Image

കുമിളിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

Published on 03 January, 2012
കുമിളിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് കുമളി ചെക്‌പോസ്റ്റുവഴിയുള്ള ഗതാഗതം നിലച്ചതു പുനഃസ്ഥാപിച്ചു. ഒരുമാസമായി മുടങ്ങിയ സര്‍വീസുകളാണ് രാവിലെ പത്തരയോടെ വീണ്ടും തുടങ്ങിയത്.

ഇതുവഴിയുള്ള ചരക്കുനീക്കം സുഗമമാക്കാനും തൊഴിലാളികള്‍ക്ക് ഇരുസംസ്ഥാനങ്ങളിലും ജോലിക്കെത്താനുമുള്ള തടസ്സങ്ങള്‍ നീക്കാനും ഇടുക്കി ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍, തേനി കളക്ടര്‍ ഡോ. പളനിസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇരുഭാഗത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയില്‍ പൂര്‍ണ സമാധാനാന്തരീക്ഷമാണെന്ന് ഇടുക്കി കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഇവിടേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന പ്രചാരണം ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടരുന്നു. തെറ്റുധാരണ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ക്കു പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ തേനി കളക്ടറോട് ആവശ്യപ്പെട്ടു.

ചര്‍ച്ചകളെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ ധാരണയായി. രാവിലെ പത്തരയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് കമ്പം വരെ സര്‍വീസ് നടത്തി. ഇതിന് ആവശ്യമായ സംരക്ഷണം തമിഴ്‌നാട് പോലീസ് നല്കി. തുടര്‍ന്ന് തമിഴ്‌നാട് ബസുകളും കേരളത്തിലേക്ക് സര്‍വീസ് നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നാലാം തിയ്യതി മുതല്‍ പൂര്‍ണതോതില്‍ ഗതാഗതം പുനഃസ്ഥാപിക്കാനും ധാരണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക