Image

അബ്ദുള്ളക്കുട്ടി മിതത്വം പാലിക്കണം: സുധാകരന്‍

Published on 03 January, 2012
അബ്ദുള്ളക്കുട്ടി മിതത്വം പാലിക്കണം: സുധാകരന്‍
കണ്ണൂര്‍: വിസ്മയ പാര്‍ക്കിനെ പുകഴ്ത്തിക്കൊണ്ടുള്ള എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പാര്‍ട്ടിയെ കുഴക്കുന്നതാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് തുടങ്ങിയ വിസ്മയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത അബ്ദുള്ളക്കുട്ടി പാര്‍ക്കിനെ വികസന മാതൃകയായി പ്രസ്താവിച്ചതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.

അബ്ദുള്ളക്കുട്ടി പ്രസംഗത്തില്‍ മിതത്വം പാലിക്കണമെന്ന ഡി.സി.സി പ്രസിഡന്റ് പി കെ വിജയരാഘവന്റെ അഭിപ്രായത്തോടു യോജിക്കുന്നതായും സുധാകരന്‍ പറഞ്ഞു. പരസ്യപ്രസ്താവന നടത്തുമ്പോള്‍ പാര്‍ട്ടിയെ കുഴപ്പിക്കുന്ന തരത്തിലാകാന്‍ പാടില്ല. വിസ്മയ പാര്‍ക്കിനെപ്പറ്റിയുള്ള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിനുള്ളിലും ഇക്കാര്യം വിവാദത്തിനിടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ പഴിപറഞ്ഞ് കോണ്‍ഗ്രസ്സില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ ചടങ്ങില്‍ പങ്കെടുപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധം പുകയുകയാണ്. ഇക്കാര്യത്തില്‍ സൊസൈറ്റിയുടെ നിലപാടിലുള്ള കടുത്ത അതൃപ്തി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അറിയിച്ചതായാണ് സൂചന. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ജയരാജന്‍ വിട്ടുനില്‍ക്കുകയും ചെയ്തു.

സി.പി.എമ്മിന്റെ സംരംഭത്തില്‍ മന്ത്രി എ.പി.അനില്‍കുമാറും അബ്ദുള്ളക്കുട്ടിയും പങ്കെടുത്തതാണ് കോണ്‍ഗ്രസ്സിലും വിവാദമുണ്ടാക്കിയത്. ചടങ്ങില്‍ മന്ത്രി പങ്കെടുക്കുന്നത് തടയണമെന്ന് കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നിട്ടും ഇരുവരും പങ്കെടുത്തതില്‍ കോണ്‍ഗ്രസ്സിനുള്ളിലും അമര്‍ഷം പുകയുന്നുണ്ട്.

മാത്രവുമല്ല, വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ ആവോളം പുകഴ്ത്താന്‍ അബ്ദുള്ളക്കുട്ടി കാണിച്ച ശ്രമവും ഇവരെ പ്രകോപിതരാക്കിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമം പാര്‍ട്ടിനേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉണ്ടായിരുന്നെങ്കിലും മന്ത്രിപങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത് സ്ഥലം എം.എല്‍.എ. യാണെന്ന പ്രോട്ടോക്കോളാണ് ഇതിന് തടസ്സമായതെന്നാണ് പറയുന്നത്.

പി.ജയരാജനെ കൂടാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരളയും ചടങ്ങില്‍നിന്ന് വിട്ടുനിന്നിട്ടുണ്ട്. ജില്ലാസമ്മേളനം അടുത്ത വേളയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഒരുസ്ഥാപനം, വര്‍ഗവഞ്ചകനായി പാര്‍ട്ടി മുദ്രകുത്തിയ ഒരാളെ ആദരപൂര്‍വം സ്വീകരിച്ചതാണ് അണികളിലും നേതാക്കളിലും ഒരേപോലെ പ്രതിഷേധത്തിനിടയാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക