Image

മെമ്മോറിയല്‍ ഡേ- ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 25 May, 2015
മെമ്മോറിയല്‍ ഡേ- ജി. പുത്തന്‍കുരിശ്
    സൈനികരുടെ ശവകുടീരത്തെ അലങ്കരിക്കുക എന്ന ആചാരം വളരെ പ്രാചീനമായ ഒന്നാണ്. അമേരിക്കയുടെ അഭ്യന്തരയുദ്ധകാലത്തും അതിനു മുന്‍പും ഈ പതിവ് നിലനിന്നിരുന്നു. ആയിരത്തി എണ്ണൂറ്റി അറുപത്തിയൊന്ന് ജൂണ്‍ മൂന്നിന് വാറണ്‍ട്ടണ്‍ വെറ്ജീനിയില്‍ അമേരിക്കയുടെ അഭ്യന്തരയുദ്ധകാലത്ത് മരണമടഞ്ഞ പടയാളികളുടെ കുഴിമാടങ്ങളെ അലങ്കരിച്ചുകൊണ്ടാണ് അദ്യത്തെ സ്മരണാദിനം ആഘോഷിച്ചെന്നുള്ള അവകാശവാദം ആയിരത്തിതൊള്ളായിരത്തിയാറില്‍ ഉയര്‍ന്നു. ആയിരത്തി എണ്ണൂറ്റി അറുപത്തിയഞ്ചില്‍ എബ്രഹാം ലിങ്കണ്‍ന്റെ കൊലപാതകത്തെ തുടര്‍ന്ന് പലതരത്തില്‍ സ്മരണകളെ നിലനിറുത്താനായി ആഘോഷങ്ങള്‍ നടത്തിയിരുന്നു. അതാടൊപ്പം   അഭ്യന്തരയുദ്ധത്തില്‍ മരിച്ച അറുനൂറായിരം ഭടന്മാരുടെ ശവസംസ്‌കാരവും സ്മരണനിലനിറുത്തല്‍ ചടങ്ങുകളും സാംസ്‌കാരികമായി പ്രാധാന്യമുള്ളതായി തീര്‍ന്നു.

അഭ്യന്തര യുദ്ധത്തിനു ശേഷം ആദ്യത്തേതും ഏറ്റവും വിപുലവുമായ മെമ്മോറിയല്‍ ഡേ ആഘോഷിച്ചത് ആയിരത്തി എണ്ണൂറ്റി അറുപത്തിയഞ്ച് മെയ് ഒന്നാംതിയതി ചാര്‍ലസ്റ്റണ്‍ സൗത്ത് കാര്‍ലോനയില്‍ വച്ചാണ്. യുദ്ധസമയത്ത് തടവുകാരായെടുത്ത സൈനികസംഘത്തെ പാര്‍പ്പിച്ചിരുന്നത്. ചാള്‍സ്റ്റണിനിലെ ഹാംപ്റ്റണ്‍ പാര്‍ക്ക് ഓട്ട പന്തയസ്ഥലത്താണ്. അന്ന് മരിച്ചുപോയ ഇരുനൂറ്റി അന്‍പത്തി ഏഴ് ഭടന്മാരെ വളരെ തിടുക്കത്തില്‍ തിരിച്ചറിയാന്‍തക്കവണ്ണം അടയാളങ്ങളില്ലാതെ അവിടെ അടക്കുകയുണ്ടായി.  അദ്യാപകരംു, സുവിശേഷഘോഷകരും, ആ പ്രദേശത്തെ കറുത്ത വര്‍ഗ്ഗക്കാരും ആയിരത്തി എണ്ണൂറ്റി അറുപത്തിയഞ്ചില്‍ ഒരു മെയ് ദിവസം അജ്ഞാതരായി അടക്കപ്പെട്ട ഈ ഭടന്മാരുടെ അനുസ്മരണ ദിവസമായി കൊണ്ടാടി.  ഏകദേശം പതിനായിരംപേര്‍ അതില്‍ പങ്കെടുക്കുകയുണ്ടായി.

മെമ്മോറിയല്‍ ഡേ ആഘോഷദിവസം അമേരിയ്ക്കയുടെ പതാക കൊടിമരത്തിന്റെ മുകളിലേക്ക് ഉയര്‍ത്തിയതിനു ശേഷം ഭയഭക്തിപുരസ്സരം കൊടിമരത്തിന്റെ പകുതിയില്‍ താഴ്ത്തികെട്ടും.  മദ്ധ്യാഹ്നംവരെ പതാക അങ്ങനെ നിറുത്തിയതിനുശേഷം വീണ്ടും ഉയര്‍ത്തികെട്ടും. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും നീതിനിയമങ്ങളേയും കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി ജീവനൊടുക്കിയ ഏകദേശം ഒരുമില്ല്യയണ്‍ സ്ത്രീപുരുഷന്മാരെ ആധരിക്കുന്നതിനുവേണ്ടിയാണ് പതാക പകുതി താഴ്ത്തി കെട്ടുന്നത്. അമേരിക്കന്‍ ജനതയുടെ  സ്വാതന്ത്ര്യത്തേയും നീതിന്യായങ്ങളേയും കാത്തു സൂക്ഷിക്കുന്നതിന് ഈ ധീര വനിതകളും പുരുഷന്മാരും നല്‍കിയ സേവനത്തേയും സ്മരിക്കുന്നതോടൊപ്പം അവരുടെ ത്യാഗപൂര്‍ണ്ണമായ പാതകളെ പിന്‍തുടര്‍ന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ കാത്തുസൂക്ഷിക്കുമെന്നുള്ള ഒരു ദൃഡനിശ്ചയമെടുക്കലിന്റെ ഭാഗം കൂടിയാണ് ഈ ഓര്‍മ്മപ്പെരുന്നാള്‍. 

അമേരിക്കകാരെ സംബന്ധിച്ച് ഈ ആഘോഷത്തിന്റെ കാതലായ ഭാഗമെന്നു പറയുന്നത്, അമേരിക്കയിലെ ചെറുതും വലുതുമായ ഏതെങ്കിലുമൊരു പട്ടണത്തില്‍ മെമ്മോറിയല്‍ ഡേയെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു ബഹുജന ഘോഷയാത്രയില്‍ പങ്കുചേരുകയെന്നതാണ്.  സൈനികസംബന്ധിയായ വിഷയത്തില്‍ അധിഷ്ടതമായാണ് ഈ ഘോഷയാത്രയെ സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ സൈനികവാദ്യമേളക്കാരുടെ മാര്‍ച്ച്, സൈനികര്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍, പട്ടാളത്തില്‍ മുന്‍പ് സേവനം ചെയ്തിട്ടുള്ളവര്‍, വിവിധ യുദ്ധങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതിനോട് അനുബന്ധിച്ച് ക്യാപ്പിറ്റോള്‍ ഹില്ലിലെ മൈതാനത്ത് മെമ്മോറിയല്‍ ഡേയെ അനുസ്മരിച്ചുകൊണ്ടുള്ള സംഗീതമേളയും നടത്താറുണ്ട്. മുന്നൂറായിരം മരിച്ചുപോയ ഭടന്മാരുടെ അവശിഷ്ടങ്ങള്‍ യുദ്ധം നടന്നതായ സ്ഥലങ്ങളോട് ചേര്‍ന്നുള്ള എഴുപത്തിമൂന്ന് സിമിത്തേരികളിലായ് അടക്കം ചെയ്തിരിക്കുന്നു. ഇതില്‍ എറ്റവും പ്രധാനമായത് ഗെറ്റിസ്ബര്‍ഗ് നാഷണല്‍ സിമിത്തേരിയും ആര്‍ലിംഗടണ്‍ നാഷണല്‍ സിമിത്തേരിയുമാണ്.

ഈ മെമ്മോറിയല്‍ ഡേയില്‍ നമ്മളുടെ സ്വാതന്ത്യത്തെ കാത്തു സൂക്ഷിക്കുന്നതിനായി ജീവിതം ബലിയര്‍പ്പിച്ച ധീരപടയാളികളെ ഓര്‍ക്കാം. നാം ജീവിച്ചത്രകാലം ജീവിച്ച് നാം അനുഭവിക്കുന്ന വിശേഷവകാശങ്ങള്‍ അനുഭവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നാം ഇന്ന് ഈ രാജ്യത്ത് കൊണ്ടാടുന്ന വിജയവും ആഘോഷങ്ങളും അനുഭവിക്കുന്ന സ്വാതന്ത്ര്യവും നമ്മള്‍ക്കു ജീവിതം ബലിയര്‍പ്പിച്ച ഈ ധീരഭടന്മാരുടെ ചുമലില്‍ നിന്നുകൊണ്ടാണെന്ന സത്യത്തെ ഈ മെമ്മോറിയല്‍ ഡേയില്‍ അനുസ്മരിക്കാം.

നിന്റെ രാജ്യത്തിന് നിനക്ക്‌വേണ്ടി എന്ത് ചെയ്യാമെന്ന് ചോദിക്കാതിരിക്കുക. നിന്റെ രാജ്യത്തിനുവേണ്ടി നിനക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുക. (ജോണ്‍ എഫ് കെന്നഡി)
                                                                       
                                             
                                         
മെമ്മോറിയല്‍ ഡേ- ജി. പുത്തന്‍കുരിശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക