Image

ആശ്രയം തേടി അമ്മയും നാല് പെണ്‍മക്കളും

Published on 24 January, 2013
ആശ്രയം തേടി അമ്മയും നാല് പെണ്‍മക്കളും
കൊച്ചി: ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ഒറ്റപ്പെട്ടുപോയ ഒരമ്മയും നാല് പെണ്‍മക്കളും...കയറിക്കിടക്കാന്‍ സ്വന്തം കൂര...പട്ടിണിയില്ലാത്ത ജീവിതം...പഠിക്കാനുള്ള സാഹചര്യം...ഇതിനപ്പുറം ഇവര്‍ക്ക് സ്വപ്നങ്ങളില്ല. ഇതിന്റെ സാക്ഷാത്കാരത്തിനായി ഒരു നാട് കൈകോര്‍ക്കുകയാണ്.

വെണ്ണല കട്ടപ്പിള്ളിപറമ്പില്‍ ചിത്ര (39) ആണ് പറക്കമുറ്റാത്ത നാല് പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത്. ഭര്‍ത്താവ് ആനന്ദന്‍ (44) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതോടെയാണ് ഇവര്‍ നിരാലംബരായത്. ഗ്യാസ് സ്റ്റൗ മെക്കാനിക്കായിരുന്നു ആനന്ദന്‍. വാടകവീട്ടിലായിരുന്നെങ്കിലും അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. കഴിഞ്ഞ ആഗസ്ത് 14-നാണ് ആ കുടുംബത്തില്‍ നിന്ന് ആനന്ദം പടിയിറങ്ങിപ്പോയത്.
മൂത്ത മകള്‍ അനുഷ (16) തമ്മനം എംപിഎം സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സിനു പഠിക്കുന്നു. പത്താം ക്ലാസുകാരിയായ അശ്വതി (14), ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജലി (12), അഞ്ചാം ക്ലാസുകാരിയായ അര്‍ച്ചന (10) എന്നിവര്‍ പൊന്നുരുന്നി സികെസിജി ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.

പഠനത്തില്‍ മോശക്കാരല്ലാത്ത മക്കളെ എങ്ങനെ പഠിപ്പിക്കുമെന്ന് ചിത്രക്കറിയില്ല. അനുഷയുടെ പഠനച്ചെലവുകള്‍ സ്‌കൂളധികൃതര്‍ സൗജന്യമാക്കിയിട്ടുണ്ട്. 5000 രൂപ വാടക നല്‍കിയാണ് ഇവര്‍ താമസിക്കുന്നത്. ഒരു തുണിക്കടയില്‍ ജോലിക്കുപോയി കിട്ടുന്ന തുച്ഛ വരുമാനമാണ് ആകെയുള്ളത്. ഇവരെ പിന്തുണയ്ക്കാന്‍ മറ്റ് ബന്ധുക്കളുമില്ല.

ചിത്രയെയും മക്കളെയും വിധിക്ക് വിട്ടുകൊടുക്കാന്‍ എന്തായാലും നാട്ടുകാര്‍ തയ്യാറല്ല. തമ്മനം എംപിഎം സ്‌കൂളിലെ കുട്ടികള്‍ ഇവര്‍ക്ക് തണലേകാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഒപ്പം സന്നദ്ധ സംഘടനകളും രാഷ്ട്രീയക്കാരും എല്ലാവരുമുണ്ട്.

എംപിഎം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ഇബ്രാഹിം കണ്‍വീനറായി കുടുംബസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നാട്ടുകാര്‍ ഉദാര മനസ്സോടെ സഹകരിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.കെ. അബു, എ.ആര്‍. പത്മദാസ്, ഷഫീക് എന്‍.എ. എന്നിവര്‍ സമിതി രക്ഷാധികാരികളാണ്.

സഹായങ്ങള്‍ അക്കൗണ്ട് നമ്പര്‍ 0447053000006037, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തമ്മനം, കൊച്ചി-25 എന്ന വിലാസത്തില്‍ അയയ്ക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക