Image

ഒ.ബി.സി: കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകം: കാന്തപുരം

Published on 20 May, 2015
ഒ.ബി.സി: കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകം: കാന്തപുരം
കോഴിക്കോട്‌: മറ്റു പിന്നോക്ക സമുദായങ്ങളെ മൂന്നായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഇരുപത്തിയേഴു ശതമാനം സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണ്‌ ഇതിനു പിന്നിലുള്ളതെന്നും പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും കാന്തപുരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പിന്നോക്കാവസ്ഥക്ക്‌ ആനുപാതികമായി സംവരണം നടപ്പിലാക്കണമെന്നാണ്‌ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്‌. സമ്പത്ത്‌ മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച്‌ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ചാണ്‌ ഒ.ബി.സി വിഭാഗങ്ങളെ തരം തിരിക്കേണ്ടത്‌ എന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന്‌ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഇത്‌ നിലവിലുള്ള സംവരണാനുകൂല്യം നഷ്ടപ്പെടാന്‍ ഇട വരുത്തും. ഒ.ബി.സിയെ ഉപഗണങ്ങളായി തിരിക്കാതെ തന്നെ മുഴുവന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കും ഭരണഘടന അനുവദിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. നിലവില്‍ ക്രിമിലിയര്‍, നോണ്‍ ക്രിമിലിയര്‍ എന്നിങ്ങനെ രണ്ടു തരമാക്കിയതിനാല്‍ ഒ.ബി.സി വിഭാഗത്തിലെ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഈ അവസരത്തില്‍ ഒ.ബി.സി വിഭാഗങ്ങളെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കാന്‍ മുഴുവന്‍ പിന്നോക്ക വിഭാഗങ്ങളും മുന്നോട്ടു വരണമെന്നും കാന്തപുരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക