Image

തിരുവനന്തപുരത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കെപിസിസി; ഡോ.എസ് എസ് ലാലിന്റെ നേതൃത്വത്തില്‍ സേവന സജ്ജരായി ഡോക്ടര്‍മാര്‍

Published on 20 April, 2021
തിരുവനന്തപുരത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കെപിസിസി;   ഡോ.എസ് എസ് ലാലിന്റെ നേതൃത്വത്തില്‍ സേവന സജ്ജരായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെപിസിസി കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് രണ്ടാംതരംഗത്തെ നേരിടാനും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുമായി എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഫേസ്ബുക്കിലൂടെ കണ്‍ട്രോള്‍ റൂമിന്റെ കാര്യം അറിയിച്ചത്.

കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡോ.എസ് എസ് ലാലിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ഡോക്ടര്‍മാരുടെ സേവനം കെപിസിസി കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്. കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരനാണ് കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല. കെപിസിസി സെക്രട്ടറി ജോണ്‍ വിനേഷ്യസിനെ കണ്‍ട്രോള്‍ റൂമിന്റെ സഹായത്തിനും ചുമതലപ്പെടുത്തി.  ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ഒരു ടീം കെപിസിസി ഓഫിസില്‍ പ്രവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഇക്കാര്യം താന്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്. കൊവിഡിന്റെ രണ്ടാംതരംഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.ഇത് എത്രയും വേഗം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷം രോഗികളാണ് ഉണ്ടാവുന്നത്. ഇത് ആശങ്കാജനകമാണ്. കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ കുറവാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്.ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം ആക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടതാണ്.അത് മുഖവിലയ്‌ക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാസ് പരിശോധനയുടെ ഭാഗമായി ടെസ്റ്റുകള്‍ ഒരു ലക്ഷം നടത്തിയപ്പോള്‍ നമ്മുക്ക് 18000 രോഗികളെ കണ്ടെത്താന്‍ സാധിച്ചു. ഇത് സമ്ബര്‍ക്കവ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്ന കണക്കാണ്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 72234 പുതിയ രോഗികളാണ് ഉണ്ടായത്.കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്കയുണ്ട്.സംസ്ഥാനത്ത് ഇനി ശേഷിക്കുന്നത് 2 ലക്ഷം വാക്‌സിനുകളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തമായി ഇടപെടണം.ഐസിയു,വെന്റിലേറ്ററുകള്‍,കിടക്കള്‍ എന്നിവയുടെ ക്ഷാമം പരിഹരിക്കാനും നടപടി ഉണ്ടാകണം.കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കണം.ആവശ്യമെങ്കില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം.വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം.

ആരോഗ്യസംവിധാനങ്ങളിലെ വിടവുകള്‍ പരിഹരിക്കുന്ന സംരംഭങ്ങളുടെ ഭാഗമായിട്ടായിരിക്കും കെപിസിസി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തടസപ്പെടുത്താതെയും പരമാവധി പിന്തുണയ്ക്കുന്ന രീതിയിലും ആയിരിക്കും പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ താല്‍പര്യക്കുറവും ഏകോപനമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ആരോഗ്യ വിദഗ്ധരുടെ പിന്തുണയോടെ കെപിസിസി കണ്‍ട്രോള്‍റൂം തുറക്കുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ഒരു ടീം കെ.പി.സി.സി ഓഫീസില്‍ പ്രവര്‍ത്തിക്കും.

കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതു മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്‍ട്രോള്‍റൂം സഹായങ്ങള്‍ നല്‍കും. നവ സമൂഹമാദ്ധ്യമങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. കോവിഡിനെ പറ്റിയുള്ള ഏറ്റവും പുതിയ ശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, സേവാദള്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ്, പെന്‍ഷനേഴ്‌സ് അസോസ്സിയേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കും.എല്ലാ ഡിസിസി ഓഫീസുകളിലും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക