Image

ആദര്‍ശം കൈയ്യാലപ്പുറത്ത് (ജോസ് കാടാപുറം)

Published on 13 May, 2015
ആദര്‍ശം കൈയ്യാലപ്പുറത്ത് (ജോസ് കാടാപുറം)
ടിവി ന്യൂസില്‍ പി.സി. ജോര്‍ജ് തുറന്നടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. സോളാര്‍ തട്ടിപ്പ് വിഹിതം ഉമ്മന്‍ ചാണ്ടി കൈപ്പറ്റിയെന്നു ജോര്‍ജ്.
സോളാര്‍ തട്ടിപ്പിന്റെ വിഹിതമായി മുപ്പതു ലക്ഷം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതായി സരിതയുടെ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് മുന്‍ ചീഫ് വിപ്പ്പറയുമ്പോള്‍ സരിതയുടെ കത്ത് നേരിട്ട് കണ്ടൊരാള്‍ എന്ന നിലയില്‍ വിശ്വാസത്തിലെടുക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വെച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തിലാണ് മുപ്പതുലക്ഷം രൂപ സരിതയില്‍ നിന്ന് മുഖ്യമന്ത്രി കൈപ്പറ്റിയതെന്നു ജോര്‍ജ് തറപ്പിച്ച് പറയുന്നു.
ആദര്‍ശധീരനായ ആന്റണിയുടെ അള്‍ത്താരയിലിപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അഴിമതിയുടെ മുഖമാണു. എല്ലാ അള്‍ത്താരബദ്ധന്മാര്‍ക്കും അഴിമതിയുടെ മുഖമാണ്. ചാണ്ടിയുടെ നാല് വര്‍ഷത്തെ തിരുകര്‍മ്മങ്ങളില്‍ അള്‍ത്താരബദ്ധനായിരുന്നു ബാബു. മുഖ്യന്ത്രിയുടെ ഓഫീസില്‍ സരിതയാണെങ്കില്‍ ബാബുവിന്റെ ഓഫീസില്‍ പണപ്പെട്ടിയാണ് ചെന്നത്.
റോഡരികിലെ ഭണ്ഡാരപ്പെട്ടി പോലെ മന്ത്രികാര്യാലയത്തിലും പണപ്പെട്ടി. ആര്‍ക്കും അതില്‍ പണം നിറയ്ക്കാം. ബിജുവിന് അമ്പത് ലക്ഷം കാഷായി കൊടുത്തത് ബാബുവിന്റെ സെക്രട്ടറി ബാബുവിന്റെ കാറില്‍ കൊണ്ടുപോയി വച്ചതിന് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റ് സാക്ഷി!!
സാക്ഷിക്കെന്താ കൊമ്പുണ്ടോയെന്നു ചോദിക്കുമായിരിക്കും!! എല്ലാാത്തിനും തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് ഇനി എന്ത് തെളിവ് വേണം. പുതിയ ലൈസന്‍സിനും വാര്‍ഷിക ഫീസ് നിശ്ചയിച്ചിരുന്നു. ഏത് ബ്രാന്‍ഡ് വാങ്ങുന്നുവെന്നുള്ള തീരുമാനത്തിന്റെ വഴിപാട് നിരക്കുകള്‍ബാര്‍ ലൈസന്‍സിന് 25 ലക്ഷവും, ബിയര്‍-വൈന്‍ പാര്‍ലറിന് പതിനഞ്ച് ലക്ഷവും ഓരോ ബാറുടമകളില്‍ നിന്നും വാങ്ങി. ആകെ ഈ വര്‍ഷം പിരിഞ്ഞു കിട്ടിയത് പത്ത് കോടി!! ചാണ്ടിസം പോയപോക്കെ.

സമസ്ത മേഖലയിലും അഴിമതി. സോളാറിലേക്കാളും എനര്‍ജിയുണ്ട് എക്‌സൈസ് വകുപ്പിന്. വേണ്ടി വന്നാല്‍ സുധീരനെയും ആന്റണിയെയും തിരുത്താനുള്ള ശേഷിയും എക്‌സൈസിനുണ്ട്. ബിനാമി വഴി ഒരു കോടി വാങ്ങിയ മാണിയെ കോഴക്കാരനെന്നു 10 കോടി വാങ്ങിയ ബാബുവും വിളിച്ചു. ഒടുവില്‍ ബാബുവിനും കേസു വരുന്നു.

മാണിയെ രക്ഷിക്കുന്നവര്‍ക്ക് ബാബുവിനെയും ചിറകിലൊളിപ്പിക്കാം. ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. രഹസ്യമൊഴിയില്‍ വെളിപ്പെടുത്തലുണ്ടായാല്‍ അന്വേഷണം സ്വാഭാവികമാണ്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാത്രമാണെന്നും ആഭ്യന്തരമന്ത്രി പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണ്. മാണിസാര്‍ കുറ്റക്കാരനാണെന്നാണ് എഫ്.ഐ.ആര്‍.

ഇങ്ങനെ ചെന്നിത്തലയുടെ വാക്ക് മുഖവിലയ്ക്കെടുത്താല്‍ വീതം പറ്റിയ മുഖ്യമന്ത്രിയുടെയും കാര്യം നമുക്ക് ഉറപ്പിക്കാം. നേരത്തെ സോളാര്‍ കേസിലും ഇപ്പോള്‍ ബാര്‍ കോഴ കേസിലും ഉമ്മന്‍ചാണ്ടിയുടെ പ്രയാസങ്ങള്‍ എല്ലാവര്‍ക്കുമറിയാം. കള്ളന് കഞ്ഞി മാത്രമല്ല പായസം കൂട്ടി സദ്യ കൊടുക്കുകയാണിവിടെ. തെളിവുണ്ടോ രാജിവെയ്ക്കാന്‍ എന്നു പ്രഖ്യാപിച്ചു കെ.ബാബു ഞെളിഞ്ഞു നടക്കുമ്പോള്‍ രാജിയോ അതെന്ത് സാധനം തൃപ്പൂണിത്തറയില്‍ കിട്ടില്ലെന്ന് പറഞ്ഞ് കളഞ്ഞ ഉമ്മന്‍ചാണ്ടിയാണ് യുഡിഎഫിന്റെ രക്ഷകന്‍.

മാണിയുടെ വീട്ടില്‍ വിജിലന്‍സ് കയറിയിട്ടും, രാജിയില്ല,. ബാബുവിന്റെ പെട്ടിയില്‍ നിന്ന് പത്ത് കോടി പിടിച്ചാലും, അത് വര്‍ണ്ണക്കടലാസാണെന്ന് പറയാനുള്ള ബാധ്യത ചെന്നിത്തലയ്ക്കും അതിനെ കൈയ്യടിച്ചംഗീരകരിക്കുന്നതിനുള്ള ആദര്‍ശം സുധീരനുമുള്ളതുകൊണ്ട്, ഉമ്മന്‍ചാണ്ടി വെറും ചാണ്ടിയല്ല. ഒന്നൊന്നര ചാണ്ടിയാണെന്ന് നിസ്സംശയം പറയാം..
ആദര്‍ശം കൈയ്യാലപ്പുറത്ത് (ജോസ് കാടാപുറം)
Join WhatsApp News
A.C.George 2015-05-13 18:44:10
Another Goood one from Jose Kadappuram. Let us fight corruption from right and left.
Moncy kodumon 2015-05-13 20:28:18
Chief minister is clean so everybody clean.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക