Image

കോവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍

Published on 19 April, 2021
കോവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍
കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് ലോക്ക്ഡൗണ്‍. എല്ലാ സ്വകാര്യ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശിക്കും, സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

ഞങ്ങള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, നമ്മള്‍ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണ്ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ ഈ കടുത്ത തീരുമാനമെടുത്തു,' അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 'ആറ് ദിവസത്തെ ലോക്ക്ഡൗണ്‍ കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കാന്‍ ഞങ്ങളെ സഹായിക്കും.'ഐസിയു കിടക്കകള്‍ ഏതാണ്ട് നിറഞ്ഞതായും നഗരത്തില്‍ ഓക്‌സിജന്റെ ലഭ്യത വളരെ കുറവാണെന്നും കെജ്രിവാള്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നുപോയതായും ഇത് വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ നിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നില്ല ... ആരോഗ്യ സംവിധാനം തകര്‍ന്നുവെന്ന് ഞാന്‍ പറയില്ല, പക്ഷേ ഇത് ശരിക്കും സമ്മര്‍ദമുണ്ടാക്കുന്നു, ഏത് സംവിധാനത്തിനും പരിധികളുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളോട് പുറത്തുപോകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഞായറാഴ്ച ഡല്‍ഹിയില്‍ റെക്കോര്‍ഡ് പ്രതിദിന കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 25,462 പുതിയ രോഗബാധിതര്‍ ഉണ്ടായപ്പോള്‍ ടെസ്റ്റ്‌പോസിറ്റിവിറ്റി 30 ശതമാനത്തിനടുത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക