Image

മാതൃത്വം...(കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌)

Published on 08 May, 2015
മാതൃത്വം...(കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌)
മാതൃത്വം മഹാതീര്‍ത്ഥം കുടുംബം പൂണ്യാശ്രമം
മാതൃചുംബനാലസ്യം പൂതമാം ജീവാമൃതം

ജീവിതോഷസിലാര്‍ന്ന ജാതവതികളാണീ
ജീവിതം പരിശോഭമാക്കിടും പ്രസൂനങ്ങള്‍ !

കയ്യെത്തിപ്പിടിക്കുവാനാവാത്ത ദൂരത്തിലെന്‍
കൈക്കോട്ടില്‍ കിടന്നോരു കിടാങ്ങളെത്തിയെന്നോ ?

ഇന്നലെക്കഴിഞ്ഞപോലോര്‍മ്മകളുണരുന്നു
ഒന്നൊന്നായ്‌ നിരക്കുന്നെന്‍ മാനസ ദര്‍പ്പണത്തില്‍

ചെയ്യുവാനില്ലിന്നൊന്നും ധൃതിവച്ചുണരേണ്ട
തയ്യലാളുണര്‍ന്നിന്നു പാലിനായ്‌ക്കരയീല

പിച്ചവച്ചുയരുമ്പോള്‍ കാലുകള്‍ വേച്ചുവീണി
ട്ടുച്ചത്തില്‍ക്കരയുന്ന നാദവും കേള്‍ക്കാനില്ല,

മൂത്രവിസര്‍ജ്ജ്യങ്ങളില്‍ കുഞ്ഞിളം മേനിയാണ്ട്‌
വൃത്തിഹീനമായെന്ന തത്രപ്പാടൊന്നും വേണ്ട,

ചെഞ്ചിളം ചുണ്ടു കാട്ടി കണ്ണിലേക്കുറ്റുനോക്കി
കൊഞ്ചിവിതുമ്പുന്നതും ഓര്‍മ്മയില്‍ മാത്രമായി,

വാവിട്ടു കേഴുമ്പോഴെന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കുമ്പോള്‍
കൈവല്യനിര്‍വൃതിയില്‍ മയങ്ങിയുറങ്ങുമ്പോള്‍,

നിര്‍വൃതിയടഞ്ഞു ഞാന്‍ ജന്മസായൂജ്യം നേടി
ജീവിതധന്യതയില്‍ ദിവ്യത്വം കല്‌പിച്ചതും,

`അമ്മ'യെന്നുള്ള നാദം ഉയര്‍ത്തീ തരംഗങ്ങള്‍
നിര്‍മ്മലപ്രേമത്തിന്റെ വാരിധീ ഗര്‍ത്തങ്ങളില്‍

`ബേബീഫുഡൊ'രുക്കേണ്ട .പാല്‍ക്കുപ്പി' നിറയ്‌ക്കേണ്ട
`ബേബിസിറ്ററെ'ത്തേടിയോടുവാന്‍ വെമ്പിടേണ്ട,

`മാമിയിന്നെങ്ങും പോകാതെന്റെകൂടിരിയ്‌ക്കേണം'
`മാമിയല്ലാതെ കൂട്ടിനാരുമെനിയ്‌ക്കവേണ്ട',

കൊഞ്ചിമൊഴിഞ്ഞ ചുണ്ടില്‍ മുത്തത്തിന്‍ മുത്തണീച്ച്‌
പിഞ്ചിളം ചിത്തത്തിനെ നോവിപ്പിച്ചകന്നതും,

ഇഷ്ടഭക്ഷണത്തിനായ്‌ ശാഠ്യത്തില്‍ കരഞ്ഞപ്പോള്‍
`ഇഷ്ടമില്ലെങ്കില്‍ വേണ്ട, വേറൊന്നും തരുന്നില്ല',

നേരമില്ലൊട്ടും നിന്റെ ഇഷ്ടത്തിനൊരുക്കാനായ്‌,
`വേറെയും ജോലിയുണ്ട്‌, ശാഠ്യം കൂടുന്നു കുറേ',

അമ്മയെപ്പേടിച്ചല്‌പം കഴിച്ചന്നെണീല്‌പതും
അമ്മയിന്നിച്ഛപോലെ യൊരുക്കാന്‍ വെമ്പുന്നതും,

ശുണ്‍ഠികാട്ടിയിഷ്ടം സാധിപ്പാന്‍ കരഞ്ഞതും
വേണ്ടതിച്ഛപോല്‍ നല്‍കി ധൂര്‍ത്തനാക്കാന്‍ മടിച്ചും,

കാണുംകളിക്കോപ്പെല്ലാം കിട്ടുവാന്‍ വാശി കാട്ടെ
കൊച്ചുതല്ലൊന്നുകൊടുത്തമര്‍ത്തി ശാസിക്കയില്‍

മേലില്‍ ഞാന്‍ ചോദിക്കില്ല, ഇന്നേയ്‌ക്കു മാത്രം മതി,
മേലിലെന്നമ്മയ്‌ക്കു ഞാന്‍ `ഹാര്‍ഡ്‌ റ്റൈം' തരുകില്ല,

കണ്ണീരാല്‍ കാര്യസാദ്ധ്യം നേടുവാന്‍ ശ്രമിച്ചതും
എണ്ണമറ്റോര്‍മ്മകള്‍ തന്‍ പൂത്തിരി കത്തിക്കുന്നു.

സ്‌ക്കൂളിലേക്കയയ്‌ക്കാനായ്‌ കുളിപ്പിച്ചൊരുക്കേണ്ട
സ്‌ക്കൂളിലേതൊന്നുമോര്‍ത്ത്‌ വേവലാതിയും വേണ്ട,

വേണ്ടപോല്‍ നേരമുണ്ടിന്നലട്ടാനാരുമില്ല
വേണ്ടായിന്നവര്‍ക്കൊന്നും കുഞ്ഞുങ്ങള്‍ വളര്‍ന്നുപോയ്‌.

വിശ്രമമെന്നിയേ ഞാന്‍ അര്‍ത്ഥന ചെയ്യുന്നിന്നും
ക്ലേശങ്ങളകന്നെന്റെ പുത്രരെക്കാക്കുവാനായ്‌,

`ദൈവമേ നിന്നില്‍നിന്നുമകറ്റാനുള്ളതൊന്നും
താവക കാരുണ്യത്താലെന്‍ പുത്രര്‍ക്കേകരുതേ !

നന്മയെ സ്‌നേഹിക്കുവാന്‍ തിന്മയെ ദ്വേഷിക്കുവാന്‍
സന്മാര്‍ക്ഷ തീഷ്‌ണരാവാന്‍, മര്‍ദ്ദിതരെയുയര്‍ത്താന്‍,

ധര്‍
ത്തെപ്പുലര്‍ത്തുവാന്‍ സത്യത്തെയാചരിക്കാന്‍
കര്‍മ്മപ്രപഞ്ചത്തിങ്കല്‍ തൃക്കയ്യില്‍ക്കാത്തിടാനും'.

അച്ഛനമ്മമാര്‍ തീര്‍ക്കും ഗാര്‍ഹസ്‌ത്യപ്പറുദീസ
അച്ഛസ്‌ഫടിക ജലധാരയായ്‌ നിലകൊള്‍കില്‍

ഇച്ഛനോലോടിവന്നാ ശീതള ച്ഛായ പുല്‍കാന്‍
വാഞ്‌ഛിക്കും മക്കള്‍ക്കതു നിസ്വാര്‍ത്ഥ സ്‌നേഹതീര്‍ത്ഥം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക