Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-19

Published on 05 January, 2012
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-19
പന്ത്രണ്ട്

യേശുവിന്റെ മരണശേഷം ദൈവരാജ്യത്തെപ്പറ്റി സംസാരിക്കാന്‍ ഞാനും പീറ്ററും ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ ചില യാത്രകളെപ്പറ്റി മുന്‍ അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചല്ലോ. എന്നാല്‍ മാറിയ പരിതസ്ഥിതിയില്‍ അങ്ങനെ ചെയ്യാന്‍ വളരെയേറെ പ്രയാസങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. റോമന്‍ അധികാരികള്‍ ഞങ്ങളുടേത് ഒരു വിധ്വംസക പ്രസ്ഥാനമായിട്ടാണ് കണ്ടത്. അതുകൊണ്ടവരതിനെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തി. യേശുവിന്റെ പേര് ജനങ്ങള്‍ ഉച്ചരിക്കുന്നതു അവരെ കോപിഷ്ഠരാക്കി. യഹൂദര്‍ കൂട്ടം കൂടി നില്‍ക്കുന്നതുപോലും ഒരു ഭീഷണിയായവര്‍ കരുതി. എന്നാലും യേശുവിന്റെ ആഹ്വാനമനുസരിച്ച് ജറുസലേമിലും യഹൂദ്യയിലെ മറ്റ് സ്ഥലങ്ങളിലും ദൈവരാജ്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആതുരശുശ്രൂഷ ചെയ്യാനും ശിഷ്യരുടെ കൂട്ടായ്മ ശ്രമിച്ചിരുന്നു. ഈ സംരംഭമാണ് ആദ്യകാല ക്രൈസ്തവ സഭയുടെ കേന്ദ്രബിന്ദുവായത്.
പീറ്ററും ഞാനും ദിവസേന ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. മോശയുടെ കല്‍പ്പനകളെ ഞാനെന്നും ആദരിച്ചിരുന്നു. ചെറുപ്പം മുതലേ ഞാനതില്‍ വിശ്വസിച്ചിരുന്നതാണ്. മതാദ്ധ്യക്ഷനമാരുടെ ദുര്‍വ്യാഖ്യാനങ്ങളും അവരുടെ ധാരാളിത്തവുമൊക്കെയാണ് എനിക്ക് മനംമടുപ്പുണ്ടാക്കിയിരുന്നത്.
ഒരുദിവസം പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ പീറ്റര്‍ ക്ഷേത്രത്തിന്റെ പുറംവാതിലിനടുത്ത് വികലാംഗനായ ഒരു യാചകനെ കണ്ടു. ഏതാണ്ട് അമ്പത് വയസ് തോന്നിക്കുന്ന അയാളുടെ രണ്ടു കാലുകളും ശോഷിച്ച് ഒരഞ്ചു വയസ്സുള്ള കുട്ടിയേതുപോലിരുന്നു. തീരെ മെല്ലിച്ച ശരീരം. വലത് കൈയ്യില്‍ പത്തിയില്ല. ദയ അര്‍ഹിക്കുന്ന ഒരു ഭിക്ഷാംദേഹി!
പീറ്റര്‍ അല്‍പ്പനേരം അയാളുടെ മുഖത്തേക്ക് നോക്കി അവിടെനിന്നു. പിന്നെ കുനിഞ്ഞ് യാചകന്റെ കൈയ്യില്‍ സ്പര്‍ശിച്ചിട്ടു പറഞ്ഞു:- “നിനക്കു തരാന്‍ എന്റെ കൈയ്യില്‍ സ്വര്‍ണ്ണനാണയമോ വെള്ളിനാണയമോയില്ല. എന്നാല്‍ ഞാന്‍ യേശുവിന്റെ നാമത്തില്‍ നിന്നോടു പറയുന്നു; നിന്റെ കാലുകള്‍ക്ക് ശക്തിയുണ്ടായി, എന്തെങ്കിലും പണിയെടുക്കാന് നിനക്ക് കഴിയട്ടെ!”
അത്ഭുതമെന്നേ പറയേണ്ടൂ, അവന്റെ കാലുകള്‍ക്ക് പൂര്‍വ്വാധികം ശക്തിയും ശരീരത്തിന് മുമ്പത്തെക്കാള്‍ ആര്‍ജ്ജവമുണ്ടായി. “നീ നടക്ക്, യേശുവിന്റെ നാമത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നു”.
അയാള്‍ സാവധാനം മുമ്പോട്ടു നടന്നു.
ആ യാചകന്‍ ദൈവത്തിന് സ്‌തോത്രം പാടിക്കൊണ്ട് ക്ഷേത്രത്തിന്റെ പടിയിറങ്ങിപ്പോയി.
പെട്ടെന്ന് ഈ വിവരം എല്ലാ ജനങ്ങളും അറിഞ്ഞു. അവര്‍ പീറ്ററുടെയും ജോണിന്റെയും ചുറ്റും കൂടി, പീറ്റര്‍ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും, പരിശുദ്ധാത്മാവിനെക്കുറിച്ചും, യേശു ഉയിര്‍ത്തെഴുന്നേറ്റതിനെപ്പറ്റിയും ജനങ്ങളോട് പ്രസംഗിച്ചു.
ക്ഷേത്രാധികാരികളും ഇതറിഞ്ഞു. അവരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ മുമ്പോട്ടു വന്ന് പീറ്ററെയും ജോണിനെയും കയ്യാമംവെച്ച് തടവറയിലാക്കി. അടുത്തദിവസം വിചാരണ കൗണ്‍സിലിന്റെ മുമ്പില്‍ ഹാജരാക്കി.
ഭാഗ്യമെന്നേ പറയേണ്ടൂ, യേശുവിന്റെ അവസ്ഥ അവര്‍ക്കുണ്ടായില്ല. വിചാരകഴിഞ്ഞ് ശിക്ഷയൊന്നും കൂടാതെ അവരെ സ്വതന്ത്രരാക്കി. കെയാഫെസ് ഞങ്ങളെ വിസ്തരിക്കുകയും ഒരവസരത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യേശുവിന്റെ നാമത്തിലിനി ആതുരശുശ്രൂഷ ചെയ്യരുതെന്ന് ഒരു താക്കീതും തന്നു. അത്രയേ ഉണ്ടായുള്ളൂ.
എനിക്ക് കെയാഫെസിനോടും, അയാളുടെ ഉപദേഷ്ടാവും ഭാര്യാ പിതാവുമായ അനാസിനോടുമുള്ള വെറുപ്പ് യേശുവിനെ കുരിശിലേറ്റിയശേഷം കടുത്ത വിദ്വേഷമായി മാറിയിരുന്നു. സന്ദര്‍ഭം ഒത്തുവന്നാല്‍ അയാളുടെ മാറില്‍ ഒരു കഠാര കുത്തിയിറക്കാന്‍ തക്കവിധം എന്നിലെ കോപാഗ്നി ആളിക്കത്തിയിരുന്നു. എന്നാല്‍ യേശുവിന്റെ വചനങ്ങള്‍ എന്നെ ശാന്തയാക്കി. “വാളെടുത്തവന്‍ വാളാല്‍ നശിപ്പിക്കപ്പെടുമെന്നാണല്ലോ” അദ്ദേഹം അരുളി ചെയ്തത്.
എന്നിലെ പ്രതികാരം കെട്ടടങ്ങി.
എനിക്കിപ്പോഴവരോട് അനുകമ്പയാണ് തോന്നിയത്. അറിവില്ലാത്ത ഭോഷന്മാര്‍ . ദൈവം അവരോട് ക്ഷമിക്കട്ടെ!
ഇതൊന്നും ഞങ്ങളെ നിരുത്സാഹപ്പെടുത്തിയില്ല. വീണ്ടും യേശുവിന്റെ നാമത്തില്‍ സുവിശേഷ പ്രചരണം തുടര്‍ന്നു.
പീന്നീടൊരവസരത്തില്‍ കെയാഫസും കൂട്ടരും സ്ത്രീകള്‍ ഉള്‍പ്പെടെ ഞങ്ങളെയെല്ലാം കൈയ്യാമം വെച്ച് പൊതു തടവറയിലാക്കി. അവിടുത്തെ ജീവിതം എനിക്കൊരു പുതിയ അനുഭവമായരുന്നു. ഇരുണ്ടു കുടുസ്സായ മുറി. എപ്പോഴും തണുപ്പ്. സാധാരണ കുറ്റവാളികളോടൊപ്പം കഴിയുക. ആദ്യം ഞാനവരെ ഭയപ്പെട്ടു. പിന്നീട് അവരോട് സഹതാപമാണ് തോന്നിയത്.
അടുത്തദിവസം വിചാരണ കൗണ്‍സിലിന് മുമ്പില്‍ ഞങ്ങളെ ഹാജരാക്കി. കൗണ്‍സിലില്‍ കെയാഫസും അനാസും ഉണ്ടായിരുന്നു. അവരെ നേരിട്ടു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിദ്വേഷം വീണ്ടും പത്തിയുയര്‍ത്തിയെങ്കിലും ഞാന്‍ മൗനം പൂണ്ടിരുന്നതേയുള്ളൂ.
“നിങ്ങള്‍ ആ പേരില്‍ (യേശുവിന്റെ) പ്രവചനം നടത്തരുതെന്ന് കര്‍ശനമായ ഉത്തരവ് തന്നിരുന്നതാണ്. അത് ലംഘിച്ചിരിക്കുന്നു.” കെയാഫസ് മുമ്പോട്ടുവന്ന് ഉറക്കെപ്പറഞ്ഞു. അയാള്‍ കോപംകൊണ്ടു വിറച്ചു. “യേശുവിന്റെ രക്തത്തിന് ഞങ്ങളെ കുറ്റക്കാരാക്കാന്‍ നിങ്ങള്‍ ശ്രമിക്കയാണ്. അത് ഞാന്‍ അനുവദിക്കില്ല.”
“ദൈവേശ്ചയെന്താണോ ഞങ്ങള്‍ അത് അനുസരിക്കും. എന്തുകൊണ്ടതു പാടില്ല?” എന്റെ കോപം ഞാന്‍ മറച്ചുവെച്ചില്ല.
“സ്വര്‍ഗ്ഗസ്ഥനായ പിതാവ് തരുന്ന ആജ്ഞകളാണ് ഞങ്ങള്‍ നിറവേറ്റുന്നത്. മനുഷ്യരുടെ കല്‍പ്പനകള്‍ എന്തിനനുസരിക്കണം?” പീറ്റര്‍ ദൃഢസ്വരത്തില്‍ ചോദിച്ചു.
കൗണ്‍സില്‍ മെമ്പറന്മാര്‍ അന്യോന്യം നോക്കി എന്തോ തീരുമാനമെടുത്ത മട്ടില്‍ അലക്ഷ്യമായി ചോദിച്ചു.
“ഇത് ഈശ്വരനിന്ദയാണ്. ഇവരെ കുരിശിലേറ്റുക!”
രക്തദാഹികളായ അവരുടെ വിധി ഞങ്ങളെ ഞെട്ടിച്ചു.
ഈയവസരത്തില്‍ ഗമാലിയേല്‍ എന്ന ബഹുമാന്യനായ ഒരു പരീശന്‍ മുമ്പോട്ടുവന്ന് വിചാരണ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് പറഞ്ഞു:- “ന്യായം വിധിക്കുന്ന കൗണ്‍സിലിനൊടെനിക്കൊരു അപേക്ഷയുണ്ട്. ഇവരെ വെറുതെ വിടുക! ഇവരുടെ പ്രസ്ഥാനം വളരുന്നത് ഈശ്വരനിശ്ചയമനുസരിച്ചാണെങ്കില്‍ അതിനെ തടുക്കാന്‍ നിങ്ങള്‍ക്കാവില്ല. അവര്‍ക്ക് ദൈവാനുഗ്രഹമില്ലെങ്കില്‍ അത് തനിയെ നശിച്ചുകൊള്ളും. നിങ്ങളൊന്നും അതിനുവേണ്ടി ചെയ്യണ്ട! ദൈവേശ്ചയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ , ദൈവത്തിനു വിരുദ്ധമായി നിങ്ങളൊന്നും ചെയ്യാന്‍ മുതിരുകയില്ലെന്നാണെന്റെ വിശ്വാസം!”
ഗമാലിയേല്‍ യിസ്രയേലൊട്ടാകെ അറിയപ്പെടുന്ന പരീശനും, മോശയുടെ നിയമങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളവനുമായിരുന്നു. ജനങ്ങളുടെ മുമ്പാകെ അദ്ദേഹം ഇങ്ങനെ പറഞ്ഞതുകേട്ട് കെയാഫെസ് സ്തംഭിച്ചുപോയി. ഗമാലിയേലിന്റെ അഭിപ്രായങ്ങള്‍ക്ക് ജനം വലിയ വില കല്‍പ്പിക്കുമെന്നയാള്‍ക്കറിയാം.
അല്‍പ്പനേരം ഗമാലിയേലിനെ തുറിച്ചുനോക്കിയിട്ട്, എന്നാല്‍ പൊതുസ്ഥലത്ത് ബഹളം കൂട്ടിയ കുറ്റത്തിനെങ്കിലും ഇവരെ ശിക്ഷിക്കണമെന്ന് കെയാഫെസ് തന്റെ നിലപാട് മയപ്പെടുത്തി പറഞ്ഞു. കൗണ്‍സിലിലെ മറ്റുള്ളവരും ഇതിനോടു യോജിച്ചു. ഓരോരുത്തര്‍ക്കും പൊതുസ്ഥലത്തു വെച്ച് പത്ത് അടി വീതം കൊടുക്കാന്‍ ഉത്തരവായി.
ക്ഷേതത്തിലെ സെക്യൂരിറ്റി ഉദ്യോഗ്സ്ഥന്‍ ഞങ്ങളെ വലിച്ചിഴച്ച് ഒരു സ്വകാര്യഗൃഹത്തില്‍ കൊണ്ടുപോയി പത് അടി വീതം തന്നു. ഈ അനുഭവം അത്യന്തം വേദനാജനകമായിരുന്നെന്ന് പറയേണ്ടല്ലോ. ചാട്ടവാറുകൊണ്ടുള്ള അടി എന്റെ ശരീരത്തില്‍ നീലച്ചാലുകള്‍ ഉഴുതു. ചിലടത്ത് രക്തം പൊടിഞ്ഞു. ഞങ്ങളാരും കരഞ്ഞില്ല. യേശുവിന് വേണ്ടിയും ദൈവേശ്ചയനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശ്വാസം എല്ലാം സഹിക്കാനുള്ള ധൈര്യവും ശക്തിയും ഞങ്ങള്‍ക്ക് തന്നു.
ഞങ്ങളെ കെട്ടഴിച്ചുവിടാന്‍ നേരം യേശുവിന്റെ നാമത്തില്‍ ഇനിയും സംസാരിക്കരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ക്യാപ്റ്റന്‍ വീണ്ടും ഒരു താക്കീത് കൂടെ തന്നു.
റോമന്‍ അധികാരികള്‍ അവരുടെ കടുത്ത മര്‍ദ്ദനമുറകള്‍ അഴിച്ചു വിട്ട് ഇസ്രയേലിലെ വിശ്വാസികളെ വേട്ടയാടുന്ന സമയത്താണ് ആന്റിപസ് രാജാവ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രാജ്യഭരണം ഏറ്റെടുത്ത് അഗ്രിപ്പയായിരുന്നു. ആന്റിപസ് നയജ്ഞനും ദീര്‍ഘ വീക്ഷണമുള്ളവനുമായിരുന്നു. എന്നാല്‍ അഗ്രിപ്പയ്ക്ക് ഈ ഗുണങ്ങളൊന്നുമുണ്ടായിരുന്നില്ല. റോമന്‍ അധികാരികളെ പ്രീതിപ്പെടുത്തി തന്റെ നില സുരക്ഷിതമാക്കുക മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം.
യേശുവിന്റെ വേര്‍പാടിനുശേഷം ഞങ്ങളുടെ സഭയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ പൊന്തിവന്നു.
പീറ്ററുടെ അഭിപ്രായങ്ങളോട് യോജിച്ചുപോകാന്‍ പലപ്പോഴും എനിക്ക് കഴിഞ്ഞിരുന്നില്ല. അദ്ദേഹമൊരു പരുക്കന്‍ സ്വഭാവക്കാരനായിരുന്നു. യേശു ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാനൊരു സ്ത്രീയായതുകൊണ്ട് യേശുവിനെയും മറ്റ് ശിഷ്യരെയും വിട്ടു പോകണമെന്ന് പീറ്റര്‍ ഒരിക്കല്‍ ആവശ്യപ്പെട്ടതാണ്. യേശുവിന്റെ കര്‍ശനമായ ഇടപെടല്‍ മൂലമാണ് അദ്ദേഹം ആ ആവശ്യം പിന്‍വലിച്ചത്. വ്യക്തിപരമായ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ഗൗരവമായെടുത്തില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സഭയുടെ നടത്തിപ്പിനെക്കുറിച്ചുള്ള ആശയങ്ങള്‍ മിക്കവാറും അപക്വങ്ങളായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ നിരന്തരം പോരാടിത്തന്നെയാണ് കഴിഞ്ഞിരുന്നതെന്നു പറയാം.
യഹൂദരല്ലാത്തവരെ പരിവര്‍ത്തനം ചെയ്ത് യേശുവിന്റെ പ്രമാണങ്ങളില്‍ വിശ്വസിപ്പിക്കുന്നതിന് പീറ്റര്‍ പൊതുവെ എതിരായിരുന്നു. യഹൂദരുടെ വിശ്വാസപ്രമാണങ്ങളില്‍ അതിപ്രധാനമായത് അവരാണ് ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്നതാണ്. ദൈവസന്തതികള്‍ ! യേശുവിന്റെ പ്രമാണമാകട്ടെ, ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം ദൈവസന്തതികളാണെന്നും, പരിശുദ്ധാത്മാവില്‍ അവര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നുമാണ്. ഇതിലെ വൈരുദ്ധ്യം മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു ആദ്യകാല സഭയിലെ ഞങ്ങളുടെ പ്രധാന ദൗത്യം.
സാബത്ത് ദിവസം നികൃഷ്ടമായ ചില പ്രത്യേക കര്‍മ്മങ്ങള്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. അതുകൊണ്ടാണ് യഹൂദരല്ലാത്തവരെ സഭയില്‍ ചേര്‍ക്കുന്നതിനോട് പീറ്റര്‍ ആദ്യം അനുകൂലിക്കാതിരുന്നത്. ഞങ്ങളുടെ പാരമ്പര്യത്തില്‍ വിശ്വസിക്കാത്ത ഗ്രീക്ക്, സുറിയന്‍ ഭാഷകള്‍ സംസാരിക്കുന്ന യഹൂദരാണ് യേശുവിന്റെ സന്ദേശമറിയാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചത്. അവരെ അകറ്റിനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നു ഞാനും വാദിച്ചു. ദൈവത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന യേശുവചനം ഞാന്‍ ശിഷ്യരെ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ചിലയാളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുയെന്നും, മറ്റുള്ളവരെ അവഗണിക്കുന്നുവെന്നുമുള്ള ശ്രുതികള്‍ ആളുകള്‍ പറഞ്ഞുപരത്തി. മേരിയുടെയും പീറ്ററുടെയും ആളുകള്‍ എന്ന് മുദ്രകുത്തി തമ്മിലടിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.
സംഘടനാശക്തിയില്ലാതെ സഭയുടെ പ്രവര്‍ത്തനം ഭീതിജനകമായ അന്തരീക്ഷത്തില്‍ മുമ്പോട്ടു പോകുന്ന ഈ സമയത്താണ് അഗ്രിപ്പാ രാജാവ് റോമന്‍ അധികാരികളെ പ്രീണിപ്പിക്കാന്‍ ഒരു ക്രൂരകൃത്യം നടത്തിയത്. യേശുവിന്റെ സഹോദരന്‍ ജയിംസിന്റെ ശിരച്ഛേദനം. ആദ്യകാല സഭയില്‍ ഉരുത്തിരിഞ്ഞ മറ്റൊരു ചര്‍ച്ചാവിഷയം മോശയുടെ കല്‍പ്പനകള്‍ക്ക് പുതിയ പ്രസ്ഥാനത്തില്‍ മറ്റൊരു ചര്‍ച്ചാവിഷയം മോശയുടെ കല്‍പ്പനകള്‍ക്ക് പുതിയ പ്രസ്ഥാനത്തില്‍ എത്രമാത്രം പ്രാധാന്യം കൊടുക്കണമെന്നായിരുന്നു. കല്‍പ്പനകളുടെ പ്രാധാന്യം യേശു പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊരു പുതിയ വ്യാഖ്യാനം അദ്ദേഹം നല്‍കി. ജയിംസ്(ഞങ്ങളദ്ദേഹത്തെ വലിയ ജയിംസ് എന്നാണ് വിളിച്ചിരുന്നത്) പുതിയ വ്യാഖ്യാനം അംഗീകരിച്ചില്ല. മോശയുടെ കല്‍പ്പനകള്‍ അക്ഷരംപ്രതി പാലിക്കണെന്നും, അദ്ദേഹം ശാഠ്യം പിടിച്ചു. ക്ഷേത്രത്തില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്നും തോറയില്‍ പറഞ്ഞിട്ടുള്ള കല്‍പ്പനകള്‍ ജീവിതവ്രതമായ സ്വീകരിക്കണമെന്നുമായിരുന്നു മതകാര്യങ്ങളില്‍ യാഥാസ്ഥിതികനായ ജയിംസിന്റെയും അദ്ദേഹത്തെ അനുകൂലിച്ചിരുന്നവരുടെയും അഭിപ്രായം.
പഴയകാര്യങ്ങളൊക്കെമറന്ന് ഒരു പുതിയ പാത വെട്ടിത്തുറക്കണമെന്ന് മറ്റുള്ളവര്‍ വാദിച്ചു. ജയിംസ് ഇതംഗീകരിച്ചില്ലെന്നു തന്നെയല്ലാ, ശിഷ്യരുടെ മേല്‍ പൂര്‍ണ്ണനിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു. ജറുസലേമിലെ സഭയ്ക്കകത്തുതന്നെ ഇത് പലവിധത്തിലുള്ള ഉരസലുകളുമുണ്ടാക്കി. സ്വന്തം അഭിപ്രായം മറച്ചുവെക്കാന്‍ മടിക്കാത്ത പീറ്റര്‍ പോലും ജയിംസിനെ നേരിട്ടെതിര്‍ത്തിരുന്നില്ല. യേശുവിന്റെ സഹോദരനായിരുന്നുകൊണ്ട് അദ്ദേഹത്തിന് പ്രത്യേക പരിഗണന കൊടുക്കണമെന്നായിരുന്നു പീറ്ററുടെയും അഭിപ്രായം.
യേശുവിന്റെ മേലങ്കി ധരിക്കുന്നത് താനാണെന്ന ഭാവം ജെയിംസിന്റെ ജീവനെത്തന്നെ അപഹരിച്ച കഥ ദയനീയമാണ്. അഗ്രിപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായി ജയിംസ് ജനങ്ങളോട് മതകാര്യങ്ങളെക്കുറിച്ച് നേരിട്ട് പ്രവചനം നടത്തിയിരുന്നു. ആരാണ് രക്ഷകന്‍ , എപ്പോഴാണ് അദ്ദേഹത്തിന്റെ വരവ് തുടങ്ങിയ വൈകാരിക പ്രാധാന്യമുള്ള കാര്യങ്ങള്‍ നേരിട്ട് പ്രവചിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുമെന്നും അത് പല കുഴപ്പങ്ങള്‍ക്കുമിടയക്കുമെന്നും അഗ്രിപ്പ വിചാരിച്ചു. അയാള്‍ ജയിംസിനെ തടവിലാക്കി കൊലപ്പെടുത്താന്‍ തന്നെയാണ് തീരുമാനിച്ചത്. ക്രിസ്തുമത വിശ്വാസികളെ വേട്ടയാടുന്നതുകൊണ്ട് യഹൂദരുടെ ഇടയില്‍ അയാളുടെ പ്രീതി വര്‍ദ്ധിക്കുമെന്നും സൂത്രശാലിയായ അഗ്രിപ്പ മനസ്സില്‍ കണ്ടു. ജയിംസിനെ തടവിലാക്കുന്നത് എളുപ്പവുമായിരുന്നു. ഒരു പള്ളിയില്‍ പ്രസംഗിച്ചുകഴിഞ്ഞ് പുറത്തുവന്ന ജയിംസിനെ അഗ്രിപ്പയുടെ ഭടന്മാര്‍ കൈയ്യാമം വച്ച് തടവറയിലേക്ക് കൊണ്ടുപോകുന്നത് ഭീതിയോടും, സങ്കടത്തോടെയും ഞാന്‍ നേരില്‍ക്കണ്ടു.
ഞങ്ങളെല്ലാവരും ഈ സംഭവം കൊണ്ട് ഭയവിഹ്വലരായി. യാഥാസ്ഥിതികരായ യഹൂദര്‍ ജയിംസിനെ തടവിലാക്കുന്നതിനോട് യോജിക്കുമെന്ന് ഞങ്ങളാരും വിശ്വസിച്ചില്ല.
ശിഷ്യരെല്ലാം വലിയ ജയിംസിനു വേണ്ടി പ്രാര്‍ത്ഥിച്ചു!.
അതുകൊണ്ടാന്നും ഫലമുണ്ടായില്ല. വിചാരണയെന്ന പ്രഹസനം പോലുമില്ലാതെ അഗ്രിപ്പ ജയിംസിന്റെ ശിരസ്സ് വെട്ടാന്‍ വിധിച്ചു. സാധാരണ കുറ്റവാളികളെ ക്രൂശിക്കയാണ് പതിവ്. ജയിംസിന് മതപുരോഹിതന്മാരോടുള്ള അടുപ്പംകൊണ്ടാവാം കുറച്ചുകൂടെ മാന്യമായി മരിക്കാനുള്ള വിധിയുണ്ടായത്. അഗ്രിപ്പയുടെ കൊട്ടാരവളപ്പില്‍ വെച്ചുതന്നെ ഭടന്മാര്‍ വിധി നടത്തി.
അവസാന നിമിഷവും തന്റെ പുതിയ വിശ്വാസം ഉറക്കെ പറഞ്ഞു കൊണ്ടാണ് ജയിംസ് തന്റെ കൊലയാളികളെ നേരിട്ടത്.
ജറുസലേമില്‍ ശിഷ്യര്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചിരുന്നത് മിക്കവാറും വിശ്വാസികളുടെ വീടുകളില്‍ വെച്ചാണ്. ഞങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലമില്ലായിരുന്നു. സ്ഥലം വാങ്ങുന്നതിനുള്ള പ്രധാന തടസ്സം അധികാരികളുടെ അപ്രീതിയായിരുന്നു. പതിവായി ഒരു സ്ഥലത്തു കൂടിയാല്‍ ആരെങ്കിലും ഈ വിവരം മതമേധാവികളെ അറിയിക്കും. അവര്‍ക്ക് അധീശശക്തിയുടെ ആനുകൂല്യമുള്ളതുകൊണ്ടാണ് ഞങ്ങളെ പിരിച്ചുവിടാന്‍ പ്രയാസമുണ്ടായിരുന്നില്ല. അവരുടെ ഉത്തരവ് ലംഘിച്ചാല്‍ കടുത്തശിക്ഷ നേരിടേണ്ടി വരുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.
അഗ്രിപ്പയും ചില പ്രത്യേക ജനവിഭാഗങ്ങളില്‍ നിന്ന് പ്രീതി സമ്പാദിക്കാന്‍ ഞങ്ങളെ കഷ്ടപ്പെടുത്തികൊണ്ടിരുന്നു. ആയിടയ്ക്ക് ഗ്രീക്കുഭാഷ സംസാരിക്കുന്ന സ്റ്റീഫന്‍ എന്ന ഒരു യഹൂദനെ, അയാള്‍ ദൈവരാജ്യത്തില്‍ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണംകൊണ്ട് വിചാരണ പോലും നടത്താതെ നടുറോഡിലിട്ടു കല്ലെറിഞ്ഞ് അപമാനിച്ചു. ഇതെല്ലാംകൊണ്ട് നിരാശനായ പീറ്റര്‍ ഒടുവില്‍ റോമിലേക്ക് പോകാന്‍ തീരുമാനിച്ചു. കുറച്ചുപേര്‍ സമേറിയക്കും, മറ്റുചിലര്‍ എത്തിയോപ്പിയ, സൈപ്രസ്, ഏഥന്‍സ് എന്നീ സ്ഥലങ്ങളിലേക്കും പോയി.
ഞാന്‍ ഏഫീസിസിലേക്കാണ് പോയത്. അന്ധവിശ്വാസികളെങ്കിലും ഏഫീസ്യര്‍ പൊതുവെ സ്‌നേഹമുള്ളവരാണ്. ആസ്യയിലെ താമസത്തിനിടയില്‍ എനിക്കവരുടെ ഭാഷ അല്‍പ്പമെങ്കിലും മനസ്സിലാക്കാനും കഴിഞ്ഞിരുന്നു.
ഏഫീസിസ്യരുടെ ഇടയില്‍ യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിച്ചത്.
കുറച്ചുദിവസം എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചെങ്കിലും ഏഫീസിസിലേക്ക് പോകുന്നതിനു മുമ്പ് ഒരു മൂന്നു മാസമെങ്കിലും മഗ്ദലനില്‍ പോയി താമസിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. ജനിച്ച നാടും വീടും വീട്ട് നിരന്തരമായി സഞ്ചരിക്കയായിരുന്നല്ലോ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി. ജറുസലേമിലെ അന്തരീക്ഷം അപകടം നിറഞ്ഞതും.
മഗ്ദലനിലെത്തിയപ്പോള്‍ എന്റെ മനസ്സിലുണ്ടായ വികാരങ്ങള്‍ എങ്ങനെ വിവരക്കാനാണ്. അവിടുത്തെ ചുവന്ന കല്ലുപാകിയ തെരുവുകളും, തോണികളടുപ്പിക്കുന്ന പടവുകളും, കടല്‍ത്തീരത്തേക്കുള്ള നീണ്ട പാതയും, പ്രധാന ചന്തസ്ഥലവുമെല്ലാം നോക്കി ഞാന്‍ ദീര്‍ഘനേരം നിന്നു.
കാലം അതിന്റെ കയ്യിലെടുത്ത് അമ്മാനമാടാത്ത പുരാവസ്തുക്കള്‍ !ഞാനൊരു പടവിനടുത്തേക്ക് നടന്നു!
എന്റെ പാണ്ടികശാലയില്‍ കണക്കെഴുത്തു ഗുമസ്തനായി ജോലി ചെയ്തിരുന്ന ഒരു വൃദ്ധന്റെ ചെറുപ്പക്കാരനായ മകന്‍ അതിനടുത്തിരുന്ന് അയാളുടെ തോണിയിലെ വെള്ളം തേകിക്കളയുന്നുണ്ടായിരുന്നു. കണ്ടയുടന്‍ ചെറുപ്പക്കാരന്‍ എന്നെ തിരിച്ചറിഞ്ഞു. അടുത്തുവന്ന് താനൊരു വിശ്വാസിയാണെന്നും, പേര് സില്‍വാനിസ് എന്നാണെന്നും എന്നെപ്പറ്റി കേട്ടിട്ടുണ്ടെന്നും പറഞ്ഞു. അയാള്‍ കൂടെ ചേര്‍ന്നു നടത്തുന്ന ഒരു പള്ളിയില്‍ അടുത്തദിവസം ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിനകം സബദ് എന്റെ അനുമതിയോടുകൂടി കച്ചോടമെല്ലാം നിര്‍ത്തി യേശുവിന്റെ ശിഷ്യനായി കഴിഞ്ഞിരുന്നു. വീടും ആര്‍ക്കോ വിറ്റിരുന്നു. അന്നുരാത്രി താമസിക്കാന്‍ സില്‍വാനിസ് അയാളുടെ താമസസ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു.
ഒരു ചെറിയ കെട്ടിടത്തിന്റെ മേല്‍ഭാഗത്ത് മണ്ണുകുഴച്ച് ഉണ്ടാക്കി കുമ്മായം പൂശിയ ഒരൊറ്റ മുറിയിലാണ് സില്‍വാനിസ് താമസിച്ചിരുന്നത്. ആഹാരം പാചകം ചെയ്ത് കഴിച്ചിരുന്നതുമെല്ലാം അവിടത്തന്നെ. എന്നെ മുറിയിലുള്ള ഒരു ചെറിയ കട്ടിലില്‍ കിടക്കാന്‍ അപേക്ഷിച്ചിട്ട്, അയാള്‍ പുറത്ത് ടെറസ്സില്‍ കിടന്ന് രാത്രി കഴിച്ചുകൂട്ടി.
അടുത്തദിവസം രാത്രി ഞങ്ങള്‍ പള്ളിയില്‍ പോയി. അവിടെ കൂടിയിരുന്നവര്‍ എന്നെ കണ്ട് ആഹ്ലാദഭരിതരായി. പകലത്തെ കഠിനമായ അദ്ധ്വാനംകൊണ്ട് ക്ഷീണിതരെങ്കിലും ദൃഢഗാത്രരും ആത്മവിശ്വാസമുള്ളവരുമായിരുന്നു അവര്‍ . പരസ്പരം അടുത്തറിയാനും, യേശുവിന്റെ വചനങ്ങളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കാനും അവരാഗ്രഹിച്ചു.
“നിങ്ങളല്ലെ ഉയിര്‍ത്തെഴുന്നേറ്റശേഷം യേശുവിനെ ആദ്യം കണ്ടത്? ഒരു ചെറുപ്പക്കാരന്‍ ആദരവോടെ ചോദിച്ചു. “യേശു നിങ്ങളെ പ്രത്യേകമായി അനുഗ്രഹിച്ചിരിക്കണം?”
“യേശു ആരോടും പ്രത്യേകത കാണിച്ചിട്ടില്ല. അദ്ദേഹത്തിനു മുമ്പില്‍ എല്ലാവരും തുല്യരായിരുന്നു.” ഞാന്‍ പ്രതിവചിച്ചു.
“എങ്കിലും പറയൂ സഹോദരീ, എല്ലാ വിവരങ്ങളും, ഞങ്ങള്‍ക്ക് അതറിയാന്‍ ആഗ്രഹമുണ്ട്.” മൂന്നോ നാലോ ആളുകള്‍ ചേര്‍ന്നാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്. യേശുവിനോടൊപ്പം സഞ്ചരിക്കുകയും അദ്ദേഹത്തെ കുരിശിലേറ്റുന്നത് നേരില്‍ കാണുകയും ചെയ്ത ശിഷ്യ. അവര്‍ക്ക് എല്ലാം എന്നില്‍ നിന്നുതന്നെ നേരിട്ടറിയണം.
യേശുവിനോടൊത്ത് കഴിച്ച അവസാനത്ത വിരുന്നില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അവരുമായി പങ്കുവെച്ചു. പരിശുദ്ധാത്മാവിനെപ്പറ്റിയും, മാനസാന്തരപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന മോക്ഷത്തെപ്പറ്റിയുമൊക്കെ യേശു ചെയ്ത കല്‍പ്പനകള്‍ മനസ്സില്‍ തിട്ടപ്പെടുത്തി. യേശുവിന്റെ ചെറിയ നിരീക്ഷണം പോലും ഈ അവലോകനത്തിനാവശ്യമായി തോന്നി. അവരുടെ സംശയങ്ങള്‍ക്ക് എന്നാലാവുന്ന വിശദീകരണംകൊടുത്ത് മണിക്കൂറുകള്‍ അവരോടൊപ്പം ചിലവഴിച്ചു.
അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എനിക്കും ചിലതെല്ലാം അറിയാനുണ്ടായിരുന്നു. ആരാണീ കൂട്ടായ്മ തുടങ്ങാന്‍ മുന്‍കൈ എടുത്തത്? യഹൂരല്ലാത്തവരും യേശുവിന്റെ സന്ദേശത്തില്‍ വിശ്വസിച്ചുതുടങ്ങിയോ? എത്രയാളുകള്‍ കൂടും? അവരുടെ അനുഷ്ഠാനങ്ങള്‍ യഹൂദ പള്ളിയിലേതില്‍ നിന്ന് വ്യത്യസ്തമാണോ? ഇങ്ങനെ പ്രായോഗിക തലത്തിലുള്ള ചില അന്വേഷണങ്ങള്‍.
കൂട്ടായ്മക്കാര്‍ കൊണ്ടുവന്നിരുന്ന അപ്പവും വീഞ്ഞും കഴിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് സില്‍വാനിസിന്റെ മുറിയിലേക്ക് മടങ്ങിയത്.
ജറുസലേം! വീണ്ടും ജറുസലേം!
രാഷ്ട്രീയ പരിതഃസ്ഥിതികള്‍ ദിവസന്തോറും മാറിക്കൊണ്ടിരുന്നു.

Novel Link:
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക