Image

255 ഇരകള്‍! : 'റമാദിയിലെ ചെകുത്താന്‍' ചരിത്രമെഴുതുന്നു

Published on 04 January, 2012
255 ഇരകള്‍! : 'റമാദിയിലെ ചെകുത്താന്‍' ചരിത്രമെഴുതുന്നു
ഡാളസ്: കൈയില്‍ ഗ്രനേഡുമായി നില്‍ക്കുന്ന ചാവേര്‍ വനിതയ്ക്കു നേരേ തോക്കു ചൂണ്ടിയപ്പോള്‍ ക്രിസ് കെയ്‌ലിന്റെ കൈ വിറച്ചു. കാഞ്ചിയില്‍ വിരല്‍ അമരാന്‍ കമാന്‍ഡറുടെ ആവര്‍ത്തിച്ചുള്ള 'ഷൂട്ട്' ഉത്തരവുകള്‍ വേണ്ടിവന്നു. അതു പഴയ കഥ.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാനായി പത്തു വര്‍ഷത്തെ സേവനത്തിനുശേഷം യു.എസ്. നേവി സീല്‍ പടയില്‍നിന്നു വിരമിക്കുമ്പോള്‍ ക്രിസ് കെയ്ല്‍ കാലപുരിക്കയച്ചവരുടെ എണ്ണം 255! 

വിയറ്റ്‌നാം യുദ്ധത്തില്‍ 109 ജീവനെടുത്ത ആര്‍മി സര്‍ജന്റ് അഡല്‍ബെര്‍ട്ട് എഫ്. വാള്‍ഡ്രോണിനുമപ്പുറം നരവേട്ടയില്‍ യു.എസ്. സൈനികര്‍ക്കിടയില്‍ റെക്കോഡിട്ടാണ് കെയ്ല്‍ തന്റെ കരിയര്‍ അവസാനിപ്പിച്ച് .300 വിഞ്ചസ്റ്റര്‍ മാഗ്‌നം റൈഫിള്‍ താഴെവച്ചത്. 

പെന്റഗണിന്റെ ഔദ്യോഗിക കണക്കില്‍ കെയ്‌ലിന്റെ ഇരകളുടെ എണ്ണം 160 ആണ്. 'വണ്‍ ഷോട്ട്, വണ്‍ കില്‍' എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ യു.എസ്. മറൈന്‍ സ്‌നൈപര്‍ കാര്‍ലോസ് ഹാത്‌കോക്കിന്റെ ഇരകളുടെ എണ്ണം 93 ആയിരുന്നു. വിയറ്റ്‌നാം യുദ്ധത്തിലായിരുന്നു ഹാത്‌കോക്കിന്റെ വീരകൃത്യം. പക്ഷേ, രണ്ടാം ലോകയുദ്ധത്തില്‍ 542 സോവിയറ്റ് സൈനികരുടെ നെഞ്ചില്‍ നിറയൊഴിച്ച ഫിന്‍ലന്‍ഡ് സൈനികന്‍ സിമോ ഹായ്ഹായാണ് ഇവര്‍ക്കെല്ലാം മുന്നില്‍.

255 ജീവനെടുത്തതില്‍ കെയ്‌ലിനു പശ്ചാത്താപം തെല്ലുമില്ല. ശത്രുവിനു നേരേ നിറയൊഴിക്കല്‍ തന്റെ കടമയായിരുന്നെന്ന് 'അമേരിക്കന്‍ സ്‌നൈപര്‍' എന്ന പുസ്തകത്തില്‍ കെയ്ല്‍ പറയുന്നു. ''സ്വന്തം ജോലി നിര്‍വഹിച്ചെന്ന ഉത്തമ ബോധ്യത്തോടെ ദൈവത്തിനു മുന്നില്‍ നില്‍ക്കാന്‍ സാധിക്കും. രക്ഷിക്കാന്‍ കഴിയാതെപോയ സഹപ്രവര്‍ത്തകരെ ഓര്‍ക്കുമ്പോള്‍ മാത്രമേ ദുഃഖമുള്ളൂ.'' നാലു തവണയായുള്ള ഇറാഖ് ദൗത്യത്തിനിടെ 255 ജീവനെടുത്ത കഥകള്‍ വിവരിക്കുന്ന 'അമേരിക്കന്‍ സ്‌നൈപര്‍' അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ ചരിത്രം കൂടിയാണ്. 2008 ല്‍ സദര്‍ നഗരത്തില്‍ 2100 വാര അകലെ റോക്കറ്റ് ലോഞ്ചറുമായി നിന്ന ഭീകരനെ വെടിവച്ചുകൊന്നതാണ് കെയ്‌ലിന്റെ സ്വപ്‌ന ഷോട്ട്. അന്നു കൈയിലുണ്ടായിരുന്ന .338 ലാപുവാ മാഗ്‌നം റൈഫിളിന്റെ റേഞ്ചിനുമപ്പുറമായിരുന്നു ലക്ഷ്യം. ഭീകരന്റെ നെഞ്ചുപിളര്‍ക്കാനായി ദൈവം ആ വെടിയുണ്ട ഊതിപ്പറപ്പിച്ചു എന്നാണ് കെയ്ല്‍ എഴുതിയത്.

ഇറാഖിലെ റമാദിയില്‍ തോക്കുകൊണ്ടു താണ്ഡവമാടിയ കെയ്‌ലിനെ തീവ്രവാദികള്‍ 'റമാദിയിലെ ചെകുത്താന്‍' എന്നാണു വിളിച്ചിരുന്നത്. തലയ്ക്ക് 20,000 ഡോളര്‍ വിലയുമിട്ടിരുന്നു. 

കരിയറിനിടെ രണ്ടു തവണ വെടിയേറ്റെങ്കിലും കെയ്ല്‍ ജീവിതത്തിലേക്കു തിരികെവന്നു. 

ഡാളസിലെ വസതിയില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം കഴിയുന്ന കെയ്‌ലിന് ഓമനിക്കാന്‍ സൈനിക ജീവിതത്തിന്റെ ചില ശേഷിപ്പുകളുണ്ട്. ധീരതയ്ക്കു കിട്ടിയ മൂന്നു വെള്ളി നക്ഷത്രങ്ങളും അഞ്ച് വെങ്കല നക്ഷത്രങ്ങളും. വെടിയൊച്ചകള്‍ ഓര്‍മകളില്‍ മാത്രം.

255 ഇരകള്‍! : 'റമാദിയിലെ ചെകുത്താന്‍' ചരിത്രമെഴുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക