇരകള്‍ നീയും നിന്റെ കൂട്ടുകാരിയുമാണ്. നിങ്ങള്‍ക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ ഭാവി ഒരു പ്രധാന വിഷയമാണ്. എന്നുകരുതി അപരാധിയെ നിരപരാധിയാക്കാനുള്ള ശ്രമമല്ല. നിങ്ങള്‍ മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ അവര്‍ കേസ്സില്‍ നിന്ന് രക്ഷപെടും.''
''വീണ്ടും അടുത്ത ഇരയെത്തേടിപ്പോകും'', ബാക്കി പറഞ്ഞത് കിരണാണ്. ''അവന്റെ തന്ത മന്ത്രിയായതുകൊണ്ട് പെണ്‍കുട്ടികള്‍ എന്തും സഹിക്കണമെന്നാണോ പപ്പ പറയുന്നത്? സോറി പപ്പാ, അതിന് എന്നെ കിട്ടില്ല.''
""നോ. നീ വെറുതെ തെറ്റിദ്ധരിക്കേണ്ട. എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അവന്റെ തന്ത മന്ത്രിയോ പ്രധാനമന്ത്രിയോ, അതൊന്നും നീതിന്യായ സംവിധാനത്തിനു മുന്നില്‍ ഒരു വിഷയമേയില്ല. ഇദ്ദേഹം വന്നിരിക്കുന്നത് ഒരു മധ്യസ്ഥനായിട്ടാണ്. കോടതിയില്‍ പോകാതെ ഒരു ഒത്തുതീര്‍പ്പിന് ശ്രമിച്ചാല്‍ ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടാകും. നീ ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുത്താല്‍ മതി.''
അദ്ദേഹം പറഞ്ഞുനിര്‍ത്തിയ ശേഷം ഭാര്യയോടായി ചോദിച്ചു, ''ടീച്ചര്‍ ഈ കാര്യത്തില്‍ എന്തു പറയുന്നു?''
''ശങ്കരന്‍ സാര്‍ വന്ന് ഇങ്ങനെയൊരു കാര്യം പറയുമ്പോള്‍ തള്ളിക്കളയാനാകുന്നില്ല. മറ്റൊന്ന് ഞാന്‍ ഒരമ്മയും ടീച്ചറുമല്ലേ? ഒരിക്കല്‍ മാപ്പ് കൊടുക്കുന്നതില്‍ തെറ്റില്ലന്നാണ് എന്റെ അഭിപ്രായം.''
കിരണ്‍ മമ്മിയെ രൂക്ഷമായി നോക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക