Image

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

Published on 18 April, 2021
ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂയോർക്ക്, ഏപ്രിൽ 18 :  സംസ്ഥാനത്ത് കോവിഡ്  ബാധിച്ച്  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം 2020 നവംബർ 30 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി  ഗവർണർ ആൻഡ്രൂ കോമോ അറിയിച്ചു.

വെള്ളിയാഴ്ച 3,834 പേരെയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിദിന  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും   2.78 ശതമാനമായി കുറഞ്ഞു.എന്നാൽ, മരണസംഖ്യ ഒരു ദിവസം മുൻപ് 43 ആയിരുന്നത്  വെള്ളിയാഴ്ച 58 ആയി ഉയർന്നു.

കോവിഡ് -19 ജീവിതത്തിലെ  വളരെ പ്രയാസകരമായ സമയമാണെന്ന് ഗവർണർ ഓർമ്മപ്പെടുത്തി.
ന്യൂയോർക്കുകാർ  സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കുന്നുണ്ടെന്നും അതിനായി ഏവരും സുരക്ഷാ മാനദണ്ഡങ്ങൾ വീഴ്ച വരുത്താതെ കൃത്യമായി പാലിക്കണമെന്നും കോമോ അഭ്യർത്ഥിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകളിൽ ന്യൂയോർക്ക് പുരോഗതി തുടരുന്നതായും , യോഗ്യത വർദ്ധിപ്പിക്കുന്നതായും  അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം കൂടുതൽ പോപ്പ്-അപ്പ് സൈറ്റുകൾ തുറക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.  വൈറസിന്റെ വകഭേദങ്ങൾക്കെതിരെയും  ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും കോമോ വിശദീകരിച്ചു.

ന്യൂയോർക്കിലെ 40.9 ശതമാനം പേർക്ക് കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചു, 27.6 ശതമാനം പേർ ഇരു ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ,249,255 ഡോസുകൾ നൽകി. ഇന്നുവരെ  ആകെ 13,122,020 ഡോസുകൾ വിതരണം ചെയ്തു.

സംസ്ഥാനത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കോവിഡ് -19 മരണങ്ങൾ 51,818 ലെത്തി, രാജ്യത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ കാലിഫോർണിയയിലാണ് (60,964). ന്യൂയോർക്കാണ്  മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം.  

കഴിഞ്ഞ വര്‍ഷം,  യുഎസിൽ കോവിഡിന്റെ  പ്രഭവകേന്ദ്രമായിരുന്ന ന്യൂയോർക്കിൽ ഇതുവരെ 2,039,325 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക