Image

മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌

Published on 03 January, 2012
മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച നിര്‍ദേശങ്ങളാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഇരുസംസ്ഥാനങ്ങളും വെള്ളിയാഴ്‌ച തങ്ങളുടെ നിര്‍ദേശങ്ങള്‍ സമിതി മുമ്പാകെ അറിയിക്കും.

പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള അനുമതിക്കായി കേരളം സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ സമിതിയുടെ നിര്‍ദേശം. വിദഗ്‌ധ സമിതിയുടെ തീരുമാനം കേരളത്തിന്‌ അനുകൂലമായിരുന്നു.

അണക്കെട്ട്‌ നിര്‍മിക്കുന്നത്‌ തങ്ങളുടെ ഭൂമിയിലാണെന്ന്‌ കേരളം വാദിച്ചു. മാത്രവുമല്ല, നിര്‍മാണച്ചെലവു വഹിക്കുന്നതും സംസ്ഥാനസര്‍ക്കാറാണ്‌. അതുകൊണ്ട്‌ തന്നെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും കേരളത്തിനു നല്‍കണം. എന്നാല്‍, വെള്ളം എങ്ങനെ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്നതു സംബന്ധിച്ച്‌ ഏതുതരത്തിലുള്ള കരാറിനും സംസ്ഥാനം തയ്യാറാണ്‌. കേരളത്തിന്റേത്‌ തുറന്ന സമീപനമാണ്‌. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിശ്ചയിക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കേരളം വ്യക്തമാക്കി. തുടര്‍ന്ന്‌ വെള്ളത്തിന്റെ വിനിയോഗവും നിയന്ത്രണവും സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളോടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശിക്കുകയായിരുന്നു. ഉന്നതാധികാര സമിതിയില്‍ കേരളത്തിനു വേണ്ടി ആര്‍. കെ. ധവാനു പുറമെ അഡ്വ. മോഹന്‍ കത്താര്‍ക്കി, സംസ്ഥാന സര്‍ക്കാര്‍ കോണ്‍സല്‍ അഡ്വ. രമേഷ്‌ ബാബു എന്നിവരും തമിഴ്‌നാടിനുവേണ്ടി അഡ്വ. ഉമാപതി, അഡ്വക്കേറ്റ്‌ ജനറല്‍ ഗുരു കൃഷ്‌ണകുമാര്‍ എന്നിവരും ഹാജരായി. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍, ചീഫ്‌ എന്‍ജിനീയര്‍ ലതിക, മുല്ലപ്പെരിയാര്‍ സെല്‍ അംഗം ജെയിംസ്‌ വിത്സന്‍ എന്നിവരും സന്നിഹിതരായിരുന്നു.
മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക