Image

ശ്രീധരന്റെ പ്രാഗത്ഭ്യം അനിവാര്യം: മുഖ്യമന്ത്രി

Published on 04 January, 2012
ശ്രീധരന്റെ പ്രാഗത്ഭ്യം അനിവാര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോയും ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ അടക്കമുള്ള കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെല്ലാം ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളം പൂര്‍ണ്ണമായും വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചി മെട്രോ സംബന്ധിച്ച് അവസാന വാക്ക് ശ്രീധരന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങള്‍ മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്തു. വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതിക്കും കാലതാമസം ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ വിവാദം ഒരു പ്രശ്‌നമേ ആകില്ല. വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതിയും തടസപ്പെടരുത് എന്ന് മാത്രമല്ല അത് ഒരു ദിവസം പോലും വൈകരുത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ശ്രീധരന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം എല്ലാവര്‍ക്കും അറിയാം. നമുക്കൊക്കെ ചില സ്വപ്‌നങ്ങളുണ്ട്. പക്ഷേ ആ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കണമെങ്കില്‍ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ശ്രീധരനെപ്പോലെയുള്ളവരുടെ നേതൃത്വവും പങ്കാളിത്വവും വേണം. വിവാദമുണ്ടായപ്പോഴെ ശ്രീധരനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ജനവരി 12ന് ശ്രീധരനുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക