Image

പെന്‍ഷന്‍ പ്രവാസികള്‍ക്കുള്ള പുതുവര്‍ഷസമ്മാനം: വയലാര്‍ രവി

Published on 05 January, 2012
പെന്‍ഷന്‍ പ്രവാസികള്‍ക്കുള്ള പുതുവര്‍ഷസമ്മാനം: വയലാര്‍ രവി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പ്രതുവര്‍ഷ സമ്മാനമാണ്‌ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍, പുനരധിവാസ, ഇന്‍ഷുറന്‍സ്‌ പദ്ധതികളെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. പദ്ധതി പ്രവാസി ഇന്ത്യക്കാരായ 50 ലക്ഷം തൊഴിലാളികള്‍ക്കു പ്രയോജനം ചെയ്യും. പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യയില്‍ വോട്ടവകാശം ലഭ്യമാക്കിയതുപോലെ വിപ്ലവകരമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വാങ്ങി (ഇസിആര്‍) വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്കു പദ്ധതിയില്‍ അംഗമാകാം. പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിവര്‍ഷം 1000 മുതല്‍ 12,000 രൂപവരെ അഞ്ചു വര്‍ഷത്തേക്കെങ്കിലും തൊഴിലാളികള്‍ അടയ്‌ക്കണം. അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാര്‍ പ്രതിവര്‍ഷം പുരുഷന്‍മാരുടെ പേരില്‍ 1000 രൂപ വീതവും സ്‌ത്രീകളാണെങ്കില്‍ 2000 രൂപ വീതവും നിക്ഷേപിക്കും. പ്രതിവര്‍ഷം 4000 രൂപയാണ്‌ തൊഴിലാളികള്‍ പുനരധിവാസ പദ്ധതിക്കായി നല്‍കേണ്ടത്‌.

ഈ പദ്ധതിയിലും സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 രൂപ വീതം നിക്ഷേപിക്കും. പുനരധിവാസ പദ്ധതി യുടിഐയുടെയും ഇന്‍ഷുറന്‍സ്‌ പദ്ധതി എല്‍ഐസിയുടെയും ചുമതലയിലും. പദ്ധതിയില്‍ ചേരാന്‍ സംസ്‌ഥാനങ്ങളില്‍ പ്രൊട്ടക്‌ടര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ (പിഒഇ) ഓഫിസിലും,വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സ്‌ഥാനപതി കാര്യാലയങ്ങളിലും സൗകര്യമുണ്ടാവും. സ്വന്തമായി തുറക്കുന്ന ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ തൊഴിലാളി പദ്ധതിക്കുള്ള പണം അടയ്‌ക്കേണ്ടത്‌. ബാങ്ക്‌ അതാതു ഫണ്ട്‌ മാനേജര്‍മാരിലേക്കു തുക വകമാറ്റും.

അഞ്ചു വര്‍ഷത്തേക്കോ അതിനു മുമ്പ്‌ തൊഴിലാളി ഇന്ത്യയിലേക്കു മടങ്ങിയാല്‍ അതുവരെയോ ആണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയാണ്‌ ഇന്‍ഷുറന്‍സ്‌ തുകയായി കുടുംബത്തിനു ലഭിക്കുക.

ഇന്ത്യയിലേക്കു മടങ്ങുമ്പോള്‍ പുനരധിവാസ പദ്ധതിയിലെ തുക പിന്‍വലിക്കാം. പെന്‍ഷന്‍ തുകയുടെ ഒരു ഭാഗം ഒറ്റത്തവണയായും പിന്നീട്‌ ഓരോ മാസവും പിന്‍വലിക്കാം.

പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നതിനുള്ള കാലാവധിക്കു മുമ്പു തൊഴിലാളിക്കു മരണം സംഭവിച്ചാല്‍ അടച്ച തുകയും ഇന്‍ഷുറന്‍സ്‌ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കുടുംബത്തിനു ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക