Image

എന്റെ കാവ്യസുന്ദരി (വാസുദേവ്‌ പുളിക്കല്‍)

Published on 27 May, 2015
എന്റെ കാവ്യസുന്ദരി (വാസുദേവ്‌ പുളിക്കല്‍)
(പഴയകാല രചനകള്‍ - ഇമലയാളിയില്‍ വായിക്കുക)

ഒരു നിശാഗന്ധി പുഷ്‌പത്തിന്‍
ഉന്മാദഗന്ധംപോലെ
ആയിരം മൂക്കുത്തിയിട്ടപ്‌സരസ്സുകള്‍
ആരെയോ കാക്കുമീ രജതരജനിയില്‍
കൈകൊട്ടിപ്പാട്ടും പാടിയെന്‍ മുന്നിലെത്തു-
ന്നെന്റെ പ്രിയമുള്ളവള്‍, കാവ്യനര്‍ത്തകി, മനോജ്‌ഞാംഗി,
എന്റെ ഹൃല്‍സ്‌പന്ദനംപോലെ, എന്റെ കല്‌പനപോലെ
കാല്‍ത്തളയിളക്കിയാ കാമിനി വരവായ്‌
തങ്കനൂപുരങ്ങളും സ്വര്‍ണ്ണകങ്കണങ്ങളും
തൂലിക മുക്കാന്‍ കലാഭംഗിതന്‍ കലശവും
മലയാളഭാഷതന്‍ പുളകപ്പൂനാമ്പും ചൂടി
സര്‍ഗ്ഗകൗതുകത്തിന്റെ വിരിഞ്ഞ മാമ്പു ചൂടി
സത്യശിവസൗന്ദര്യത്തിന്‍ പൊരുളായ്‌
നവ്യഹര്‍ഷമിയന്നൊരു ഹരിത തളിരായ്‌
മഞ്‌ജുളാര്‍ദ്രയായ്‌ മതിമോഹനച്ചുവടുമായ്‌
സാനന്ദമടുക്കുന്നു സുസ്‌മിതദീപം കാട്ടി
തുടിക്കും ഹൃദയത്തില്‍ പഞ്ചാരിമേളം കൊട്ടി
അവള്‍ക്കായ്‌ ഒരു പൂരം ഞാനൊരുക്കുമ്പോള്‍,
തൊട്ടുതൊട്ടെന്നപോലെ ചാരത്തേക്കണയുന്നു, പക്ഷേ,
തിടുക്കം കാട്ടി എന്നെ വിട്ടകലുന്നു മെല്ലെ.
കയ്യെത്തിപ്പിടിക്കാന്‍ ഞാനൊട്ടു ശ്രമിക്കുമ്പോള്‍
ഊര്‍ന്നുവീണിടുന്നെന്‍ തൂലികയപ്പോള്‍ താഴെ.
എന്റെ കാവ്യസുന്ദരി (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
വായനക്കാരൻ 2015-05-27 18:30:01
കാവ്യസുന്ദരിക്ക് നൃത്തം ചെയ്യുവാൻ ഇങ്ങിനെ താള(കേക)ത്തിലാക്കുന്നതല്ലേ ഭംഗി.

നിശാഗന്ധിപുഷ്പത്തിൻ
            ഉന്മാദ ഗന്ധം പോലെ
ആയിരം മുക്കുത്തിയി-
            ട്ടപ്സര കന്യകകൾ
ആരെയോ കാക്കുന്നൊരീ
            രജത രജനിയിൽ
കൈകൊട്ടിപ്പാട്ടും പാടി-
            യെൻ‌മുന്നിലെത്തുന്നുണ്ടാ
പ്രിയമുള്ളവൾ കാവ്യ-
            നർത്തകി മനോജ്ഞാംഗി,
എൻ ഹൃത്‌സ്പന്ദനം പോലെ
            എന്റെ കല്പന പോലെ
കാൽത്തലയിളക്കിയാ
            കാമിനി വരവായി
തങ്കനൂപുരങ്ങളും
            സ്വർണ്ണകങ്കണങ്ങളും
തൂലിക മുക്കാൻ കലാ-
            ഭംഗിതൻ കലശവും
മലയാളഭാഷതൻ
            പുളകപ്പൂക്കൾ ചൂടി
സർഗ്ഗകൌതുകത്തിന്റെ
            വിരിഞ്ഞ മാമ്പൂ ചൂടി
സത്യശിവസൌന്ദര്യ
            ദർശനപൊരുളായി
നവ്യഹർഷമിയന്ന
            ഹരിത തളിരായി
മഞ്ജുളാർദ്രയായ് മതി-
            മോഹനച്ചുവടുമായ്
സാനന്ദമടുക്കുന്നു
            സുസ്മിത ദീപം കൊട്ടി
അവൾക്കായ് ഒരു പൂരം 
             ഞാനൊരുക്കുമ്പോളവൾ
തൊട്ടുതൊട്ടെന്നപോലെ
            ചാരത്തേക്കണയുന്നു
തിടുക്കം കാട്ടി പക്ഷേ 
            വിട്ടകലുന്നു മെല്ലെ.
കൈയ്യെത്തിപ്പിടിക്കുവാൻ
            ഞാനൊട്ടു ശ്രമിക്കുമ്പോൾ
ഊർന്നുവീണീടുന്നുണ്ടെൻ
            തൂലികയപ്പോൾ താഴെ.
വിദ്യാധരൻ 2015-05-28 11:23:25
കവികൾക്ക് പലവിധ മുഖങ്ങളാണ് 
അവരുടെ മനസ്സിനെ കണ്ടോരുണ്ടോ ?
'പഴയതെന്തായാലും സ്വർണ്ണമല്ലെ?'
പഴയപ്രേമവും വിഭിന്നമല്ല .
പ്രേമത്തിൻ  ഓർമ്മ തികട്ടിടുമ്പോൾ
'കാമിനി' കവിതയായി മാറിടുന്നു 
ഉണ്ടോ ഏതോ ബന്ധം ഈ കാമിനികൾക്ക് 
പണ്ടേതുട്ടെ കവികളുമായി?
കവിയുടെ ഹൃദയം മൃദുലമല്ലേ 
അവരേ നാം എന്തിനു സംശയിപ്പൂ?
എഴുതട്ടെ കവികൾ ഇത്തരത്തിൽ 
അഴകുള്ള കവിത ഇടയ്ക്കിടയ്ക്ക്
കവികളിൽ കാണുന്നു 'ലിബിഡൊ ' യെന്ന് 
കവികൾതന്നെ പറയുന്നത് സത്യമാണോ ?

(കലാകാരന്മാരിൽ ലിബിഡൊ എന്ന കാമചോദനയെ ഉളവാക്കുന്ന 
ഹോർമോണിനെക്കുറിച്ച് പറയുന്നു. ചങ്ങമ്പുഴയെന്ന കവി ഇതിനെക്കുറിച്ച് 
എഴുതിയിട്ടുണ്ട്. അദ്ദേഹം ഏകദേശം അമ്പതു പ്രണയ കവിതകളും കൂടാതെ 
കാവ്യനർത്തകി എന്ന മനോഹരമായ കവിതയും എഴുതിയിട്ടുണ്ട്. ഇതെല്ലാം 
ചേർത്തു വായിക്കുമ്പോൾ ഉണ്ടാകുന്ന സംശയത്തിന്റെ ഒരു പ്രതിഫലമാണ് 
ഞാൻ മേൽ ഉന്നയിച്ചിരിക്കുനത്)


 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക