Image

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

Published on 19 April, 2021
കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി
നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ജി. പ്രകാശ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് വിവേക് ഹൃദയാഘാതം മൂലം മരിച്ചത് എന്ന പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്.

വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്സിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ 17ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു വിവേകിന്റെ അന്ത്യം.

ഇതിന് പിന്നാലെയാണ് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായതെന്ന പ്രചാരണമുണ്ടായത്. എന്നാല്‍ വിവേകിന് ഹൃദയാഘാതം വന്നതിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെന്‍ട്രിക്യുലാര്‍ ഫൈബ്രിലേഷന്‍ എന്ന ഇനത്തില്‍ പെട്ട ഹൃദയാഘാതമാണ് വിവേകിന് ഉണ്ടായത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയാണ് ഇതിലൂടെ സംഭവിക്കുക. വിവേകിന്റെ ഇടത്തേ ധമനിയില്‍ നൂറു ശതമാനം ബ്ലഡ് കോട്ട് ഉണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞിരുന്നു. പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയിലുള്ള ഭയം നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവേക് കഴിഞ്ഞ വ്യാഴാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ജനങ്ങള്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രിക്ക് പകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി വാക്സിനേഷന്‍ എടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക