Image

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

Published on 21 April, 2021
രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍
കോവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ടു ഡോസും സ്വീകരിച്ച  ആരും രോഗം ബാധിച്ച് മരിച്ചിട്ടില്ലെന്നു അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ (എഡിപിഎച്ച്‌സി) പഠനം വ്യക്തമാക്കുന്നു. കോവിഡ് മൂലം ആശുപത്രിയിലാകുന്നതു തടയാനും വാക്‌സിനേഷന്‍ ഉപകരിക്കുമെന്നും പഠനറിപ്പോര്‍ട്ട്.

ആശുപത്രിയിലാകുന്നതു 93% തടയാന്‍ വാക്‌സീന്‍ സഹായിക്കും. ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത് 95% തടയാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പഠനങ്ങളും വാക്‌സീന്‍ സ്വീകരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ തെളിയിക്കുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വ്യക്തമാക്കുന്നു.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. 7.5 കോടി പേര്‍ വാക്‌സീന്‍ സ്വീകരിച്ചപ്പോള്‍ അതില്‍ 5800 പേര്‍ക്കു മാത്രമാണു കോവിഡ് ബാധ ഉണ്ടായത്. മരിച്ചത് വെറും 75 പേര്‍. പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചവരില്‍ ചിലര്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും അത് തീരെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതോ ആശുപത്രി വാസം വേണ്ടാത്തതോ ആയ നിലയിലാണ്.

ആദ്യ ഡോസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ ശേഷി ഉണരുകയും വൈറസിനെ തിരിച്ചറിയുകയും ചെയ്യും. ഇത് കോവിഡ് വൈറസ് മൂലമുള്ള ഇന്‍ഫക്ഷനും മറ്റും തടയാന്‍ സഹായിക്കും. പ്രതിരോധശേഷി വീണ്ടും വര്‍ധിപ്പിക്കാനും കൂടുതല്‍ കാലം നിലനിര്‍ത്താനുമാണു രണ്ടാം ഡോസ് വാക്‌സീന്‍ ഉപകരിക്കുന്നത്.

അതു കൊണ്ടു തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സീനുകള്‍ക്ക് വന്‍പ്രാധാന്യമാണുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക